- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആരോഗ്യമന്ത്രിയുടെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച 80 ലക്ഷത്തിന്റെ കെട്ടിടം കണ്ടോ? കെട്ടിടത്തിൽ ഇനി അടിസ്ഥാന സൗകര്യമൊരുക്കാൻ ഒരു 20 ലക്ഷം കൂടി വേണ്ടി വരും; വീണാ ജോർജിന്റെ മണ്ഡലത്തിൽ വിവാദമായത് പത്തനംതിട്ട ബസ് സ്റ്റാൻഡിന് സമീപം നിർമ്മിച്ച വഴിയോര വിശ്രമകേന്ദ്രം
തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജിന്റെ സ്വന്തം മണ്ഡലമായ ആറന്മുളയുടെ ആസ്ഥാനമായ പത്തനംതിട്ടയിൽ നഗരസഭാ ബസ് സ്റ്റാൻഡിനോട് ചേർന്ന് എംഎൽഎ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടം വിവാദത്തിൽ. വഴിയോര വിശ്രമകേന്ദ്രമെന്ന പേരിൽ രണ്ടു നിലകളിലായി 2400 ചതുരശ്രയടി വലിപ്പത്തിൽ നിർമ്മിച്ച കെട്ടിടമാണ് ചെലവഴിച്ച തുകയുടെ പേരിൽ വിവാദമായത്. ഈ കെട്ടിടത്തിന് 80 ലക്ഷം രൂപ ചെലവഴിച്ചുവെന്ന് കണക്കുകൾ പറയുന്നു. ഇതിൽ അടിസ്ഥാന സൗകര്യമൊരുക്കാൻ ഇനിയൊരു 20 ലക്ഷം കൂടി വേണ്ടി വരും. വമ്പൻ അഴിമതി കെട്ടിട നിർമ്മാണത്തിൽ നടന്നുവെന്ന് ആക്ഷേപം.
നിർമ്മിതി കേന്ദ്രത്തിനായിരുന്നു നിർമ്മാണ ചുമതല. ഇവർ ഈ കരാർ സ്വകാര്യ ഏജൻസിക്ക് മറിച്ചു കൊടുത്തു. ഈ ഏജൻസിക്ക് 65 ലക്ഷത്തിനാണ് കരാർ കൊടുത്തതെന്ന് ബന്ധപ്പെട്ടവർ പറയുന്നു. ഇതിന് ഏജൻസിയുമായി തുക പറഞ്ഞ് കരാർ ഒപ്പിട്ടിട്ടുമുണ്ട്. ഏജൻസിക്കും നിർമ്മിതി കേന്ദ്രത്തിനുമിടയിൽ 15 ലക്ഷം ആവിയായി. നാട്ടിൽ സ്വകാര്യ കരാറുകാർ ചതുരശ്ര അടിക്ക് 1650-1800 രൂപ നിരക്കിലാണിപ്പോൾ കെട്ടിടങ്ങൾ പണിയാൻ കരാറിൽ ഏർപ്പെടുന്നത്.
ഇതിലും കുറഞ്ഞ നിരക്കിൽ പണികൾ ഏറ്റെടുത്ത് ചെയ്യുന്ന നിരവധി പേരുണ്ട്. ഈ സാഹചര്യത്തിൽ 2400 ചതുരശ്ര അടി വിസ്തൃതിയുള്ള കെട്ടിടം ഗുണ നിലവാരമുള്ള സാമഗ്രികൾ ഉപയോഗിച്ച് 40 ലക്ഷം രൂപക്ക് നിർമ്മിക്കാൻ കഴിയുമെന്നാണ് കരാർ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നത്. എങ്കിൽ തന്നെയും നല്ല ലാഭം കരാറുകാർക്ക് കിട്ടും.
വിശ്രമ കേന്ദ്രത്തിന് ചെലവായ തുക കേട്ട് ഇത് സ്വർണം പൂശിയതാണോയെന്ന് നാട്ടുകാർ ചോദിച്ചു തുടങ്ങിയിട്ടുണ്ട്. കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയായി കിടക്കുകയാണ്. ഉദ്ഘാടനം ഉടനെ നടത്തി കെട്ടിടം നഗരസഭക്ക് വിട്ടു കൊടുക്കും. ആദ്യം എസ്റ്റിമേറ്റ് തുക 75 ലക്ഷം ആയിരുന്നു. പിന്നീട് തുക തികഞ്ഞില്ലെന്നു പറഞ്ഞ് അഞ്ചു ലക്ഷം കൂടി അനുവദിക്കുകയായിരുന്നു. ജില്ലാ ആസ്ഥാനത്ത് എത്തുന്ന യാത്രക്കാർക്ക് വിശ്രമിക്കാൻ വേണ്ടിയാണ് ഇത് നിർമ്മിച്ചത്.
ഇതിൽ സ്ത്രീകൾക്കും പുരുഷന്മാർക്കുമുള്ള പ്രത്യേകം വിശ്രമ മുറിയുണ്ട്. ശുചിമുറികളും, വിവരങ്ങൾ നൽകാൻ ഇൻഫർമേഷൻ വിഭാഗത്തിനായി ഒരു മുറിയും ഭിന്നശേഷിക്കാർക്കായി ഒരു മുറിയും ലൈബ്രറിയുമുണ്ട്. ഭക്ഷ്യ വകുപ്പുമായി ചേർന്ന് ഹോട്ടൽ തുടങ്ങാനാനുള്ള പദ്ധതിയുമുണ്ട്. കെട്ടിടത്തിലേക്കുള്ള ഫർണീച്ചർ വാങ്ങാൻ വീണ്ടും പ്രത്യേക ഫണ്ടിനായി ശ്രമിക്കുകയാണ്. 2017 ൽ നഗരസഭയുമായി ചർച്ച നടത്തിയാണ് നഗരസഭയുടെ അധീനതയിലുണ്ടായിരുന്ന സ്ഥലം കെട്ടിടം നിർമ്മിക്കാൻ ഏറ്റെടുത്തത്.
2019 ൽ റോസ്ലിൻ സന്തോഷ് നഗരസഭ അധ്യക്ഷ ആയിരുന്നപ്പോഴാണ് സ്ഥലം വിട്ടുനൽകിയത്. 2016ൽ കേന്ദ്രപൊതുമരാമത്ത് വകുപ്പ് പുറത്തിറക്കിയ നിരക്കിലാണ് ഇപ്പോൾ സംസ്ഥാനത്ത് സർക്കാർ കെട്ടിടങ്ങളുടെ നിർമ്മാണം നടന്നു വരുന്നത്. കോവിഡ് വന്നതോടെ ചില നിർമ്മാണ സാമഗ്രികൾക്ക് വില വർധിച്ചു. അതിന് മുമ്പ് കെട്ടിടംപണി പൂർത്തിയായതുമാണ്. സ്വകാര്യ കോൺട്രാക്ടർമാരുടെ ഇപ്പോഴത്തെ നിരക്കാണ് ചതുരശ്ര അടിക്ക് 1650-1800 രൂപ എന്നത്. സംസ്ഥാനത്തെ ഒരു മന്ത്രിയുടെ മണ്ഡലത്തിൽ അഴിമതി നടത്താൻ മുതിർന്ന കരാറുകാർക്കെതിരേ അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസിൽ പരാതി നൽകാൻ ഒരുങ്ങുകയാണ് പൊതുപ്രവർത്തകർ.
മറുനാടന് മലയാളി ബ്യൂറോ