- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കുലം കുത്തികൾ വടകര വാഴുമോ? കെ കെ രമ വിജയിച്ചു കയറുമെന്ന ശുഭപ്രതീക്ഷയിൽ ആർഎംപി; നിയമസഭയിൽ പിണറായിക്കെതിരെ ചൂണ്ടുവിരലുമായി ടിപിയുടെ വിധവ എത്തുമെന്ന് യുഡിഎഫും; കുറ്റ്യാടിയിൽ കുഞ്ഞമ്മദ് കുട്ടിക്കായുള്ള അണികളുടെ പ്രകടനം ഗുണകരമെന്ന് വിലയിരുത്തി സിപിഎം; നാദാപുരത്ത് പ്രവീൺകുമാർ വിജയിച്ചു കയറുമെന്ന് കോൺഗ്രസ് പ്രതീക്ഷ; കടത്തനാടിന്റെ രാഷ്ട്രീയ മനസ്സെന്താകും?
കോഴിക്കോട്:സിപിഎമ്മിന്റെ ശക്തി കേന്ദ്രമാണ് കടത്തനാട്.നിരവധി പോരാട്ടങ്ങളുടെ ഭൂമി കൂടിയാണ് സിപിഎമ്മിന് കടത്തനാട്. വടകര, കുറ്റ്യാടി, നാദാപുരം എന്നീ മൂന്ന് സീറ്റുകളിലും മൽസരിക്കേണ്ടത് സിപിഎമ്മാണെന്ന് പലപ്പോഴും ഉറച്ച പാർട്ടിക്കാർ പറയാറുള്ളത്. എന്നാൽ മുന്നണി സംവിധാനത്തിൽ ഒരു സീറ്റ് മാത്രമാണ് സിപിഎം.മൽസരിക്കുന്നത്. അതാകട്ടെ അണികൾ നേത്യത്വത്തോട് യുദ്ധം ചെയ്ത് പിടിച്ചു വാങ്ങിയതും.
കേരളത്തിൽ തന്നെ ഏറെ ശ്രദ്ധിക്കട്ടെ മണ്ഡലങ്ങളിൽ ഒന്നാണ് കുറ്റ്യാടി. സാധാരണ മൽസരം കൊണ്ടും സ്ഥാനാർത്ഥി മികവ് കൊണ്ടുമാണ് മണ്ഡലം ശ്രദ്ധയിലിടം പിടിക്കാറുള്ളത്. എന്നാൽ ഇത്തവണ കേരളം ശ്രദ്ധിച്ചത് നേത്യത്വത്തിനെതിരെ അണികളുടെ ശക്തമായ പ്രകടങ്ങൾ കൊണ്ടായിരുന്നു. കുറ്റ്യാടി സീറ്റ് മാണി ഗ്രൂപ്പിന് വിട്ട് നൽകാനുള്ള നീക്കത്തിനെതിരെയായിരുന്നു കുറ്റ്യാടിയെയും പരിസരങ്ങളെയും വിറപ്പിച്ച സിപിഎം.അണികളുടെ പ്രകടനം. മാണി ഗ്രൂപ്പ് തന്നെ മൽസരിക്കുമെന്നും അണികളുടെ പ്രകടനം കൊണ്ട് തീരുമാനം മാറ്റുകയില്ലെന്ന് പറഞ്ഞ നേത്യത്വത്തെ കൊണ്ട് തന്നെ തീരുമാനം മാറ്റിക്കാൻ അണികൾക്കായി. തുടർഭരണത്തിന് പോലും കുറ്റ്യാടി സീറ്റിലെ തീരുമാനം പ്രതിഫലിപ്പിക്കുമെന്നായിരുന്നു അണികൾ വിശദീകരിച്ചത്.
