പത്തനംതിട്ട: ആംബുലൻസിൽ കോവിഡ് രോഗിയായ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടതിന്റെ പഴിദോഷം ആറന്മുളയുടെ തലയിൽ കെട്ടിവയ്ക്കുന്നത് ഖേദകരമാണെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി. താനായിരുന്നു എംഎൽഎയെങ്കിൽ ആരോഗ്യമന്ത്രി സ്ഥാനം ഒഴിയേണ്ടി വന്നിരുന്നേനേ എന്ന് യുഡിഎഫ് സ്ഥാനാർത്ഥി കെ ശിവദാസൻ നായർ. പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മറ്റി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് സംവാദത്തിൽ മനസു തുറക്കുകയായിരുന്നു മൂവരും.

കോവിഡ് കാലത്ത് നാടിനെ ഞെട്ടിപ്പിച്ച ആംബുലൻസ് പീഡനത്തിന്റെ പേരിൽ ആറന്മുളയെ ആക്രമിക്കുന്നതു ശരിയല്ലെന്ന് വീണാ ജോർജ് പറഞ്ഞു. സംഭവം അപലപനീയവും ഖേദകരവുമാണ്. പക്ഷേ പെൺകുട്ടിയെ അടൂരിൽ നിന്നു പന്തളത്തേക്കു കൊണ്ടുപോകുമ്പോൾ ആറന്മുളയിൽ വച്ച് സംഭവം നടന്നുവെന്ന പേരിൽ നാടിനെ അവഹേളിക്കുന്നതിനോടു യോജിപ്പില്ല. ചിലരുടെയൊക്കെ വീടിന് അടുത്താണ് ഈ സംഭവം നടന്നതെന്ന് ചൂണ്ടിക്കാട്ടിയ വീണ പ്രതിയെ അറസ്റ്റു ചെയ്തു കുറ്റപത്രം നൽകാൻ കഴിഞ്ഞുവെന്നത് നിയമസംവിധാനത്തിന്റെ നേട്ടമാണ് എന്നും പറഞ്ഞു.

എംഎൽഎ ചൂണ്ടിക്കാട്ടിയ ആ ചിലർ താനാണെന്ന് മനസിലായെന്ന് പറഞ്ഞാണ് ശിവദാസൻ നായർ തുടങ്ങിയത്. ആംബുലൻസ് പീഡനം ആറന്മുളയിൽ നടന്നുവെന്നതിൽ എന്തു നടപടിയെടുപ്പിക്കാൻ എംഎൽഎയ്ക്കു കഴിഞ്ഞുവെന്ന് ശിവദാസൻ നായർ ആരാഞ്ഞു.
ശിവദാസൻ നായരായിരുന്നു എംഎൽഎയെങ്കിലും ആംബുലൻസ് പീഡനം നടക്കുമായിരുന്നില്ലേ എന്ന് മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയതോടെ മുൻ എംഎൽഎ പൊട്ടിത്തെറിച്ചു. താനായിരുന്നു എംഎൽഎയെങ്കിൽ ആരോഗ്യമന്ത്രി സ്ഥാനം ഒഴിയേണ്ടി വന്നേനെ. സർക്കാർ ചുമതലയിലുള്ള ആംബുലൻസിൽ ഒരു പെൺകുട്ടി മൃഗീയമായി ആക്രമിക്കപ്പെട്ടാൽ ഡ്രൈവറെ മാത്രം കുറ്റക്കാരനായി കണ്ട് നടപടിയെടുക്കുന്നതാണോ നീതിയെന്നും അദ്ദേഹം ആരാഞ്ഞു. സ്ത്രീ സുരക്ഷ പ്രഖ്യാപനത്തിൽ മാത്രമാകുന്നുവെന്നതിന്റെ തെളിവാണ ്സംഭവമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ശബരിമല മുഖ്യവിഷയമാക്കി വോട്ടുതേടുമെന്നാണ് ശിവദാസൻ നായരും ബിജു മാത്യുവും പറഞ്ഞത്. വികസനം തന്നെയാണ് ചർച്ചയെന്ന് വീണയും ചൂണ്ടിക്കാട്ടി. ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ തെരഞ്ഞെടുപ്പിൽ ചർച്ചയാകില്ല. ഇക്കാര്യങ്ങൾ എൽഡിഎഫും സിപിഎമ്മും നിലപാട് വ്യക്തമാക്കിയതാണ്. എൽഡിഎഫിനെയും തന്നെയും ആക്രമിക്കാൻ ശ്രമിക്കുമ്പോൾ ഒരേ സ്വരത്തോടെ സംസാരിക്കുന്നവരാണ് ഇപ്പോൾ ഇതു ചർച്ചയാക്കാൻ ശ്രമിക്കുന്നതെന്നും വീണ പറഞ്ഞു.

വിശ്വാസി സമൂഹത്തെ അധിക്ഷേപി്ച്ച ഗവൺമെന്റിന്റെ ചെയ്തികൾ ചർച്ച ചെയ്തേ മതിയാകൂവെന്ന് ശിവദാസൻ നായർ പറഞ്ഞു. തെരഞ്ഞെടുപ്പ് അടുത്തെത്തിയപ്പോൾ ദേവസ്വംമന്ത്രി മാപ്പു പറഞ്ഞിട്ടു കാര്യമില്ല. കുറ്റകരമായ സമീപനം സ്വീകരിച്ച സർക്കാരിനു വേണ്ടി മുഖ്യമന്ത്രി വിശ്വാസികളോടു മാപ്പു പറയുമോ. വിശ്വാസികൾക്കെതിരെ എടുത്ത ഒരു കേസുപോലും പിൻവലിച്ചിട്ടില്ല. യുഡിഎഫ് അധികാരത്തിൽ വന്നാൽ കേസുകൾ പിൻവലിക്കുമെന്നു മാത്രമല്ല, ഇതുമായിബന്ധപ്പെട്ട ബലിദാനം നടത്തിയ കേസുകൾ പുനരന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആചാരാനുഷ്ഠാനങ്ങൾ ലംഘിക്കപ്പെടാൻ പാടില്ലെന്ന് എൻഡിഎ സ്ഥാനാർത്ഥി ബിജു മാത്യു പറഞ്ഞു. വിശ്വാസി സമൂഹത്തോടു നടത്തിയ വെല്ലുവിളികൾക്ക് സർക്കാർ മറുപടി പറഞ്ഞേ മതിയാകൂ. തെരഞ്ഞെടുപ്പിൽ ഇതു പ്രധാനമായും ചർച്ച ചെയ്യപ്പെടും. യുഡിഎഫ് അന്നു സ്വീകരിച്ച നിലപാടുകളും ചർച്ച ചെയ്യപ്പെടട്ടെ.