ചണ്ഡീഗഡ്: ഉത്തർ പ്രദേശിനൊപ്പം രാജ്യം ഉറ്റുനോക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പാണ് ഇത്തവണ പഞ്ചാബിൽ നടക്കുന്നത്. ഫെബ്രുവരി 14ന് ഒറ്റ ഘട്ടമായാണ് തിരഞ്ഞെടുപ്പ്. കാർഷിക നിയമത്തിന് എതിരായ സമരത്തിന് ചൂടും ഊർജവും പകർന്ന പഞ്ചാബിന്റെ മണ്ണിൽ വീണ്ടും തിരഞ്ഞെടുപ്പിന് കാഹളം ഉയരുമ്പോൾ നിർണായകമാകുക കർഷക സംഘടനകളുടെ പിന്തുണ തന്നെ. എന്നാൽ ഇത്തവണ സ്വന്തം പാർട്ടി പ്രഖ്യാപിച്ച് 22 കർഷക സംഘടനകൾ സഖ്യം പോരാട്ടത്തിന് ഇറങ്ങുന്നു എന്നതാണ് സവിശേഷത. ഇതോടെ ഇതുവരെ അധികാരം നേടിയ രാഷ്ട്രീയ പാർട്ടികളാണ് അങ്കലാപ്പിലാകുന്നത്.

117 അംഗ നിയമസഭയിൽ 2017 ൽ കോൺഗ്രസിന് 77 സീറ്റുകളായിരുന്നു ലഭിച്ചിരുന്നത്. ആദ്യ പോരാട്ടത്തിനിറങ്ങിയ ആം ആദ്മി പാർട്ടി 20 സീറ്റുകൾ നേടി ഞെട്ടിച്ചപ്പോൾ എസ് എ ഡി-ബിജെപി സഖ്യത്തിന് ലഭിച്ചത് വെറും 18 സീറ്റുകളായിരുന്നു. ഇത്തവണ പക്ഷേ സംസ്ഥാനത്ത് രാഷ്ട്രീയ സാഹചര്യം അടിമുടി മാറി. പി സി സി അധ്യക്ഷൻ നവജ്യോത് സിങ് സിദ്ദുവുമായുള്ള തർക്കത്തിന് പിന്നാലെ മുതിർന്ന നേതാവായ അമരീന്ദർ സിങ് പാർട്ടിയിൽ നിന്നും പുറത്ത് പോയി പഞ്ചാബ് ലോക് കോൺഗ്രസ് എന്ന പുതിയ പാർട്ടി പ്രഖ്യാപിക്കുകയും ചെയ്തു.

ബിജെപിയുമായി പാർട്ടി സഖ്യം പ്രഖ്യാപിച്ചിട്ടുണ്ട്. സീറ്റ് വിഭജനം ഉൾപ്പെടെയുള്ള ചർച്ചകളും നടന്നു. സഖ്യം യാഥാർത്ഥ്യമായാൽ കരുത്തുറ്റ പോരാട്ടത്തിനാകും പഞ്ചാബ് സാക്ഷ്യം വഹിക്കുക. പഞ്ചാബ് സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹന വ്യൂഹം സുരക്ഷ വീഴ്ചയിൽ അകപ്പെട്ടതിനെ തുടർന്നുണ്ടായ രാഷ്ട്രീയ വിവാദങ്ങളടക്കം പോരാട്ടത്തിന് ചൂട് പകരാൻ ഒട്ടേറെ കാരണങ്ങൾ.

അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ നിയമസഭ സീറ്റുകൾ ഉള്ളത് പഞ്ചാബിലാണ്.അഞ്ചു സംസ്ഥാനങ്ങളിൽ കോൺഗ്രസ് ഭരിക്കുന്ന ഏക സംസ്ഥാനവും പഞ്ചാബിൽ മാത്രം. കർഷക സമര വിജയവും,വിവാദ കാർഷിക നിയമങ്ങൾ കേന്ദ്രത്തിനു പിൻവലിക്കേണ്ടിവന്നതും കോൺഗ്രസിൽ നിന്നുള്ള അമരീന്ദർ സിംഗിന്റെ രാജിയും മതനിന്ദ വിവാദവുമെല്ലാം പഞ്ച നദികളുടെ നാട്ടിൽ ഇത്തവണ മുഖ്യചർച്ചാവിഷയമാകും.

