അടൂർ: 100 യുക്രൈൻകാരെ അതിർത്തി കടത്തുമ്പോൾ 10 ഇന്ത്യാക്കാരെ വിടും. ആ ക്യൂവിൽ ഇടം പിടിക്കാൻ ഉന്തും തള്ളുമായപ്പോൾ യുക്രൈൻ പട്ടാളക്കാർ വന്നു. ഇന്ത്യൻ വിദ്യാർത്ഥികൾക്ക് നേരെ കുരുമുളക് സ്പ്രേ അടിച്ചു. യുദ്ധം കലുഷിതമാക്കിയ യുക്രൈനിൽ നിന്ന് സകലതും ഉപേക്ഷിച്ച് ഓടി വന്ന ആർദ്ര രമേശിന് ഇതു പറയുമ്പോൾ പോലും ഭീതി തികട്ടി വരുന്നുണ്ടായിരുന്നു. നാടിന്റെയും പ്രിയപ്പെട്ടവരുടെയും തണലിലേക്ക് വെള്ളിയാഴ്ച പുലർച്ചെയാണ് അടൂർ ചേന്നമ്പള്ളി കേദാരത്തിൽ ബി. രമേശിന്റെയും എസ്. ദീപയുടേയും മകളായ ആർദ്ര എത്തിച്ചേർന്നത്.

യുക്രൈൻ വിനിക്സിയ നാഷണൽ മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ മൂന്നാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥിയാണ് ആർദ്ര. യുദ്ധദിനങ്ങളെ കുറിച്ചും അനുഭവിച്ച നരകയാതനയെപ്പറ്റിയും ഭയത്തോടെ മാത്രമാണ് ഓർക്കാൻ സാധിക്കുന്നത്.

വെസ്റ്റ് യുക്രൈൻ ഭാഗത്ത് കോളജിന്റെ സമീപത്തുള്ള യൂണിവേഴ്സിറ്റി ഹോസ്റ്റലിലായിരുന്നു താമസം. അവിടെ നിന്നും നാട്ടിലേക്ക് എത്തിച്ചേരാൻ ഏറെ ബുദ്ധിമുട്ട് സഹിച്ചു. ആദ്യം റുമേനിയൻ അതിർത്തിയിലേക്ക് പോകാൻ വാഹനം കിട്ടിയില്ല. പിന്നീട് ബസിൽ ആറു മണിക്കൂർ യാത്ര. റുമേനിയൻ അതിർത്തിക്ക് എട്ട് കിലോമീറ്റർ ഇപ്പുറം വരെയേ ബസ് പോവുകയുള്ളൂ. 60 പേരാണ് ഉണ്ടായിരുന്നത്. അവിടെ നിന്ന് നടന്ന് അതിർത്തിയിൽ എത്തി. റുമേനിയൻ അതിർത്തിയിൽ മൂന്ന് ദിവസം കുടുങ്ങി.

ഒരു മണിക്കൂറിൽ 100 യുക്രൈൻകാരെ അതിർത്തി കടത്തി വിടും. ഇതിനിടെ 10 ഇന്ത്യക്കാരെ മാത്രമാണ് വിടുന്നത്. ഇതോടെ വലിയ തിക്കും തിരക്കുമായി. അതിർത്തിയിൽ തള്ളലായതോടെ യുക്രൈൻ പട്ടാളം വിദ്യാർത്ഥികൾക്ക് നേരെ കുരുമുളക് സ്പ്രേ പ്രയോഗിച്ചു. ഒരു ദിവസം കൊണ്ട് അതിർത്തി കടന്ന് റുമേനിയയിൽ എത്തി. തങ്ങാനുള്ള സൗകര്യം അവിടുത്തെ സർക്കാർ നൽകി. ആവശ്യത്തിന് ആഹാരവും കിട്ടി.

ഒരു ഷെൽട്ടറിൽ 450 വിദ്യാർത്ഥികളാണ് ഉണ്ടായിരുന്നത്. ഇതിൽ 110 പേരെ ബസിൽ കയറ്റി ബുക്കാറസ്റ്റ് എയർ പോർട്ടിൽ എത്തിച്ചു. ഈ കൂട്ടത്തിൽ ആർദ്രയും കയറിപ്പറ്റി. രണ്ട് ദിവസം അവിടെ താമസം. മാർച്ച് രണ്ടിന് രാത്രി എയർ ഇന്ത്യയുടെ വിമാനത്തിൽ ബുക്കാറസ്റ്റ് എയർപോർട്ടിൽ നിന്നും ഡൽഹിയിലേക്ക്. അവിടെ നിന്ന് എയർ ഏഷ്യാ വിമാനത്തിൽ വ്യാഴാഴ്ച രാത്രി 10.30 ന് കൊച്ചിയിൽ എത്തി. കാത്തു നിന്ന മാതാപിതാക്കൾക്കൊപ്പം രാത്രി തന്നെ വീട്ടിലേക്ക് മടങ്ങി.

