തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂർത്തിയായി.  73.58 ശതമാനം പോളിങ് നടന്നുവെന്നാണ് ഏറ്റവും ഒടുവിൽ കിട്ടിയ കണക്കുകൾ വ്യക്തമാക്കുന്നത്. വടക്കൻ ജില്ലകളിലാണ് ഉയർന്ന പോളിങ് രേഖപ്പെടുത്തിയത്.
77.9 ശതമാനവുമായി കോഴിക്കോടാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്. ഏറ്റവും കുറവ് പോളിങ് പത്തനംതിട്ടയിലാണ് 68.09 ശതമാനം.

എന്നാൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ പോളിംഗിനെ അപേക്ഷിച്ച് കുറവാണ്. 2016 ൽ 77.35 ശതമാനം പോളിംഗാണ് ഉണ്ടായത്. മെയ് മാസം രണ്ടിന് ആണ് വോട്ടെണ്ണലും ഫലപ്രഖ്യാപനവും.



കോഴിക്കോടിനു പിന്നാലെ കണ്ണൂർ, പാലക്കാട്, തൃശ്ശൂർ, എറണാകുളം ജില്ലകളിലും കൂടുതൽ പോളിങ് രേഖപ്പെടുത്തി. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലാണ് പോളിങ് കൂടുതൽ. വോട്ടെടുപ്പിന്റെ സമയം പൂർത്തിയായിട്ടും പല ബൂത്തുകളിലും നീണ്ട നിര ദൃശ്യമായിരുന്നു. ശക്തമായ ത്രികോണ പോരാട്ടം നടന്ന മഞ്ചേശ്വരം മണ്ഡലത്തിൽ റെക്കോർഡ് പോളിംഗാണ് രേഖപ്പെടുത്തിയത്. മഞ്ചേശ്വരത്ത് 76.61 ശതമാനം പോളിങ് നടന്നതായാണ് വിവരം. മഞ്ചേശ്വരത്ത് ഇതുവരെ നടന്നതിൽ ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പാണിത്. 2016ൽ 76.31 ശതമാനമായിരുന്നു പോളിങ്. കനത്ത ത്രികോണ മത്സരം നടക്കുന്ന നേമം, കഴക്കൂട്ടം, വട്ടിയൂർക്കാവ് മണ്ഡലങ്ങളിലും മികച്ച പോളിങ് നടന്നു.

വയനാട്, കാസർകോട് അടക്കമുള്ള ജില്ലകളിൽ ഇരുമുന്നണികളും പ്രതീക്ഷിച്ച പോലെ നിലവിൽ പോളിങ് നടന്നിട്ടില്ല. എന്നാൽ ഏഴ് മണി കഴിഞ്ഞും ക്യൂവിൽ നിൽക്കുന്നവർക്ക് ടോക്കൺ നൽകിയിട്ടുണ്ട്. ഇവരുടെ വോട്ടിങ് തീരുമ്പോൾ രാത്രിയോടെ പോളിങ് ഉയരും എന്നാണ് പ്രതീക്ഷിക്കുന്നത്.

വോട്ടെടുപ്പിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ചെറിയ തോതിൽ സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരം കഴക്കൂട്ടം കാട്ടായിക്കോണത്ത് രണ്ടുതവണ സിപിഎം.-ബിജെപി. സംഘർഷമുണ്ടായി. ഏറ്റുമുട്ടലിൽ അഞ്ച് ബിജെപി പ്രവർത്തകർക്ക് പരുക്കേറ്റു. രാവിലത്തെ സംഘർഷത്തിനു ശേഷം ഉച്ചകഴിഞ്ഞ് കാറിലെത്തിയ സംഘം സിപിഎം പ്രവർത്തകരെ മർദ്ദിക്കുകയായിരുന്നു. തടിച്ചുകൂടിയ സിപിഎം പ്രവർത്തകർ കാർ അടിച്ചുതകർത്തു. വീണ്ടും സംഘർഷം ഉണ്ടായതോടെ പൊലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തു.

ആറന്മുള ചുട്ടിപ്പാറയിൽ സിപിഎം, കോൺഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടി. തളിപ്പറമ്പ് ആന്തൂരിൽ യു.ഡി.എഫ്. സ്ഥാനാർത്ഥി വി.പി. അബ്ദുൾ റഷീദിനു നേരെ കൈയേറ്റമുണ്ടായെന്ന് പരാതി ഉയർന്നു. ബൂത്ത് ഏജന്റിന് മർദനമേറ്റു. വോട്ടു ചെയ്യാൻ കാത്തുനിൽക്കുന്നതിനിടെ നാലുപേർ കുഴഞ്ഞുവീണു മരിച്ചു

ഇടുക്കി നെടുങ്കണ്ടത്ത് ഇരട്ട വോട്ട് ചെയ്യാനെത്തിയെന്ന് ആരോപിച്ച് ഒരു സംഘം ആളുകളെ ബിജെപി. പ്രവർത്തകർ തടഞ്ഞുവെച്ചു. തമിഴ്‌നാട്ടിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മഷി മായ്ക്കുന്നതിനിടെയാണ് ഇവരെ പിടികൂടിയതെന്ന് ബിജെപി.-കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു. കമ്പംമേട്ടിലെത്തിയ വാഹനത്തിന് നേരെ കല്ലേറുണ്ടായി.