പഞ്ചാബ് ഫലം 2017
ആകെ 117 മണ്ഡലങ്ങൾ
കോൺഗ്രസ്-77
ആംആദ്മി -20
ശിരോമണി അകാലിദൾ -15
ബിജെപി -3
എൽഐപി -2

കോൺഗ്രസിന് വെല്ലുവിളി
ഭരണ കക്ഷിയായ കോൺഗ്രസിനെ സംബന്ധിച്ച് ഇത്തവണ പഞ്ചാബ് കടുത്ത വെല്ലുവിളിയാണ്. മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ അമരീന്ദർ സിംഗിന്റെ പുതിയ പാർട്ടി പ്രഖ്യാപനവും ബിജെപിയുമായുള്ള സഖ്യവും കോൺഗ്രസിന് വലിയ തലവേദനയാണ്. 2017 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയായ ആം ആദ്മി പാർട്ടി ഈയടതുത്ത് ഗുജറാത്തിൽ ഉൾപ്പെടെ നേടിയ മുന്നേറ്റത്തിന്റെ കരുത്തിൽ പഞ്ചാബ് പിടിക്കാനായി ശക്തമായി തന്നെ രംഗത്തുണ്ട്. ചില അഭിപ്രായ സർവ്വേകളിൽ ആകട്ടെ ആം ആദ്മി ഭരണം പിടിക്കുമെന്ന പ്രവചനവും നടത്തിയിട്ടുണ്ട്.

ഈ ഘട്ടത്തിൽ സംസ്ഥാനം നിലനിർത്താൻ അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുകയാണ് കോൺഗ്രസ് നേതൃത്വം. ഉടൻ തന്നെ സ്ഥാനാർത്ഥി പ്രഖ്യാപനം പൂർത്തിയാക്കി തിരഞ്ഞെടുപ്പിനെ നേരിടാണ് കോൺഗ്രസ് ഒരുങ്ങുന്നത്. സ്ഥാനാർത്ഥി നിർണയം ഉൾപ്പെടെ വിഷയങ്ങളിൽ വേഗത്തിൽ പൂർത്തിയാക്കാനൊരുങ്ങുകയാണ് കോൺഗ്രസ്. ആഭ്യന്തര തർക്കങ്ങൾ എല്ലാ ംനീക്കി വെച്ച് സ്ഥാനാർത്ഥി ചർച്ചകളിലേക്ക് നേതാക്കൾ കടന്നു കഴിഞ്ഞു. അജയ് മാക്കന്റെ നേതൃത്വത്തിലുള്ള സ്‌ക്രീനിങ് കമ്മിറ്റി യോഗത്തോടനുബന്ധിച്ച് നവജ്യോത് സിങ് സിദ്ദു മുൻ പിസിസി മേധാവികളുമായും മന്ത്രിമാരുമായും ആശയവിനിമയം നടത്തിയിരുന്നു.

മന്ത്രിമാരായ ബ്രഹ്‌മ മൊഹീന്ദ്ര, സുഖ്ബിന്ദർ സർക്കറിയ, അരുണ ചൗധരി, ഒപി സോണി എന്നിവർക്കൊപ്പം ആഭ്യന്തര ഉപമന്ത്രി സുഖ്ജീന്ദർ രൺധാവയും കോൺഗ്രസ് ഭവനിൽ മാക്കനുമായി കൂടിക്കാഴ്ച നടത്തി.60 ഓളം സീറ്റുകളിൽ സ്ഥാനാർത്ഥികളെ സംബന്ധിച്ച് ധാരണ ആയിട്ടുണ്ടെന്ന് കോൺഗ്രസ് വൃത്തങ്ങൾ സൂചന നൽകി.

നിർണായകം കർഷക സംഘടനകൾ
സംസ്ഥാനത്ത് രാഷ്ട്രീയമാറ്റം കൊണ്ടുവരുമെന്നും പ്രഖ്യാപിച്ചാണ് കർഷക സംഘടനകൾ തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങിത്തിരിച്ചിരിക്കുന്നത്. കർഷക നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വർഷത്തോളം സമരം ചെയ്ത 32 സംഘടനകളിൽ 22 എണ്ണമാണ് സംയുക്ത സമാജ് മോർച്ച രൂപീകരിച്ചത്. 117 സീറ്റിലും മത്സരിക്കാനാണ് തീരുമാനം.

