- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പാറ്റൂരിൽ ബിൽഡർ ലംഘിച്ചത് ഒരു സ്ക്വയർഫീറ്റ് സ്ഥലത്ത് നാല് സ്ക്വയർഫീറ്റ് കെട്ടിടം പണിയാം എന്ന കെട്ടിട നിർമ്മാണ ചട്ടം; ഫയർ എക്സിറ്റിലും നിയമ ലംഘനം; 2.76 ലക്ഷം സ്ക്വയർ ഫീറ്റ് കെട്ടിടം പണിതത് വെറും 97.5 സെന്റ് സ്ഥലത്ത്; പോരാത്തതിന് കാർ പാർക്കിൽ വെള്ളക്കെട്ടും; നിർണ്ണായക ഇടപെടലുമായി റിയൽ എസ്റ്റേറ്റ് അഥോറിറ്റി; ആർടെക്കിന്റെ തിരുവനന്തപുരത്തെ സെൻട്രൽ മാൾ പൊളിക്കേണ്ടി വരും
തിരുവനന്തപുരം: പാറ്റൂരിലെ ആർടെക് മാൾ(സെൻട്രൽ മാൾ) പൊളിക്കേണ്ടി വരും. ആർടെക് ഗ്രൂപ്പിനെതിരെ ഫ്ളാറ്റിലെ താമസക്കാർ നടത്തുന്ന നിയമ പോരാട്ടം വ്യക്തമാക്കുന്നത് സെൻട്രൽ മാളിലെ നിയമ ലംഘനങ്ങളാണ്. ആർടെക് ഗ്രൂപ്പ് ഇവിടെ നിർമ്മിച്ച ഫ്ളാറ്റിന് നിയമപരമായ അനുമതി കിട്ടാനും സെൻട്രൽ മാൾ പൊളിക്കേണ്ടത് അനിവാര്യതയാണ്. താമസക്കാരുടെ ഹർജിയിൽ റിയൽ എസ്റ്റേറ്റ് അഥോറിറ്റിയുടെ തീരുമാനങ്ങൾ അതീവ നിർണ്ണായകമാണ്. ഫ്ളാറ്റ് വാങ്ങിയവരുടെ വാദങ്ങൾ ഏതാണ്ട് അംഗീകരിക്കുകയും ചെയ്തു. ഇതോടെ രണ്ട് പ്രത്യക്ഷ നിയമ ലംഘനങ്ങൾ സെൻട്രൽ മാളിന്റെ കാര്യത്തിൽ ഉണ്ടായെന്ന് വ്യക്തമാണ്.
റിയൽ എസ്റ്റേറ്റ് രംഗത്തെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകാനാണ് റിയൽ എസ്റ്റേറ്റ് അഥോറിറ്റി ഉണ്ടാക്കുന്നത്. കേന്ദ്ര നിയമം അനുസരിച്ചാണ് ഇത്. ഈ അഥോറിറ്റിയുടെ സുപ്രധാന വിധി ജനുവരി 28നാണ് ഉണ്ടായത്. എന്നാൽ മാധ്യമങ്ങളൊന്നും ഈ വിധി വാർത്തയാക്കിയില്ല. മുതലാളി മാരിൽ നിന്ന് കിട്ടുന്ന പരസ്യത്തിന്റെ കനമാണ് ഇതിന് കാരണം. ഇത്തരം വാർത്തകൾ പുറത്തു വന്നാൽ സാധാരണക്കാർക്ക് റിയൽ എസ്റ്റേറ്റ് അഥോറിറ്റിയിൽ വിശ്വാസം കൂടും. അവർ പരാതികളായി എത്തും. ഇത് കേരളത്തിലെ തട്ടിപ്പുകാരായ മുഴുവൻ ബിൽഡർമാർക്കും തലവേദനയായി മാറും. ഈ സാഹചര്യത്തിലാണ് ആർടെകിനെതിരായ ഈ വിധിയുടെ പ്രസക്തി.
