ർജ്ജുനന് ഒരുകാരണവശാലും ഇരുട്ടത്ത് ആഹാരം കൊടുക്കരുതെന്നായിരുന്നു കൊട്ടാരം പരിചാരകർക്ക് ദ്രോണർ നൽകിയ കൽപന. എന്തിനാണതെന്നറിയില്ലെങ്കിലും പരിചാരകർ അക്ഷരം പ്രതി അത് അനുസരിച്ചുപോന്നു. എന്നൽ, ഒരിക്കൽ അർജ്ജുനൻ ആഹാരം കഴിച്ചുകൊണ്ടിരിക്കുമ്പോൾ കാറ്റുവന്ന് വിളക്കണഞ്ഞു. കൂരിരുട്ടിലും ആഹാരം കഴിക്കാൻ ബുദ്ധിമുട്ടില്ലെന്നറിഞ്ഞ അർജ്ജുനൻ പിന്നെ ചിന്തിച്ചത് അങ്ങനെയെങ്കിൽ ഇരുട്ടത്തും ശരം ലക്ഷ്യത്തിൽ കൊള്ളിക്കാൻ ആവില്ലേ എന്നായിരുന്നു.

ഒരിക്കൽ രാത്രി ഞാണൊലി കേട്ടെത്തിയ ദ്രോണർ കണ്ടത് വില്ലുകുലച്ച് അമ്പെയ്തുകൊണ്ടിരിക്കുന്ന അർജ്ജുനനേയായിരുന്നു. രാത്രിയിലും ലക്ഷ്യം ഭേദിക്കുവാനുള്ള പരിശീലനം നേടിയ ശിഷ്യനെ ലോകത്തിലാർക്കും തോൽപ്പിക്കാനാവില്ലെന്ന അനുഗ്രഹവും നൽകിയിരുന്നു. ഈയൊരു കഥയാകാം, രാത്രിയിലും പകലും ഒരുപോലെ ലക്ഷ്യം ഭേദിക്കുന്ന ഒരു ടാങ്കിന് രൂപകല്പന നൽകിയപ്പോൾ അതിന് അർജ്ജുനൻ എന്ന പേര് നൽകാൻ പ്രചോദനമായത്.

ഏതായാലും മഹാഭാരതത്തിലെ അർജ്ജുനനെ പോലെത്തന്നെ സൈന്യത്തിന് എന്നും ആശ്രയിക്കാവുന്ന ഉത്തമ യുദ്ധടാങ്കാണ് പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിക്കുന്ന അർജ്ജുൻ എന്ന യുദ്ധടാങ്ക്. ചെന്നൈ ആവഡിയിലെ ഹെവി വെഹിക്കിൾ ഫാക്ടറിയിൽ നിർമ്മിക്കുന്ന ഈ ടാങ്കിന്റെ ഏറ്റവു പുതിയ തലമുറ ഇന്ത്യൻ സൈന്യം അധികം വൈകാതെ സ്വന്തമാക്കും. 118 യുദ്ധ ടാങ്കുകൾ നിർമ്മിക്കുന്നതിനുള്ള ഓർഡറാണ് എച്ച് വി എഫിന് പ്രതിരോധ മന്ത്രാലയം നൽകിയിരിക്കുന്നത്.

