- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
ഷാബാനുകേസിൽ കേന്ദ്രമന്ത്രിസ്ഥാനം വലിച്ചെറിയുന്നത് വെറും 35-ാം വയസ്സിൽ; ഇത് മുസ്ലിം പ്രീണനമാണെന്ന് രാജീവ്ഗാന്ധിയുടെ മുഖത്ത് നോക്കി പറഞ്ഞ ധിക്കാരി; അന്ന് പുകഴ്ത്തി ലേഖനമെഴുതിയവരിൽ ഇഎംഎസും; എഴു പാർട്ടികൾ മാറിയുള്ള രാഷ്ട്രീയം; ചാണകസംഘിയും കാലുമാറിയുമല്ല; എന്നെന്നും റെബൽ; പിണറായി സർക്കാറിനെ വിറപ്പിക്കുന്ന ആരിഫ് മുഹമ്മദ് ഖാന്റെ ജീവിതകഥ
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ഇത്രമാത്രം അധികാരങ്ങൾ ഉണ്ടായിരുന്നെന്ന് നാം അറിയുന്നത് ടി.എൻ ശേഷൻ ആ പദവിയിൽ എത്തിയതിന് ശേഷമാണ്. അതുപോലെ ഗവർണ്ണർക്കും അധികാരങ്ങൾ ഉണ്ടെന്നും, സംസ്ഥാന സർക്കാർ അയക്കുന്ന ബില്ലുകൾ ഒപ്പിട്ടുകൊടുക്കുന്ന വെറും റബ്ബർ സ്റ്റാമ്പ് മാത്രമല്ല ആ പദവിയെന്നും ബോധ്യപ്പെടാൻ ആ റെബൽ കേരളത്തിൽ എത്തേണ്ടി വന്നു. അതാണ് ആരിഫ് മുഹമ്മദ് ഖാൻ എന്ന സാക്ഷാൽ രാജീവ്ഗാന്ധിയെപ്പോലും വിറപ്പിച്ച നേതാവ്. ഇന്ന് കേരളത്തിന്റെ പ്രതിപക്ഷ നേതാവ് അദ്ദേഹമാണെന്ന് തോന്നിപ്പോവും. കാരണം സർകലാശാലകളിലെ രാഷ്ട്രീയ നിയമനം അടക്കമുള്ള പ്രശ്നങ്ങൾ ചർച്ചയാവുന്നത്, കേരളത്തിലെ പ്രതിപക്ഷത്തിന്റെ ഇടപെടൽ കൊണ്ടല്ല, വെറും അമ്പയറുടെ റോൾ മാത്രമേയുള്ളൂവെന്ന് കരുതപ്പെട്ടിരുന്ന ഗവർണ്ണറുടെ പേരിലാണ്!
പക്ഷേ ഇപ്പോൾ കേരള രാഷ്ട്രീയം പിണറായി വേഴ്സസ് ആരിഫ് മുഹമ്മദ് ഖാൻ എന്ന രീതിയിൽ മാറുകയാണ്. ശരിക്കും പിണറായിക്കൊത്ത നേതാവ് തന്നെയാണ് ആരിഫ് മുഹമ്മദ്ഖാനും. രണ്ടുപേരും വിദ്യാർത്ഥി രാഷ്ട്രീയത്തിലുടെയാണ് കടന്നുവന്നത്. വെട്ടൊന്ന് മുറി രണ്ട് എന്നാണ് രണ്ടുപേരുടെയും ശൈലി. പിണറായിയിൽനിന്ന് ഭിന്നനായി എഴുത്തുകാരൻ, സാമൂഹിക പ്രവർത്തകൻ എന്ന പേരുകൂടിയുണ്ട് ആരിഫ് മുഹമ്മദ് ഖാന്. ശാരീരിക വെല്ലുവിളി നേരിടുന്നവർക്കായി ആരിഫ് മുഹമ്മദ് ഖാനും ഭാര്യ രേഷ്മ ആരിഫും ചേർന്ന് സമർപ്പൺ എന്ന സന്നദ്ധ സംഘടന ലോക ശ്രദ്ധ പിടിച്ചു പറ്റിയതാണ്. അതുപോലെ തന്നെ സാമുദായിക പരിഷ്‌ക്കരണം ലക്ഷ്യമിട്ടുള്ള നിരവധി പുസ്തകങ്ങളുടെ രചയിതാവുമാണ്, കേരളാ ഗവർണ്ണർ. ചാണകസംഘിയെന്ന് കേരളത്തിൽ പലരും ആക്ഷേപിക്കപ്പെടുമ്പോഴും ആരിഫ് മുഹമ്മദ് ഖാന്റെ പുസ്തങ്ങൾ വായിച്ചാൽ നേരെ വിപരീതമായ ചിത്രമാണ് കിട്ടുക.
തുടക്കം വിദ്യാർത്ഥി രാഷട്രീയത്തിലൂടെ
വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ചുവെന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാവുന്ന വ്യക്തിയാണ് അദ്ദേഹം. 1951 ൽ ഉത്തർ പ്രദേശിലെ ബുലന്ദ്ശഹറിലെ ഒരു മുസ്ലിം പ്രമാണി കുടുംബത്തിലാണ് ആരിഫ് ജനിച്ചത്. എഴുത്തിനും വായനക്കും വിദ്യാഭ്യാസത്തിനും വലിയ പ്രധാന്യം കൊടുത്ത, യൂറോപ്യൻ നവോത്ഥാന ചിന്തകൾ ഒക്കെ കടുന്നുവന്ന ഒരു കുടുംബമായിരുന്നു അത്. ചെറുപ്പത്തിൽ ഇസ്ലാമിക യാഥാസ്ഥികത എവിടെയും തന്നെ ശ്വാസം മുട്ടിച്ചിട്ടില്ലെന്ന് ആരിഫ്മുഹമ്മദ് ഖാൻ പല അഭിമുഖങ്ങളിലും പറഞ്ഞട്ടുണ്ട്.