കേരളാ മുൻസിപ്പാലിറ്റി ബിൽഡിങ് ആക്ടിന്റെ നഗ്നമായ ലംഘനമാണ് പാറ്റൂരിൽ ഉണ്ടായിരിക്കുന്നത്. ഇതിനൊപ്പം ഫയർ എൻഒസിക്ക് വേണ്ട നിയമങ്ങളും ലംഘിക്കപ്പെട്ടു. തന്ത്രപരമായാണ് ഇത്തരം അട്ടിമറികൾ പാറ്റൂരിൽ നടന്നത്. നേരത്തെ പുറമ്പോക്ക് ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് വിവാദത്തിൽ പെട്ട ഫ്ളാറ്റ് നിർമ്മാതാക്കൾ എല്ലാ അർത്ഥത്തിലും ഫ്ളാറ്റ് വാങ്ങിയവരെ വഞ്ചിച്ചുവെന്നാണ് പുറത്തു വരുന്ന സൂചനകൾ. ഇതാണ് കേരളാ റിയൽ എസ്റ്റേറ്റ് അഥോറിറ്റിയിൽ നടക്കുന്ന നിയമ പോരാട്ടവും ശ്രദ്ധേയമാക്കുന്നത്. ഇവിടെ താമസിക്കുന്ന ആർക്കും ഫ്ളാറ്റിൽ അവകാശ സർട്ടിഫിക്കറ്റ് പൂർണ്ണതോതിൽ കിട്ടിയിട്ടില്ല. വസ്തു പോക്കവരവ് നടത്തി ആധാരം നൽകിയതുമില്ല. ഇതാണ് പ്രതിസന്ധിക്ക് കാരണം. ഈ കെട്ടിടങ്ങൾ പണിതത് വായ്പ എടുത്ത ഭൂമിയിലാണ്. ഈ ഭൂമിയുടെ രേഖകൾ പണയം വച്ചാണ് വായ്പ എടുത്തത്. ഇതുകൊണ്ടാണ് അധാരം നൽകാൻ കഴിയാത്തത്. ഇതിന് വേണ്ടി നടത്തിയ നിയമപോരാട്ടത്തിൽ ഫ്ളാറ്റ് വാങ്ങിയവരുടെ വാദങ്ങൾ ഏതാണ്ട് അംഗീകരിക്കുകയാണ് അഥോറിറ്റി.
ഒരു സ്ക്വയർഫീറ്റ് സ്ഥലത്ത് നാല് സ്ക്വയർഫീറ്റ് കെട്ടിടം പണിയാനാണ് കേരളാ മുൻസിപ്പാലിറ്റി ബിൽഡിങ് ചട്ടം അനുമതി നൽകുന്നത്. പാറ്റൂരിലെ ആർടെകിന്റെ പ്രോജക്ടിൽ 2.76 ലക്ഷം സ്ക്വയർഫീറ്റ് കെട്ടിടമുണ്ട്. നിലവിലെ ചട്ടപ്രകാരം എത്രയും കെട്ടിടം പണിക്ക് 1.58 ഏക്കർ ഭൂമി ആവശ്യമാണ്. എന്നാൽ പാറ്റൂരിൽ നിയമ പ്രകാരമുള്ളത് 97.5 സെന്റും. ഇത് നഗ്നമായ നിയമ ലംഘനമാണ്. ആദ്യം ഫ്ളാറ്റ് കെട്ടാനാണ് അനുമതി വാങ്ങിയത്. അതിന് ശേഷം സെൻട്രൽ മാളും പണിതു. ഇതു വന്നതോടെയാണ് കേരളാ മുൻസിപ്പാലിറ്റി ബിൽഡിങ് ചട്ടത്തിലെ വ്യവസ്ഥ ലംഘിക്കപ്പെട്ടത്. അല്ലെങ്കിൽ ഫ്ളാറ്റ് നിർമ്മാണത്തിന് വേണ്ട സ്ഥലം അവിടെ ഉണ്ടായിരുന്നു. സെൻട്രൽ മാൾ പൊളിച്ചു കളഞ്ഞാൽ മാത്രമേ ചട്ടപ്രകാരം ആളുകൾ താമസിക്കുന്ന ഫ്ളാറ്റ് സമുച്ഛയത്തിന് അനുമതി കിട്ടൂവെന്നതാണ് വസ്തുത. ഈ വിഷയത്തിൽ ഉടമസ്ഥർ നിയമപോരാട്ടം നടത്തുമെന്നതിനാൽ സെൻട്രൽ മാളിന്റെ ഭാവി തന്നെ പ്രതിസന്ധിയിലാണ്.
