- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടുകാരുമൊത്ത് വന്ന് വിവാഹം ആലോചിച്ച് ഉറപ്പിച്ചതിന് ശേഷം സ്ത്രീധനം കുറവ് എന്ന കാരണം പറഞ്ഞ് പ്രണയിനിയെ ഒഴിവാക്കി; എല്ലാ തെളിവും ശബ്ദ സംഭാഷണവും പുറത്തു വന്നിട്ടും പൊലീസിന് താൽപ്പര്യം പ്രതിയെ രക്ഷിക്കാൻ; നിസ്സാര വകുപ്പിട്ട് കേസ് എടുത്തതിന് പിന്നിൽ യുവാവിന്റെ കുടുംബത്തിന്റെ രാഷ്ട്രീയ ബന്ധവും പണക്കൊഴുപ്പും; ആറാട്ടുപുഴയിലെ അർച്ചനയുടെ ആത്മഹത്യാ കേസിലും കള്ളക്കളികൾ; കേരളാ പൊലീസ് നിൽക്കുന്നത് സ്ത്രീധന മോഹികൾക്കൊപ്പം!
ആലപ്പുഴ: നഴ്സിങ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിലെ കുറ്റക്കാരനായ പ്രതിയെ രക്ഷിക്കാൻ പൊലീസിന്റെ വഴിവിട്ട സഹായം. ആറാട്ടുപുഴ പെരുമ്പള്ളിൽ മുരിക്കിൽ ഹൗസിൽ വിശ്വനാഥൻ - ഗീതാ ദമ്പതികളുടെ മകളുമായ അർച്ചന(21)യുടെ ആത്മഹത്യക്ക് കാരണക്കാരനായ പട്ടോളിമാർക്കറ്റിന് സമീപം താമസിക്കുന്ന ശ്യാംലിനെയാണ് പൊലീസ് സംരക്ഷിക്കുന്നതെന്നാരോപണം.
വനിതാകമ്മീഷൻ അംഗം നേരിട്ടെത്തി വീട്ടുകാരുമായി സംസാരിച്ച് സംഭവത്തിൽ കേസെടുക്കണമെന്ന് നിർദ്ദേശം നൽകിയെങ്കിലും തൃക്കുന്നപ്പുഴ പൊലീസ് കേസിൽ നിസാര വകുപ്പ് മാത്രമേ ചുമത്തിയിട്ടുള്ളൂ. യുവാവിന്റെ കുടുംബത്തിന്റെ രാഷ്ട്രീയ ബന്ധവും പണവും ഉപയോഗിച്ച് പൊലീസിൽ സ്വാധീനം ചെലുത്തിയതിനാലാണ് കേസിൽ കാര്യമായ മുന്നേറ്റം ഇല്ലാത്തതെന്നും ആരോപണം ഉയരുന്നു. കൂടാതെ തൃക്കുന്നപ്പുഴ എസ്.എച്ച്.ഒ അവധിയിൽ പോയിരിക്കുന്നതും ഇതിന്റെ ഭാഗമാണെന്നും പറയുന്നു.
കഴിഞ്ഞ 11 നാണ് അർച്ചന ആത്മഹത്യ ചെയ്തത്. മരണം നടന്ന് ഏഴു ദിവസം പിന്നിട്ടിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറായില്ല. ആത്മഹത്യാ പ്രേരണാകുറ്റം മാത്രം ചുമത്തിയാണ് പൊലീസ് കഴിഞ്ഞ ദിവസം ഒളിവിൽ പോയിരുന്ന പ്രതിയെ വിളിച്ചു വരുത്തി മൊഴിയെടുത്തത്. മരണത്തിന് കാരണക്കാരൻ ശ്യാംലാൽ ആണ് എന്ന് തെളിയിക്കുന്ന ശബ്ദ സംഭാഷണം പുറത്ത് വന്നിട്ടും പൊലീസ് പ്രതിക്കെതിരെ നിസാര വകുപ്പാണ് ചുമത്തിയിരിക്കുന്നത്. പ്രതിക്കെതിരെ മൊഴി നൽകാനെത്തിയവരെ മാനസികമായി പൊലീസ് പീഡിപ്പിച്ചതായും ആക്ഷേപമുണ്ട്. മണിക്കൂറുകളോളം പൊലീസ് സ്റ്റേഷനിൽ പിടിച്ചിരുത്തി പ്രതിയായ ശ്യാലാലിന് അനുകൂലമായി മൊഴി നൽകാൻ ഉദ്യോഗസ്ഥർ ശ്രമിച്ചിരുന്നു. ശ്യാംലാലിനെ കേസിൽ നിന്നും ഒഴിവാക്കാനായുള്ള ശ്രമമാണ് പൊലീസ് നടത്തിയത് എന്നും ബന്ധുക്കൾ മറുനാടൻ മലയാളിയോട് പറഞ്ഞു.
തൃക്കുന്നപ്പുഴ പൊലീസിന്റെ അനാസ്ഥയിൽ പ്രതിഷേധിച്ച് നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപീകരിച്ചിട്ടുണ്ട്. ആക്ഷൻ കൗൺസിലും പെൺകുട്ടിയുടെ പിതാവും ചേർന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകാനുള്ള ഒരുക്കത്തിലാണ്. അതേ സമയം പ്രതിയെ വിളിച്ചു വരുത്തി മൊഴി എടുത്തു എന്നും ശ്യാംലാലിനെതിരെ ഒരു തെളിവുകളുമില്ല എന്നുമാണ് തൃക്കുന്നപുഴ പൊലീസിന്റെ വിശദീകരണം.