വീട്ടിൽ വിദ്യഭ്യാസത്തിനായിരുന്നു മുൻതൂക്കം. അലിഗഢ് സർവകലാശാല, ഷിയാ കോളേജ്, ലഖ്നൗ സർവകലാശാല എന്നിവിടങ്ങളിൽ നിന്നായാണ് അദ്ദേഹം പഠനം പൂർത്തിയാക്കിയത്. കോളജിൽ പഠിക്കുമ്പോൾ തന്നെ ഒരു തീപ്പൊരി പ്രാസംഗികൻ എന്ന പേര് അദ്ദേഹം നേടിയിരുന്നു. ഇസ്ലാമിക മത നവീകരണം തന്നെയായിരുന്നു അന്നും അദ്ദേഹത്തിന്റെ ഇഷ്ടവിഷയം. മുസ്ലീങ്ങൾ ഒരിക്കലും ആധുനികതയോടും വിദ്യാഭ്യാസത്തോടും പുറം തിരഞ്ഞ് നിൽക്കരുത് എന്നായിരുന്നു ആരിഫിന്റെ അഭിപ്രായം. വിദ്യാർത്ഥികളുടെ അവകാശങ്ങൾക്കായുള്ള നിരവധി പ്രക്ഷോഭങ്ങളിലും അദ്ദേഹം പങ്കാളിയായി.
ആ സമയത്താണ് അദ്ദേഹം മുൻ യുപി മുഖ്യമന്ത്രി ചരൺ സിങ്ങിന്റെ കണ്ണിൽ പെടുന്നത്. ചരൺ സിംങ്ങിനെ വേണമെങ്കിൽ ആരിഫ് മുഹമ്മദ് ഖാന്റെ രാഷ്ട്രീയ ഗുരുവായി വിശേഷിപ്പിക്കാം. ഇതുപോലെ കരിസ്മാറ്റിക്കായി സംസാരിക്കാനും പ്രവർത്തിക്കാനും കഴിയുന്ന ഒരു ചെറുപ്പക്കാരൻ തന്റെ കൂടെ ഉണ്ടെങ്കിൽ മുസ്ലിം യുവാക്കളുടെ അടക്കം പിന്തുണ നേടിയെടുക്കാൻ കഴിയുമെന്ന് കൗശലക്കാരനായ ചരൺസിംങ്ങ് കണക്കുകൂട്ടി. ആരിഫ് ആകട്ടെ രാഷ്ട്രീയത്തെ സാമൂഹിക പരിഷ്‌ക്കരത്തിനുള്ള ഏറ്റവും വലിയ ടൂൾ ആയിട്ടാണ് കണ്ടത്. അങ്ങനെയാണ് ചരൺ സിംങ്ങ് രൂപീകരിച്ച രാഷ്ട്രീയ പാർട്ടിയായ ഭാരതീയ ക്രാന്തി ദളിൽ എത്തുന്നത്. യു.പി നിയമസഭയിലേക്ക് ഭാരതീയ ക്രാന്തി ദൾ പാർട്ടി സ്ഥാനാർത്ഥിയായി സിയാന മണ്ഡലത്തിൽനിന്ന് മത്സരിച്ചെങ്കിലും വിജയിച്ചില്ല.
അടിയന്തരാവസ്ഥക്കാലത്ത്, പിണറായി വിജയനെപ്പൊലെതന്നെ അതിനെതിരെ ശക്തമായി പോരാടിയ നേതാവായിരുന്നു അരിഫ്. അന്ന് ചരൺസിങ്ങിനൊപ്പം ഭാരതീയ ലോക് ദൾ എന്ന പാർട്ടിയിലായിരുന്നു. അടിയന്തരാവസ്ഥക്ക്ശേഷമുണ്ടായ രാഷ്ട്രീയ സാഹചര്യങ്ങൾ മൂലം, ജയപ്രകാശ് നാരായാണന്റെ ആഹ്വാന പ്രകാരം ഈ പാർട്ടി ജനതാ പാർട്ടിയിൽ ലയിച്ചു. അങ്ങനെ ആരിഫ് മുഹമ്മദ് ഖാനും ജനതാ പാർട്ടിയിൽ എത്തി. നോക്കുക, ഇന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയ എതിരാളികൾ ആരോപിക്കുന്ന പോലെ കേവലം ഒരു കാലുമാറ്റമായിരുന്നില്ല പാർട്ടി മാറ്റങ്ങൾ. അതാത് കാലത്തെ ദേശീയ രാഷ്ട്രീയവും സാഹചര്യവും അനുസരിച്ച് രൂപപ്പെടുന്നവയാണ്. അല്ലാതെ സൈബർ കമ്മികൾ ഇന്ന് ആരോപിക്കുന്നപോലെ തോന്നിയപോലെ അദ്ദേഹം പാർട്ടി മാറുക ആയിരുന്നില്ല.
ജനതാപാർട്ടിയിലൂടെ കോൺഗ്രസിൽ
77ലെ മൊറാർജി സർക്കാർ തുടക്കത്തിൽ വൻ പ്രതീക്ഷ ഉയർത്തിയെങ്കിലും പിന്നീട് ഒന്നുമായില്ല. അഴിമതിയും തമ്മിൽതല്ലും കുതികാൽവെട്ടും സാർവത്രികമായി. ജനതാപാർട്ടിയിൽനിന്ന് ഭാരതീയ ജനതാപർട്ടിയുണ്ടായി. ഓരോ നേതാക്കളും പല വഴിക്ക് പരിയാൻ തുടങ്ങി. എന്നും ദേശീയ തലത്തിൽ ഒരു ഉറച്ച നേതൃത്വം ഉണ്ടാവണം എന്ന് ആഗ്രഹിച്ച വ്യക്തിയായിരുന്നു ആരിഫ് മുഹമ്മദ് ഖാൻ. ഈ സാഹചര്യത്തിലാണ് കൊച്ചുകൊച്ചു പാർട്ടികളായി തമ്മിലടിക്കുന്നതിലും ഭേദം, ഇന്ത്യയുടെ മുഖ്യധാരാ പാർട്ടിയായ കോൺഗ്രസിൽ ചേരുന്നതല്ലേ നല്ലത് എന്ന ചിന്ത അദ്ദേഹത്തിൽ വന്നത്. ഇന്ദിരാഗാന്ധിയുടെ മരണത്തിനുശേഷം നേതൃപ്രതിസന്ധിയുണ്ടായിരുന്നു കോൺഗ്രസിലും. സാക്ഷാൽ രാജീവ് ഗാന്ധി നേരിട്ട് ക്ഷണിച്ചതോടെയാണ് ആരിഫ് കോൺഗ്രസൽ എത്തുന്നതും.