ഫ്ളാറ്റ് കെട്ടിയ ശേഷം മാൾ കെട്ടി. ഇതിന് രണ്ടിനും ഇടയിൽ അഞ്ചര മീറ്റർ വിടുകയും ചെയ്തു. ഫയർ എക്സിറ്റിന് വേണ്ടിയായിരുന്നു ഇത്. എന്നാൽ കെട്ടിടം പണിത ശേഷം ഫ്ളാറ്റിനോട് ചേർന്ന് താൽകാലിക സംവിധാനം ഒരുക്കി ഫയർ എക്സിറ്റ് സെൻട്രൽ മാളിന് മാത്രമായി. അങ്ങനെ നോക്കിയാൽ നിലവിൽ ഒരു വശത്ത് ഫ്ളാറ്റിന് ഫയർ എക്സിറ്റ് ഇല്ല. മാളിന് ഉണ്ട്. ഇക്കാര്യവും അഥോറിറ്റിയിൽ ഉടമകൾ ഉയർത്തി. ഇത് വിശദമായി പരിശോധിച്ച ശേഷമാണ് ഫയർ എക്സിറ്റ് ഫ്ളാറ്റിന് നൽകണമെന്ന നിലപാടിൽ അഥോറിറ്റി എത്തുന്നത്. അങ്ങനെ ഫയർ എക്സിറ്റ് ഫ്ളാറ്റിന് ആകുമ്പോൾ സെൻട്രൽ മാളിന് ഫയർ എക്സിറ്റും ഇല്ലാതെയാകും. അതായത് പ്രത്യക്ഷത്തിൽ കേരളാ മുൻസിപ്പാലിറ്റി ബിൽഡിങ് ചട്ടവും ഫയർ എൻഒസി നിയമവും ലംഘിക്കപ്പെടുന്നു. ഓരോ അഞ്ചു കൊല്ലവും ഫ്ളാറ്റിന് ഫയർ എൻ ഒ സി എടുക്കണം. അങ്ങനെ വരുമ്പോൾ അടുത്ത പരിശോധനയിൽ ഏതെങ്കിലും ഒന്നിന് അംഗീകാരം നഷ്ടമാകും.
ഹൈക്കോടതിയിൽ അടക്കം പല കേസുകൾ പാറ്റൂരിലെ ആർടെക് ഫ്ളാറ്റുമായി ഉണ്ടായിരുന്നു. ഇതിൽ നൽകിയ സത്യവാങ്മൂലമാണ് ഈ കേസിൽ നിർണ്ണായകമായത്. ഭൂമിയുടെ യഥാർത്ഥ രേഖകൾ കോടതിയിലാണെന്ന് അവർ സമ്മതിക്കുന്നു. അതായത് ഫ്ളാറ്റിൽ താമസം തുടങ്ങിയവർക്ക് അതിന്റെ അധികാരവും അവകാശവും നൽകിയിട്ടില്ലെന്ന് വ്യക്തമാണ്. ലക്ഷങ്ങളും കോടികളും മുടക്കി ഫ്ളാറ്റ് വാങ്ങിയവർക്ക് അഭയാർത്ഥികളായി ഇവിടെ കഴിയേണ്ടി വരുന്നു. വാട്ടർ അഥോറിട്ടിയുടെ കുടിവെള്ള കണക്ഷനും ഈ ഫ്ളാറ്റിൽ ലഭ്യമല്ല. വൈദ്യുതി കണക്ഷൻ ഉണ്ടെങ്കിലും അത് ഫ്ളാറ്റ് ബിൽഡറുടെ പേരിലാണ്. ഈ സാഹചര്യത്തിലാണ് റെഗുലേറ്ററി അഥോറിറ്റിയുടെ ഇടപെടൽ. എത്രയും വേഗം ഫ്ളാറ്റ് ആധാരമാക്കി കൊടുക്കാനാണ് നിർദ്ദേശം. വിശദമായ റിപ്പോർട്ട് ബിൽഡറായ അശോക് അഥോറിറ്റിയിൽ സമർപ്പിക്കേണ്ടതുമുണ്ട്.
