കാഞ്ഞങ്ങാട്: നാലു കോടിയുടെ ഫാൻസി നോട്ടുകളും ആറു ലക്ഷം രൂപയുടെ ഒറിജിനൽ നോട്ടുകളുമായി ഹിന്ദി സിനിമാ നിർമ്മാതാവ് ഉൾപ്പെടെ മൂന്ന് പേർ ബേക്കലിൽ അറസ്റ്റിലായി. ഉദുമയിൽ പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് ഇന്നോവ കാറിൽ അടുക്കി വെച്ച നിലയിൽ നോട്ടുകെട്ടുകൾ കണ്ടെത്തിയത്. ഫാൻസി നോട്ടുകൾക്ക് മുകളിൽ രണ്ടായിരം രൂപയുടെ ഒറിജിനൽ നോട്ടുകൾ ഭദ്രമായി അടുക്കിവെച്ച നിലയിലായിരുന്നു. സിനിമാ ആവശ്യത്തിന് കൊണ്ടുപോകുന്നതാണെന്നാണ് പിടിയിലായവർ പറഞ്ഞത്.

പൂണെ വിശ്വരന്ദ് വാഡി, യാരോഡ സൊസൈറ്റി ലക്ഷ്മി പുരത്ത് താമസിക്കുന്ന കർണാടക സ്വദേശി വിട്ടൽ നവാബ് അലീം ഷെയ്ഖ് (37), പൂണെ അനുഷിബ് അർജുൻ (35), സോളാപ്പൂർ കൗതാലി വില്ലേജിലെ നർസു മാനെ (45) എന്നിവരാണ് പിടിയിലായത്. കാസർകോട് ഭാഗത്ത് നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകുകയായിരുന്നു ഇവർ. ആറു ലക്ഷം രൂപയുടെ ഒറിജിനൽ നോട്ടുകളെല്ലാം രണ്ടായിരം രൂപയുടേതാണ്. ഇതിന്റെ കണക്ക് ബോധിപ്പിക്കാൻ ഇവർക്ക് ഇതുവരെ ആയിട്ടില്ല. ഹിന്ദി സിനിമയുടെ നിർമ്മാതാവും പ്രവർത്തകരുമാണെന്നാണ് ഇവർ പൊലീസിനെ അറിയിച്ചത്.