താഷ്‌കെന്റ്: ഏഷ്യൻ ഭാരോദ്വഹന ചാമ്പ്യൻഷപ്പിൽ കുറിച്ച ലോക റെക്കോഡുമായി മുൻ ലോകചാമ്പ്യൻ മീരാബായി ചാനു ടോക്യോ ഒളിമ്പിക്സിന് യോഗ്യത നേടി. ക്ലീൻ ആൻഡ് ജർക്കിൽ 119 കിലോ ഭാരം ഉയർത്തിയാണ് പുതിയ ലോക റെക്കോഡ് സൃഷ്ടിച്ചത്. 118 കിലോയായിരുന്നു പഴയ റെക്കോഡ്.

സ്നാച്ചിൽ 89 കിലോയടക്കം മൊത്തം 205 കിലോഗ്രാം ഭാരം ഉയർത്തിയ ചാനുവിന് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ചാനു കരിയറിൽ ഉയർത്തുന്ന ഏറ്റവും കൂടിയ കമ്പൈൻഡ് ഭാരമാണിത്.

പുറംവേദന ഭീഷണിയാവുമോ എന്ന ആശങ്കകൾ നിലനിൽക്കെയാണ് അവിസ്മരണീയ നേട്ടവുമായി ഭാരോദ്വഹനവേദിയിലേക്ക് മീരാബായി തിരിച്ചുവരവ് ആഘോഷമാക്കിയത്.

സ്നാച്ചിലെ ആദ്യ രണ്ട് അവസരങ്ങളിലും 85 കിലോഗ്രാം ഭാരം ഉയർത്തുന്നതിൽ പരാജയപ്പെട്ട ചാനു മൂന്നാം ശ്രമത്തിലാണ് 86 കിലോ ഉയർത്തി വിജയിച്ചത്. ചാനുവിന്റെ പ്രകടനത്തെ കേന്ദ്ര കായിമന്ത്രി കിരൺ റിജിജു, മണിപ്പുർ മുഖ്യമന്ത്രി ബിരെൻ സിങ് എന്നിവർ അഭിനന്ദിച്ചു.

In her first international competition in more than a year, @mirabai_chanu makes a new national record of 205 kgs at the Asian Championships and won bronze medal. Her perfect clean and jerk lift of 119 kg is a new world record!
Target Olympic Podium Mirabai! pic.twitter.com/ohOSOWZ94P

- Kiren Rijiju (@KirenRijiju) April 18, 2021

സ്‌നാച്ചിൽ 96 ഉം ക്ലീൻ ആൻഡ് ജർക്കിൽ 117 ഉം അടക്കം മൊത്തം 213 കിലോഗ്രാം ഭാരം ഉയർത്തിയ ചൈനയുടെ ഹൗ ഷിഹുയിക്കാണ് ഈയിനത്തിൽ സ്വർണം. സ്നാച്ചിലെ ഭാരം പുതിയ ലോക റെക്കോഡാണ്. 207 കിലോഗ്രാം ഭാരം ഉയർത്തിയ ചൈനയുടെ തന്നെ ജിയാങ് ഹ്യുഹുവായ്ക്കാണ് വെള്ളി. മൂവരും ടോക്യോ ഒളിമ്പിക്സിന് യോഗ്യത നേടി.

എന്നാൽ, ചൈനയ്ക്ക് ഒളിമ്പികസിൽ ഒരാളെ മാത്രമേ ഈയിനത്തിൽ മത്സരിപ്പിക്കാൻ കഴിയൂ. 200 കിലോയിൽ കൂടുതൽ ഭാരം ഉയർത്തിയ മറ്റൊരു താരമായ റി സോങ് ഗും ഒളിമ്പിക്സിനുണ്ടാവില്ല. ഉത്തര കൊറിയ ഒളിമ്പിക്സിൽ നിന്ന് പിന്മാറിയതാണ് കാരണം. അതുകൊണ്ട് തന്നെ ഈ പ്രകടനം ആവർത്തിക്കാനായാൽ ചാനുവിന് ഒളിമ്പിക് മെഡൽ കൈയെത്തും ദൂരത്താണ്.