- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേന്ദ്രം അനുവദിച്ചത് 92.22 കോടി; നേരത്തേ നിർമ്മാണം പൂർത്തീകരിച്ച പദ്ധതികളുടെ പേരിൽ ബില്ലെഴുതി അടിച്ചു മാറ്റിയത് വൻ തുക; കേന്ദ്ര ടൂറിസം വകുപ്പിന്റെ പേരിൽ ആറന്മുളയിൽ കോടികളുടെ ആധ്യാത്മിക അടിച്ചു മാറ്റൽ
പത്തനംതിട്ട: ആരാധനാലയങ്ങളിലൂടെ ജനങ്ങളിലേക്ക് അടുക്കാൻ കേന്ദ്രത്തിലെ ബിജെപി സർക്കാർ കണ്ടെത്തിയ എളുപ്പവഴികളിലൊന്നായിരുന്നു ആധ്യാത്മിക ടൂറിസം. ദേവാലയങ്ങളുടെ പുരോഗമനവും അഭിവൃദ്ധിയും ലക്ഷ്യമിട്ട് കൂടുതൽ ഭക്തരെ എത്തിക്കാനുള്ള പദ്ധതി. ഇതിനായി കേന്ദ്രസർക്കാർ അനുവദിച്ച പണം പല വഴികളിലൂടെ തട്ടിയെടുത്തുവെന്ന ഞെട്ടിക്കുന്ന വാർത്തകളാണ് പുറത്തു വരുന്നത്.
നേരത്തേ തന്നെ പൂർത്തിയായ പദ്ധതികൾ ചൂണ്ടിക്കാട്ടി ഈ തുകയിൽ വലിയൊരു ഭാഗം വെട്ടിച്ചുവെന്നാണ് പരാതി. തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രം, ആറന്മുള പാർഥസാരഥി ക്ഷേത്രം, ശബരിമല ധർമ്മശാസ്താ ക്ഷേത്രം എന്നിവയുടെ അടിസ്ഥാന സൗകര്യ വികസനത്തിലൂടെ ആധ്യാത്മിക വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സർക്കാർ 2018-ൽ തുക അനുവദിച്ചത്.
ആദ്യഘട്ടമായി 73.77 കോടി രൂപ കൈമാറി. നോഡൽ ഏജൻസി കെടിഡിസിയാണെങ്കിലും ദേവസ്വം ബോർഡാണ് പദ്ധതികൾ നടപ്പാക്കിയതത്രേ. പദ്ധതി രേഖകളിൽ പറയുന്ന പല നിർമ്മിതികളും വർഷങ്ങൾക്ക് മുമ്പു തന്നെ പൂർത്തിയായവയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ആറന്മുള ക്ഷേത്ര വികസനത്തിന്റെ കാര്യത്തിലാണ് പല വെട്ടിപ്പുകളും നടന്നിട്ടുള്ളത്. ആറന്മുള വള്ളംകളി വീക്ഷിക്കുന്നതിനുള്ള ഗാലറിക്ക് മേൽക്കൂര നിർമ്മിക്കുക എന്നതാണ് പ്രധാനപ്പെട്ട ഒരു പദ്ധതി.
ഇതിനായി 143.35 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഇതുവരെ ഈ പദ്ധതി നടപ്പായിട്ടില്ല. പമ്പാ നദിയിൽ ക്ഷേത്രത്തോട് ചേർന്നുകിടക്കുന്ന ഭാഗത്ത് സ്നാനഘട്ടങ്ങൾ നിർമ്മിക്കാൻ 16.75 ലക്ഷം വകയിരുത്തിയിട്ടുണ്ട്. ഇറിഗേഷൻ വകുപ്പ് വർഷങ്ങൾക്കു മുമ്പു തന്നെ സത്രക്കടവ്, തോണിക്കടവ്, അമ്പലക്കടവ്, വാര്യത്ത് കടവ് എന്നിവിടങ്ങളിൽ സ്നാനഘട്ടങ്ങൾ നിർമ്മിച്ചിട്ടുണ്ട്. പുതുതായി ഒരിടത്തു പോലും സ്നാനഘട്ടം ആവശ്യമില്ല. പിന്നെ എന്ത് നിർമ്മാണത്തിനാണ് ഇത്രയധികം രൂപ നീക്കി വച്ചിരിക്കുന്നതെന്നും അറിയില്ല.
