അന്തിക്കാട്: കുട്ടികളെ ഉപേക്ഷിച്ചുപോയ യുവതിയെയും സുഹൃത്തായ ഗുണ്ടാനേതാവിനെയും അന്തിക്കാട് പൊലീസ് അറസ്റ്റു ചെയ്തു. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവുമൊത്ത് സ്വർണവും പണവുമായാണ് പ്രവാസിയുടെ ഭാര്യയായ യുവതി കടന്നു കളഞ്ഞത്.

ഒട്ടേറെ കേസുകളിൽ പ്രതിയായ ആലപ്പുഴ മായിത്തറ അരുണും (ഡോൺ അരുൺ -33) പഴുവിൽ സ്വദേശിനിയായ യുവതിയുമാണ് അറസ്റ്റിലായത്. അരുണിനെതിരേ പാലക്കാട് ,ആലപ്പുഴ, ചേർത്തല, മുഹമ്മ മലപ്പുറം എന്നിവിടങ്ങളിൽ കേസുകളുണ്ട്.

ഭർത്താവിൽനിന്ന് മൂന്ന് ലക്ഷം രൂപയും ലോക്കറിൽ സൂക്ഷിച്ചിരുന്ന 40 പവനോളം സ്വർണവും ഇരുവരും ചേർന്ന് കൈക്കലാക്കിയിരുന്നു. അന്തിക്കാട് എസ്‌ഐ. കെ.എച്ച്. റെനീഷിന്റെ നേതൃത്വത്തിൽ എഎസ്ഐ. എം.കെ. അസീസ്, സി.പി.ഒ.മാരായ അജിത്, ഷാനവാസ്, എസ്.സി.പി.ഒ. രാജി എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.