ആരിഫ് മുഹമ്മദ് ഖാൻ എന്ന യുവനേതാവിനെ എറ്റവും കൂടുതൽ പ്രയോജനപ്പെടുത്തിയതും കോൺഗ്രസ് തന്നെയാണ്. വെറും 35 വയസ്സുള്ളപ്പോഴാണ് അദ്ദേഹം രാജീവ്ഗാന്ധിയുടെ കാബിനറ്റിൽ എത്തുന്നത്. ഒരു ട്രബിൾ ഷൂട്ടർ എന്ന പരിഗണനയാണ രാജീവ് എപ്പോഴും അദ്ദേഹത്തിന് നൽകിയത്. പാർലിമെന്റിൽ അതിശക്തമായി ആഞ്ഞടിക്കാനുള്ള ആരിഫിന്റെ കഴിവിനെ കോൺഗ്രസും നന്നായി ഉപയോഗപ്പെടുത്തി.
ഷാബാനുകേസിൽ മുസ്ലിം സ്ത്രീക്ക് ഒപ്പം
കാര്യങ്ങൾ ഇങ്ങനെ പുരോഗമിക്കേയാണ് ആരിഫ് മുഹമ്മദ് ഖാന്റെ മാത്രമല്ല ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ തന്നെ മുസ്ലിം പൊളിറ്റിക്സിന്റെ തലവര മാറ്റിയ ഷാബാനു ബീഗം കേസ് വരുന്നത്. നാലുകെട്ടിയ ശേഷം ഭർത്താവ് കറിവേപ്പിലപോലെ കളഞ്ഞ ഷാബാനുബീഗം എന്ന സ്ത്രീ കോടതിയിൽപോയി ജീവനാംശം നേടിയത്, മതമൗലിക വാദികളെ തെല്ലെന്നുമല്ല ഞെട്ടിച്ചത്. ഇതിനെതിരെ നിയമം കൊണ്ടുവരാനായി രാജ്യത്തെ മുസ്ലിം സംഘടനകൾ സർക്കാറിൽ സമ്മർദവും സമരവും തുടങ്ങി. കോൺഗ്രസ് സർക്കാർ ഏക സിവിൽ കോഡ് കൊണ്ടു വരാൻ പോവുകയാണ് എന്നും, ഒരാൾക്ക് മുസ്ലിമായി ജീവിക്കാനുള്ള സാഹചര്യം ഇല്ലാതാവാൻ പോവുകയാണ് എന്നും ആണ് സമരങ്ങളിൽ ഉള്ള പ്രധാന മുദ്രാവാക്യം. മുസ്ലിം സംഘടനകളുടെ സമ്മർദത്തിന് വഴങ്ങി ലീഗ് മൗനം വെടിയുകയും ഷാബാനു വിധിക്ക് എതിരെ ജി.എം ബനാത് വാല ഒരു സ്വകാര്യ ബിൽ ലോക്സഭയിൽ അവതരിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ആരിഫ് മുഹമ്മദ് ഖാൻ ഷാബാനു വധിക്ക് ഒപ്പമായിരുന്നു. മുസ്ലിം പുരുഷന്റെ കൈയിലെ കളിപ്പാട്ടമല്ല സ്ത്രീയെന്നും ഈ വിധി ചിരിത്രമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
തുടർന്ന് രാജീവ്ഗാന്ധിയുമായി അദ്ദേഹം നിരവധി കൂടിക്കാഴ്ച നടത്തി. ഷാബാനകേസിൽ കോടതി വിധിക്ക് അനുകൂലമായി നിൽക്കാൻ അദ്ദേഹം പ്രധാനമന്ത്രിയോട് അവശ്യപ്പെട്ടു. പാർലിമെന്റിൽ ബനാത്ത്വാലയുടെ ബല്ലിനെ എതിർത്തുകൊണ്ട് അത്യുജ്ജലമായ പ്രസംഗമാണ് ആരിഫ് നടത്തിയത്. ഖുർആനും ഹദീസും ഉദ്ധരിച്ചുകൊണ്ടുള്ള ആരിഫ് മുഹമ്മദ് ഖാന്റെ മുസ്ലിം പാർലിമെന്റ് അംഗങ്ങളെ വല്ലാതെ പ്രകോപിപ്പിച്ചു. ഇപ്പോഴത്തെ മണിപ്പൂർ ഗവർണറും ബിജെപി ദേശീയ ഉപാധ്യക്ഷയും ആയിരുന്ന നജ്മ ഹെപ്തുള്ള രാജീവ് ഗാന്ധിയെ പോയി കണ്ടു. ''ഇസ്ലാമിലെ വിവാഹം എന്നത് ഒരു പുണ്യ കർമ്മം അല്ല, അതൊരു കരാർ ആണ്. കരാർ തീര്ന്നാല് വിവാഹം തീർന്നു'' എന്നായിരുന്നു നജ്മ ഹെപ്തുള്ള പറഞ്ഞത്.
