പത്തനംതിട്ട: പതിനൊന്നു വർഷം മുമ്പുള്ള കൊലക്കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി അറസ്റ്റിൽ. തിരുവനന്തപുരം വട്ടപ്പാറ മുക്കോല കുഴുനോട് മഞ്ഞൻകോട് കോളനിയിൽ പ്രകാശി(41) നെയാണ് വട്ടപ്പാറയിൽ വച്ച് കോന്നി പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം സ്വദേശി ക്ലമന്റിനെ(30) പട്ടിക കഷണം കൊണ്ട് തലയ്ക്ക് അടിച്ചു കൊന്ന കേസിലെ പ്രതിയാണ് പ്രകാശ്.

കോന്നി പൊലീസ് സ്റ്റേഷനിൽ 2011 ൽ രജിസ്റ്റർ ചെയ്ത കേസാണിത്. ഒളിവിൽ കഴിഞ്ഞുവന്ന പ്രതിയെ പ്രത്യേക അന്വേഷണ സംഘം കുടുക്കി. 2011 മെയ്‌ ഏഴിനാണ് കേസിന് ആസ്പദമായ സംഭവം. വി കോട്ടയം ആഴക്കൂട്ടം എന്ന സ്ഥലത്ത് സന്തോഷ് എന്നയാളുടെ വീടിന്റെ സിറ്റൗട്ടിൽ വച്ച് ക്ലമെന്റിനെ പട്ടിക കഷ്ണം കൊണ്ട് തലയ്ക്കു പിന്നിലടിച്ച് കൊല്ലുകയായിരുന്നു.

റോഡ് ടാറിങ് പണിക്ക് വന്നതാണ് ഇരുവരും. വാക്കു തർക്കത്തിനൊടുവിലാണ് ക്ലമന്റിന്റെ തലയ്ക്ക് അടിച്ചത്. ഗുരുതരമായി പരുക്കേറ്റ ക്ലമന്റ് പിന്നീട് മരിച്ചു. കേസിൽ അറസ്റ്റിലായ പ്രകാശ് ജാമ്യത്തിൽ ഇറങ്ങി ഒളിവിൽപ്പോയി. വിചാരണാവേളയിലൊന്നും തന്നെ കോടതിയിൽ ഹാജരായിരുന്നില്ല. ലോങ്ങ് പെന്റിങ് വാറണ്ട് പുറപ്പെടുവിച്ച കേസ് അന്വേഷിക്കാൻ കോന്നി ഡിവൈഎസ്‌പി ആർ. ബൈജു കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു.

ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം വ്യാപിപ്പിച്ച അന്വേഷണത്തിനൊടുവിൽ പ്രതിയെ പ്രത്യേക സംഘം തന്ത്രപൂർവം കുടുക്കുകയാണുണ്ടായത്. കോന്നി എസ് എച്ച് ഓ അരുൺ ജി, എസ് ഐ സജു എബ്രഹാം, സി പി ഓ മാരായ ബിജു, രാജേഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.