ന്യൂഡൽഹി: കൂനൂരിലെ ഹെലികോപ്റ്റർ ദുരന്തത്തിൽ മരിച്ച ബ്രിഗേഡിയർ ലഖ്വിന്ദർ സിങ് ലിഡ്ഡറുടെ മകൾ ആഷ്‌ന ലിഡ്ഡർക്കു (17) നേരെ സൈബർ ആക്രമണം. ആഷ്‌ന മുൻപ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച രാഷ്ട്രീയ നിലപാടുകളുടെ ചുവടുപിടിച്ചായിരുന്നു ആക്രമണം. പിന്നാലെ ആഷ്‌നയെ പിന്തുണച്ച് നിരവധി പേർ രംഗത്തെത്തി. സംഘ പരിവാറുകാരാണ് ആക്രമണം നടത്തുന്നതെന്നാണ് ആരോപണം.

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമർശിച്ച് ആഷ്‌ന മുൻപ് ട്വീറ്റ് ചെയ്തിരുന്നു. തീവ്ര ഇടതുനിലപാടാണ് ആഷ്‌നയ്ക്കു എന്നു വാദിച്ചാണ് നിരവധി പേർ ട്വിറ്ററിൽ കമന്റുമായി രംഗത്തെത്തിയത്. ഒടുവിൽ ആഷ്‌ന ട്വിറ്റർ അക്കൗണ്ട് ഡീ ആക്ടിവേറ്റ് ചെയ്തു. ശിവസേന നേതാവ് പ്രിയങ്ക ചതുർവേദി, കോൺഗ്രസ് നേതാവ് കാർത്തി ചിദംബരം അടക്കമുള്ള പ്രമുഖർ ആഷ്‌നയെ പിന്തുണച്ചെത്തി.

ഹെലികോപ്റ്റർ ദുരന്തത്തിൽ ജീവൻ വെടിഞ്ഞ ധീര സേനാനിയായ അച്ഛന് തല ഉയർത്തിപ്പിടിച്ച് യാത്രാമൊഴിയേകിയ മകൾ ദുഷ്പ്രചാരണം സഹിക്ക വയ്യാതെ സ്വന്തം ട്വിറ്റർ അക്കൗണ്ട് മരവിപ്പിക്കേണ്ടി വന്നു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നടപടികളെ വിമർശിച്ച് മുമ്പ് ആഷ്ന ട്വിറ്ററിലൂടെ നടത്തിയ പരാമർശം കുത്തിപ്പൊക്കിയാണ് സൈബർ ആക്രമണമുണ്ടായത്. ബലാത്സംഗ ഭീഷണിയും തെറിവിളിയും ഉണ്ടായി.

ട്രോളുകൾ അസഹനീയമായതോടെ പെൺകുട്ടി ട്വിറ്റർ അക്കൗണ്ട് തൽക്കാലത്തേക്ക് മരവിപ്പിച്ചു. എൻഡിടിവി മാധ്യമപ്രവർത്തകൻ അരവിന്ദ് ഗുണശേഖറാണ് ഇക്കാര്യം ആദ്യം പുറത്തുകൊണ്ടുവന്നത്. പിന്നാലെ ആഷ്നയ്ക്ക് പിന്തുണയുമായി നിരവധി പേർ രംഗത്തെത്തുകയായിരുന്നു. സമകാലീന രാഷ്ട്രീയ സംഭവ വികാസങ്ങളോട് ശക്തമായി പ്രതികരിക്കുന്ന ആഷ്നയുടെ ആദ്യ കവിതാ സമാഹരം മാസങ്ങൾക്കുമുമ്പ് പുറത്തിറങ്ങിയിരുന്നു.