യുദ്ധം തുടങ്ങി രണ്ട് ദിവസം പിന്നിട്ടപ്പോഴേക്കും ബോംബാക്രമണങ്ങളും ഷെല്ലാക്രമണങ്ങളും വർധിച്ചതോടെ നാട്ടിൽ എത്താൻ കഴിയുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ലെന്ന് ആർദ്ര പറഞ്ഞു. ബോംബ് സ്ഫോടനത്തിന്റെ ശബ്ദമാണ് എവിടെയും കേട്ടിരുന്നത്. ഇതോടെ പേടിയായി. സൂപ്പർ മാർക്കറ്റിൽ പോയി. കുറച്ച് സാധനം വാങ്ങിയ ശേഷം എടിഎം കൗണ്ടറിൽ പോയെങ്കിലും പണം തീർന്നിരുന്നു. യുദ്ധം തുടങ്ങിയ ദിവസം പുലർച്ചെ 3.30 ന് ഒരു സൈറൺ കേട്ടു. മൂന്ന് സൈറൺ കേട്ടാൽ ബങ്കറിൽ പോകണമെന്നാണ് നിർദ്ദേശം. സൈറൺ ഒറ്റത്തവണ കേട്ടാൽ ജാഗരൂകരാകണം. രാവിലെ 10 ന് വീണ്ടും സൈറൺ കേട്ടു. വൈകിട്ട് നാലിന് മൂന്നാം സൈറൺ കേട്ടതോടെ ബങ്കറിലേക്ക് പോകാൻ നിർദ്ദേശം വന്നു.

പക്ഷേ ബങ്കർ എവിടെയെന്ന് വിദ്യാർത്ഥികൾക്ക് ആദ്യം അറിയില്ലായിരുന്നു. തുടർന്ന് ഏറെ നേരത്തിന് ശേഷം യൂണിവേഴ്സിറ്റിയുടെ ബങ്കറിലേക്ക് കൊണ്ടുപോയി. പ്രശ്നം ഇല്ലാത്തതിനാൽ തിരികെ ഹോസ്റ്റലിലേക്ക് കൊണ്ടുപോയി. യുദ്ധം ആരംഭിച്ച് ഒരു ദിവസം കഴിഞ്ഞപ്പോൾ അഞ്ച് സൈറൻ കേട്ടു. ഇതോടെ വീണ്ടും ബങ്കറിലേക്ക് കൊണ്ടുപോയി.

കോളജിന് സമീപത്തുള്ള കെമിക്കൽ ഫാക്ടറിക്ക് നേരെ ഷെല്ലിങ് നടന്നതിനാൽ മാസ്‌ക് ധരിക്കണമെന്ന് നിർദ്ദേശം ഉണ്ടായി. 2019 ഓഗസ്റ്റിലാണ് ആർദ്ര പഠനത്തിനായി യുക്രൈനിലേക്ക് പോയത്. കോളജിലും ഹോസ്റ്റലിലും ടെലിവിഷൻ കാണാൻ സംവിധാനമില്ലാത്തതിനാൽ പുറത്തെ വിവരങ്ങൾ അറിയാൻ ബുദ്ധിമുട്ടായിരുന്നു. കീവിലും ഹാർക്കീവിലും ഉള്ള കൂട്ടുകാരെ വിളിച്ചാണ് യുദ്ധ വിവരങ്ങൾ അറിഞ്ഞിരുന്നത്.

ആദ്യ ദിവസം വെള്ളം പോലും കിട്ടിയിരുന്നില്ല. മാതാപിതാക്കൾ മടങ്ങിയെത്താൻ നിർബന്ധിച്ചു. എന്നാൽ മൂന്നാം വർഷ എക്സാം ഉള്ളതിനാലും പഠനം മുടങ്ങുമെന്ന പേടി ഉണ്ടായിരുന്നതിനാലും അന്നേരം മടങ്ങിയില്ല. ഇപ്പോൾ ഒറിജിനൽ സർട്ടിഫിക്കറ്റുകളെല്ലാം കോളജിലാണ്. തിരിച്ചു പോകാമെന്ന വിശ്വാസം ഉള്ളതിനാലും യുദ്ധസാഹചര്യത്തിലും അവയൊന്നും എടുക്കാതെ മടങ്ങേണ്ടി
വന്നു. എം.ബി.ബി എസ് പഠനത്തിനായി 2032 മലയാളി വിദ്യാർത്ഥികളാണ് യുക്രൈനിൽ ഉണ്ടായിരുന്നത്. 150 വിദ്യാർത്ഥികൾ തന്നോടൊപ്പം വിമാനത്തിൽ ഉണ്ടായിരുന്നതായി ആർദ്ര പറഞ്ഞു. ബങ്കറിൽ 2000 പേരാണ് ഉണ്ടായിരുന്നത്. ഇനി തുടർ പഠനം എങ്ങനെയെന്നത് വിദ്യാർത്ഥികളേയും രക്ഷിതാക്കളേയും ആശങ്കയിലാക്കിയിരിക്കുകയാണ്.

ഈ ആശങ്ക ആർദ്ര തന്നെ കാണാൻ വന്ന ആന്റോ ആന്റണി എംപി.യുടെ ശ്രദ്ധയിൽ പെടുത്തി. എംപി വീട്ടിലെത്തി ആർദ്രയ്ക്ക് മധുരം നൽകി. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.ജി. കണ്ണൻ, യു.ഡി.എഫ് കൺവീനർ പഴകുളം ശിവദാസൻ, തോപ്പിൽ ഗോപകുമാർ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മണ്ണടി പരമേശ്വരൻ, വാർഡ് മെമ്പർ മുണ്ടപ്പള്ളി സുഭാഷ്, എം.രാജേന്ദ്രൻ നായർ എന്നിവരും എംപിക്കൊപ്പം ഉണ്ടായിരുന്നു.