കണ്ണൂർ: സിപിഎം സൈബർ പോരാളി അർജുൻ ആയങ്കിയുടെ വിവാദ ഫെയ്‌സ് ബുക്ക് പോസ്റ്റിനു പിന്നിൽ പാർട്ടിക്കുള്ളിലെ വിഭാഗീയത എന്ന് സൂചന. പാർട്ടി സമ്മേളനങ്ങൾ നടന്നുകൊണ്ടിരിക്കെ ഉന്നത നേതാവിനും മകനുമെതിരെ അർജുൻ ആയങ്കി സോഷ്യൽ മീഡിയയിലൂടെ വിമർശനത്തിന്റെ കൂരമ്പ് ഏയ്തത് എന്തിനെന്ന ചോദ്യമാണ് കണ്ണൂരിലെ സിപിഎമ്മിൽ ചൂടേറിയ ചർച്ചയ്ക്കിടയാക്കുന്നത്.

കരിപ്പൂർ സ്വർണ കടത്ത് കേസിൽ ജാമ്യം ലഭിച്ചതിനു ശേഷം ദീർഘകാലം മൗനത്തിലായിരുന്ന അർജുൻ ആയങ്കി ഇപ്പോൾ അതു ഭേദിച്ചു പുറത്തു വന്നതിനു പിന്നിൽ ആസൂത്രിതമായ ഗൂഢാലോചന ഉണ്ടെന്നാണ് ഒരു വിഭാഗം നേതാക്കൾ വിശ്വസിക്കുന്നത്. സോഷ്യൽ മീഡിയയിൽ വൈറലായ ആയങ്കിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ചില പ്രത്യേക കേന്ദ്രങ്ങൾ വ്യാപകമായി ഷെയർ ചെയ്യുന്നതായും പാർട്ടി കേന്ദ്രങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

സി പി.എം സൈബർ പോരാളിയായ അർജുൻ ആയങ്കിയെ പാർട്ടി സ്വർണക്കടത്ത് കേസിൽ പ്രതിയായപ്പോൾ തള്ളി പറഞ്ഞതാണെങ്കിലും അർജുനെ ശ്രദ്ധിക്കാനും സോഷ്യൽ മീഡിയയിൽ ലൈക്കടിക്കാനും ഇപ്പോഴും ആരാധകരുടെ കുറവൊന്നും കാണാത്തതാണ് പാർട്ടി നേതൃത്വത്തെ സംശയാകുലരാക്കുന്നത്.

സിപിഎം ലോക്കൽ സമ്മേളനങ്ങളിൽ ചരിത്രത്തിലില്ലാത്ത വിധം ഒതുക്കലുകളും അതിൽ പ്രതിഷേധിച്ചുള്ള ഇറങ്ങിപ്പോവലുകളും തകൃതിയായി നടന്നു കൊണ്ടിരിക്കെയാണ് സോഷ്യൽ മീഡിയയിലൂടെ അർജുൻ ആയങ്കിയുടെ നേതൃത്വത്തിനെതിരെയുള്ള പരിഹാസവും ഒപ്പം വിമർശനവും പുറത്തു വന്നത്. ആത്മാർഥമായി പ്രവർത്തിക്കുന്നവർക്ക് പാർട്ടിയിൽ അർഹിക്കുന്ന അംഗീകാരം ലഭിക്കുന്നില്ലെന്ന പേരിൽ സിപിഎമ്മിൽ കണ്ണൂരിലെ പാർട്ടി ഘടകങ്ങൾക്കിടയിൽ പൊട്ടിത്തെറിയുണ്ട്. അതിനിടെയാണ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി സ്വർണ്ണക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് വരുന്നത്.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ തന്നെ ലക്ഷ്യമിട്ടായിരുന്നു ആയങ്കിയുടെ ആവനാഴിയിലെ അസ്ത്രം പാഞ്ഞുചെന്നത്. 'തമ്പ്രാന്റെ മോൻ മദ്യം കഴിച്ചാൽ അത് കട്ടൻ ചായ, വായ് മൂടിക്കെട്ടി മൗനം പാലിക്കൽ, അടിയാന്റെ മോൻ കട്ടൻ ചായ കുടിച്ചാൽ അത് മദ്യം, നോട്ടീസ് അടിച്ച് വിതരണം ചെയ്യൽ, നാടു കടത്തൽ. നാർക്കോട്ടിക് ഈ എ ഡേർട്ടി ബിസിനസ്' എന്ന ഫെയ്‌സ് ബുക്ക് കുറിപ്പാണ് ആയങ്കി പാർട്ടിയുടെ ഉന്നത നേതാവിന്റെ നെഞ്ചകം പിളർക്കുന്ന ചോദ്യശരങ്ങളായി എയ്തുവിട്ടത്.

പാർട്ടിയുടെ പ്രഖ്യാപിത നിലപാടിനെതിരെ നിലകൊണ്ടും ബിനീഷ് കോടിയേരിയോട് മൃദുസമീപനമാണ് സിപിഎം പുലർത്തിയിരുന്നതെന്ന ആരോപണമാണ് അർജുൻ ആയങ്കി ഉന്നയിക്കുന്നത്. മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിൽ കേസിൽ ജാമ്യം ലഭിച്ച ബിനീഷ് കോടിയേരി ഒരു വർഷത്തെ ജയിൽവാസത്തിന് ശേഷമാണ് പുറത്തിറങ്ങിയത്.

കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിടരുത്, വിചാരണക്കോടതി എപ്പോൾ വിളിച്ചാലും ഹാജരാകണം, സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത്, അഞ്ച് ലക്ഷം രൂപയുടെ രണ്ട് ആൾ ജാമ്യം നൽകണം തുടങ്ങിയ കർശന ഉപാധികളോടെയാണ് കർണാടക ഹൈക്കോടതി ബിനീഷിന് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ഡിസംബറിലും ഫെബ്രുവരിയിലും വിചാരണക്കോടതി ജാമ്യഹർജി തള്ളിയതിനെത്തുടർന്ന് ഏപ്രിലിൽ ആണ് ബിനീഷ് കർണാടക ഹൈക്കോടതിയെ സമീപിച്ചത്.

പ്രത്യക്ഷത്തിൽ ബിനീഷ് കോടിയേരിയെയാണ് പരിഹസിക്കുന്നതെങ്കിലും ആയങ്കിയുടെ ഈ പോസ്റ്റിന് വലിയ രാഷ്ട്രീയ മാനങ്ങൾ കൽപ്പിക്കുന്നവരുമുണ്ട്. മകൻ ജയിൽ മോചിതനാവുന്നതോടെ കോടിയേരി ബാലകൃഷ്ണൻ പാർട്ടി സെക്രട്ടറി പദത്തിലേക്ക് തിരികെ വരാനൊരുങ്ങവെയാണ് സിപിഎം സൈബർ സഖാവ് ഒളിയമ്പ് എയ്തുവിട്ടത്. എന്നാൽ പ്രത്യക്ഷത്തിൽ ആയങ്കി പാർട്ടിക്കെതിരെ തിരിഞ്ഞതാണെങ്കിലും ഇതിനു പിന്നിൽ മറ്റാരുടെയെങ്കിലും കൈയുണ്ടോയെന്ന സംശയം സിപിഎം നേത്യത്വത്തിനുണ്ട്.

ഇത് സംബന്ധിച്ച ചർച്ചകൾ ഉന്നതതലങ്ങളിൽ നടന്നു കഴിഞ്ഞുവെന്നാണ് അറിയുന്നത്. ഈ സാഹചര്യത്തിൽ പോസ്റ്റിന്റെ ലക്ഷ്യം ബിനീഷല്ല, സാക്ഷാൽ കോടിയേരിയാണെന്ന് വ്യക്തമാണെന്നാണ് വിലയിരുത്തൽ. ഇതോടെയാണ് പോസ്റ്റിന്റെ രാഷ്ട്രീയ മാനത്തിന്റെ പ്രസക്തിയും ഏറി വരുന്നത്.

്ബിനീഷ് ജയിലിലായപ്പോഴും തുടർന്നും ഇതിനെതിരെ പോസ്റ്റ് ഇടാത്ത അർജുൻ ആയങ്കി, ഇപ്പോൾ ഈ പോസ്റ്റ് ഇട്ടത് പ്രത്യേക ലക്ഷ്യത്തോടെയാണെന്നും ഇതിന് പിന്നിൽ ചില നേതാക്കൾ ഉണ്ടെന്ന സംശയം ബലപ്പെടുകയാണ്. ബിനീഷ് കോടിയേരിയോട് പാർട്ടി കൈക്കൊണ്ട മൃദുസമീപനം അയാളുടെ പേരിൽ പിതാവിനെതിരെ നടപടിയെടുത്തില്ലെന്നു മാത്രമാണ്. കുറ്റാരോപിതൻ മാത്രമായതിനാൽ കുറ്റം തെളിഞ്ഞാൽ പോലും മക്കൾ ചെയ്യുന്ന കുറ്റത്തിന് അച്ഛനെതിരെ നടപടി വേണ്ടെന്ന നിലപാടാണ് സിപിഎം സ്വീകരിച്ചത്.

ഇതിന് പുറമെ പാർട്ടിയോ കോടിയേരിയോ ബിനീഷിന് നിയമപരമായും അല്ലാതെയും ഒരു സഹായവും നൽകിയിട്ടുമില്ലെന്നാണ് പാർട്ടി നേതൃത്വത്തിന്റെ നിലപാട്. അർജുൻ ആയങ്കയുടെ പോസ്റ്റ് രാഷ്ട്രീയ വിവാദമാവുമെന്ന് ഉറപ്പുള്ളതിനാലാണ് ഇത്തരമൊരു പോസ്റ്റുമായി രംഗത്തു വന്നതെന്നാണ് സൂചന.

കണ്ണൂരിൽ ഒരു കാലത്ത് പ്രബലരായിരുന്നവരും, ഇപ്പോൾ സജീവമല്ലാത്തവരുമായ നേതാക്കളുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ആളാണ് അർജുൻ ആയങ്കി. സ്വർണ്ണക്കള്ളക്കടത്ത് കേസ് വന്നപ്പോഴും ഈ ബന്ധം വിവാദമായിരുന്നു. ഔദ്യോഗിക നേതൃത്വവുമായി അകന്നു കഴിയുന്ന ഈ നേതാവിന്റെ ഇടപെടൽ ഈ പോസ്റ്റിന് പിന്നിൽ ഉണ്ടോ എന്ന സംശയമാണ് ഉയർന്നിരിക്കുന്നത്. ഈ സംഭവം പൊതു സമൂഹത്തിലും സമ്മേളനങ്ങളിലും ചർച്ചാ വിഷയമാക്കുകയാണ് ലക്ഷ്യമെന്നും പാർട്ടി നേതൃത്വം കരുതുന്നുണ്ട്. വരും ദിനങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള ഉന്നത നേതാക്കൾക്കെതിരെ സൈബർ ആക്രമണം സിപിഎം പ്രതീക്ഷിക്കുന്നുണ്ട്.