- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സുപ്രീംകോടതി വടിയെടുത്തതോടെ മന്ത്രിപുത്രൻ ഹാജർ! കർഷകരെ വാഹനം ഇടിച്ചുകയറ്റി കൊലപ്പെടുത്തിയ കേസിൽ ആശിഷ് മിശ്ര ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തി; അറസ്റ്റു ചെയ്തേക്കും
ലഖ്നൗ: ഉത്തർപ്രദേശിലെ ലഖിംപൂരിൽ കർഷകരെ വാഹനം ഇടിച്ചുകയറ്റി കൊലപ്പെടുത്തിയ കേസിൽ ആരോപണ വിധേയനും കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനുമായ ആശിഷ് മിശ്ര ചോദ്യം ചെയ്യലിനായി പൊലീസിന് മുന്നിൽ ഹാജരായി. മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച് പിൻവശത്തെ ഗേറ്റ് വഴിയാണ് ആശിഷ് മിശ്ര ലഖിംപൂരിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിയത്.
ആശിഷ് മിശ്രയെ ചോദ്യം ചെയ്യാനായി ഡിഐജി ഉപേന്ദ്ര അഗർവാൾ അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയിരുന്നു. കൊലപാതകം, കലാപമുണ്ടാക്കൽ തുടങ്ങി എട്ടു വകുപ്പുകൾ ചുമത്തിയാണ് ആശിഷിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ചോദ്യം ചെയ്യലിന് ശേഷം ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്യുമെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സൂചിപ്പിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ആശിഷ് മിശ്രയുടെ അടുത്ത അനുചരന്മാരായ ആശിഷ് പാണ്ഡെ, ലവ് കുശ എന്നിവരെ കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ലഖിംപൂർ ഖേരിയിൽ വാഹനം ഇടിച്ചുകയറി കർഷകർ അടക്കം എട്ടു പേരാണ് കൊല്ലപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതി ഇന്നലെ രൂക്ഷമായി വിമർശിച്ചിരുന്നു. കേസിൽ യോഗി ആദിത്യനാഥ് സർക്കാർ ഇതുവരെ സ്വീകരിച്ച നടപടികളിൽ തൃപ്തിയില്ലെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടു. കേസിലെ തെളിവുകളെല്ലാം സംരക്ഷിക്കാനും കോടതി ഉത്തർപ്രദേശ് ഡിജിപിക്ക് നിർദ്ദേശം നൽകി.
മറുനാടന് ഡെസ്ക്