പത്തനംതിട്ട: നാടിന്റെ ദാഹമകറ്റാൻ പൊലീസുദ്യോഗസ്ഥന്റെ മഹാദാനം. കുടിവെള്ള പദ്ധതിക്ക് വേണ്ടി നാലു സെന്റ് ഭൂമി വിട്ടു നൽകിയിരിക്കുന്നത് പെരുനാട് പൊലീസ് സ്റ്റേഷനിലെ എഎസ്ഐ റെജി തോമസ് മുക്കൂട്ടുമണ്ണിലാണ്.

ചിറ്റാർ ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡ് തെക്കേക്കരയിൽ ജലജീവൻ പദ്ധതിയുടെ ഭാഗമായി കുടിവെള്ളം എത്തിക്കാനുള്ള ബൂസ്റ്റർ പമ്പ് ഹൗസും ടാങ്കും നിർമ്മിക്കാനായി നാല് സെന്റ് ഭൂമിയാണ് സൗജന്യമായി വിട്ടു നൽകിയത്. ഭൂമി അളന്ന് തിട്ടപ്പെടുത്തി ആധാരം കഴിഞ്ഞദിവസം പഞ്ചായത്ത് അധികൃതർക്ക് കൈമാറി. ഒരിഞ്ചു ഭൂമി നാടിന്റെ വികസനത്തിനു നൽകാൻ മനുഷ്യർ വൈമനസ്യം കാണിക്കുന്ന കാലഘട്ടത്തിൽ ഈ പൊലീസുകാരന്റെ പ്രവർത്തി സേനയ്ക്കും നാടിനും അഭിമാനമായി മാറിയിരിക്കുകയാണ്. നാട്ടിലെ ജീവകാരുണ്യ സാമൂഹിക പ്രവർത്തനങ്ങളിലും റെജി തോമസ് സജീവമാണ് .

പഞ്ചായത്തിലെ ഏറ്റവുമധികം കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശമാണ് തെക്കേക്കര. വേനൽക്കാലത്ത് കിലോമീറ്ററുകൾ സഞ്ചരിച്ചാണ് ഈ പ്രദേശത്തുള്ളവർ കുടിവെള്ളം ശേഖരിക്കുന്നത്. പദ്ധതി യാഥാർഥ്യമാകുന്നതോടെ തെക്കേ കരയിലെ ഇരുന്നൂറിലധികം കുടുംബങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

കഴിഞ്ഞദിവസം ജല ജീവൻ പദ്ധതിയുടെ അധികൃതർ സ്ഥലം സന്ദർശിച്ചു. പദ്ധതി എത്രയും വേഗം പൂർത്തീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായി ഗ്രാമപഞ്ചായത്തംഗം ആദർശ് വർമ്മ പറഞ്ഞു.