തുടർന്നു നടന്ന ഉപതിരഞ്ഞെടുപ്പിൽ എല്ലാം അട്ടിമറിഞ്ഞു. ശരിയത്ത് വാദിയായ സയ്യിദ് ശഹാബുദീനും, ഏക സിവിൽ കോഡ് നടപ്പാക്കാൻ വാദിച്ചിരുന്ന സോമനാഥ് ചാറ്റർജിയും ഒരുപോലെ ജയിച്ചു കയറി. വിരുദ്ധ ധ്രുവങ്ങളെ ഒരു പോലെ സഹായിച്ചത് കോൺഗ്രസ്സ് വിരുദ്ധ രാഷ്ട്രീയം ആയിരുന്നു. ഉപ തിരഞ്ഞെടുപ്പിൽ തോറ്റ കോൺഗ്രസ് 'യൂ ടേൺ' അടിച്ചു. ശബരിമല വിധിയിൽ സിപിഎം കാണിച്ച അതേ മലക്കം മറിച്ചിൽ. ഷാബാനു കേസിലെ വിധിയെ ഫലത്തിൽ അസ്ഥിരപ്പെടുത്തുന്ന ബിൽ കൊണ്ടുവരാൻ കോൺഗ്രസ് തീരുമാനിച്ചു. എന്നാൽ ശബരിമല വിഷയത്തിൽ സിപിഎം മലക്കം മറിഞ്ഞിട്ടും, ആ പാർട്ടിയിൽ ഉറച്ചുനിന്ന നേതാക്കളെ പോലെ ആയിരുന്നില്ല ആരിഫ് മുഹമ്മദ് ഖാൻ. സകകലരെയും ഞെട്ടിച്ചുകൊണ്ട് അദ്ദേഹം വെറും 35ാം വയസ്സിൽ രാജീവ്ഗാന്ധി കാബിനറ്റിൽനിന്ന് സഹമന്ത്രിസ്ഥാനം രാജിവെച്ചു! ഇപ്പോൾ ആരിഫ് മുഹമ്മദ് ഖാനെ കാലുമാറി എന്ന് വിളിക്കുന്നവർ ഓർക്കണം, ഇതാണോ കാലുമാറ്റം.
ഇം.എം.എസ്പോലും പുകഴ്‌ത്തിയ ഹീറോ
അന്ന് ദേശീയ രാഷ്ട്രീയത്തിലെ മുടിചൂടാ മന്നനായിരുന്നു രാജീവ്ഗാന്ധി. എന്നാൽ നിങ്ങൾ ചെയ്യുന്നത് തീർത്തും മുസ്ലിം പ്രീണനമാണെന്ന് രാജീവ്ഗാന്ധിയുടെ മുഖത്ത് നോക്കി പറഞ്ഞശേഷമാണ് ആരിഫ് മുഹമ്മദ് ഖാൻ രാജിവെച്ചത്. ആ പറഞ്ഞത് അച്ചട്ടായി. പിന്നീടുള്ള ഇന്ത്യൻ രാഷ്ട്രീയത്തിൽ ഷാബാനുകേസ് നിർണ്ണായകമായി. ഇതിൽ മുസ്ലീങ്ങളെ സുഖിപ്പിച്ചതിനുള്ള കോമ്പൻസേഷൻ എന്ന നിലയിലാണ്, പിന്നീട് ബാബറി മസ്ജിദിൽ വിഗ്രഹം കൊണ്ടുവെക്കാൻ രാജീവ് മൗനസമ്മതം മൂളിയതും, ഇന്ത്യയെ വിഴുങ്ങുന്ന ഒരു പ്രശ്നമായി അത് വളർന്നതും.
ആരിഫ് മുഹമ്മദ് ഖാന്റെ രാജി ദേശീയരാഷ്ട്രീയത്തിൽ വലിയ കോളിളക്കം ഉണ്ടാക്കി. ഇത്ര ചെറിയ പ്രായത്തിൽ ഇത്ര കടുത്ത തീരുമാനം വേണോ എന്ന് മുതിർന്ന കോൺഗ്രസ് നേതാക്കൾ ചോദിച്ചുവെങ്കിലും അദ്ദേഹം രാജിയിൽ ഉറച്ചു നിന്നു. പലരും അനുനയിപ്പിക്കാൻ ശ്രമിച്ചു. അരുൺ സിങ്, അരുൺ നെഹ്റു മുതൽ നരസിംഹ റാവു വരെ സന്ദേശവാഹകരായി ചെന്നു എങ്കിലും അദ്ദേഹം വഴങ്ങിയില്ല.
ആ സമയത്ത് ആരിഫ് മുഹമ്മദ് ഖാൻ കോൺഗ്രസ്് വിരുദ്ധ മാധ്യമങ്ങളുടെ ഹീറോ ആയിരുന്നു. കോൺഗ്രസ് ആകട്ടെ ഒരു ടീമിൽ വർക്ക് ചെയ്യാൻ പറ്റാത്ത ക്ഷിപ്രകോപിയായ ഒരു യുവാവ് ആയിരുന്നു ആരിഫ് എന്നാണ് പറഞ്ഞത്.വാക്കുകൾക്ക് അന്നും ഇന്നും ഒരു പഞ്ഞവും കാണിക്കാത്ത ആരിഫ് കോൺഗ്രസിനെ നിശിതമായി വിമർശിക്കാനും മടിച്ചില്ല. ഇതോടെ 1987 ജൂലൈ 15ന് അദ്ദേഹം കോൺഗ്രസിൽനിന്ന് പുറത്തായി. അതോടെ വീര പരിവേഷം ഉള്ള യുവ കേസരിയായി മാധ്യമങ്ങൾ അദ്ദേഹത്തെ ആഘോഷിച്ചു. ദേശാഭിമാനിയിൽ ഇ.എം.എസും ഇന്ത്യൻ എക്സ്പ്രസ്സിൽ അരുൺ ഷൂരിയും ആരിഫ് മുഹമ്മദ് ഖാന്റെ ഗുണഗണങ്ങളെ വാഴ്‌ത്തി പാടി.
അന്ന് കോൺഗ്രസ് വിരുദ്ധ രാഷ്ട്രീയത്തിന്റെ കുന്തമുന വി.പി.സിങ്ങായിരുന്നു.
