- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ലണ്ടനിൽ എത്തിയിട്ടും മാവോയിസ്റ്റ് ആശയങ്ങൾ തലക്ക് പിടിച്ച് സ്ത്രീകൾ അടക്കമുള്ളവരെ അടിമകളാക്കി കഴിഞ്ഞ മലയാളിക്ക് ജയിലിൽ മരണം; ആറുവർഷം മുൻപ് 23 വർഷത്തേക്ക് തടവിലാക്കപ്പെട്ട കമ്മ്യുണിസ്റ്റ് ദൈവം സഖാവ് ബാലയ്ക്ക് വിട
സഖാവ് ബാല എന്നാണയാൾ അറിയപ്പെട്ടിരുന്നത്. എന്നാൽ, വെറുമൊരു നേതാവായിരുന്നില്ല അയാൾ, കമ്മ്യുണിസ്റ്റ് മതത്തിലെ ഒരു ദൈവമായിരുന്നു. അനുയായികളെ അടിമകളാക്കി വെച്ച് കമ്മ്യുണിസം പഠിപ്പിച്ച ഈ വൈരുദ്ധ്യാത്മക ആത്മീയ വാദി ഒരു മലയാളിയാണ്.
കേരളത്തിലെ ഒരു ഗ്രാമത്തിൽ ജനിച്ച ബാല, പിന്നീട് ബ്രിട്ടീഷ് സൈനിക ഉദ്യോഗസ്ഥനായ അച്ഛനൊപ്പം സിംഗപ്പൂരിൽ എത്തുകയായിരുന്നു. സ്‌കൂൾ കോളേജ് പഠനമെല്ലാം സിംഗപ്പൂരിലായിരുന്നു. അന്നൊക്കെ ഏറെ പ്രത്യേകതകളില്ലാത്ത ഒരു സാധാരണ വിദ്യാർത്ഥിമാത്രമായിരുന്നു അരവിന്ദ് ബാലകൃഷ്ണൻ. ഇക്കാലത്താണ് അയാൾ കമ്മ്യുണിസ്റ്റ് ആശയങ്ങളിലേക്ക് ആകർഷിക്കപ്പെടുന്നത്. അന്ന് സിംഗപൂരിൽ കമ്മ്യുണിസ്റ്റ് ആശയങ്ങൾ നിരോധിച്ചിരുന്ന കാലമായതിനാൽ ഇയാൾ സജീവ രാഷ്ട്രീയത്തിൽ ഒന്നും ഇറങ്ങിയിരുന്നില്ല.
1963-ൽ ബ്രിട്ടീഷ് കൗൺസിൽ സ്‌കോളർഷിപ്പൊടെ ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണൊമിക്സിൽ പഠിക്കാൻ ലണ്ടനിലെത്തിയതോടെയാണ് അരവിന്ദ് ബലകൃഷ്ണൻ എന്ന യുവാവിനകത്തുള്ള വിപ്ലവ വീര്യം പുറത്തുചാടുന്നത്. കമ്മൂണിസ്റ്റ് പാർട്ടി ഓഫ് ഇംഗ്ലണ്ടുമായി ചേർന്ന് പ്രവർത്തിക്കാൻ തുടങ്ങിയ ഇയാൾ ക്രമേണ തന്റെ വാക്ചാതുരിയിലൂടെ നിരവധി അനുയായികളേയും നേടിയെടുത്തു. എന്നാൽ, പിന്നീട് പാർട്ടിയെ പിളർത്താൻ ശ്രമിച്ചു എന്ന കുറ്റത്തിന് ഇയാളെ പാർട്ടിയിൽ നിന്നും പുറത്താക്കുകയായിരുന്നു.
അതിനുശേഷമാണ് വർക്കേഴ്സ് ഇൻസ്റ്റിറ്റിയുട്ട് ഓഫ് മാർക്സിസം- ലെനിനിസം- മാവോ സേതുങ്ങ് ചിന്തകൾ എന്ന ഒരു സ്ഥാപനം രൂപീകരിക്കുന്നത്. അതിനൊപ്പം സൗത്ത് ലണ്ടൻ വർക്കേഴ്സ് ബുള്ളറ്റിൻ എന്നൊരു പ്രസിദ്ധീകരണവും ഇയാൾ ആരംഭിച്ചു. കമ്മ്യുണിസ്റ്റ് പാർട്ടി ഓഫ് ഇംഗ്ലണ്ടിനെ സാമ്രാജ്യത്വത്തിന്റെ പിണിയാളുകളായി ചിത്രികരിക്കുന്നതായിരുന്നു ഈ പ്രസിദ്ധീകരണത്തിലെ മിക്ക ലേഖനങ്ങളൂം.
അക്കാലം മുതൽക്കാണ് ഇയാൾ സഖാവ് ബാല എന്നറിയപ്പെടാൻ തുടങ്ങിയത്. സാധാരണ തൊഴിലാളികൾ ധാരാളമായുള്ള തെക്കൻ ലണ്ടൻ കേന്ദ്രീകരിച്ചായിരുന്നു ഇയാളുടെ പ്രവർത്തന മേഖല. അംഗീകൃത തൊഴിലാളി യൂണിയനുകളിലൊന്നും അംഗത്വമെടുക്കാൻ ഇയാൾ തന്റെ അനുയായികളെ അനുവദിച്ചിരുന്നില്ല. അവരെല്ലാം സാമ്രാജ്യത്വത്തിന്റെ പിണിയാളുകളാണെന്നായിരുന്നു ഇയാൾ പറഞ്ഞിരുന്നത്. ഏതായാലും ഇയാളുടെ അതിതീവ്ര കമ്മ്യുണിസം കാരണം ഇയാളുടെ അനുയായികൾ ഓരോരുത്തരായി കൊഴിഞ്ഞു പോകാൻ തുടങ്ങി. 10 സ്ത്രീകൾ മാത്രമുള്ള ഒരുകൾട്ട് ആയി മാറി ഇയാളുടെ കമ്മ്യുണിസ്റ്റ് പ്രസ്ഥാനം.