അർജ്ജുൻ ടാങ്കിന്റെ ചരിത്രം

1972-ലെ ബംഗ്ലാദേശിന്റെ വിമോചനത്തിനായി പാക്കിസ്ഥാനുമായി നടത്തിയ യുദ്ധത്തിനുശേഷമാണ് പുതിയൊരു യുദ്ധടാങ്കിന്റെ ആവശ്യകത ഇന്ത്യൻ സൈന്യം പ്രകടിപ്പിക്കുന്നത്. 120 എം എം റൈഫിൾ ഗൺ, കമ്പ്യുട്ടറൈസ്ഡ് എഫ് സി എസ് എന്നിവയോടു കൂടിയ1,400 എച്ച് പി ഡീസൽ എഞ്ചിനിൽ പ്രവർത്തിക്കുന്ന 50 ടൺ പ്രധാന യുദ്ധടാങ്കായിരുന്നു സൈന്യത്തിന്റെ മനസ്സിൽ ഉണ്ടായിരുന്നത്. ഇത്തരമൊരു ടാങ്ക് ഇന്ത്യയിൽ തന്നെ രൂപകല്പന നടത്തുവാൻ 1974 -ൽ തീരുമാനമാവുകയും അതിനുള്ള ഫണ്ട് ഡിഫൻസ് റിസർച്ച് ആൻഡ് ഡെവെലപ്മെന്റ് ഓർഗനൈസേഷൻ (ഡി ആർ ഡി ഒ)ന്റെ കീഴിലുള്ള കോമ്പാറ്റ് വെഹിക്കിൾ റിസർച്ച് ആൻഡ് ഡെവെലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റിന് (സി വി ആർ ഡി ഇ) 1976 -ൽ കൈമാറുകയും ചെയ്തു.

അർജുൻ ടാങ്കിന്റെ രൂപ കല്പനയ്ക്കൊപ്പം ഇന്ത്യൻ സൈന്യത്തിനായിഭാവിയിൽ കോംബാറ്റ് വെഹിക്കിളുകൾ രൂപ കല്പന ചെയ്യുവാനും ഇവരോട് ആവശ്യപ്പെട്ടിരുന്നു. ജർമ്മൻ സൈന്യത്തിലെ ലെപ്പേർഡ് 2 ടാങ്കുകൾ വികസിപ്പിച്ച ജർമ്മൻ പ്രതിരോധ സ്ഥാപനമായ ക്രോസ്സ്-മാഫിയുമായി കൺസൾട്ടൻസി കരാറിൽ ഏർപ്പെട്ട ഡി ആർ ഡി ഒ 1983-ൽ പദ്ധതി ആരംഭിച്ചു. ഇന്ത്യൻ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഭാരത് ഇലക്ട്രോണിക് ലിമിറ്റഡും എച്ച് വി എഫും സി വി ആർ ഡി ഇയുമായി ചേർന്ന് അർജ്ജുൻ ടാങ്ക് വികസിപ്പിക്കുന്നതിൽ ഏർപ്പെട്ടപ്പോൾ, അതിലെ മേൽനോട്ടവും ഉദ്പന്നത്തിന്റെ ഗുണനിലവാര പരിശോധനയും വിലയിരുത്തലുമൊക്കെയായിരുന്നു ക്രോസ്സ്- മാഫിയുടെ ഉത്തരവാദിത്തം.

ആദ്യ പ്രോട്ടോടൈപ്പ് 1980-ൽ ഇറക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് അത് 1987 ലേക്ക് മാറ്റി. ഏതായാലും 1989-ൽ മാത്രമാണ് ആദ്യ പ്രോട്ടോടൈപ്പ് പുറത്തിറക്കാൻ കഴിഞ്ഞത്. ജർമ്മനിയുടെ പ്രധാന യുദ്ധടാങ്കായ ലിയോ2എ4 മായി ഏറെ സമാനതകളുള്ളതായിരുന്നു ഈ പ്രോട്ടോടൈപ്പ്. 1993 മുതൽ 96 വരെ ഇന്ത്യൻ സൈന്യം ഈ ടാങ്ക് നിരവധി തവണ പരിശോധിക്കുകയും പരീക്ഷിക്കുകയും ചെയ്തു. എഞ്ചിൻ അമിതമായി ചൂടാവുന്നതും, ആയുധ സിസ്റ്റത്തിന്റെ പ്രതീക്ഷിച്ച രീതിയിലുള്ള പ്രവർത്തനക്ഷമതയില്ലായ്മയും ഉൾപ്പടെ ചില ന്യുനതകൾ ഈ പരിശോധനയിൽ കണ്ടെത്തി.

