പയ്യന്നൂർ: പയ്യന്നൂരിൽ ഭർതൃമതിയായ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനെ പൊലിസ് അറസ്റ്റു ചെയ്തു. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പൊലിസ്അറിയിച്ചു.

പയ്യന്നൂർ കോറോത്തെ സുനിഷ ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് വിജീഷിനെ ഇന്നലെ സന്ധ്യയോടെയാണ് വെള്ളൂരിലെ വീട്ടിൽ നിന്നും പൊലിസ് കസ്റ്റഡിയിലെടുത്തത്. ഇതിനു ശേഷം വിജീഷിനെ പയ്യന്നൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ മഹേഷ് കെ നായരുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തു. നേരത്തെ യുവാവിന്റെ അടുത്ത ബന്ധുക്കളെയും മരിച്ച സുനിഷയുടെ ബന്ധുക്കളെയും ചോദ്യം ചെയ്തിരുന്നു. ഇവരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റു രേഖപ്പെടുത്തിയത്.

അമ്മയ്ക്ക് കോവിഡ് ബാധിച്ചതിനെ തുടർന്ന് വിജീഷും പിതാവ് രവിയും വീട്ടിൽ ക്വാറന്റീനിലായിരുന്നു.ഇയാൾക്ക് നെഗറ്റീവ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് പൊലിസ് കസ്റ്റഡിയിലെടുത്തത്. ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയാണ് അറസ്റ്റു രേഖപ്പെടുത്തിയത്.
വെള്ളൂർ ചേനോത്തെ വിജീഷിന്റെ ഭാര്യ കോറോത്തെ കെ വി സുനിഷ (26) ആത്മഹത്യ ചെയ്ത സംഭവത്തിൽ പുറത്തു വന്ന ശബ്ദ സന്ദേശമാണ് മരിച്ച യുവതിയുടെ വീട്ടുകാരെ പരാതി നൽകാൻ പ്രേരിപ്പിച്ചത്.

കഴിഞ്ഞ ഞായറാഴ്ച വൈകിട്ടോടെയാണ് ഭർതൃവീട്ടിലെ കുളിമുറിയിൽ സുനിഷയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഗാർഹിക പീഡനത്തെ തുടർന്നാണ് ആത്മഹത്യയെന്നാണ് യുവതിയുടെ കുടുംബത്തിന്റെ പരാതി. ഭർത്താവും സഹോദരനുമായി നടത്തിയ ഫോൺ സംഭാഷണങ്ങളും ബന്ധുക്കൾ പുറത്തുവിട്ടിരുന്നു. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിട്ടുള്ളത്.

സുനിഷയുടെ ബന്ധുക്കളിൽനിന്നും സുഹൃത്തുക്കളിൽനിന്നും പൊലീസ് കഴിഞ്ഞ ദിവസം മൊഴിയെടുത്തിരുന്നു. ഇവരുടെ ഫോണും അന്വേഷണ ഉദ്യോഗസ്ഥനായ പയ്യന്നൂർ സ്റ്റേഷൻ എസ്എച്ച്ഒ മഹേഷ് കെ നായർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മരണ സമയത്ത് സുനിഷ കോവിഡ് ബാധിതയായിരുന്നു. ഇൻക്വസ്റ്റ് സമയത്ത് ഇത്തരം വോയ്സ് റെക്കോഡുകളെക്കുറിച്ച് ബന്ധുക്കൾ മൊഴി നൽകിയില്ലെന്ന് പൊലീസ് പറഞ്ഞു.

ഭർത്താവിന്റെ അമ്മ കോവിഡ് ബാധിച്ച് കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. വിജീഷും അച്ഛനും അസുഖബാധിതനായ സഹോദരനും വീട്ടിൽ സമ്പർക്കവിലക്കിലുമായിരുന്നു അതിനാൽ മൊഴിയെടുക്കൽ വൈകിയത്
സുനിഷയുടെ മൊബൈൽ ഫോണിൽനിന്നുള്ള വിവരങ്ങളും മറ്റും ശേഖരിച്ച് അന്വേഷണം ഊർജിതമാക്കുമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും ഡിവൈഎസ്‌പി കെ ഇ പ്രേമാനന്ദൻ പറഞ്ഞു.കഴിഞ്ഞ ദിവസം യുവതിയുടെ ബന്ധുക്കൾ കേസുമായി ബന്ധപ്പെട്ട ശബ്ദ സന്ദേശം പൊലിസിന് കൈമാറിയിട്ടുണ്ട്.

ഇതിനിടെസംഭവത്തിൽ തനിക്കും വീട്ടുകാർക്കുമെതിരെ നുണ പ്രചരിപ്പിക്കുകയാണെന്നും വിശദ അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് ഭർത്താവ് വിജീഷ് കഴിഞ്ഞ ദിവസം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു.രാഷ്ട്രീയ വൈരാഗ്യത്തിൽ ചിലർ സോഷ്യൽ മീഡിയയിലൂടെ നുണപ്രചരിപ്പിക്കുന്നുവെന്നാണ് പരാതി. വെള്ളൂർ ക്ഷീരോൽപാദക സഹകരണ സംഘം ജീവനക്കാരനാണ് വിജേഷ്.സജീവ സിപിഎം പ്രവർത്തകൻ കൂടിയാണ്.

ഗാർഹിക പീഡനത്തിന് കേസെടുക്കാതെ വിജേഷിനെ പയ്യന്നൂർ പൊലിസ് സംരക്ഷിക്കുകയാണെന്നാരോപിച്ച് കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ് ബിജെപി പ്രവർത്തകർ രംഗത്തു വന്നിരുന്നു. യുത്ത് കോൺഗ്രസ് പയ്യന്നൂർ പൊലിസ് സ്റ്റേഷൻ മാർച്ചും നടത്തിയിരുന്നു