ഭാരതീയ കിസാൻ യൂണിയൻ നേതാവ് ബൽബീർ സിങ് റെജേവാൾ ആയിരിക്കും നേതാവ്. ആംആദ്മി പാർട്ടിയുമായി സഖ്യരൂപീകരണം അടക്കം സാധ്യതകൾ നിലനിർത്തിയായിരുന്നു പോരാട്ടത്തിന് ഇറങ്ങുന്നത്.

അമരീന്ദറിന് നിർണായകം, ബിജെപി കാഴ്ചക്കാരാകില്ല
രാജ്യം ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം നേടി മുന്നേറാൻ കഴിഞ്ഞ ബിജെപി ഇതുവരെ പഞ്ചാബിൽ കാഴ്ചക്കാരുടെ റോളിൽ മാത്രമായിരുന്നു തുടർന്നു പോന്നത്. എന്നാൽ ഇത്തവണ ചരിത്രം മാറ്റിയെഴുതാനാണ് ലക്ഷ്യംവെക്കുന്നതെന്ന സൂചനയാണ് പ്രധാനമന്ത്രി ഉൾപ്പടെയുള്ളവർ രംഗത്തിറക്കുന്നതിലൂടെ നൽകുന്നത്. സംസ്ഥാനത്തെ പുതിയ സഖ്യങ്ങളും കാർഷിക നിയമം പിൻവലിച്ചതും കോൺഗ്രസിനുള്ളിലെ കലാപവുമെല്ലാം വോട്ടാവുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.

പഞ്ചാബിലെ വോട്ടർമാരെ ആകർഷിക്കുന്ന തരത്തിലുള്ള പദ്ധതികളാണ് ബിജെപി തയ്യാറാക്കുന്നതെന്നാണ് സൂചന. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പുതിയ മുദ്രാവാക്യവും ബിജെപി ക്യാമ്പ് പുറത്തിറക്കി. 'പുതിയ പഞ്ചാബ് ബിജെപിയോടൊപ്പം' (നവാ പഞ്ചാബ്-ബിജെപി ദേ നാൾ) എന്നതാണ് ബിജെപിയുടെ പഞ്ചാബിലെ തിരഞ്ഞെടുപ്പ് മുദ്രാവാക്യം.

പഞ്ചാബിൽ ഇനിവരുന്ന സർക്കാർ ബിജെപിയുടെ പിന്തുണയില്ലാതെ ആർക്കും രൂപവത്കരിക്കാനാവില്ലെന്ന് ഒരു മുതിർന്ന ബിജെപി നേതാവ് പ്രതികരിച്ചിരുന്നു. അകാലിദളുമായുള്ള വർഷങ്ങൾ പഴക്കമുള്ള സഖ്യം അവസാനിപ്പിച്ചതിന് ശേഷം ഈ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രതീക്ഷകൾ മുഴുവൻ മുൻ കോൺഗ്രസ് നേതാവ് അമരീന്ദർ സിങുമായുള്ള സഖ്യത്തിലാണ്.

ആകെയുള്ള 117 സീറ്റിൽ ബിജെപി ഇത്തവണ 70 സീറ്റിൽ മത്സരിച്ചേക്കുമെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന. അകാലിദളുമായുള്ള സഖ്യത്തിൽ കേവലം 23 സീറ്റുകൾ മാത്രമാണ് ബിജെപിക്ക് ലഭിച്ചിരുന്നത്. അമരീന്ദർ സിങിന്റെ പഞ്ചാബ് ലോക് കോൺഗ്രസിന് 30-35 സീറ്റുകളും സുഖ്ദേവ് സിങ് ദിൻസയുടെ പാർട്ടിക്ക് 15 സീറ്റും ലഭിച്ചേക്കും. ഹിന്ദു വോട്ടുകൾ തന്നെയാണ് ബിജെപിയുടെ പ്രധാന ലക്ഷ്യം. സിഖ് വോട്ടുകൾ സഖ്യ കക്ഷികളും നേടിയാൽ പഞ്ചാബിൽ കാര്യങ്ങൾ പഴയതുപോലെ ആയിരിക്കില്ലെന്നാണ് ബിജെപിയുടെ പ്രതീക്ഷ.

തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ചർച്ചയാകാൻ സാധ്യത ഉണ്ടായിരുന്ന വിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ചതോടെ അമരീന്ദർ- ബിജെപി കൂട്ടുകെട്ടിന് വലിയ മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചേക്കുമെന്നാണ് പ്രവചിക്കപ്പെടുന്നത്. കർഷകരുമായി ഏറെ ബന്ധം പുലർത്തുന്ന അമരീന്ദറുമായുള്ള സഖ്യം തങ്ങൾക്കും ഗുണകരമാകുമെന്ന് ബിജെപി നേതൃത്വം വിലയിരുത്തുന്നു.

പഞ്ചാബ് ഭരണം ലക്ഷ്യം വെച്ച് കൊണ്ട് മാത്രമാണ് കാർഷിക നിയമങ്ങൾ കേന്ദ്രസർക്കാർ തിടുക്കപ്പെട്ട് പിൻവലിപ്പിച്ചതെന്ന് ബിജെപി നേതാക്കൾ തന്നെ അടക്കം പറയുന്നുണ്ട്. എന്തായാലും വരും ദിവസങ്ങളിൽ സഖ്യം തങ്ങളുടെ മുന്നോട്ടുള്ള നീക്കങ്ങൾ പ്രഖ്യാപിക്കും.

ഉത്തരാഖണ്ഡ് നിലനിർത്താൻ ബിജെപി, തിരിച്ചുപിടിക്കാൻ കോൺഗ്രസ്
ഉത്തർപ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി ബിജെപിയും കോൺഗ്രസും നേർക്കുനേർ വരുന്ന സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. എന്നാൽ ഇത്തവണ എല്ലാ സീറ്റിലും മത്സരിച്ച് ആം ആദ്മി പാർട്ടിയും സാന്നിധ്യം അറിയിക്കാൻ ഒരുങ്ങുകയാണ്. തുടർഭരണത്തിന് ബിജെപിയും തിരിച്ചുവരവിന് കോൺഗ്രസ്സും ശ്രമിക്കുമ്പോൾ രണ്ടുകക്ഷിയിലും ആശങ്ക ഉയർത്തുന്നത് ആഭ്യന്തര പ്രശ്‌നങ്ങളാണ്.

അഞ്ചു വർഷത്തിനിടയിൽ മൂന്നാമത്തെ മുഖ്യമന്ത്രിയുമായാണ് ബിജെപി തിരെഞ്ഞെടുപ്പിലേക്ക് പോകുന്നത്. മുഖ്യമന്ത്രി പുഷ്‌കർ ധാമിയുമായി കലഹിച്ച് ഹരക് സിങ് റാവത്ത് മന്ത്രിസഭായോഗത്തിൽ നിന്ന് ഇറങ്ങി പോയതു അടുത്തിടെയാണ്. പാർട്ടി തന്നെ അവഗണിക്കുന്നുവെന്ന ഹരീഷ് റാവത്തിന്റെ തുറന്നുപറച്ചിൽ കോൺഗ്രസ് നേതൃത്വത്തെ കുറച്ചൊന്നുമല്ല ഞെട്ടിച്ചത്. പിന്നാലെ ഹരീഷ് റാവത്തിനെ സ്റ്റാർ ക്യാമ്പയിനറാക്കി നിശ്ചയിച്ചാണ് നേതൃത്വം വിമത നീക്കം ചെറുത്തത്. പ്രശ്‌നങ്ങൾ അവസാനിച്ചുവെന്നു രണ്ടു പാർട്ടി നേതൃത്വങ്ങളും പറയുന്നുണ്ടെങ്കിലും അതു എത്രമാത്രം ഫലം കണ്ടുവെന്ന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ മാത്രമെ തിരിച്ചറിയാനാകു.