ജീവിതത്തിലെ ഏറ്റവും വലിയ വേദനയിലൂടെ കടന്നുപോകുമ്പോഴും ആഷ്‌ന ലിഡ്ഡർക്ക് സാമൂഹിക മാധ്യമങ്ങളിൽ നേരിടേണ്ടി വരുന്നത് അധിക്ഷേപമാണ്. രാഷ്ട്രീയ നിലപാടുകൾ കൃത്യമായി പറഞ്ഞുള്ള മുൻ ട്വീറ്റുകൾക്ക് നേരെയാണ് സൈബർ ആക്രമണം നടക്കുന്നത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രിയങ്ക ഗാന്ധിക്കെതിരായ വിമർശനത്തെ ചോദ്യം ചെയ്തതാണ് പ്രശ്‌ന കാരണം. ആഷ്‌നയുടേത് തീവ്ര ഇടത് നിലപാടാണെന്നതടക്കമുള്ള കമന്റുകളാണ് ഒരു വിഭാഗം ഉയർത്തുന്നത്. ഈ സാഹചര്യത്തിലാണ് ട്വിറ്റർ അക്കൗണ്ട് ആഷ്‌ന ഡീ ആക്ടിവേറ്റ് ചെയ്തത്.

അച്ഛന്റെ സംസ്‌കാരച്ചടങ്ങിനുശേഷം വാർത്താ ഏജൻസിയോട് ആഷ്ന പറഞ്ഞ ധീരമായ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ പതിനായിരങ്ങളാണ് ഏറ്റെടുത്തത്. മേജർ ജനറലായി സ്ഥാനക്കയറ്റം ലഭിക്കാനിരിക്കുന്ന ഉദ്യോഗസ്ഥനനായിരുന്നു ഹരിയാനയിലെ പഞ്ചക്കുളയിൽ നിന്നുള്ള ബ്രിഗേഡിയർ ലഖ്ബിന്ദർ സിങ് ലിഡർ. കഴിഞ്ഞ ഒരുവർഷത്തിലേറെയായി സംയുക്ത സേനാ മേധാവി വിപിൻ റാവത്തിന്റെ സ്റ്റാഫ് ആയി പ്രവർത്തിച്ചു വരികയായിരുന്നു ലഖ്ബിന്ദർ സിങ് ലിഡർ.

ജമ്മു കശ്മീർ റൈഫിൾസിന്റെ രണ്ടാം ബറ്റാലിയന്റെ കമാൻഡായിരുന്നു ബ്രിഗേഡിയർ എൽ എസ് ലിഡർ. അദ്ദേഹത്തിന് മേജർ ജനറലായി സ്ഥാനക്കയറ്റം ലഭിക്കാനുള്ള അനുമതി ലഭിച്ചിരുന്നു. താമസിയാതെ ഡിവിഷൻ ഓഫീസർ സ്ഥാനം ഏറ്റെടുക്കാനിരിക്കെയായിരുന്നു അപകടം. സേനാ മെഡൽ, വിശിഷ്ട സേവാ മെഡൽ എന്നിവ നൽകി അദ്ദേഹത്തെ രാജ്യം ആദരിച്ചിരുന്നു.

രാജ്യത്തിന് ഏറ്റവും മികച്ച, ധീരനായ ഓഫീസർമാരിൽ ഒരാളെ നഷ്ടപ്പെട്ടിരിക്കുന്നു, എനിക്ക് ഒരു സുഹൃത്തിനേയും. കരുതലുള്ള ഭർത്താവും പ്രിയപ്പെട്ട പിതാവുമായിരുന്നു എൽ.എസ് ലിഡറെന്നും മുൻ കേന്ദ്ര മന്ദ്രി രാജ്യവർധൻ സിങ് റാത്തോഡ് ട്വീറ്റ് ചെയ്തു.മകൾ ആഷ്‌ന ലിഡർ എഴുതിയ 'ഇൻ സെർച്ച് ഓഫ് എ ടൈറ്റിൽ: മ്യൂസിങ്‌സ് ഓഫ് എ ടീനേജർ' എന്ന പുസ്തകം നവംബർ 27ന് പ്രകാശനം ചെയ്തിരുന്നു. മകളുടെ നേട്ടത്തിൽ അദ്ദേഹം അഭിമാനിക്കുകയും പുസ്തകപ്രകാശന ചടങ്ങിൽ വളരെയധികം സംസാരിക്കുകയും ചെയ്തിരുന്നു. പ്രകാശന ചടങ്ങിൽ സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിന്റെ ഭാര്യ ഡോ. മധുലിക റാവത്തും പങ്കെടുത്തിരുന്നു.