- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജയിലിൽ താൻ മർദനത്തിനിരയായെന്നും ജീവൻ അപകടത്തിലാണെന്നും ഉറക്കെ വിളിച്ച് പറഞ്ഞ് അർണബ്; അഭിഭാഷകരോട് സംസാരിക്കാൻ അനുവദിക്കുന്നില്ലെന്നും സുപ്രീംകോടതി ഇടപെടണമെന്നും അഭ്യർത്ഥിച്ച് റിപ്പബ്ലിക്കൻ ടിവിയുടെ എഡിറ്റർ ഇൻ ചീഫ്: കസ്റ്റഡിയിലായിരിക്കെ മൊബൈൽ ഫോൺ ഉപയോഗിച്ച അർണബിനെ തലോജ ജയിലേക്ക് മാറ്റി
മുംബൈ: താൻ ജയിലിൽ മർദനത്തിനിരയായതായി മാധ്യമങ്ങളോട് ഉച്ചത്തിൽ വിളിച്ചു പറഞ്ഞ് റിപ്പബ്ലിക്കൻ ടിവിയുടെ തീ പാറുന്ന സിംഹം അർണബ് ഗോസ്വാമി. അലിബാഗിലെ ജയിലിൽ നിന്നും തലോജ ജയിലിലേക്ക് മാറ്റുമ്പോഴാണ് ആകെ തകർന്ന അർണബ് മാധ്യമങ്ങൾക്ക് മുന്നിൽ തന്റെ അവസ്ഥ ഉച്ചത്തിൽ വിളിച്ചു പറഞ്ഞത്. തന്നെ അഭിഭാഷകരോട് സംസാരിക്കാൻ അനുവദിക്കുന്നില്ലെന്നും സുപ്രീംകോടതി തന്റെ വിഷയത്തിൽ ഇടപെടണമെന്നും അർണബ് വിളിച്ചു പറഞ്ഞു. ജയിലിൽ താൻ മർദനത്തിനിരയായതായും ജീവൻ അപകടത്തിലാണെന്നും പൊലീസ് വാനിൽ നിന്നും അർണബ് പറയുന്നുണ്ടായിരുന്നു.
അർണബ് ഗോസ്വാമി കസ്റ്റഡിയിൽ അനധികൃതമായി ഫോൺ ഉപയോഗിക്കുന്നുവെന്നു കണ്ടെത്തിയതിനെ തുടർന്നായിരുന്നു അദ്ദേഹത്തെ അലിബാഗിൽ നിന്നും തലോജ ജയിലിലേക്ക് മാറ്റിയത്. മൊബൈൽ പിടിച്ചെടുത്തതിന് പിന്നാലെയായിരുന്നു അർണബിന്റെ ജയിൽ മാറ്റം. ജുഡിഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ഇദ്ദേഹത്തിന്റെ ഫോൺ പൊലീസ് പിടിച്ചെടുത്തിരുന്നു. എന്നാൽ തുടർന്നും സമൂഹമാധ്യമങ്ങളിൽ സജീവമായതു ശ്രദ്ധയിൽപ്പെട്ട റായ്ഗഢ് ക്രൈംബ്രാഞ്ചിന്റെ നിർദേശ പ്രകാരം പൊലീസ് പരിശോധന നടത്തുകയായിരുന്നു. തുടർന്നാണ് രഹസ്യമായി സുഹൃത്തിന്റെ ഫോൺ ഉപയോഗിക്കുന്നതായി കണ്ടെത്തിയത്. ഇതോടെ ജയിലിൽ നിന്നും മാറ്റുകയായിരുന്നു.
മുംബൈയിൽ നിന്നു 100 കിലോമീറ്റർ അകലെയാണ് അലിബാഗ്. അവിടെ ജയിൽ അന്തേവാസികൾക്കുള്ള ക്വാറന്റീൻ കേന്ദ്രത്തിലാണു കസ്റ്റഡിയിൽ കഴിഞ്ഞിരുന്നത്. അർണബിനെതിരെയുള്ളത് വ്യാജ ആരോപണങ്ങളാണെന്ന് അദ്ദേഹത്തിന്റെ ഭാര്യയും റിപ്പബ്ലിക് ചാനൽ എക്‌സിക്യുട്ടീവ് എഡിറ്ററുമായ സാമ്യബ്രത ഗോസ്വാമി അവകാശപ്പെട്ടു.
നേരത്തേ സുരക്ഷാ പ്രശ്‌നങ്ങളാലാണ് ജയിലിലേക്കു മാറ്റിയതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. കസ്റ്റഡിയിലായവരെ ക്വാറന്റീനിൽ വയ്ക്കുന്നതിന് അലിബാഗിലെ സ്‌കൂളിൽ താൽക്കാലികമായി തയാറാക്കിയ കേന്ദ്രത്തിലായിരുന്നു അർണബ് ഇതുവരെ. നവംബർ നാലിനാണ് അർണബ് ജുഡിഷ്യൽ കസ്റ്റഡിയിൽ റിമാൻഡിലായത്. അലിബാഗിലെ ജയിലർ ഉപദ്രവിച്ചെന്നും, തലോജ ജയിലിലേക്കു മാറ്റുന്നതിനിടെ പൊലീസ് വാനിൽനിന്ന് അർണബ് വിളിച്ചു പറഞ്ഞു.
