സെക്കന്തരാബാദ്: ഓർമ നഷ്ടമായി സെക്കന്തരാബാദിൽ നിന്നും കേരളത്തിലെത്തി അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന ബീഹാർ സ്വദേശിനി ആശാദേവി (30)യെ തിരികെ ഭർത്താവിനും മക്കൾക്കും ഏൽപ്പിച്ചു കൊടുത്ത് അടൂർ മഹാത്മാ ജനസേവന കേന്ദ്രം. ശൂന്യമായ ഓർമയും താളം തെറ്റിയ മനസുമായി അലഞ്ഞു നടന്ന ആശാദേവിയെ അടൂർ മഹാത്മാ ജനസേവന കേന്ദ്രത്തിലെത്തിച്ചത് നൂറനാട് പൊലീസായിരുന്നു. മഹാത്മയിലെ പരിചരണത്തിൽ ആശയ്ക്ക് ഓർമ തിരിച്ചു കിട്ടി. അവരെ ഭർത്താവിനും മക്കൾക്കും അരികിലേക്ക് തിരികെ എത്തിച്ചിരിക്കുകയാണ് മഹാത്മാ ജനസേവന കേന്ദ്രം.

നൂറനാട് ഭാഗത്ത് രാത്രിസമയത്ത് പരസ്പര വിരുദ്ധമായി സംസാരിച്ച്, ഒറ്റപ്പെട്ട നിലയിൽ കണ്ടെത്തിയ ആശയെ ഇൻസ്പെക്ടർ വി. ആർ. ജഗദീഷ്, എഎസ്ഐ. പുഷ്പശോഭൻ, ജനമൈത്രിബീറ്റ് ഓഫീസർ ആർ. രജനി, പാലമേൽപഞ്ചായത്ത് പ്രസിഡന്റ് വി. വിനോദ് എന്നിവർ ചേർന്നാണ് കഴിഞ്ഞ എട്ടിനാണ് മഹാത്മയിൽ എത്തിച്ചത്.

ഇവിടുത്തെ പരിചരണവും സംരക്ഷണവും നിമിത്തം ആശാദേവിയുടെ ഓർമ തിരികെ ലഭിച്ചു. ആരോഗ്യവതിയായപ്പോൾ തന്റെ മേൽവിലാസവും ജീവിത സാഹചര്യവും ആശ വെളിപ്പെടുത്തി. ബീഹാറിലെ ഗ്രാമഭാഷ സംസാരിക്കുന്ന ഇവരിൽ നിന്നും വ്യക്തമായ വിവരങ്ങൾ മനസിലാക്കാൻ കഴിഞ്ഞില്ല. എങ്കിലും കിട്ടിയ വിവരങ്ങൾ വച്ച് പാറ്റ്ന ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ അന്വേഷണം നടത്തി. ഒടുവിൽ ഭഗവൻപൂർ പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ സഞ്ജയ്കുമാർ ഇവരുടെ ഗ്രാമം തിരിച്ചറിഞ്ഞു.

ബീഹാർ വനമേഖലയിലെ ഉൾഗ്രാമമായ കൈമൂർ സ്വദേശിനിയായിരുന്ന ആശാദേവി. ഭർത്താവ് കമലേഷ് ബിന്ദ് സെക്കന്തരാബാദിലെ ഇബ്രാഹിം പട്ടണത്തിനടുത്ത് ബംഗ്ളൂര് എന്ന സ്ഥലത്ത് മഹീന്ദ്രറൈസ് മില്ലിലെ തൊഴിലാളിയാണ്. കരിഷ്മ (എട്ട്), രെതിക (നാല്) എന്നിങ്ങനെ രണ്ടു മക്കൾ. പൊലീസ് ഫോൺനമ്പർ തന്നതിനെ തുടർന്ന് കമലേഷുമായി സംസാരിച്ച് വിവരങ്ങൾ അറിഞ്ഞു.

ഒന്നരമാസമായി ആശാദേവിയെ കാണാതായിട്ട്. സെക്കന്തരാബാദിലെ ജോലിസ്ഥലത്ത് ഭർത്താവുമായി ഒരുമിച്ച് കഴിഞ്ഞിരുന്നതാണ്. എങ്ങനെയോ ഉണ്ടായ ഓർമ്മക്കുറവിലാണ് അലഞ്ഞ് തിരിഞ്ഞ് കേരളത്തിലെത്തിയത്. ദുഃഖത്തിലായ മക്കളുമായി ജോലിക്കു പോലും പോകാനാവാതെ കമലേഷ് കഴിയുകയായിരുന്നു. അമ്മയുടെ അസാന്നിധ്യം ഏറെ ബാധിച്ചത് ഇളയ മകളെയായിരുന്നു. ആയതിനാൽ ആശാദേവിയുടെ അനുജത്തി ഇളയ കുട്ടിയെ കൂട്ടിക്കൊണ്ടുപോയിരുന്നു.

മൂത്തമകൾ വീഴ്ചപറ്റി കാലിന് പരുക്കേറ്റ് കഴിയുന്നതിനാൽ ഒറ്റയ്ക്കാക്കി കേരളത്തിലേക്ക് വരാൻ കമലേഷിന് കഴിയില്ലായിരുന്നു. ഇതോടെ മഹാത്മ ജനസേവനകേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ലയും സെക്രട്ടറി പ്രീഷിൽഡയും ചേർന്ന് ഇവരെ സെക്കന്തരാബാദിലെ വീട്ടിലെത്തിച്ചു. മകൾ പൊട്ടിക്കരഞ്ഞ് കൊണ്ടാണ് അമ്മയെ സ്വീകരിച്ചത്. കമ്പനി ജീവനക്കാരും നാട്ടുകാരും മഹാത്മജന സേവനകേന്ദ്രം ഭാരവാഹികൾക്ക് നന്ദി അറിയിച്ചു.