1976-ൽ മാവോയുടെ മരണശേഷം ബ്രിക്സ്റ്റണിൽ ഇയാൾ മാവോ മെമോറിയൽ സെന്റർ ഉണ്ടാക്കി. ഇയാളും മറ്റു 12 സ്തീകളും അവിടെ താമസമാരംഭിച്ചു. കടുത്ത നിയമങ്ങളായിരുന്നു അവിടെയുള്ള അന്തേവാസികൾക്കായി അയാൾ തീർത്തത്. മറ്റു കുടുംബാംഗങ്ങളുമായി ബന്ധപ്പെടുന്നതുപോലും അയാൾ വിലക്കിയിരുന്നു. സൂര്യനേയും, ചന്ദ്രനേയും കാറ്റിനേയും അഗ്‌നിയേയും നിയന്ത്രിക്കുവാനുള്ള ശക്തി തനിക്കുണ്ടെന്ന് അനുയായികളെ വിശ്വസിപ്പിച്ച ഇയാൾ അതിനിടയിൽ ജാക്കി എന്നൊരു റോബോട്ടിനെ കണ്ടുപിടിച്ചതായും അവകാശപ്പെട്ടു.
ജെഹോവ, അള്ളാ, ക്രൈസ്റ്റ്, ക്രിഷ്ണ, ഇമ്മോർട്ടൽ ഈശ്വരൻ എന്നിവയിൽ ആദ്യാക്ഷരങ്ങൾചേർത്ത് നാമകരണം ചെയ്ത ജാക്കി ഉപയോഗിച്ച് ഇയാൾക്ക് ആരുടെ മനസ്സും നിയന്ത്രിക്കാൻ കഴിയുമത്രെ. തന്റെ മകൾ ഉൾപ്പടെ 12 സ്ത്രീകളെയാണ് ഇയാൾ തടവിലാക്കിയിരുന്നത്. അതിൽ ഇയാളുടെ ഭാര്യയേയും മകളേയും ഒഴിച്ചുള്ള സ്ത്രീകളെയെല്ലാം അയാൾ സ്ഥിരമായി മർദ്ദിക്കുമായിരുന്നു. മാത്രമല്ല പലവിധത്തിലുള്ള ലൈംഗിക വൈകൃതങ്ങൾക്കും ഇയാൾ അവരെ ഇരയാക്കിയിരുന്നു. ഇയാളുടെ ശുക്ലം അമൃതാണെന്നും അത് കഴിച്ചാൽ അമരത്വം കൈവരിക്കാം എന്നുമായിരുന്നു ഇയാൾ കൂടെയുണ്ടായിരുന്നവരെ വിശ്വസിപ്പിച്ചിരുന്നത്.
രണ്ടാം ലോകമഹായുദ്ധ കാലത്ത് സിംഗപ്പൂരിൽ ഉണ്ടായിരുന്ന ഇയാൾ അന്ന് അവിടെ നടന്ന ക്രൂരതകളും മറ്റും കണ്ടാണ് ഇങ്ങനെയായതെന്ന് അയാൾ തന്നെ കോടതിയിൽ പറഞ്ഞിരുന്നു. ലോകത്തെ നയിക്കുന്നത് മാവോ സേതൂങ്ങ് ആയിരിക്കും എന്ന് ഉറച്ചു വിശ്വസിച്ചിരുന്ന ഇയാൾ, മാവോയ്ക്ക് ശേഷം ആ കർമ്മം തന്റെ ചുമലിൽ എത്തിയിരിക്കുന്നുഎന്നായിരുന്നു അനുയായികളോട് പറഞ്ഞത്. കമ്മ്യുണിസത്തെ ഭ്രാന്തമായി പ്രണയിച്ചിരുന്ന ഇയാൾ പറഞ്ഞത് ടിയാനന്മെൻ ചത്വരത്തിൽ 3000 പേരെയല്ല 30 ലക്ഷം പേരെയായിരുന്നു വെടിവെച്ച് കൊല്ലേണ്ടത് എന്നായിരുന്നു.
80 കളിൽ ഇയാളുടെ സങ്കേതത്തിൽ പൊലീസ് നടത്തിയ ഒരു റെയ്ഡിലാണ് ഈ കമ്മ്യുണിസ്റ്റ് ദൈവത്തിന്റെ ആശ്രമജീവിതം പുറം ലോകം അറിയുന്നത്. സ്ത്രീകൾക്കെതിരെയുള്ള പീഡനങ്ങൾ സംബന്ധിച്ച കേസുകളിൽ വിചാരണനേരിടുമ്പോൾ സ്വന്തം മകൾ കാറ്റി മോർഗൻ ഡേവിസ് പോലും ഇയാൾക്കെതിരെ തെളിവുകൾ നൽകിയിരുന്നു. വിചാരണയ്ക്കൊടുവിൽ 2016-ൽ 23 വർഷത്തെ തടവുശിക്ഷയായിരുന്നു കോടതി ഇയാൾക്ക് വിധിച്ചത്. അത് പൂർത്തിയാക്കാൻ നിൽക്കാതെ 81 -ാം വയസ്സിൽ ആ കമ്മ്യുണിസ്റ്റ് ദൈവം യാത്രയായി.