ശൗചാലയ നിർമ്മാണത്തിന്റെ പേരിലാണ് മറ്റൊരു വമ്പൻ അഴിമതി നടന്നിട്ടുള്ളത്. 35.47 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ചതായി പറയുന്ന ശൗചാലയത്തിന് വെറും 200 ചതുരശ്ര അടിയിൽ താഴെ മാത്രമാണ് വിസ്തൃതി. രണ്ടുമുറിയിൽ തീർത്ത ഈ നിർമ്മിതിക്ക് ഏറിയാൽ മൂന്നു ലക്ഷം രൂപയിൽ താഴെ മാത്രമാണ് ചെലവ്. ബാക്കി തുക എവിടെ എന്ന് ചോദ്യമുയരുന്നു. വള്ളസദ്യ നടത്തിപ്പിന് 123.05 ലക്ഷം രൂപ ചെലവിൽ കൊട്ടിൽ നിർമ്മാണമാണ് മറ്റൊരു പദ്ധതി. ദേവീ നടയ്ക്ക് പിന്നിൽ ഇടിഞ്ഞു പൊളിഞ്ഞു കിടന്ന പഴയ അസിസ്റ്റന്റ് കമ്മിഷണർ ഓഫീസ് പൊളിച്ചു മാറ്റി അവിടെ നിർമ്മിച്ചിട്ടുള്ള സദ്യ പന്തലിന് 50 ലക്ഷത്തിൽ താഴെ മാത്രമേ ചെലവ് ഉണ്ടാകൂവെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
ബാക്കി വരാൻ സാധ്യതയുള്ള 75 ലക്ഷം രൂപ എവിടെ? കുടിവെള്ളത്തിന് ഫൗണ്ടൻ നിർമ്മിക്കുന്നതിനായി 18.21 ലക്ഷം വകയിരുത്തിയിട്ടുണ്ട്. പക്ഷേ ഫൗണ്ടൻ കാണാനില്ല. പണ്ട് ഒരു ഭക്തൻ നടയ്ക്കു വച്ച ഫൗണ്ടൻ ആനക്കൊട്ടിലിനോട് ചേർന്ന് നിലവിലുണ്ട്. അതിന്റെ പേരിലാണോ ഈ പണം ചെലവഴിച്ചിട്ടുള്ളതെന്ന് സംശയിക്കുന്നു. ക്ഷേത്രത്തിന് ചുറ്റും ചവറു വീപ്പ സ്ഥാപിക്കാൻ 1.57 ലക്ഷം വകയിരുത്തിയെങ്കിലും ഒരു ചൂരൽ കുട്ട പോലും വച്ചിട്ടില്ല. വള്ളസദ്യയുടെ വികസനത്തിനു വേണ്ടി 21.32 ലക്ഷം രൂപ വക കൊള്ളിച്ചിട്ടുണ്ട്. ചില്ലിക്കാശ് ഈ ഇനത്തിൽ ലഭിച്ചിട്ടില്ലെന്ന് പള്ളിയോട സേവാസംഘം വ്യക്തമാക്കി.
ഭക്തർക്കായി ഇരിപ്പിടത്തോടു കൂടിയ ഗ്യാലറി നിർമ്മാണത്തിന് 16.50 ലക്ഷം രൂപ നീക്കിവച്ചതായി പദ്ധതി രേഖയിൽ പറയുന്നു. ഇത് എവിടെയാണ് നിർമ്മിക്കുക എന്നതിനെപ്പറ്റി അറിവില്ല. ദേവസ്വം ഓഫീസിനു മുന്നിൽ ഇത്തരത്തിലൊരു ഗ്യാലറി ഇപ്പോൾ തന്നെയുണ്ട്. ഇതിന്റെ പേരിൽ പണം വക മാറ്റിയോ എന്നും സംശയിക്കേണ്ടി യിരിക്കുന്നു. 1.60 കോടി രൂപ ചെലവിൽ നടപ്പന്തൽ നിർമ്മിക്കാൻ പദ്ധതി ഉണ്ടായിരുന്നു. എന്നാൽ അങ്ങനെയൊരു പദ്ധതി ഇതുവരെ നടന്നിട്ടില്ല. പകരം നേരത്തെ ഉണ്ടായിരുന്ന സ്റ്റേജ് ഇടിച്ചു നിരത്തി പകരം കിഴക്കുപടിഞ്ഞാറ് ഒരു പന്തൽ നിർമ്മിച്ചിട്ടുണ്ട്. ഇതാണോ നടപ്പന്തൽ എന്നാണ് പ്രധാന സംശയം.
ക്ഷേത്രത്തിന്റെ പടിഞ്ഞാറേ ഗോപുരം ഇടിഞ്ഞു പൊളിഞ്ഞു കിടക്കാൻ തുടങ്ങിയിട്ട് ഏഴുവർഷത്തിൽ അധികമായി. ഇതിന്റെ പുനർ നിർമ്മാണം സാമ്പത്തിക ബാധ്യതയുടെ പേരിൽ നിർത്തി വച്ചിരിക്കുകയായിരുന്നു. പൊതു ജനത്തിന്റെ പക്കൽ നിന്നും പണം പിരിച്ച് ബാക്കി പണി പൂർത്തിയാക്കാനാണ് ഇപ്പോഴത്തെ പദ്ധതി. ലഭിച്ച തുകയുടെ ഒരു ഭാഗം ഗോപുരവും തകർന്നു കിടക്കുന്ന മേൽശാന്തി മഠവും നിർമ്മിക്കുന്നതിന് വിനിയോഗിക്കാമായിരുന്നു. അതിനൊന്നും തയാറാകാതെയാണ് വർഷങ്ങൾക്ക് മുമ്പ് നിർമ്മാണം പൂർത്തീകരിച്ച പദ്ധതികളുടെ പേരിൽ കോടികളുടെ വെട്ടിപ്പ് നടന്നിട്ടുള്ളത് എന്നാണ് ആരോപണം.
ആരാണ് ഈ തുക മുഴുവൻ കൊണ്ടു പോയത് എന്നാണ് ഇപ്പോൾ ഉയരുന്ന ചോദ്യം. ഇതേപ്പറ്റി അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് കത്തെഴുതാൻ തീരുമാനിച്ചിരിക്കുകയാണ് ഭക്തജനങ്ങൾ.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്