ബോഫോഴ്സ് അഴിമതിമായി ബന്ധപ്പെട്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ നിന്നും രാജിവെച്ച വി.പി. സിങ്, അരുൺ നെഹ്രു, മുഫ്തി മുഹമ്മദ് സെയ്ദ്, വി. സി. ശുക്ല, രാംധൻ, രാജ് കുമാർ റായി, സത്യപാൽ മാലിക് എന്നിവരുമായിച്ചേർന്ന് ജനമോർച്ച എന്ന രാഷ്ട്രീയപാർട്ടി ഉണ്ടാക്കിയിരുന്നു. ആരിഫ് ഈ പാർട്ടിയിലെത്തിയത് സ്വാഭാവികം മാത്രം. അന്നത്തെ രാഷ്ട്രീയം അത് ആവശ്യപ്പെടുന്നു. തുടർന്ന് ജനമോർച്ച ജനതാദളായി പരിണമിച്ചു. അപ്പോൾ ഖാൻ ജനതാദളുമായി.
അപ്പോഴും മുസ്ലീങ്ങൾ മൊത്തമായി അദ്ദേഹത്തിന് എതിരായിരുന്നു. ഇതു മനസ്സിലാക്കിയ വിപി സിങ് മുസ്ലിം പോക്കറ്റുകളിൽ ഉള്ള തന്റെ രാഷ്ട്രീയ പ്രചാരണങ്ങളിൽ നിന്നും ആരിഫിനെ മാറ്റി നിർത്തി. ജനതാദളിന്റെ വോട്ട് ബാങ്കായിരുന്നു മുസ്ലീങ്ങൾ. എന്നാൽ ആരിഫ് അവർക്ക് ബാധ്യതയാന്നെ് പലപ്പോഴും അദ്ദേഹത്തിനും തോന്നി. ഇതോടെയാണ് ദൾ വിട്ട് അദ്ദേഹം ബി.എസ്‌പിയിലേക്ക് ചേക്കേറുന്നത്. എന്നാൽ അവിടെയും മുസ്ലിം വോട്ട് ബാങ്ക് പ്രശ്നമായി. അതോടെയാണ് അദ്ദേഹം ബിജെപിയിൽ എത്തുന്നത്. പക്ഷേ 2007ൽ അദ്ദേഹം ബിജെപിയിൽനിന്ന് അകന്നു.
മുത്തലാഖിൽ വീണ്ടും ബിജെപിക്ക് ഒപ്പം
ഷാബാനുബീഗം കേസിൽ എടുത്ത നിലപാടണ് ആരിഫ് മുഹമ്മദ് ഖാന് രാഷ്ട്രീയ തിരിച്ചടിയായതെങ്കിൽ, മുത്തലാഖ് ബിൽ അദ്ദേഹത്തിനും പുനർജ്ജീവൻ നൽകി. എല്ലായിപ്പോഴും മുസ്ലീങ്ങൾക്കുള്ളിലെ നവീകരണത്തെ അദ്ദേഹം പിന്തുണച്ചിട്ടുണ്ട്. മുത്താലാഖ് എന്ന ദുരാചാരത്തെ എക്കാലവും എതിർത്ത അദ്ദേഹം, കുറ്റവാളികൾക്ക് 3 വർഷം തടവ് ശിക്ഷ നൽകണമെന്ന് ആവശ്യപ്പെടുകയുണ്ടായി. ഇസ്ലാം നവീകരണത്തിലും സജീവമായി ഏർപ്പെട്ട ആരിഫ് അഖിലേന്ത്യാ മുസ്ലിം വ്യക്തി നിയമ ബോർഡ് നിർത്തലാക്കണമെന്ന പക്ഷക്കാരനായിരുന്നു. ഇതേ കാര്യം മുൻനിർത്തി നിരവധി പുസ്തകങ്ങൾ രചിക്കുകയും ധാരാളം പ്രഭാഷണങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്.
മോദി സർക്കാർ മുത്തലാഖ് ബിൽകൊണ്ടുവന്നപ്പോൾ, അതിന്റെ പ്രചാരകനായി ആരിഫ് മുഹമ്മദ് ഖാൻ മാറിയത് സ്വാഭാവികം മാത്രം. കാരണം ഒരു ആയുഷ്‌ക്കാലം മുഴുവൻ അദ്ദേഹം പ്രവർത്തിച്ചത് ഈ ആവശ്യത്തിനാണ്. അതോടെയാണ് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുക്കുന്നത്. ബിജെപിയെക്കാളും മോദി എന്ന വ്യക്്തിയുടെ വികസന രാഷ്ട്രീയത്തിനോടും നേതൃപാടവത്തിനോടുമാണ് തനിക്ക് യോജിപ്പെന്ന് ഖാൻ തുറന്നു പറഞ്ഞിട്ടുണ്ട്. ഒപ്പം ബിജെപിയോടുള്ള വിയോജിപ്പും തുറന്ന് പറഞ്ഞിട്ടുണ്ട്. അങ്ങനെ നരേന്ദ്ര മോദിയുമായുള്ള നേരിട്ടുള്ള ബന്ധമാണ് അദ്ദേഹത്തെ ഗവർണ്ണർ പദവിയിലും എത്തിക്കുന്നത്.
