- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വർണം പണയം വെയ്ക്കാനെത്തുന്നവർക്ക് കൃത്യമായി തുക നൽകും; ലഭിച്ച സ്വർണത്തിന്റെ അളവ് കൂട്ടിക്കാണിച്ച് കൂടുതൽ തുക എഴുതിയെടുത്ത് പോക്കറ്റിലാക്കും; സൂത്രധാരനായത് മിനി മുത്തൂറ്റ് നിധി ലിമിറ്റഡിന്റെ പാലാ ശാഖാ മാനേജർ; സ്ഥാപനത്തിന്റെ പരാതിയിൽ അരുൺ അഴിക്കുള്ളിൽ
പാലാ: സ്വർണപ്പണയവായ്പ ഇടപാടുകളിൽ ക്രമക്കേടുകൾ നടത്തി ഒരുകോടിയിൽപ്പരം രൂപ തട്ടിയെടുത്തത് തന്ത്രങ്ങളിലൂടെ. മിനി മുത്തൂറ്റ് നിധി ലിമിറ്റഡിന്റെ പാലാ ശാഖാ മാനേജർ കാഞ്ഞിരപ്പള്ളി വലിയപറമ്പിൽ അരുൺ സെബാസ്റ്റ്യന്റെ തട്ടിപ്പ് കണ്ടെത്തിയത് കമ്പനി ഓഡിറ്റിലാണ്.
പത്ത് ബ്രാഞ്ചിന്റെ സോണൽ ഹെഡ് കൂടിയായിരുന്നു അരുൺ. കമ്പനി ഓഡിറ്റിങ്ങിൽ തട്ടിപ്പ് പുറത്തായതിനെത്തുടർന്ന് ഒളിവിലായിരുന്നു. കമ്പനിയുടെ സമ്മർദ്ദത്തെ തുടർന്നായിരുന്നു അറസ്റ്റ്. തന്ത്രപരമായിട്ടായിരുന്നു മുത്തൂറ്റിനെ പറ്റിച്ചത്. സ്ഥാപനത്തിലെ മറ്റുരണ്ട് ജീവനക്കാരുടെ സഹായത്തോടെയായിരുന്നു തട്ടിപ്പെന്ന് പൊലീസ് പറഞ്ഞു. ഇവർക്കെതിരേയും കേസെടുത്തിട്ടുണ്ട്. ഇവരേയും പിടികൂടും. തട്ടിപ്പിന്റെ സൂത്രധാരൻ അരുൺ തന്നെയായിരുന്നു.
സ്വർണം പണയം വെയ്ക്കാനെത്തുന്നവർക്ക് കൃത്യമായി തുക നൽകും. എന്നാൽ ലഭിച്ച സ്വർണത്തിന്റെ അളവ്, രേഖകളിൽ കൂട്ടിക്കാണിച്ച് അതിനുള്ള തുക എഴുതിയെടുക്കും. ഇതിനൊപ്പം ഇടപാടുകാർ നൽകുന്ന തിരിച്ചറിയൽ രേഖ ഉപയോഗിച്ച് പുതിയ പണയ ഇടപാട് നടത്തുകയും ചെയ്തു. കോവിഡ് ലോക്ഡൗൺകാലത്ത് സ്ഥാപനത്തിൽ പരിശോധനയില്ലാതിരുന്നതിന്റെ മറവിലായിരുന്നു തട്ടിപ്പ്.
തിരിമറി കണ്ടെത്തിയതോടെ, സ്ഥാപനത്തിന്റെ അധികൃതർ പാലാ പൊലീസിൽ പരാതി നൽകുകയായിരുന്നു. പാലാ ഡിവൈ.എസ്‌പി. സാജു വർഗീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ്, കാഞ്ഞിരപ്പള്ളിയിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
മറുനാടന് മലയാളി ബ്യൂറോ