അതിനിടെ, അടിസ്ഥാനരഹിതമായ കുറ്റം ചാർത്തിയാണ് അർണബിനെ അറസ്റ്റ് ചെയ്തതെന്ന് ഭാര്യ സമ്യബ്രതറായ് ഗോസ്വാമി പ്രസ്താവനയിൽ വ്യക്തമാക്കി. 'ഇന്നു രാവിലെ എന്റെ ഭർത്താവിനെ, നാലു ദിവസത്തെ ജുഡിഷ്യൽ കസ്റ്റഡിക്കു ശേഷം, തലോജ ജയിലിലേക്കു മാറ്റി. ബലം പ്രയോഗിച്ച് വലിച്ചിഴച്ചാണ് അർണബിനെ മഹാരാഷ്ട്ര പൊലീസ് കൊണ്ടുപോയത്. പൊലീസ് വാനിനകത്ത് എന്താണു സംഭവിക്കുന്നതെന്നു പോലും അറിയാനാകാത്ത അവസ്ഥയായിരുന്നു. ജീവൻ അപകടത്തിലാണെന്ന് പല തവണ അദ്ദേഹം പറഞ്ഞിട്ടും നടപടിയൊന്നുമുണ്ടായില്ല. അഭിഭാഷകനെ കാണണമെന്നു പറഞ്ഞപ്പോഴെല്ലാം ജയിലർ മർദിക്കുകയായിരുന്നു...' പ്രസ്താവനയിൽ പറയുന്നു.
അർണബിനു വേണ്ടി തലോജ ജയിലറെ കണ്ടതായി ബിജെപി മുൻ എംപി കിരിത് സോമയ്യ പറഞ്ഞു. അർണബിനു നേരെ ഉപദ്രവമുണ്ടാകില്ലെന്നും മെഡിക്കൽ സേവനം ഉൾപ്പെടെ ലഭ്യമാക്കുമെന്നും ജയിലർ ഉറപ്പു നൽകിയതായും കിരിത് പറഞ്ഞു. നിലവിൽ ബിജെപി മഹാരാഷ്ട്രയിലെ ബിജെപി ഉപാധ്യക്ഷനാണ് ഇദ്ദേഹം. ആത്മഹത്യാ പ്രേരണക്കുറ്റത്തിന് നവംബർ നാലിനാണ് ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് അർണബിനെയും ഒപ്പം അറസ്റ്റിലായ രണ്ടു പേരെയും നവംബർ 18 വരെ കോടതി റിമാൻഡ് ചെയ്തത്. തുടർന്നാണ് ഇവരെ സ്‌കൂളിലെ ക്വാറന്റീൻ കേന്ദ്രത്തിലേക്കു മാറ്റിയത്. തിങ്കളാഴ്ച വൈകിട്ട് മൂന്നിന് അർണബിന്റെ ഇടക്കാല ജാമ്യഹർജി ബോംബെ ഹൈക്കോടതി പരിഗണിക്കുന്നുണ്ട്.
അതേസമയം അർണബിന്റെ ജാമ്യാപേക്ഷയിൽ ബോംബെ ഹൈക്കോടതി ഇന്ന് വിധി പറയും. ശനിയാഴ്ച കേസ് പരിഗണിക്കവെ, ഉത്തരവിറക്കുന്നതു മാറ്റിവച്ചതായും ജാമ്യത്തിന് കീഴ്‌ക്കോടതിയെ സമീപിക്കണമെന്നുമാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയിരുന്നത്. എന്നാൽ, ഇന്നു മൂന്നിന് ഉത്തരവിറക്കുമെന്ന് ശനി രാത്രി വൈകി വെബ്‌സൈറ്റിൽ അറിയിക്കുകയായിരുന്നു.
അതിനിടെ, തങ്ങളുടെ കസ്റ്റഡിയിൽ വേണമെന്ന ആവശ്യം നിഷേധിച്ച് അർണബിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട മജിസ്‌ട്രേട്ട് കോടതി ഉത്തരവിനെതിരെ പൊലീസ് സമർപ്പിച്ച ഹർജി അലിബാഗ് സെഷൻസ് കോടതി ഇന്നു പരിഗണിക്കും. ഈ മാസം 18 വരെയാണ് അർണബിന്റെ ജുഡീഷ്യൽ കസ്റ്റഡി.
മറുനാടന് മലയാളി ബ്യൂറോ