ഇതോക്കുറിച്ച് ഈയിടെ ആരിഫ് മുഹമ്മദ് ഖാൻ ഇങ്ങനെ പറഞ്ഞു. 'ഷാബാനു വിഷയത്തിൽ ഞാൻ കേന്ദ്ര സർക്കാരിൽനിന്നു രാജിവച്ച കാലത്ത് ബിജെപിക്ക് രണ്ട് അംഗങ്ങളാണ് പാർലമെന്റിൽ ഉണ്ടായിരുന്നത്. മുത്തലാഖ് വിഷയം പരിഹരിക്കപ്പെട്ടിരുന്നില്ല. അന്നു ഞാൻ ബിജെപിയിൽ ചേർന്നിരുന്നെങ്കിൽ പറയപ്പെട്ടേനെ, ഞാൻ ബിജെപിയുടെ അജൻഡയുമായി നടക്കുകയാണെന്ന്. മുത്തലാഖ് വിഷയത്തിൽ സുപ്രീം കോടതി വിധിയുണ്ടാകുകയും നിയമം നടപ്പാകുകയും ചെയ്തശേഷം പ്രധാനമന്ത്രി മോദിജി എന്നെ വിളിപ്പിച്ചിട്ടു പറഞ്ഞു: ഇപ്പോൾ താങ്കളുടെ പ്രശ്നം പരിഹരിക്കപ്പെട്ടല്ലോ. ഇനി ചില ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കണം. കേരളത്തിലേക്കു വിടുകയാണെന്ന് അദ്ദേഹം പറഞ്ഞില്ല, നിയമന ഉത്തരവു വന്നശേഷവും. എന്തെങ്കിലും അജൻഡയുമായി എന്നെ കേരളത്തിലേക്കു വിടുകയാണെങ്കിൽ അദ്ദേഹം അതു പറഞ്ഞേനെ. കേരളമെന്നുപോലും പറഞ്ഞില്ല, കുറച്ചുനാൾ ഡൽഹിക്കു പുറത്തു പ്രവർത്തിക്കണം എന്നു മാത്രമാണ് പറഞ്ഞത്.''
സെപ്റ്റംബർ നാലിനാണു പി സദാശിവത്തിന്റെ കാലാവധി പൂർത്തിയായതിനെ തുടർന്ന് ആരിഫ് മുഹദ് ഖാനെ, 2019 സെപ്റ്റംബർ 1 ന് കേരളത്തിലെ പുതിയ ഗവർണറായി രാഷ്ട്രപതി നിയമിച്ചു. ി സദാശിവത്തെ ഗവർണ്ണറായി നിയോഗിക്കുമ്പോൾ ചില രാഷ്ട്രീയ നേട്ടങ്ങൾ ബിജെപി കേരളാഘടകവും മനസ്സിൽ കണ്ടിരുന്നു. എന്നാൽ ചില ചോദ്യങ്ങൾ ചോദിക്കാനല്ലാതെ, പിണറായിയെ വിറപ്പിക്കാനൊന്നും അദ്ദേഹത്തിന് ആയില്ല. എന്നാൽ ആരിഫ് മുഹമ്മദ് ഖാൻ വന്നതോടെ എല്ലാ കളിയും മാറി. ഇപ്പോൾ കേരളത്തിന്റെ പ്രതിപക്ഷ നേതാവ്, ഗവർണ്ണർ ആണെന്ന് മാധ്യമങ്ങൾ എഴുതുന്ന രീതിയിലേക്ക് കാര്യങ്ങൾ മാറി.
തുടക്കം മുതൽ ജനകീയൻ
പാവകളെപ്പോലെയൊ മൗനിബാബകളെപ്പോലെയോ ഇരിക്കുന്ന ഗവർണ്ണർമാരുടെ കൂട്ടത്തിലല്ല ആരിഫ് മുഹമ്മദ് ഖാൻ. വന്നിറങ്ങിയ നാൾ മുതൽ ജനകീയതയുടെ വഴിയിലാണ്. സത്യപ്രതിജ്ഞക്ക് അൽപം പോലും അറിയാത്ത മലയാള ഭാഷ തെരഞ്ഞെടുത്ത ഗവർണർ തെല്ലൊന്നുമല്ല സംവിധാനത്തെ സന്ദേഹത്തിലാക്കിയിട്ടുണ്ടാവുക. ഇതിന് മുമ്പ് കഴിഞ്ഞു പോയ 21 ഗവർണർമാരും ഇപ്പറഞ്ഞ ചട്ടത്തിന് വിരുദ്ധമായി ചിന്തിച്ചില്ല. ഇത്രയും കാലമായി ഇംഗ്ലീഷിലോ ഹിന്ദിയിലോ ആണ് സത്യപ്രതിജ്ഞ നടന്നത്. ഉത്തരേന്ത്യക്കാരനായ ഗവർണർ ഇപ്പോൾ മലയാളം പഠിക്കുകയും ചെയ്യുന്നുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയൻ ഒരുക്കിയ വിരുന്നിനായി ഗവർണർ അങ്ങോട്ട് ചെല്ലുക വഴിയും അദ്ദേഹം സൃഷ്ടിച്ച പുതുമയും വേറിട്ടതായി. റോഡിലും കാണാം ഇടക്കിടെ ആരിഫ് ഖാൻ ടച്ചുള്ള പെരുമാറ്റം. ജനങ്ങൾക്കിടയിലേക്കിറങ്ങുന്ന ഗവർണറെ സെക്യൂരിറ്റി ഇടപെട്ടാണ് കാറിൽ കയറ്റിയത്. വിസ്മയ എന്ന പെൺകുട്ടി സ്ത്രീധന പീഡനത്തെ തുടർന്ന് കൊല്ലപ്പെട്ടപ്പോൾ അദ്ദേഹം ആ വീടു സന്ദർശിച്ചു, ഉപവാസമിരുന്നു. അതുപോലെ നിരവധി പ്രശ്നങ്ങളിൽ ഇടപെടന്നു. പൗരത്വഭേദഗതി നിയമത്തിലടക്കം സംസ്ഥാന സർക്കാറിനോട് പൊരുതി. കേരളത്തിന് ഒരു ഗവർണ്ണർ ഉണ്ട് എന്ന് പുറംലോകം അറിയുന്നും ഒരുപക്ഷേ ഇപ്പോഴാവും.
