- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അച്ഛൻ മറ്റൊരു സ്ത്രീയ്ക്കൊപ്പം നാടുവിട്ടത് എട്ടു വർഷം മുമ്പ്; പിതാവിന്റെ മാതാവും രണ്ടാമത്തെ ഭർത്താവും ചേർന്ന് നടത്തിയ ഗൂഢാലോചനയും പൊളിഞ്ഞു; കുടുംബ കോടതി വിധിയും അനുകൂലം; അമ്മയും തനിച്ചാക്കി പോയി; ആറന്മുളയിൽ ഒരു മാസമായി പതിനാറുകാരി തനിച്ച് കഴിയുന്ന കഥ
കോഴഞ്ചേരി: സ്ത്രീകളുടെ സുരക്ഷ ഉറപ്പു വരുത്തുന്ന വകുപ്പ് കൈകാര്യം ചെയ്യുന്ന ആരോഗ്യമന്ത്രിയുടെ സ്വന്തം മണ്ഡലത്തിൽ കുടുംബപ്രശ്നത്തെ തുടർന്ന് ഒരു മാസമായി പതിനാറുകാരി തനിച്ച് കഴിയുന്നു. സ്ത്രീകൾക്കെതിരായ അക്രമം തടയുന്നതിനായി രൂപീകരിച്ച അപരാജിതയുടെ നോഡൽ ഓഫീസർ പൊലീസ് മേധാവിയായ ജില്ലയുടെ കലക്ടർ ആകട്ടെ മറ്റൊരു വനിതയും.
ഇവരുടെയൊക്കെ കണ്മുന്നിലാണ് നീതി നിഷേധത്തിന് ഇരയായ ഒരു പെൺകുട്ടി കഴിഞ്ഞ ഒരു മാസമായി അടച്ചിട്ട വീട്ടിൽ നിന്ന് പുറത്തിറങ്ങാതെ കഴിയുന്നത്. സർക്കാരും എല്ലാ വകുപ്പുകളും ഈ വിഷയത്തിൽ കുറ്റക്കാരാണെന്ന് പറയേണ്ടിയിരിക്കുന്നു. പ്രതികൂല സാഹചര്യത്തിൽ ഒന്നൊഴികെ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ പെൺകുട്ടിയാണ് അരക്ഷിതാവസ്ഥയിൽ കഴിയുന്നത്. കുടുംബപ്രശ്നമാണ് കാരണം.
അവസാനത്തെ അത്താണിയായ മാതാവ് കൂടി വീട് വിട്ടു പോയതോടെയാണ് പെൺകുട്ടി തനിച്ചായിരിക്കുന്നത്. മാതാവ് വെറുതേ പോവുകയായിരുന്നില്ല. തന്റെ മകൾ ഇവിടെ ഒറ്റയ്ക്കാണെന്ന വിവരം പൊലീസ് അധികാരികളെ അറിയിച്ചിട്ടാണ് പോയത്.
ആറന്മുള നിയോജക മണ്ഡലത്തിലെ നാരങ്ങാനം പഞ്ചായത്തിൽ മാടുമേച്ചിൽ എന്ന സ്ഥലത്താണ് അടച്ചിട്ട വീട്ടിൽ പെൺകുട്ടി കഴിയുന്നത്. വീട് അകത്ത് നിന്ന് പൂട്ടി സുരക്ഷിതമാക്കിയിരിക്കുന്നു. പുറമേ നിന്ന് ആരു വന്നാലും പൂട്ടിയിട്ട ഗ്രില്ലിന് മറുഭാഗത്ത് നിന്ന് മാത്രാമാകും കുട്ടി സംസാരിക്കുക. എട്ടു വർഷമായി തുടരുന്ന കുടുംബപ്രശ്നങ്ങളാണ് പെൺകുട്ടിയെ മാതാപിതാക്കൾ ജീവിച്ചിരിക്കേ തന്നെ അനാഥയാക്കിയത്.
കുട്ടിയെയും മാതാവിനെയും ഉപേക്ഷിച്ച് പിതാവ് മറ്റൊരു സ്ത്രീയ്ക്കൊപ്പം നാടുവിട്ടത് എട്ടു വർഷം മുൻപാണ്. പിതാവിന്റെ മാതാവും ഇവരുടെ രണ്ടാമത്തെ ഭർത്താവും ചേർന്ന് എങ്ങനെയും കുട്ടിയെയും മാതാവിനെയും ഇവിടെ നിന്ന് ഇറക്കാനുള്ള ശ്രമം തുടങ്ങി. കോടതി ഉത്തരവ് അനുകൂലമായി വന്നത് അമ്മയ്ക്കും മകൾക്കും തുണയായി.
