- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സ്റ്റാൻ സ്വാമിയെ ഇഞ്ചിഞ്ചായി കൊലപ്പെടുത്തി; നമ്മൾ ജനാധിപത്യമെന്ന് വിളിക്കുന്ന എല്ലാത്തിനെയും കൊലപ്പെടുത്തുന്നതിന്റെ തെളിവാണിത്; നമ്മളെ ഭരിക്കുന്നത് ചെകുത്താന്മാരാണ്; അവർ ഈ മണ്ണിന് മേൽ ശാപം വിതച്ചിരിക്കുകയാണ്'; പ്രതികരണവുമായി അരുന്ധതി റോയ്
ന്യൂഡൽഹി: മനുഷ്യാവകാശ പ്രവർത്തകൻ സ്റ്റാൻ സ്വാമിയുടെ മരണത്തിൽ പ്രതികരണവുമായി എഴുത്തുകാരി അരുന്ധതി റോയ്. ഫാ. സ്റ്റാൻ സ്വാമിയെ ഇഞ്ചിഞ്ചായി കൊലപ്പെടുത്തുകയായിരുന്നു. നമ്മൾ ജനാധിപത്യമെന്ന് വിളിക്കുന്ന എല്ലാത്തിനെയും അത്ര പതുക്കെയല്ലാതെ തന്നെ കൊലപ്പെടുത്തുന്നതിന്റെ തെളിവാണിതെന്നും അരുന്ധതി റോയ് ആരോപിച്ചു. ഓൺലൈൻ മാധ്യമമായ ദ സ്‌ക്രോളിലായിരുന്നു അരുന്ധതി റോയിയുടെ പ്രതികരണം.
ഭീമ കൊറേഗാവ് കേസിൽ കുറ്റാരോപിതനായ റോണ വിൽസന്റെ കംപ്യൂട്ടർ ഹാർഡ് ഡിസ്‌കിൽ നിന്നും കണ്ടെടുത്തുവെന്ന് എൻ.ഐ.എ. പറയുന്ന തെളിവുകൾ മാൽവെയർ ഉപയോഗിച്ച് കൃത്രിമമായി കയറ്റിയതാണെന്ന് ഫോറൻസിക് അനാലിസിൽ തെളിഞ്ഞിരുന്നു. ഇത് അന്താരാഷ്ട്ര മാധ്യമമായ വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തെങ്കിലും മുഖ്യധാരാ മാധ്യമങ്ങൾ അവഗണിച്ചുവെന്നും അരുന്ധതി റോയ് പറഞ്ഞു.
'ഫാദർ സ്റ്റാൻ സ്വാമിയെ ഇഞ്ചിഞ്ചായി കൊലപ്പെടുത്തി. എന്നാൽ അത് നമ്മൾ ജനാധിപത്യമെന്ന് വിളിക്കുന്ന എല്ലാത്തിനെയും അത്ര പതുക്കെയല്ലാതെ തന്നെ കൊലപ്പെടുത്തുന്നതിന്റെ തെളിവാണ്. നമ്മളെ ഭരിക്കുന്നത് ചെകുത്താന്മാരാണ്. അവർ ഈ മണ്ണിന് മേൽ ശാപം വിതച്ചിരിക്കുകയാണ്,' അരുന്ധതി റോയ് പറഞ്ഞു.
സ്റ്റാൻ സ്വാമി മരിച്ചത് ഭീമ കൊറേഗാവ് കേസിൽ 16 കുറ്റാരോപിതരിൽ ഒരാളായിട്ടാണ്. അദ്ദേഹത്തിന്റെ മരണത്തിൽ ജുഡീഷ്യറിക്കും, പൊലീസിനും ഇന്റലിജൻസ് സർവീസിനും ഈ ജയിൽ വ്യവസ്ഥയ്ക്കും മുഖ്യധാരാ മാധ്യമങ്ങൾക്കുമൊക്കെ പങ്കുണ്ടെന്നും അരുന്ധതി റോയ് ആരോപിച്ചു.