ലീഗിന്റെ പാറക്കൽ അബ്ദുല്ലയും സിപിഎം നേതാവ് കെ.പി.കുഞ്ഞമ്മദ് കുട്ടിയും തമ്മിലാണ് കുറ്റ്യാടിയിലെ പ്രധാന മൽസരം. കഴിഞ്ഞ തവണ സിപിഎം.ജില്ലാ സെക്രട്ടറി പി.മോഹനന്റെ ഭാര്യയും സിറ്റിങ് എംഎൽഎ.യുമായ കെ.കെ.ലതികയെയാണ് ലീഗ് നേതാവും പ്രവാസി വ്യാപാരിയുമായ പാറക്കൽ അബ്ദുല്ല മലർത്തിയടിച്ചത്. അഞ്ച് വർഷം എംഎൽഎ. എന്ന നിലക്ക് പാറക്കലിന് മണ്ഡലത്തിൽ ഫുൾമാർക്കാണ്. കഴിഞ്ഞ തവണ സിപിഎം.വിരുദ്ധ വോട്ടുകൾ വൻതോതിൽ പാറക്കലിന് ലഭിച്ചിരുന്നു. എന്നാൽ ഇത്തവണ അത് ലഭിക്കുമോയെയാണ് പലരും ഉറ്റ് നോക്കുന്നത്.
പ്രത്യേകിച്ച് അണികളുടെ ആവേശമായിട്ടാണ് കുഞ്ഞമ്മദ് കുട്ടി സ്ഥാനാർത്ഥിയായി വന്നത്.കുഞ്ഞമ്മദ് കുട്ടി മാഷുടെ ജയവും പരാജയവും ജില്ലാ സെക്രട്ടറിയായ പി.മോഹനന് കടുത്ത പരീക്ഷണം കൂടിയാണ്. തോറ്റാൽ പാർട്ടിയിലെ ചേരിപ്പോരിൽ മോഹനന്റെ പേര് ഉയർന്ന് വരും. തോറ്റാൽ തങ്ങൾക്കില്ലാതെ പോയ ജനകീയത തന്റെ തട്ടകത്തിൽ കുഞ്ഞമ്മദ് കുട്ടിക്കുണ്ടെന്ന തിരിച്ചറിവ് സ്വീകരിക്കേണ്ടി വരും. പാറക്കലിന്റെ ജനകീയത കൊണ്ടും വികസന പ്രവർത്തനങ്ങൾ കൊണ്ടും മണ്ഡലം നിലനിർത്തുമെന്ന് തന്നെയാണ് ലീഗിന്റെ ഉറച്ച വിശ്വാസം.
വടകര എന്നും സോഷ്യലിസ്റ്റുകളുടെ ഉറച്ച മണ്ഡലങ്ങളിലൊന്നാണ്. എന്നാൽ ഇത്തവണ അതിന് മാറ്റമുണ്ടാകുമെന്ന് തന്നെയാണ് പുറത്ത് വരുന്ന വിവരം.യു.ഡി.എഫ്.പിന്തുണയോടെ ആർ.എംപി.നേതാവ് കെ.കെ.രമയാണ് മൽസരിക്കുന്നത്. എൽ.ജെ.ഡി.ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രനാണ് എതിരാളി.കഴിഞ്ഞ തവണ കെ.കെ.രമ ആർ.എംപി.ടിക്കറ്റിൽ മൽസരിച്ച് 20000 ഓളം വോട്ടുകൾ നേടിയിരുന്നു.ഇടത് മുന്നണിയുടെ സി.കെ.നാണു 10000 ലതികം വോട്ടിനാണ് ഇവിടെ നിന്നും വിജയിച്ചത്.
ഇപ്രവിശ്യം കണക്കുകൾ കൊണ്ടും പ്രവർത്തന മികവ് കൊണ്ട് വൻ വോട്ടിന് കെ.കെ.രമ വിജയിക്കുമെന്ന് തന്നെയാണ് പൊതുവെയുള്ള വിലയിരുത്തൽ. ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകവും സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയവും ഏറെ ചർച്ചയായ മണ്ഡലത്തിൽ രമയെ തോൽപ്പിക്കാൻ സിപിഎം.പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടുണ്ട്. എന്നാൽ പിണറായിയെ എതിർക്കാൻ രമ നിയമസഭയിലുണ്ടാകണമെന്ന ചരിത്രത്തിന്റെ കാവ്യ നീതി സാക്ഷാൽക്കരിക്കുമെന്ന ചിന്തയാണ് പൊതുവെ മണ്ഡലത്തിൽ നിന്നും ലഭിക്കുന്നത്.
