പത്തനംതിട്ട: പുലർച്ചെ വീട്ടിലെത്തിയ അജ്ഞാത സംഘം വിധവയായ വീട്ടമ്മയെ കൈകാലുകൾ ബന്ധിച്ച് വായിൽ തുണി തിരുകി സമീപവാസിയുടെ പറമ്പിലെ പൊട്ടക്കിണറ്റിൽ തള്ളിയെന്ന് പരാതി. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും വീട്ടമ്മയുടെ മൊഴി പരസ്പര വിരുദ്ധമെന്നും പൊലീസ്.

ആറന്മുള പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ ഇലന്തൂർ പരിയാരം മിൽമാ പടിയിൽ ഇന്ന് പുലർച്ചെയാണ് സംഭവം. വാലിൽ ഭാസ്‌കരവിലാസത്തിൽ വിജയമ്മ (59) യെയാണ് പുലർച്ചെ മൂന്നു മണിയോടെ വീട്ടിൽ അതിക്രമിച്ച് കയ അജ്ഞാത സംഘം ബലം പ്രയോഗിച്ച് കൈകാലുകൾ ബന്ധിച്ച് സമീപവാസിയുടെ പുരയിടത്തിലെ പൊട്ടക്കിണട്ടിൽ തള്ളിയത്.

നാല് വർഷം മുൻപ് ഭർത്താവ് ഭാസ്‌ക്കരൻ മരണപ്പെട്ടതോടെ വിജയമ്മ തനിച്ചാണ് ഇവിടെ താമസം. രാവിലെ ഏഴു മണിയോടെ ഇളയ മകൾ സന്ധ്യ ഇവിടെ എത്തുകയും വിജയമ്മയെ അന്വേഷിച്ചിട്ട് കാണാതിരുന്നതിനെ തുടർന്ന് സമീപവാസികളെ വിവരമറിയിക്കുകയും ചെയ്യുകയായിരുന്നു. നാട്ടുകാർ നടത്തിയ തിരച്ചിലിനൊടുവിൽ വിജയമ്മയെ സമീപത്തെ ഉപയോശൂന്യമായ കിണറ്റിൽ കണ്ടെത്തുകയായിരുന്നു.

വിജയമ്മ മരിച്ചതായി തെറ്റി ധരിച്ച് ആറന്മുള പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തി വിജയമ്മയെ പുറത്ത് എടുത്തപ്പോൾ ജീവനുണ്ടെന്ന് മനസ്സിലാവുകയും ഉടൻ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

ഫയർ ഫോഴ്സിനെ വിളിക്കാമെന്ന് പൊലീസ് പറഞ്ഞപ്പോൾ വീട്ടമ്മ വായിൽ നിന്ന് തുണി നീക്കി ഫയർ ഫോഴ്സിനെ വിളിക്കാൻ വരട്ടെ, കുറച്ചു പേരു കൂടി വന്നിട്ടു മതിയെന്ന് പറഞ്ഞതാണ് സംശയത്തിനിട നൽകിയിരിക്കുന്നത്. സംഭവം സംബന്ധിച്ച് കൂടുതൽ അന്വേഷണം ആവശ്യമാണെന്ന് പൊലീസ് അറിയിച്ചു.