യു.എ.പി.എ. എന്ന നിയമം ദുരുപയോഗം ചെയ്യുകയല്ല ഇവിടെ ചെയ്യുന്നത്, സത്യത്തിൽ ഈ നിയമം ഉണ്ടാക്കിയതേ സർക്കാരിന് നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ പേര് പറഞ്ഞ്, രാജ്യത്തെ മികച്ച അഭിഭാഷകരെയും ബുദ്ധി ജീവികളെയും ആക്ടിവിസ്റ്റുകളെയും, ഒന്നുകിൽ അവരെ വർഷങ്ങളോളമോ, അല്ലെങ്കിൽ അസുഖം വന്ന് മരിക്കുന്നത് വരെയോ ജയിലിൽ ഇടാൻ വേണ്ടിയാണെന്നും അരുന്ധതി റോയ് പ്രതികരിച്ചു.
സ്റ്റാൻ സ്വാമിയുടെ മരണത്തിൽ ഭീമ കൊറേഗാവ് കേസിലെ കുറ്റാരോപിതർ കഴിഞ്ഞ ദിവസം നിരാഹാര സമരം ഇരുന്നിരുന്നു.എൽഗാർ പരിഷദ് കേസിൽ അറസ്റ്റിലായ റോണ വിൽസൺ, സുരേന്ദ്ര ഗാഡ്‌ലിങ്, സുധീർ ധവാലെ, മഹേഷ് റാവത്ത്, അരുൺ ഫരേറിയ, വെർണൻ ഗോൺസാൽവസ്, ആനന്ദ് തെൽതുദെ, രമേശ് ഗായിചോർ, സാഗർ ഗോർഖെ, ഗൗതം നവ്‌ലാഖ എന്നിവരാണ് തലോജ ജയിലിൽ ബുധനാഴ്ച നിരാഹാരമിരുന്നത്.
ജൂലൈ അഞ്ചിനാണ് സ്റ്റാൻ സ്വാമി ബാന്ദ്രയിലെ ഹോളി ഫാമിലി ആശുപത്രിയിൽ വെച്ച് മരണപ്പെടുന്നത്. അദ്ദേഹത്തിന്റെ ജാമ്യാപേക്ഷയിൽ ബോംബെ ഹൈക്കോടതി വാദം കേൾക്കാനിരിക്കെയായിരുന്നു അന്ത്യം.
ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്ന സ്റ്റാൻ സ്വാമിയുടെ ജാമ്യ ഹരജി അടിയന്തരമായി പരിഗണിക്കണമന്ന് ആവശ്യപ്പെട്ട് അഭിഭാഷകർ തിങ്കളാഴ്ച രാവിലെ ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും വാദം ചൊവ്വാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.
ജാമ്യഹരജിക്ക് പുറമെ അറസ്റ്റിലായവരുടെ മൗലികാവകാശങ്ങൾ ലംഘിക്കുന്ന യു.എ.പി.എയിലെ വകുപ്പുകൾക്കെതിരെ കഴിഞ്ഞ ദിവസം സ്റ്റാൻ സ്വാമി ഹരജി നൽകിയിരുന്നു.
മുബൈ തലോജ ജയിലിൽ നിന്ന് സ്റ്റാൻ സ്വാമിയെ മെയ് 28നാണ് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. ഭീമ കൊറേഗാവ് ജാതി സംഘർഷവുമായി ബന്ധപ്പെട്ട് 2020 ഒക്ടോബർ എട്ടിനാണ് സ്റ്റാൻ സ്വാമിയെ ഝാർഖണ്ഡിൽ വെച്ച് എൻ.ഐ.എ. അറസ്റ്റ് ചെയ്യുന്നത്.
ന്യൂസ് ഡെസ്ക്