കെ.കെ.രമയുടെ സ്ഥാനാർത്ഥിത്വത്തിന്റെ ഗുണം യു.ഡി.എഫിന് ഏറെ ലഭിക്കുന്ന മണ്ഡലങ്ങളിലൊന്നാണ് നാദാപുരവും കുറ്റ്യാടിയും. നാദാപുരത്ത് സിപിഐ.യുടെ ഇ.കെ.വിജയനും കെപിസിസി.ജനറൽ സെക്രട്ടറി അഡ്വ:കെ.എം.പ്രവീൺകുമാും തമ്മിലാണ് പ്രധാന മൽസരം. ജനകീയ സാന്നിധ്യമെന്ന നിലക്കാണ് ഇ.കെ.വിജയൻ മൂന്നാമതും അങ്കത്തിനിറക്കിയത്. സിപിഐ.യെക്കാൾ സിപിഎമ്മിനായിരുന്നു ഇ.കെ.വിജയൻ തന്നെ സ്ഥാനാർത്ഥി ആകട്ടെയെന്ന ചിന്ത ഉടലെടുത്തത്. ഇ.കെ.വിജയനുണ്ടാകുന്ന വിജയ സാധ്യത മറ്റാർക്കും മണ്ഡലത്തിൽ ഇല്ലെന്നാണ് സിപിഎം.നേതാക്കളുടെ വാദം.
കോൺഗ്രസ് നേതാവായ അഡ്വ:കെ.പ്രവീൺകുമാറിന്റെ സ്ഥാനാർത്ഥിത്വമാണ് എൽ.ഡി.എഫിനെ ഇത്രയും പേടിപ്പിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തോറ്റെങ്കിലും ജയിച്ച സ്ഥാനാർത്ഥിയെ പോലെ നാദാപുരത്ത് നിറഞ്ഞു നിൽക്കാൻ പ്രവീൺകുമാറിന് സാധിച്ചിട്ടുണ്ട്. ഏവരോടും അടുത്തിടപഴകുവാനും അവരുടെ പ്രശ്നങ്ങളിൽ ആത്മാർത്ഥമായി ഇടപെടാനും പ്രവീൺകുമാറിന് സാധിച്ചിട്ടുണ്ട്.അതൊക്കെ വോട്ടായി മാറുമെന്നാണ് യു.ഡി.എഫിന്റെ പ്രതീക്ഷ.നാൽപ്പത് വർഷത്തെ ഇടത് സാന്നിധ്യം നാദാപുരത്ത് അസ്മിക്കുമെന്നും പ്രവീൺകുമാർ വിജയിക്കുമെന്നുമാണ് യു.ഡി.എഫ്.നേതാക്കൾ പറയുന്നത്.
യു.ഡി.എഫിന്റെ കണക്കുകൾ പ്രകാരം കടത്തനാടിൽ ഇത്തവണ മൂന്ന് സീറ്റിലും ജയിക്കുമെന്ന് തന്നെയാണ്.മൂന്ന് സീറ്റിലും യു.ഡി.എഫ് ജയിക്കുകയാണെങ്കിൽ ജില്ലാ സെക്രട്ടറി എന്ന നിലക്ക് പ്രദേശവാസിയായ പി.മോഹനന് അത് കനത്ത ക്ഷീണമാകും.ലഭിക്കുന്ന സീറ്റും സ്ഥാനാർത്ഥികളുടെ ഭൂരിപക്ഷം പോലും പാർട്ടിക്കിടയിൽ ചൂടേറിയ ചർച്ചക്കിടയാക്കും.എന്നാൽ വടകരയും നാദാപുരവും നിലനിർത്തുമെന്നും കുറ്റ്യാടി തിരിച്ച് പിടിക്കുമെന്നുമാണ് എൽ.ഡി.എഫ് കേന്ദ്രങ്ങളുടെ വിശ്വാസം.