- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗുരുകുല സമ്പ്രദായം പോലെ മരത്തണലിൽ പഠനം; മാതൃകാ പ്രീ സ്‌കൂളിന് അനുവദിച്ച 15 ലക്ഷം ചെലവഴിച്ചത് പഴയ കെട്ടിടത്തിൽ: കെട്ടിടം അൺഫിറ്റെന്ന് പഞ്ചായത്ത് റിപ്പോർട്ട് നൽകിയപ്പോൾ അദ്ധ്യാപനം ക്ലാസിന് പുറത്ത്; അറന്തക്കുളങ്ങരയിൽ അഴിമതിയുടെ പൊടിപൂരം: വിദ്യാഭ്യാസ മന്ത്രി അപ്പൂപ്പൻ അറിയാൻ കുട്ടികളുടെ ദുരിത പഠന കഥ
അടൂർ: മാതൃകാ പ്രീ സ്‌കൂളിനും പുതിയ കെട്ടിട നിർമ്മാണത്തിനുമായി അനുവദിച്ച തുക വൻ ക്രമക്കേട് നടത്തി തട്ടിയെടുത്തുവെന്ന് ആരോപണം. അറന്തക്കുളങ്ങര ഗവ. എൽപിഎസിലെ മുൻ പ്രഥമാധ്യാപകനെ പ്രതിക്കൂട്ടിൽ നിർത്തി വിജിലൻസിന് പരാതി. പ്രീ സ്‌കൂളിനായി 15 ലക്ഷം ചെലവഴിച്ച് നവീകരിച്ചെന്ന് പറയുന്ന പഴയ കെട്ടിടം അൺഫിറ്റെന്ന് പഞ്ചായത്തിലെ എൻജിനീയർ റിപ്പോർട്ട് നൽകിയതോടെ ഗുരുകുല മാതൃകയിൽ മരത്തണലിലാണ് കുട്ടികളുടെ പഠനം. കുറച്ചു പേർ വലിച്ചു കെട്ടിയ പടുതയ്ക്ക് കീഴിലുമിരുന്ന് പഠിക്കുന്നു.
അറന്തക്കുളങ്ങര സ്‌കൂളിലേക്ക് ചെന്നാൽ അഴിമതിയുടെ അവസ്ഥാന്തരങ്ങൾ കണ്ട് ഞെട്ടിപ്പോകും. മാതൃക പ്രീ സ്‌കൂൾ സ്ഥാപിക്കുന്നതിന് 15 ലക്ഷം ആണ് സർവശിക്ഷ കേരള (എസ്എസ്‌കെ) ഫണ്ട് കിട്ടിയത്. അതിന്റെ പണികൾ നടത്തിയതാകട്ടെ ഫിറ്റ്നസ് ഇല്ലെന്ന് പഞ്ചായത്തിലെ മരാമത്ത് എൻജിനീയർ റിപ്പോർട്ട് നൽകിയ കെട്ടിടത്തിലും. ഇവിടെ കുട്ടികളെ പഠിപ്പിക്കാൻ സാധിക്കാത്തതിനാൽ മരണത്തണലാണ് ഇപ്പോൾ ക്ലാസ് മുറി.
മുൻ പ്രഥമാധ്യാപകന്റെ നേതൃത്വത്തിൽ ഫണ്ട് വെട്ടിച്ചുവെന്ന പരാതി പത്തനംതിട്ട വിജിലൻസിന് നൽകി. അന്വേഷണത്തിന് അനുവാദം കിട്ടാൻ വേണ്ടി ഫയൽ വിജിലൻസ് ഡയറക്ടറേറ്റിലേക്ക് അയച്ചിരിക്കുകയാണ്. ആരോപണ വിധേയനായ മുൻ പ്രഥമാധ്യാപകൻ അന്വേഷണം അട്ടിമറിക്കുന്നതിനായി സിപിഎം നേതാക്കളുടെ സഹായം തേടിയിട്ടുണ്ട്. വിദ്യാഭ്യാസമന്ത്രി ശിവൻകുട്ടിയുടെ അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ ഈ സ്‌കൂളിലെ കുട്ടികൾക്ക് പഠനം പരീക്ഷണമാകും.