സംസ്ഥാന സർക്കാറുമായി ഉടക്കുമ്പോൾ തന്നെ നല്ലകാര്യങ്ങളിൽ അവരെ അഭിനന്ദിക്കാനും ഖാൻ മറന്നില്ല. ഇടക്ക് മുഖ്യമന്ത്രിക്ക് അദ്ദേഹം പേന സമ്മാനിച്ചതും വൻ വാർത്തയായിരുന്നു. എന്നാൽ ചിലർ പ്രചരിപ്പിക്കുന്നതുപോലെ തനി കേരളാ വിരുദ്ധനുമല്ല അദ്ദേഹം. എവിടെയാക്കെ കേരളത്തെ പ്രമോട്ട് ചെയ്യാൻ അവസരം കിട്ടുന്നുവോ അവിടെയാക്കെ ഖാൻ അത് ചെയ്യാറുമുണ്ട്. അദ്ദേഹം രണ്ടാഴ്ചമുമ്പ് ഡൽഹിയിൽ നടത്തിയ ഒരു പ്രസംഗം നോക്കുക. 'ഇന്ത്യക്കാർ മുഴുവൻ കേരളീയരെ കണ്ട് പഠിക്കണം, നോർത്തിന്ത്യയുടെ കാര്യമെടുക്കു. ഹിന്ദുവിന് ഒരു ഭക്ഷണം മുസ്ലീമിന് മറ്റൊരു ഭക്ഷണം, ഹിന്ദുവിന് ഒരു വസ്ത്രം മുസ്ലീമിന് മറ്റൊന്ന്, ഹിന്ദുവിന് ഒരു ഭാഷ മുസ്ലിമിന് മറ്റൊരു ഭാഷ. എന്നാൽ കേരളത്തിൽ എല്ലാവർക്കും ഭക്ഷണം, വസ്ത്രം, ഭാഷ എല്ലാം ഒന്നാണ്. ''-അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
കേരളത്തിന്റെ അനൗദ്യോഗിക പ്രതിപക്ഷ നേതാവ്
ഫലത്തിൽ ഇപ്പോൾ കേരളത്തിന്റെ അനൗദ്യോഗിക പ്രതിപക്ഷ നേതാവായും വളർന്നിരിക്കയാണ് ഗവർണർ ഖാൻ. ഇപ്പോൾ സർവകലാശാലകളിലെ രാഷ്ട്രീയ ഇടപെടലുകളിൽ പ്രതിഷേധിച്ച് ചാൻസലർ പദവി വിട്ടുകൊടുക്കാമെന്ന് രേഖാമൂലം മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചുകൊണണ്ടാണ് ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ഇപ്പോൾ ഞെട്ടിച്ചിരിക്കുന്നത്. അതേക്കുറിച്ച് അദ്ദേഹം ഇങ്ങനെ പറയുന്നു. 'ഞാൻ വിവാദമുണ്ടാക്കിയിട്ടില്ല. ചാൻസലറായ എനിക്ക് നിയമപ്രകാരമുള്ള അധികാരം പ്രയോഗിച്ചിരുന്നെങ്കിൽ വിവാദമായേനെ. അധികാരം ഉപേക്ഷിക്കുന്നുവെന്നാണ് ഞാൻ പറയുന്നത്. എന്തിന് എന്നെ ആശ്രയിക്കണം? ഏത് അധികാരം ആർക്ക് എന്നതിൽ വ്യത്യസ്ത കാഴ്ചപ്പാടുകൾ ഉള്ളപ്പോൾ വിവാദമുണ്ടാകും. ഇവിടെ, നിയമപരമായ അധികാരത്തെക്കുറിച്ച് ആർക്കും തർക്കമില്ല. എല്ലാവരും സമ്മതിക്കുന്നു സർക്കാരിന് സർവകലാശാലകളിൽ റോളോന്നുമില്ലെന്ന്. എന്നാൽ, അവർക്ക് എന്നെ സ്വാധീനിക്കണം, അവർക്കു വേണ്ട തീരുമാനങ്ങൾ എന്നെക്കൊണ്ട് എടുപ്പിക്കണം, വൈസ് ചാൻസലർ നിയമനത്തിൽ എനിക്കുമേൽ അവർക്കു സമ്മർദ്ദം ചെലുത്തണം. കഴിഞ്ഞ ഏതാനും മാസങ്ങളായി പത്രങ്ങളിൽ നിറയെ വാർത്തകളാണ്, നടപടിക്രമം പാലിക്കാതെ ബന്ധുക്കളെ വിവിധ സർവകലാശാലകളിൽ നിയമിച്ചതിനെക്കുറിച്ച്. അപ്പോൾ എന്നെ അവർക്ക് ആവശ്യമില്ല. കാരണം, വൈസ് ചാൻസലർമാർ അവരുടെ പിടിയിലാണ്.
മുഖ്യമന്ത്രിയോടു ഞാൻ ഫോണിൽ പറഞ്ഞു: താങ്കൾ ആവശ്യപ്പെടുന്നതുപോലെ ഞാൻ ചെയ്തില്ലെങ്കിൽ താങ്കൾ പറയും ഞാൻ ഗവർണറായല്ല, റസിഡന്റിനെപ്പോലെ പെരുമാറുന്നുവെന്ന്. പൗരത്വ നിയമ വിവാദകാലത്ത് അങ്ങനെ അദ്ദേഹം പറഞ്ഞുതാണ്, ഞാൻ റസിഡന്റിനെപ്പോലെ പെരുമാറുന്നുവെന്ന്. അവർ കരുതുന്നത്, ഞാൻ അവരുടെ ഉപദേശപ്രകാരം പ്രവർത്തിക്കാൻ ബാധ്യസ്ഥനെന്നാണ്. ഗവർണർ എന്ന നിലയ്ക്കുപോലും എല്ലാ കാര്യങ്ങളിലും അവരുടെ ഉപദേശപ്രകാരം പ്രവർത്തിക്കാൻ ഞാൻ ബാധ്യസ്ഥനല്ല. ചാൻസലർ എന്ന നിലയ്ക്ക് ഒട്ടുമില്ല.