ഇതിനിടെ ഭർതൃ മാതാവിന്റെ രണ്ടാം ഭർത്താവ് പെൺകുട്ടിയുടെ മാതാവിനെ മർദിച്ചു. ഈ കേസിൽപ്പെട്ട് ഭർതൃ മാതാവും രണ്ടാം ഭർത്താവും വീട്ടിൽ നിന്ന് താമസം മാറി. ജീവിക്കാൻ മറ്റൊരു വഴിയും ഇല്ലാതെ വന്നതോടെ ജീവനാംശം ആവശ്യപ്പെട്ട് കുട്ടിയുടെ മാതാവ് പിതാവിനെതിരേ കേസ് കൊടുത്തു. മൂന്ന് വർഷം മുൻപ് കുടുംബകോടതി കേസ് തീർപ്പാക്കി.
പെൺകുട്ടിക്കും മാതാവിനും പ്രതിമാസം 7000 രൂപ ജീവനാംശം കൊടുക്കണമെന്നും വിവാഹ സമയത്ത് ഉണ്ടായിരുന്ന 25 പവന്റെ സ്വർണാഭരണങ്ങൾ തിരികെ നൽകണമെന്നുമായിരുന്നു കോടതി ഉത്തരവ്. ഈ വിധി നടപ്പാക്കാനോ കോടതിയുടെ അറസ്റ്റ് വാറന്റുള്ള പിതാവിനെയും ഇയാളുടെ രണ്ടാനച്ഛനേയും അറസ്റ്റ് ചെയ്യാനോ പൊലീസ് കൂട്ടാക്കിയില്ല.
സംസ്ഥാന സർക്കാരിൽ നിന്ന് നീതി കിട്ടില്ലെന്ന് വന്നതോടെ പെൺകുട്ടിയും മാതാവും ചേർന്ന് പ്രധാനമന്ത്രിക്ക് പരാതി നൽകി. ഇവിടെ നിന്ന് ലഭിച്ച നിർദ്ദേശ പ്രകാരം പത്തനംതിട്ട ഡിവൈഎസ്പി വിളിപ്പിച്ചു. വിവരങ്ങൾ ചോദിച്ച് അറിഞ്ഞു. പിന്നീട് നടപടി ഒന്നുമുണ്ടായിട്ടുമില്ല. എസ്പിക്ക് സഹിതം അധികാര കേന്ദ്രങ്ങളിൽ പരാതി നൽകിയിട്ടും നടപടി ഇല്ലാതെ വന്നതോടെ മാതാവ് പെൺകുട്ടിയെ ഉപേക്ഷിച്ച് സ്വന്തം വീട്ടിലേക്ക് പോയി.
പൊലീസിൽ ഈ വിവരം അറിയിച്ചിട്ടാണ് പോയതെന്ന് പറയുന്നു. ഒരു മാസത്തിലധികമായി വീടിന്റെ വാതിലും ജനാലകളും അടച്ച് പുറത്തിറങ്ങാതെ ഇവിടെ തനിച്ചാണ് പെൺകുട്ടി താമസിക്കുന്നത്. എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതാണ് പെൺകുട്ടി. കണക്കിന് മാത്രം എ ഗ്രേഡാണ് ലഭിച്ചത്.
ഇത് റീവാല്യുവേഷന് കൊടുക്കാനും തനിക്ക് മാർഗമില്ലെന്ന് നിസഹായതയോടെ പെൺകുട്ടി പറയുന്നു. എന്ത് പ്രതിസന്ധി ഉണ്ടായാലും പഠനം തുടരണമെന്ന ദൃഢനിശ്ചയത്തിലാണ് പെൺകുട്ടി. മൂന്നു വനിതകൾ, ആരോഗ്യമന്ത്രി വീണാ ജോർജ്, ജില്ലാ കലക്ടർ ദിവ്യ എസ്. അയ്യർ, ജില്ലാ പൊലീസ് മേധാവി ആർ. നിശാന്തിനി എന്നിവർ ഭരിക്കുന്ന ജില്ലയിലാണ് ഈ സംഭവം എന്നതാണ് ഏറെ പരിതാപകരം.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്