ഹരിപ്പാട് പതിയാങ്കരയിൽ കഴിഞ്ഞ ദിവസമുണ്ടായ തർക്കത്തിന്റെ തുടർച്ചയായി പ്രാദേശിക കോൺഗ്രസ് നേതാവിന്റെ വീട് ഒരു സംഘം ആക്രമിച്ചു. കണ്ടു നിന്നയാൾ കുഴഞ്ഞു വീണു മരിച്ചു. കോൺഗ്രസ് പ്രവർത്തകൻ മണിക്കുട്ടന്റെ അയൽവാസി ശാർങ്ഗധരൻ ആണ് മരിച്ചത്.

തന്നെ ബൂത്തിൽ കൈയേറ്റം ചെയ്യാൻ ശ്രമമുണ്ടായെന്ന് ബാലുശ്ശേരിയിലെ യു.ഡി.എഫ്. സ്ഥാനാർത്ഥി ധർമജൻ ബോൾഗാട്ടി ആരോപിച്ചു. ബൂത്തിൽ പ്രവേശിക്കാൻ അനുവദിക്കാതെ ഡി.വൈ.എഫ്‌ഐ. പ്രവർത്തകർ കൈയേറ്റം ചെയ്തുവെന്നാണ് ധർമജന്റെ ആരോപണം. ആറാട്ടുപുഴയിൽ വീണാ ജോർജിനെതിരെ കൈയേറ്റ ശ്രമവും അസഭ്യവർഷവും ഉണ്ടായി. കോൺഗ്രസ്- ബിജെപി പ്രവർത്തകരാണ് കയ്യേറ്റം ചെയ്തതെന്നാണ് സിപിഎം ആരോപണം

സംസ്ഥാനത്ത് പലയിടത്തു നിന്നും വോട്ടിങ് സംബന്ധിച്ച പരാതികൾ ഉയർന്നിട്ടുണ്ട്. കൊല്ലം, ഇടുക്കി, കണ്ണൂർ ജില്ലകളിൽ കള്ളവോട്ട് നടന്നതായി ആരോപണങ്ങളുണ്ട്. വോട്ട് ചെയ്യാൻ എത്തിയപ്പോൾ പോസ്റ്റൽ വോട്ട് ചെയ്തതായി രേഖപ്പെടുത്തിയെന്ന് കാട്ടി വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്നാണ് പരാതി. ആള് മാറി വോട്ട് ചെയ്‌തെന്ന പരാതിയും ചിലയിടങ്ങളിൽനിന്ന് ഉയർന്നിട്ടുണ്ട്.

ഗുരുവായൂർ, തലശ്ശേരി മണ്ഡലങ്ങളിൽ വോട്ടിങ് ശതമാനം കുറഞ്ഞിരിക്കുന്നത് മുന്നണികൾക്ക് ആശങ്കയുണ്ടാക്കുന്നുണ്ട്. ഈ രണ്ട് മണ്ഡലങ്ങളിലും ബിജെപിക്ക് സ്ഥാനാർത്ഥിമാരില്ലാത്തതിനാൽ ബിജെപി വോട്ടുകൾ പോൾ ചെയ്യപ്പെടുന്നില്ല എന്നാണ് കരുതുന്നത്.



വോട്ടിങ് യന്ത്രങ്ങൾ തകരാറിലായ സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൽപ്പറ്റയിൽ വോട്ടിങ് മെഷീനിൽ തെറ്റായി വോട്ട് രേഖപ്പെടുത്തുന്നതായി പരാതി ഉയർന്നതിനെ തുടർന്ന് വോട്ടെടുപ്പ് ഒരു മണിക്കൂർ മുടങ്ങി. കണിയാമ്പറ്റ പഞ്ചായത്തിലെ കമ്പളക്കാട് അൻസാരിയ പബ്ലിക് സ്‌കൂളിലെ 54-ാം നമ്പർ ബൂത്തിലാണ് തകരാർ കണ്ടെത്തിയത്. ഉദ്ദേശിച്ച സ്ഥാനാർത്ഥിക്കു പകരം മറ്റൊരു സ്ഥാനാർത്ഥിക്ക് വോട്ട് പോകുന്നതായാണ് പരാതിയുയർന്നത്. തുടർന്ന് ബൂത്തിൽ ഒരു മണിക്കൂറോളം വോട്ടെടുപ്പ് നിർത്തിവെച്ചു. തുടർന്ന് കളക്ടറേറ്റിൽനിന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെത്തി വോട്ടിങ് മെഷീൻ പരിശോധിച്ച ശേഷമാണ് വോട്ടെടുപ്പ് പുനരാരംഭിച്ചത്.