1996-ൽ ആയിരുന്നു പരിശോധനക്കും പരീക്ഷണത്തിനുമായി 14 പ്രീ പ്രൊഡക്ഷൻ സീരീസ് ടാങ്കുകൾ സൈന്യത്തിനു നൽകിയത്. ഏകദേശം പത്തോളം ന്യുനതകളായിരുന്നു ഈ ടാങ്കിൽ സൈന്യം കണ്ടെത്തിയത്. യഥാർത്ഥ ടാങ്കുകൾ പുറത്തിറക്കുന്നതിനു മുൻപായി ഈ ന്യുനതകൾ പരിഹരിക്കേണ്ടതുണ്ടായിരുന്നു. 1974-ൽ 15.50 കോടിയുടെ ബജറ്റുമായി തുടങ്ങിയ പദ്ധതി 307.48 കോടി രൂപയിൽ എത്തിയിരുന്നു. തുടർന്ന് ഈ കുറവുകൾ എല്ലാം പരിഹരിച്ച് 1997-ൽ പി പി എസ് -15 പ്രോട്ടോടൈപ്പ് പുറത്തിറക്കി. 2000-ൽ 124 അർജുൻ എം കെ 1 ടാങ്കുകൾക്കുള്ള ഓർഡർ ഇന്ത്യൻ ആർമി നൽകുകയും ചെയ്തു.

അർജ്ജുൻ ടാങ്കിന്റെ വിശേഷങ്ങൾ

അർജ്ജുൻ യുദ്ധ ടാങ്കിനുള്ളത് റീകോയിൽ സിസ്റ്റത്തോടുകൂടിയ ഒരു 120 എം എം റൈഫിൾഡ് ഗൺ ആണ്. ഗൈഡഡും അൺഗൈഡഡുമായ വിവിധയിനം അന്റി-ആർമർ മ്യുണിഷൻ തൊടുത്തുവിടാൻ ഇതിനു കഴിയും. കരുത്തുറ്റ ഇലക്ട്രോ-സ്ലാഗ്-റീമെല്റ്റിങ് സ്റ്റീൽ കൊണ്ടുണ്ടാക്കിയ ടാങ്കിനെ തെർമൽ സ്ലീവ് കൊണ്ട് ഇൻസുലേറ്റ് ചെയ്തിട്ടുമുണ്ട്. മാത്രമല്ല, ഉയർന്ന മർദ്ദം സഹിക്കുവാനുള്ള കഴിവുമുണ്ട്.

പുതിയ അർജ്ജുൻ ടാങ്കുകളിലും 120 എം എം റൈഫിൾ ഗൺ ആണെങ്കിലും ബാരൽ കൂടുതൽ മെച്ചപ്പെട്ടതാണ്. അത്യൂഗ്രശേഷിയുള്ള സ്ഫോടകവസ്തുക്കൾ വരെ കൈകാര്യം ചെയ്യുവാനുള്ള സംവിധാനം ഈ ടാങ്കിനുണ്ട്. മാത്രമല്ല, വിവിധ പരിതസ്ഥിതികളിലും ഇതിന് സഞ്ചരിക്കാനുമാവും. അതുകൊണ്ടുതന്നെ ഏത് യുദ്ധമുഖത്തും ഇത് ഇന്ത്യയ്ക്ക് ഒരു തുണയാകും എന്നതിൽ സംശയമൊന്നുമില്ല. മഹാഭാരതത്തിലെ അർജ്ജുനനെ പോലെ തികച്ചും വിശ്വസിക്കാവുന്ന ഒരു പോരാളിതന്നെയാണിവൻ.

