കണ്ണൂർ: കണ്ണുർ നഗരത്തിലെ തളാപ്പ് അമ്പാടിമുക്കിൽ സിപിഎം പതാകകളും ഡിവൈഎഫ്‌ഐ കൊടിമരവും വാർത്താബോർഡും നശിപ്പിച്ച ആർഎസ്എസുകാർ പിടിയിൽ. അലവിൽ ഒറ്റത്തെങ്ങിലെ സതീഷ് ഭവനിലെ സി.സരുൺ ലാൽ(30), തളാപ്പ് വിവേകത്തിലെ ശ്രീകിഷൻ(24), ആയിക്കര കോവിലകത്തിലെ ആർ. അഭിഷേക്(21) എന്നിവരെയാണ് ടൗൺ എസ്എച്ച്ഒ ശ്രീജിത്തുകൊടേരി അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്ച അർധരാത്രിയായിരുന്നു സംഭവം. സിസി ദിവി ദൃശ്യങ്ങളിൽനിന്ന് പ്രതികളെക്കുറിച്ച് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇവരെ പിടികൂടിയത്. അറസ്റ്റിലായ ശ്രീകിഷൻ വളപട്ടണം, കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനുകളിലായി 12 കേസുകളിൽ പ്രതിയാണെന്ന് പൊലിസ് അറിയിച്ചു.

നേരത്തെ ആർ.എസ്.എസ് സ്വാധീന പ്രദേശമായ അമ്പാടി മുക്കിൽ നിന്നും എൻ. ധീരജ് കുമാറിന്റെ നേതൃത്വത്തിലുള്ള ആർ.എസ്.എസ്- ബിജെപി പ്രവർത്തകർ ചേരി മാറി സിപിഎം പാളയത്തിലേക്ക് വരികയായിരുന്നു. ഇതിനു ശേഷമാണ് ഇവിടെ സിപിഎം പതാകയുയർത്തിയത്.