ഗവർണർക്കു ചാൻസലർ പദവി നൽകിയതുതന്നെ സർവകലാശാലകളുടെ പ്രവർത്തനത്തിൽ സർക്കാരിന്റെ ഇടപെടൽ ഒഴിവാക്കാനാണ്. അതാണ് ഒരു നൂറ്റാണ്ടായുള്ള കീഴ്‌വഴക്കം. ചാൻസലറെന്നത് എന്റെ ഭരണഘടനാപരമായ ചുമതലയല്ല, സർവകലാശാലകളുടെ നിയമങ്ങളിൽ പറയുന്നതു പ്രകാരമുള്ളതാണ്. അതുകൊണ്ടാണ് ഞാൻ പറഞ്ഞത്, ഒരു വിവാദവുംവേണ്ട, ചാൻസലറെ ഒഴിവാക്കിയുള്ള ഓർഡിനൻസ് കൊണ്ടുവരിക, നിയമസഭാ സമ്മേളനകാലമല്ലാത്തതിനാൽ ഞാൻ ഉടനെ ഒപ്പുവയ്ക്കാമെന്ന്.ഏതെങ്കിലും പാർട്ടിയുടെ രാഷ്ട്രീയ അജൻഡ നടപ്പാക്കലല്ല എന്റെ പണി. നിയമങ്ങളും ചട്ടങ്ങളും പ്രകാരം സർക്കാർ പ്രവർത്തിക്കുന്നതിന്റെ മേൽനോട്ടമാണ് എന്റെ ഉത്തരവാദിത്തം. പാർട്ടിയുടെ താൽപര്യങ്ങൾ നടപ്പാക്കലല്ല.അക്കാദമിക രംഗത്തുള്ളവരോട് വലിയ ബഹുമാനമാണ് ഞാൻ എപ്പോഴും പ്രകടിപ്പിച്ചിട്ടുള്ളത്. ഞാൻ ഒരിക്കലും അക്കാദമിക കാര്യങ്ങളിൽ അവരുടെ തീരുമാനങ്ങളെ സ്വാധീനിക്കാൻ ശ്രമിക്കില്ല.
ബിജെപിക്കും ആർഎസ്എസിനും താൽപര്യമുള്ളവരെ നിയമിക്കാൻ സമ്മർദ്ദമുള്ളതുകൊണ്ടാണ് പ്രശ്നങ്ങൾ ഉന്നയിക്കുന്നതെന്ന ആരോപണം അടിസ്ഥാന രഹിതമാണ്. ബിജെപിയുടെ സമ്മർദ്ദത്തിനു വഴങ്ങിയ ഒരു കേസെങ്കിലും കാണിക്കാമോ? കാലിക്കറ്റ് സർവകലാശാലയുടെ കാര്യത്തിൽ എനിക്കുമേൽ വലിയ സമ്മർദ്ദമുണ്ടായിരുന്നു. ഞാൻ അതിനു വഴങ്ങിയോ? ഇല്ല. അവർ പറഞ്ഞ വ്യക്തിയെ ഞാൻ നിയമിച്ചിരുന്നെങ്കിൽ, ഞാൻ വെല്ലുവിളി നേരിടേണ്ടിവന്നേനെ. ഈ വിഷയത്തെക്കുറിച്ച് ഒട്ടേറെ വാർത്തകൾ വന്നു. ഒടുവിൽ ഞാനിത് പ്രധാനമന്ത്രിയോടു പറയേണ്ടിവന്നു: നിയമനം നടത്തിയാൽ എനിക്കു പ്രശ്നങ്ങളുണ്ടാവും.കാര്യങ്ങൾ ഞാൻ പ്രധാനമന്ത്രിയോടു വിശദീകരിച്ചു. പ്രധാനമന്ത്രി പറഞ്ഞു: ഞാൻ താങ്കൾക്ക് അനുമതി നൽകുകയല്ല, വേണ്ട തീരുമാനമെടുക്കാൻ താങ്കൾക്ക് അധികാരമുണ്ട് എന്നാായിരുന്നു മോദി ജി പറഞ്ഞത്'- ആരിഫ് മുഹമ്മദ് ഖാൻ പറയുന്നു.
ഗവണർ ചാൻസലർ സ്ഥാനം ഒഴിയാനുള്ള തീരുമാനവും ഉന്നത വിദ്യാഭ്യാസവകുപ്പു മന്ത്രി ആ ബിന്ദുവിന്റെ കത്ത് പുറത്തായതുമെല്ലാം, വലിയ നാണേക്കാടാണ് പിണറായി സർക്കാറിന് ഉണ്ടാക്കിയിരിക്കുന്നത്. നോക്കുക, വെട്ടൊന്ന് മുറി രണ്ട്. ആരിഫ് മുഹമ്മദ്ഖാനെ എന്തുചെയ്യണം എന്ന് അറിയാതെ അന്തം വിട്ടിരിക്കയാണ് സത്യത്തിൽ പിണറായി സർക്കാർ.
വാൽക്കഷ്ണം: താൻ ഏഴുപാർട്ടികളിൽ ചേർന്ന് കാലുമാറിയ അളല്ലേ എന്ന് ഒരു മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് ആരിഫ് മുഹമ്മദ് ഖാന്റെ മറുപടി ഇങ്ങനെ ആയിരുന്നു. 'ഷാബാനു കേസിന്റെ കാലത്ത് എന്റെ കടുത്ത എതിരാളിയായിരുന്ന ശരീയത്ത് വാദി നജ്മ ഹെപ്തുള്ള ഇന്ന് ബിജെപിയിലാണ്. ഞാൻ ഒരിക്കലും എന്റെ ആശയങ്ങളിൽനിന്ന് മാറിയിട്ടില്ല. ഒരു പാർട്ടി ചെയ്യുന്ന എല്ലാ അതിക്രമങ്ങളും സഹിച്ച് അധികാരത്തിനായി തൂങ്ങിപ്പിടിക്കാൻ എന്നെ കിട്ടില്ല. ഒരു പാർട്ടിയെ തിരുത്താൻ കഴിയില്ലെങ്കിൽ ഞാൻ ആ പാർട്ടി വിടും. എനിക്ക് എന്റെ ശരിയാണ് വലുത്''- ഇന്ത്യയിൽ ഏത് നേതാവിന് കഴിയും ഇതുപോലെ ഒരു മാസ് ഡയലോഗ് പറയാൻ
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