അതിനുപുറമെ പുതിയ അർജ്ജുൻ ടാങ്കിൽ ബി ഇ എൽ വികസിപ്പിച്ചെടുത്ത ഒരു ഫയർ കൺട്രോൾ സിസ്റ്റവും ഉണ്ട്. മൈക്രോപ്രൊസസ്സർ ബേസ്ഡ് സെൻസറുകളിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്ന ഒരു ഡിജിറ്റൽ ബാലിസ്റ്റിക് കമ്പ്യുട്ടർ ഉൾപ്പെട്ടതാണ് ഈ സിസ്റ്റം. ഇതനുസരിച്ച് വാഹനത്തിന്റെ വേഗത, ലക്ഷ്യത്തിന്റെ റേഞ്ച്, കോണളവ്, കാറ്റിന്റെ വേഗത എന്നിവയെല്ലാം കണക്കാക്കി ലക്ഷ്യത്തിൽ തന്നെ വെടിയുതിർക്കാൻ സാധിക്കും. മാത്രമല്ല, രാത്രിയും പകലും, ഏത് കാലാവസ്ഥയിലും ഇത് കൃത്യമായി ലക്ഷ്യം ഭേദിക്കുകയും ചെയ്യും.

ഡിഫൻസ് മെറ്റല്ലർജിക്കൽ റിസർച്ച് ലബൊറട്ടറി സ്ഥിതിചെയ്യുന്ന ഹൈദരാബാദിലെ കാഞ്ചൻബാഗ് എന്ന സ്ഥലത്തിന്റെ പേരു നൽകിയ കാഞ്ചൻ ആർമർ എന്നൊരു ആവരണം ഈ ടാങ്കിനെ സംരക്ഷിക്കുന്നു. ഇത് പൂർണ്ണമായും ഇന്ത്യയിൽ തന്നെ രൂപ കല്പന ചെയ്തതാണ്. റോൾഡ് ഹോമോജീനസ് ആർമർ പ്ലേറ്റുകൾക്കിടയിൽ സിറാമിക് ടൈലുകളും കോമ്പോസിറ്റ് പാനലുകളും അടുക്കിവച്ചാണ് ഈ ആവരണം ഉണ്ടാക്കിയിരിക്കുന്നത്.

പ്രതിരോധ മേഖലയിൽ മെയ്ക്ക് ഇൻ ഇന്ത്യ പ്രാവർത്തികമാകുമ്പോൾ

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒരു സ്വപ്ന പദ്ധതി തന്നെയാണ് മെയ്ക്ക് ഇൻ ഇന്ത്യ എന്നത്. ഈ പദ്ധതിക്ക് ഒരു പ്രോത്സാഹനമാവുകയാണ് പ്രതിരോധ മന്ത്രാലയത്തിന്റെ പുതിയ ഓർഡർ. 118 അർജ്ജുൻ ടാങ്കുകൾ വാങ്ങുവനുള്ള ഓർഡറാണ് ചെന്നൈ ആവഡിയിലെ ഹെവി വെഹിക്കിൾ ഫാക്ടറിക്ക് പ്രതിരോധ മന്ത്രാലയം നൽകിയിരിക്കുന്നത്. ഫയർ പവർ, മൊബിലിറ്റി, എന്നിവ മെച്ചപ്പെടുത്തിയ പുതിയ ടാങ്കുകൾക്കാണ് ഓർഡർ നൽകിയിരിക്കുന്നത്. പഴയ ടാങ്കിൽ നിന്നും വിഭിന്നമായി 72 കൂടുതൽ സവിശേഷതകൾ ഇതിനുണ്ടാകും എന്നാണ് അറിയുന്നത്.

7,523 കോടി രൂപയുടെ ഈ ഓർഡർ എച്ച് വി എഫിനു മാതമല്ല, മറിച്ച് നിരവധി ചെറുകിട ഇന്ത്യൻ കമ്പനികൾക്കും നിരവധി അവസരങ്ങൾ ഒരുക്കും. പ്രത്യക്ഷമായും പരോക്ഷമായും ഏകദേശം 8000 പേർക്ക് തൊഴിൽ സാധ്യതയുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.