ജബൽപുർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മോർഫ് ചെയ്ത ഫോട്ടോകൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും അശ്ലീല പരാമർശങ്ങൾ നടത്തുകയും ചെയ്ത സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. മധ്യപ്രദേശിലെ ജബൽപുരിലാണ് യുവാവ് അറസ്റ്റിലായത്. 28കാരനായ പർവേസ് ആലം എന്നയാളാണ് അറസ്റ്റിലായത്.

ഇയാൾക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. പർവേസ് ആലമിനെതിരേ ജൂലൈ 12ന് സർതാജ് എന്ന വ്യക്തിയാണ് പരാതി നൽകിയത്. പർവേസ് ഫേസ്‌ബുക്കിൽ പ്രധാനമന്ത്രിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുകയും അശ്ലീല കമന്റിടുകയും ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്.

ഇതേത്തുടർന്ന് കേസെടുത്ത് അന്വേഷണം നടത്തുകയും പ്രതിയെ പിടികൂടുകയുമായിരുന്നുവെന്ന് ഗോൽപൂർ ഇൻസ്പെക്ടർ രവീന്ദ്ര ഗൗതം പറഞ്ഞു. വെള്ളിയാഴ്ച രാത്രിയാണ് പർവേസിനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടുവെന്ന് പൊലീസ് പറഞ്ഞു.

ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 292 (അശ്ലീല പുസ്തകങ്ങളുടെ വിൽപ്പന മുതലായവ), 504 (സമാധാന ലംഘനത്തിന് പ്രേരിപ്പിക്കുന്ന ഉദ്ദേശ്യത്തോടെയുള്ള അപമാനം), ഇൻഫർമേഷൻ ടെക്‌നോളജി ആക്ട് സെക്ഷൻ 67 (അശ്ലീല വസ്തുക്കൾ പ്രസിദ്ധീകരിക്കുകയോ പങ്കിടുകയോ ചെയ്യുക) എന്നിവ പ്രകാരമാണ് പർവേസിനെതിരെ കേസെടുത്തിട്ടുള്ളത്.