കാർ പാർക്കിൽ വെള്ളം, കുടിവെള്ളമില്ല, ഗ്യാസ് പൈപ്പ് ലൈനിന്റെ നിലവരാമില്ലായ്മ, ഇന്റർലോക്കിലെ പോരായ്മ തുടങ്ങിയവയെല്ലാം പരിഹരിക്കാനും നിർദ്ദേശിച്ചു. ഈ വിഷയത്തിൽ ഫ്ളാറ്റിൽ താമസിക്കുന്നവർ ഉന്നയിച്ച പ്രശ്നങ്ങളോടെല്ലാം അനുകൂല തീരുമാനമാണ് അഥോറിറ്റി എടുക്കുന്നത്. ഇതിൽ കേരളാ മുൻസിപ്പൽ ബിൽഡിങ് നിയമത്തിന്റെ ലംഘനത്തിൽ അവർ നിലപാട് എടുക്കുന്നില്ല. ഇതിന് മുൻസിപ്പൽ നിയമ ലംഘനവുമായി ബന്ധപ്പെട്ട ജ്യുഡീഷ്യൽ സംവിധാനങ്ങളെ സമീപിക്കണമെന്നാണ് ആവശ്യം. അങ്ങനെ ഈ സംവിധാനവും ഇതിലെ വസ്തുതകൾ തിരിച്ചറിഞ്ഞാൽ സെൻട്രൽ മാൾ പൊളിക്കേണ്ടി വരുമെന്ന് ഉറപ്പാണ്. താമസക്കാരുമായുണ്ടാക്കിയ കരാറിൽ ആകെ 98 സെന്റ് മാത്രമേ ഇവിടെയുള്ളൂവെന്ന് ആർടെക് ഗ്രൂപ്പ് സമ്മതിച്ചിട്ടുണ്ട്.
ഫ്ളാറ്റ് നിർമ്മിക്കാൻ അനുമതി വാങ്ങിയ ശേഷം ഇതേ സ്ഥലത്തിന്റെ ബാക്കി ഭാഗത്ത് സെൻട്രൽ മാൾ പണിതതാണ് ഈ ചട്ട ലംഘനത്തിന് കാരണമെന്ന് നിയമ പോരാട്ടത്തിന് നേതൃത്വം കൊടുക്കുന്നവർ മറുനാടനോട് പറഞ്ഞു. സെൻട്രൽ മാൾ പൊളിച്ചു കളഞ്ഞാൽ ഈ പ്രതിസന്ധി പരിഹരിക്കപ്പെടും. ഇതിനൊപ്പം ഫയർ എക്സിറ്റ് ഏര്യയും ഫ്ളാറ്റിനാണെന്ന നിലപാടും മാളിന്റെ നിലനിൽപ്പിന് തടസ്സമാണ്. എംപയർ ഓണേഴ്സ് വെൽഫയർ അസോസിയേഷനാണ് അഥോറിറ്റിയിൽ നിയമ പോരാട്ടം നടത്തിയത്. ഒൻപതു പേരായിരുന്നു ഹർജി നൽകിയത്. ആർടെക് ഉടമ ടി എസ് അശോകനും മകൾ അപർണ്ണാ നായരും അടക്കമുള്ളവരായിരുന്നു എതിർ കക്ഷികൾ. തിരുവനന്തപുരം കോർപ്പറേഷനും എതിർ കക്ഷിയായിരുന്നു.
