ഷിക്കാഗോ: ഓ ഹെയർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ സുരക്ഷിത പ്രദേശത്ത് മൂന്ന് മാസത്തോളം ഒളിച്ച് താമസിച്ചതിന് ഒരാളെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. കാലിഫോർണിയ സ്വദേശിയായ ആദിത്യ സിംഗാണ് ഒക്ടോബർ 19 മുതൽ ഷിക്കാഗോയിലെ വിമാനത്താവളത്തിൽ ഒളിച്ച് താമസിച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

ഒക്ടോബർ 19 ന് ലോസ് ഏഞ്ചൽസിൽ നിന്ന് എത്തിയ ആദിത്യ സിങ് പിന്നീട് വിമാനത്താവളത്തിൽ ഒളിച്ചു താമസിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രണ്ട് എയർപോർട്ട് ജീവനക്കാരാണ് ഇയാളെ കണ്ടെത്തിയത്. ഒക്ടോബർ 26 ന് മോഷണം പോയതായി റിപ്പോർട്ട് ചെയ്തിട്ടുള്ള എയർപോർട്ട് ഐഡി ബാഡ്ജ് ധരിച്ചാണ് സിങ്ങിനെ കണ്ടെത്തിയത്. സിംഗിനെ തടഞ്ഞുവെച്ച ജീവനക്കാർ പിന്നീട് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

സ്ഥലത്തെത്തിയ പൊലീസ് വീമാനത്താവളത്തിൽ അനുമതിയില്ലാതെ പ്രവേശിച്ചതിന് ക്രിമിനൽ അതിക്രമമെന്ന വകുപ്പ് ചുമത്തിയാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. അതേസമയം വീമാനത്താവളത്തിൽ ഒളിച്ച് താമസിച്ചതിന് കാരണം ചോദിച്ചപ്പോൾ കോവിഡ് കാരണം നാട്ടിലേക്ക് പോകാൻ ഭയമുള്ളതിനാലാണ് എയർപോർട്ടിൽ താമസിച്ചതെന്നായിരുന്നു സിംഗിന്റെ മറുപടി. ആയിരം ഡോളർ കെട്ടിവെച്ച് സിംഗിന് ഒടുവിൽ കോടതി ജാമ്യം അനുവദിച്ചു.