കണ്ടല്ലൂർ പട്ടോലി മാർക്കറ്റ് സ്വദേശിയായ ശ്യാംലാലാണ് അർച്ചനയെ വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് വഞ്ചിച്ചത്. വീട്ടുകാരുമൊത്ത് വന്ന് വിവാഹം ആലോചിച്ച് ഉറപ്പിച്ചതിന് ശേഷമാണ് സ്ത്രീധനം കുറവാണ് എന്ന കാരണം പറഞ്ഞ് മറ്റൊരു വിവാഹത്തിനായി നീക്കം നടത്തിയത്. നാളെ ശ്യാംലാലും കായംകുളം സ്വദേശിനിയായ പെൺകുട്ടിയുമായി വിവാഹ നിശ്ചയം നടക്കാനിരിക്കെയാണ് അർച്ചന ഒതളങ്ങ എന്ന വിഷക്കായ കഴിച്ച് മരിച്ചത്. ശ്യാലാലിന്റെ വിവാഹ നിശ്ചയത്തിന്റെ സമയം തീരുമാനിച്ച ദിവസമാണ് അർച്ചന ആത്മഹത്യ ചെയ്തത്. വിഷക്കായ കഴിച്ചതിന് ശേഷം താൻ ആത്മഹത്യ ചെയ്യുകയാണ് എന്ന് ശ്യാംലാലിനെ മെസ്സേജ് വഴി അറിയിച്ചു. മെസ്സേജ് ശ്യാംലാൽ കണ്ടതിന് ശേഷം അർച്ചന ഡിലീറ്റ് ചെയ്യുകയും ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയുമായിരുന്നു.
ഇക്കാര്യം ഇയാൾ അർച്ചനയുടെ ഒരു സുഹൃത്തിനെ വിളിച്ചറിയിക്കുകയും അവർ ആറാട്ടുപുഴയിലെ വീട്ടിലെത്തിയപ്പോഴേക്കും അർച്ചന അവശനിലയിലായിരുന്നു. അവിടെ നിന്നും എത്രയും വേഗം ആലപ്പുഴ മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അർച്ചന സ്ക്കൂളിൽ പഠിക്കുന്ന കാലമാണ് ഇയാൾ പ്രണയവുമായി അടുത്ത് കൂടുന്നത്. പിന്നീട് പ്ലസ്ടുവിലെത്തിയപ്പോൾ വിവാഹം ആലോചിച്ച് വീട്ടിലെത്തി.
എന്നാൽ പഠനം കഴിഞ്ഞിട്ടേ വിവാഹം കഴിപ്പിക്കുന്നുള്ളൂ എന്നും ഉത്തരവാദിത്തപ്പെട്ടവരുമായി അന്ന് വന്നാൽ ആലോചിക്കാമെന്നും അറിയിച്ചു. ബി.എസ്.സി പഠിച്ചു കൊണ്ടിരിക്കുമ്പോൾ ഇയാൾ വീട്ടുകാരുമായെത്തി വിവാഹം ആലോചിച്ചു. വലിയ സ്ത്രീധനമൊന്നും തരാൻ കഴിയില്ലെന്ന് കൂലിപ്പണിക്കാരനായ പിതാവ് ശ്യാംലാലിന്റെ വീട്ടുകാരെ അറിയിച്ചു. എന്നാൽ ഇയാളുടെ സഹോദരിക്ക് 100 പവനും കാറുമാണ് സ്ത്രീധനമായി കൊടുത്തതെന്നും അതിനാൽ സ്ത്രീധനത്തിൽ വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ല എന്നും മാതാപിതാക്കൾ പറഞ്ഞു. അത് സാധ്യമല്ലെന്ന് അറിയിച്ചപ്പോൾ ശ്യാംലാലിന്റെ നിർബന്ധ പ്രകാരം വിവാഹത്തിന് വീട്ടുകാർ സമ്മതം മൂളുകയായിരുന്നു.
ഇതിനിടെ ഇയാൾ ഗൾഫിൽ പോകുകയും സാമ്പത്തികമായി ഉയർച്ചയുണ്ടാവുരയും ചെയ്തു. ഇതോടെ ഇയാളുടെ സ്വഭാവത്തിൽ മാറ്റം വരികയായിരുന്നു. പിന്നീട് പെൺകുട്ടി അറിയാതെ മറ്റൊരു വിവാഹം കഴിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ഈ വിവരം പെൺകുട്ടി അറിയുകയും മനോ വിഷമം മൂലം ജീവനൊടുക്കുകയുമായിരുന്നു. മരണത്തിന് മുൻപ് കൂട്ടികാരിയുമായി ഇക്കാര്യത്തെ പറ്റി സംസാരിക്കുന്ന ഫോൺസംഭാഷണം പുറത്ത് വന്നിട്ടുണ്ട്.
പൊലീസ് ഈ ഫോൺ സംഭാഷണങ്ങൾ ശേഖരിച്ചുവെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. വരും ദിവസം കായംകുളത്ത് വൻ പ്രതിഷേധ പരിപാടി നടത്താനുള്ള നീക്കത്തിലാണ് ആക്ഷൻ കൗൺസിലുകാർ.