പാറ്റൂരിൽ ആർടെക് ഫ്ളാറ്റ് നിർമ്മാണത്തിന് കൈയേറിയ 4.356 സെന്റ് ഭൂമികൂടി തിരിച്ചുപിടിക്കാൻ സർക്കാരിന് ലോകായുക്തയുടെ നിർദ്ദേശം നേരത്തെ കിട്ടിയിരുന്നു. നേരത്തെ 12.279 സെന്റ് ഭൂമി ലോകായുക്ത ഉത്തരവ് പ്രകാരം തിരിച്ചുപിടിച്ചിരുന്നു. ഇതിനു പിന്നാലെ വിശദമായ തെളിവെടുപ്പും ഹിയറിങ്ങും നടത്തിയാണ് 4.356 സെന്റ് പുറമ്പോക്കുഭൂമികൂടി പിടിച്ചെടുക്കാൻ ഉത്തരവിറക്കിയത്. ഇതോടെ 16.635 സെന്റ് പുറമ്പോക്കുഭൂമി ആർടെക് ഗ്രൂപ്പ് കൈയേറിയെന്ന് തെളിഞ്ഞിരുന്നു. യുഡിഎഫ് സർക്കാരിന്റെ കാലത്താണ് സർക്കാർ ഭൂമി കൈയേറി പാറ്റൂരിൽ ഫ്ളാറ്റ് നിർമ്മിച്ചത്. 2014ലാണ് പാറ്റൂരിൽ സർക്കാർ പുറമ്പോക്ക് കൈയേറി ആർടെക് ഫ്ളാറ്റ് നിർമ്മിച്ചെന്നു കാട്ടി ജോയ് കൈതാരം ലോകായുക്തയെ സമീപിച്ചത്. പ്രാഥമിക അന്വഷണം നടത്തിയ ലോകായുക്ത നിർമ്മാണം സ്റ്റേ ചെയ്തു. ഇതിനെതിരെ നിർമ്മാതാക്കൾ ഹൈക്കോടതിയെ സമീപിച്ച് നിർമ്മാണം തുടരാനുള്ള അനുമതി നേടി.
പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി അന്നത്തെ വിജിലൻസ് എഡിജിപി ജേക്കബ് തോമസിനെ അന്വേഷണ ഉേദ്യാഗസ്ഥനായി ലോകായുക്ത നിയമിച്ചു. അദ്ദേഹത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വഷണം അവസാനിപ്പിച്ച് കേസ് ഫയലിൽ സ്വീകരിച്ച് എതിർകക്ഷികൾക്ക് നോട്ടിസ് അയച്ചു. തുടർന്ന് ഇടക്കാല ഉത്തരവിലൂടെ ലോകായുക്ത 12.279 സെന്റ് സ്ഥലം ഫ്ളാറ്റ് നിർമ്മാതാക്കളിൽനിന്ന് പിടിച്ചെടുക്കാൻ ഉത്തരവിട്ടിരുന്നു. പിന്നീച് സർക്കാർ സെറ്റിൽമെന്റ് രജിസ്റ്റർ പ്രകാരം കൂടുതൽ ഭൂമി കൈയേറിയെന്നു കാണിച്ച് ലോകായുക്തയിൽ ഉപഹർജി നൽകിയിരുന്നു. ഇതിന്റെ ഭാഗമായി സമർപ്പിച്ച രേഖകളിൽനിന്ന് കൈയേറ്റത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. ഈ ഫ്ളാറ്റാണ് വീണ്ടും വിവാദത്തിൽ കുടുങ്ങുന്നത്.
മറുനാടന് മലയാളി ബ്യൂറോ