പ്രീ സ്‌കൂൾ തുടങ്ങാൻ അനുവദിച്ച 15 ലക്ഷം ചെലവഴിച്ചതിന്റെ കണക്ക് കണ്ടാൽ ഞെട്ടിപ്പോകും. മൂന്നു ശിൽപ്പശാല നടത്തിയതിന്റെ ചെലവ് 1,78,299 രൂപയാണ്. ആസൂത്രണ യോഗം 6100, അക്കാദമിക ഒരുക്കങ്ങൾ 52,500 രൂപ എന്നിങ്ങനെ ചെലവഴിച്ചിരിക്കുന്നു. ഒരു പ്രവേശന കവാടത്തിന് 1.97 ലക്ഷമാണ് ചെലവിട്ടിരിക്കുന്നത്. ശിശുസൗഹൃദ ക്ലാസ് മുറിക്ക് 3.10 ലക്ഷം ചെലവായെന്നാണ് കണക്ക്. ഓർക്കണം, അൺഫിറ്റായി പൊളിക്കാൻ നിർത്തിയിരിക്കുന്ന കെട്ടിടത്തിലാണ് ഈ കളികൾ കളിച്ചിരിക്കുന്നത്. മൂത്രപ്പുരയ്ക്ക് 1.22 ലക്ഷം, പെയിന്റിങിന് 2.15 ലക്ഷം, 90951 രൂപ എന്നിങ്ങനെ തുക ചെലവഴിച്ചിരിക്കുന്ന കണക്കുകൾ കാണുമ്പോൾ തന്നെ അഴിമതിയുടെ വ്യാപ്തി വ്യക്തമാണ്.
സ്‌കൂളിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് എംഎൽഎ ഫണ്ടിൽ നിന്ന് 85 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഹാബിറ്റാറ്റിനാണ് നിർമ്മാണ ചുമതല. ലൈറ്റ് ഹൗസ് മോഡലിലുള്ള കെട്ടിടം പണി ഫണ്ട് തീർന്നതിന് പിന്നാലെ ഹാബിറ്റാറ്റ് ഉപേക്ഷിച്ച് പോയി. ഇതോടെയാണ് കുട്ടികൾ ഗുരുകുല സമ്പ്രദായം പോലെ മരത്തണലിൽ ഇരുന്ന് പഠിക്കുന്നത്. ഇനിയും പുതിയ ഏതെങ്കിലും ഫണ്ട് വന്നാൽ മാത്രേ കെട്ടിടം പണികൾ നടക്കുകയുള്ളൂ. കുട്ടികൾക്ക് ഇരിക്കാൻ ക്ലാസ്സ് റൂമുകൾ ഇല്ല. ഓഫീസിലും മരച്ചുവട്ടിലും ആണ് ക്ലാസ് നടത്തുന്നത്.
സ്‌കൂളിനെ ഒരു വഴിക്കാക്കിയ മുൻ പ്രഥമാധ്യാപകൻ തൊട്ടടുത്തുള്ള ഹയർ സെക്കൻഡറി സ്‌കൂളിന്റെ മാനേജർ സ്ഥാനത്ത് വിലസുകയാണ്. എസ്എസ്‌കെ നൽകിയ 15 ലക്ഷം രൂപ കൊണ്ട് പഴയ കെട്ടിടം ബലപ്പെടുത്തിയിരുന്നെങ്കിൽ കുട്ടികൾക്ക് അവിടെ എങ്കിലും ഇരുന്ന് പഠിക്കാമായിരുന്നു. അതിന് പകരം ലക്ഷങ്ങളുടെ പ്രവേശന കവാടവും ഏറുമാടവും പണിതു. പൊളിക്കാൻ പോകുന്ന കെട്ടിടത്തിൽ സ്മാർട്ട് ക്ലാസ് മുറികൾ സെറ്റ് ചെയ്തു. ശിൽപ്പശാലയുടെ പേരിൽ ലക്ഷങ്ങൾ അടിച്ചു മാറ്റി. ഇങ്ങനെ സർക്കാർ ഫണ്ട് ദുരുപയോഗം ചെയ്ത പ്രഥമാധ്യാപകനെതിരേ നാട്ടുകാരാണ് വിജിലൻസിൽ പരാതി നൽകിയത്.
കെഎസ്ടിഎയുടെ നേതാവായിരുന്നു പ്രഥമാധ്യാപകൻ. ആദ്യമൊക്കെ സിപിഎമ്മിന്റെ പിന്തുണയും ഇയാൾ നേടിയിരുന്നു. പിന്നീട് അഴിമതി ആരോപണം ഉയർന്നതോടെ പാർട്ടി കൈവിട്ടു. ഇദ്ദേഹമിപ്പോൾ സിപിഐയെ സമീപിച്ചിരിക്കുകയാണ്. രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് വിജിലൻസ് അന്വേഷണം തടയുകയാണ് ലക്ഷ്യം. പത്തനംതിട്ട വിജിലൻസ് യൂണിറ്റ് പ്രാഥമിക പരിശോധനയിൽ അഴിമതി കണ്ടെത്തിയതിനെ തുടർന്നാണ് കേസെടുക്കുന്നതിന് വേണ്ടി വിജിലൻസ് ഡയറക്ടർക്ക് റിപ്പോർട്ട് അയച്ചത്. സ്വാധീനം മൂലം ഇത് അവിടെ ചവിട്ടി വച്ചിരിക്കുന്നുവെന്നാണ് പരാതി.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്