- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'രണ്ടില'യിലെ സുപ്രീംകോടതി വിധിയോടെ ജോസഫ് വിഭാഗം രാഷ്ട്രീയ പാർട്ടി അല്ലാതെയായി; യുഡിഎഫിൽ മത്സരിക്കുന്ന പത്തു പേരും ഇനി സ്വതന്ത്രരാകും; വിജയിച്ചാൽ 'വിപ്പ്' ഭീഷണിയില്ലാതെ എല്ലാവർക്കും ഇടത്തോട്ടും വലത്തോട്ടും ചായാം; ജോസഫിന് വഴങ്ങി പത്ത് സീറ്റ് കൊടുത്തത് തിരിച്ചടിയാകുക യുഡിഎഫിന്; ചെണ്ടയിൽ പ്രതീക്ഷ കണ്ട് പിജെ ക്യാമ്പ്
തിരുവനന്തപുരം: കേരളാകോൺഗ്രസ് ജോസ് വിഭാഗത്തിനു രണ്ടില ചിഹ്നം അനുവദിച്ചതോടെ പിജെ ജോസഫ് വിഭാഗം വമ്പൻ പ്രതിസന്ധിയിൽ. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരമില്ലാത്ത പാർട്ടിയാണ് പിജെ ജോസഫ്. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്ക് വിപ്പ് നൽകാൻ കഴിയാത്ത സാഹചര്യമുണ്ടാകും. സ്വതന്ത്ര അംഗമായി മത്സരിക്കുന്നവർക്ക് ഇടത്തോട്ടും വലത്തോട്ടും ചായനാകും. ഇത് യുഡിഎഫിനും പ്രതിസന്ധിയാണ്.
തദ്ദേശ തെരഞ്ഞെടുപ്പിലും ഈ പ്രതിസന്ധിയുണ്ടായിരുന്നു. എന്നാൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാ സ്ഥാനാർത്ഥികൾക്കും ചെണ്ട എന്ന പൊതു ചിഹ്നം അനുവദിച്ചു. രണ്ടില ചിഹ്നത്തിലെ കേസ് സുപ്രീംകോടതിയുടെ പരിഗണനയിൽ ആയിരുന്നതിനാലാണ് ഇത്. എന്നാൽ വിഷയത്തിൽ സുപ്രീംകോടതി തീർപ്പ് കൽപ്പിച്ചതോടെ ജോസഫിന് കമ്മീഷന്റെ അംഗീകാരം കിട്ടില്ലെന്ന സ്ഥിതി വന്നു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ജോസഫ് ഗ്രൂപ്പിന് മുഴുവൻ പൊതു ചിഹ്നം അനുവദിക്കാനും ഇടയില്ല.
ജോസ് വിഭാഗത്തിനു രണ്ടില ചിഹ്നം അനുവദിക്കുന്നതിനെതിരെ ജോസഫ് നൽകിയ ഹർജി ഇന്ന് സുപ്രീംകോടതി തള്ളിയിരുന്നു. ഇതോടെ ജോസ് വിഭാഗം സ്ഥാനാർത്ഥികൾക്ക് രണ്ടില ചിഹ്നം ലഭിക്കുമെങ്കിലും യു.ഡി.എഫ് ഘടകകക്ഷിയായി മത്സരിക്കുന്ന ജോസഫ് വിഭാഗം സ്ഥാനാർ ഥികൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിക്കുന്ന സ്വതന്ത്ര ചിഹ്നത്തിൽ മത്സരിക്കേണ്ടി വരും. ഇതിനെ മറികടക്കാൻ എന്തു ചെയ്യുമെന്ന ആലോചനയിലാണ് പാർട്ടി.
'രണ്ടില'യിലെ സുപ്രീംകോടതി വിധിയോടെ ജോസഫ് വിഭാഗം രാഷ്ട്രീയ പാർട്ടി അല്ലാതെയായി എന്നതാണ് വസ്തുത. യുഡിഎഫിൽ മത്സരിക്കുന്ന കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പിലെ പത്തു പേരും ഇനി സ്വതന്ത്രരാകും, ഇവർക്ക് വിജയിച്ചാൽ 'വിപ്പ്' ഭീഷണിയില്ലാതെ ഇടത്തോട്ടും വലത്തോട്ടും ചായാം. ഇഞ്ചോടിഞ്ഞ് പോരാട്ടമായതിനാൽ കേരളത്തിലെ ഫലത്തിൽ നേരിയ വ്യത്യാസത്തിന് മാത്രമേ സാധ്യതയുള്ളൂ. അതുകൊണ്ട് തന്നെ ജോസഫിന് വഴിങ്ങി പത്ത് സീറ്റ് കൊടുത്തത് തിരിച്ചടിയാകുക യുഡിഎഫിനാണ്.
ചിഹ്നം സംബന്ധിച്ച കേസ് നിലനിന്നതിനാൽ തദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ പ്രത്യേക മുന്നണിയായി കണ്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ ചെണ്ട ചിഹ്നമായി ജോസഫ് വിഭാഗത്തിനു അനുവദിച്ച് നൽകിയിരുന്നു. രണ്ടില പോകുന്നത് വൈകാരിക പ്രശ്‌നമാണെങ്കിലും സ്ഥാനാർത്ഥികൾക്കെല്ലാം ഒരേ ചിഹ്നത്തിനായുള്ള ശ്രമത്തിലാണ് ജോസഫ്. ചെണ്ട തന്നെ അനുവദിക്കണമെന്നാണ് ആവശ്യം. ഇതിനായി കോടതിയെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും സമീപിക്കാനാണ് നീക്കം.
ചിഹ്നത്തിനായുള്ള ജോസഫ് വിഭാഗം നീക്കം കോടതി തള്ളിയത് ജോസ് ക്യാമ്പിന് ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിനു മുൻപേ വിജയിച്ച ആത്മ വിശ്വാസത്തിലാണ് ജോസ്.കെ.മാണി വിഭാഗം. കെ.എം.മാണിയുടെ മരണത്തിനു പിന്നാലെയാണ് പാർട്ടി അധികാരത്തെ ചൊല്ലി ജോസ്.കെ.മാണി, ജോസഫ് വിഭാഗം തമ്മിൽ തെറ്റുന്നത്. തുടർന്നാണ് ചിഹ്നത്തെ ചൊല്ലി ഇരു വിഭാഗവും തമ്മിൽ തർക്കമാവുന്നതും പ്രശ്‌നം കോടതിയിൽ എത്തുന്നതും.
തദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ് സമയത്തും ചിഹ്ന വിവാദം ഉണ്ടായെങ്കിലും വിധി ജോസിന് അനുകൂലമായിരുന്നു. എന്നാൽ കേസ് നില നിൽക്കുന്നതിനാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ജോസഫ് വിഭാഗത്തിനു ചെണ്ട അനുവദിച്ച് നൽകുകയായിരുന്നു. വിധി വന്ന ഉടൻ തന്നെ പൊതു ചിഹ്നമായി ചെണ്ട അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജോസഫ് വിഭാം ഇലക്ഷൻ കമ്മീഷനെ സമീപിച്ച് കഴിഞ്ഞു.