തളിപ്പറമ്പിൽ കള്ളവോട്ടിനും ശ്രമമുണ്ടായി. ബൂത്ത് നമ്പർ 110ൽ കള്ളവോട്ടിനെത്തിയ ആളെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ തിരിച്ചയച്ചു. സിപിഎം പ്രവർത്തകനെന്ന് യുഡിഎഫ് ആരോപിച്ചു. അറസ്റ്റ് ചെയ്യണമെന്ന ആവശ്യം പൊലീസ് തള്ളി. ഒന്നാം നമ്പർ ബൂത്തിൽ കള്ളവോട്ട് ചലഞ്ച് ചെയ്ത യുഡിഎഫ് ബൂത്ത് ഏജന്റിന് മർദനമേറ്റു. അമ്പലപ്പുഴയിൽ ഇരട്ടവോട്ടുള്ളയാളുടെ പേരിൽ വോട്ട് ചെയ്യാനെത്തിയ ആളെ തടഞ്ഞു. ബൂത്ത് നമ്പർ 67ൽ ഹെൽമറ്റ് ധരിച്ചെത്തിയ ആളാണ് കള്ളവോട്ടിന് ശ്രമിച്ചത്.

കൽപറ്റ മണ്ഡലം കണിയാമ്പറ്റ പഞ്ചായത്തിലെ 54ാം നമ്പർ ബൂത്തായ അൻസാരിയ കോംപ്ലക്‌സിൽ കൈപ്പത്തി ചിഹ്നത്തിനുള്ള വോട്ട് താമരയ്ക്കു പോകുന്നതായി പരാതി. ഇവിടെ വോട്ടെടുപ്പ് താൽക്കാലികമായി നിർത്തിവച്ചു. കലക്ടറേറ്റിൽനിന്നു തിരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. 3 പേർ വോട്ട് കൈപ്പത്തിക്കു വോട്ട് ചെയ്തതിൽ 2 പേരുടെ വോട്ട് താമരയ്ക്കും ഒരാളുടേത് ആന ചിഹ്നത്തിലുമായാണ് വിവിപാറ്റിൽ കാണിച്ചത്. ധർമ്മടം മണ്ഡലത്തിലെ പിണറായി സ്‌കൂളിൽ മുഖ്യമന്ത്രി വോട്ട് ചെയ്യുന്ന ബൂത്തിലെ വോട്ടിങ് മെഷീനിൽ യന്ത്രത്തകരാറുണ്ടായെങ്കിലും പിന്നീട് തകരാർ പരിഹരിച്ച് പോളിങ് പുനരാരംഭിച്ചു.

നടൻ മമ്മൂട്ടി വോട്ട് ചെയ്യാനെത്തിയ ദൃശ്യങ്ങൾ മാധ്യമങ്ങൾ പക4ത്തുന്നതിനെതിരെ ബിജെപി രംഗത്തെത്തി. തൃക്കാക്കരയിലെ ബിജെപി സ്ഥാനാർത്ഥി എസ്. സജിയുടെ ഭാര്യയാണ് ദൃശ്യങ്ങൾ പകർത്തുന്നതിനെ ചോദ്യം ചെയ്തത്. എറണാകുളം പൊന്നുരുന്നി സികെഎസ് സ്‌കൂളിലാണ് മമ്മൂട്ടി ഭാര്യ സുൽഫത്തിനൊപ്പം വോട്ട് രേഖപ്പെടുത്താനെത്തിയത്.

കോട്ടയം ജില്ലയുടെ വിവിധ മേഖലകളിൽ ഉച്ചയ്ക്ക് ശേഷം ശക്തമായ കാറ്റും മഴയും ഉണ്ടായത് പോളിംഗിനെ ബാധിച്ചു. പുതുപ്പള്ളി, കടുത്തുരുത്തി, പാലാ, പൂഞ്ഞാർ മണ്ഡലങ്ങളുടെ പ്രദേശങ്ങളിലാണ് ശക്തമായ മഴയുണ്ടായത്. ഇതേതുടർന്ന് വോട്ടർമാർ പോളിങ് ബൂത്തിലേക്ക് എത്തുന്നത് കുറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവരടക്കമുള്ള നേതാക്കൾ രാവിലെ തന്നെ കുടുംബത്തോടൊപ്പമെത്തി വോട്ട് രേഖപ്പെടുത്തിയിരുന്നു.

പോളിങ് ബൂത്തിൽ മന്ത്രിമാരുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചെന്നാരോപിച്ച് കമ്പളക്കാട് ഗവ. യു.പി. സ്‌കൂളിലെ ബൂത്തിൽ സംഘർഷാവസ്ഥയുണ്ടായി. 51-ാം നമ്പർ ബൂത്തിലാണ് രാവിലെ 9.45-ഓടെ പ്രശ്‌നമുണ്ടായത്. ബൂത്തിൽ ഉപയോഗിച്ച പത്ര കടലാസിലാണ് മന്ത്രിമാരുടെ ചിത്രങ്ങളുണ്ടായിരുന്നത്. യു.ഡി.എഫ്. പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്ന് ഇത് നീക്കംചെയ്തു.