ഉത്തരാഖണ്ഡ് ഫലം 2017
ആകെ 70 മണ്ഡലങ്ങൾ
ബിജെപി -57
കോൺഗ്രസ് -11
സ്വതന്ത്രർ -2

70 നിയമസഭാ മണ്ഡലങ്ങൾ ഉള്ള ഉത്തരാഖണ്ഡിൽ ജാതി സമവാക്യങ്ങളാണ് നിർണായകമാവുക. കർഷക നിയമങ്ങൾ, തൊഴിലില്ലായ്മ എന്നിവയും തെരഞ്ഞെടുപ്പ് ഫലങ്ങളിൽ സ്വാധീനം ചെലുത്തും. നിലവിൽ ഉത്തരാഖണ്ഡ് ഭരിക്കുന്നത് ബിജെപിയാണ്. 2017 തെരഞ്ഞെടുപ്പിൽ 57 സീറ്റിന്റെ വ്യക്തമായ മുൻതൂക്കത്തോടെയാണ് ബിജെപി അധികാരത്തിലെത്തിയത്. നിലവിൽ പുഷ്‌കർ സിങ് ധാമിയാണ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി. ഗ്രൂപ്പ് വഴക്കും ആഭ്യന്തര പോരുകളും കാരണം മൂന്ന് തവണയാണ് ഉത്തരാഖണ്ഡിൽ മുഖ്യമന്ത്രിയെ മാറ്റിയത്. ആദ്യം ത്രിവേന്ദ്ര സിങ് റാവത്തും പിന്നീട് തിരാത്ത് സിംഗും ഉത്തരാഖണ്ഡ് മുഖ്യമന്ത്രിമാരായി. അവസാനത്തെയാളാണ് ധാമി. എന്നാൽ, ഇത്തരം തലവേദനകൾക്കിടയിലും ബിജെപിക്ക് ഭരണത്തുടർച്ചയുണ്ടാവുമെന്ന സൂചനയാണ് വിവിധ സർവേ ഫലകൾ നൽകുന്നത്. കർഷക സമരം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെങ്കിലും ബിജെപി നേരിയ വ്യത്യാസത്തിൽ അധികാരത്തിലേറുമെന്നും വിവിധ സർവേകൾ പറയുന്നു.

ബ്രാഹ്‌മിൺ, രജ്പുത് വിഭാഗങ്ങളിലെ 45 ശതമാനം വീതം ആളുകൾ ബിജെപിക്കായി വോട്ട് ചെയ്യും. ഈ ജാതിയിൽ പെട്ട 35 ശതമാനം വീതം ആളുകൾ കോൺഗ്രസിനെ പിന്തുണയ്ക്കുന്നു. മുസ്ലിം സമുദായത്തിലെ 85 ശതമാനം പേർ സിഖ് സമുദായത്തിലെ 60 ശതമാനം പേരും കോൺഗ്രസിനെ പിന്തുണയ്ക്കുന്നവരാണ്. പട്ടികജാതി വിഭാഗത്തിൽ 75 ശതമാനം പേരും കോൺഗ്രസിനെ അനുകൂലിക്കുന്നു.

മുഖ്യമന്ത്രിയാവാൻ ഏറ്റവും സാധ്യത കല്പിക്കുന്നത് നിലവിലെ മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമിക്കാണ്. 40 ശതമാനം ആളുകൾ ധാമിയെ പിന്തുണയ്ക്കുമ്പോൾ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഹരീഷ് റാവത്തിനെ 30 ശതമാനം ആളുകൾ പിന്തുണയ്ക്കുന്നു. ബിജെപി നേതാവ് അനിൽ ബലൂനി (20 ശതമാനം), ആം ആദ്മി നേതാവ് റിട്ടയേർഡ് കേണൽ അജയ് കോതിയാൽ (9) ശതമാനം എന്നിങ്ങനെയാണ് മുഖ്യമന്ത്രി പദത്തിൽ ആളുകൾ പിന്തുണയ്ക്കുന്നത്.

ചുവടുമാറ്റത്തിന് മണിപ്പുർ
മണിപ്പുർ ഇത്തവണ പ്രവചനാധീതമാണ്. കോൺഗ്രസും ബിജെപിയുമാണ് പ്രധാനകക്ഷികൾ എങ്കിലും എൻപിപി, എന്പിഎഫ് തുടങ്ങിയ കക്ഷികൾ നേടുന്ന വോട്ടും സീറ്റും ആരു ഭരിക്കുമെന്നതിൽ നിർണായകമാകും.ഭരണത്തിൽ പങ്കാളിയാണെങ്കിലും എൻപിപിയുമായി തെരഞ്ഞെടുപ്പിന് മുൻപ് സഖ്യം ഉണ്ടാകില്ലെന്ന സൂചനയാണ് ബിജെപി നൽകുന്നത് .

ഏറ്റവും വലിയ ഒറ്റക്കക്ഷി ആയിട്ടും ഭരണത്തിലെത്താൻ കഴിഞ്ഞില്ലെന്ന് മാത്രമല്ല എംഎൽഎമാരുടെയും നേതാക്കളുടെയും കൊഴിഞ്ഞുപോക്ക് തുടരുന്നതാണ് കോൺഗ്രസ് നേരിടുന്ന പ്രതിസന്ധി. പിസിസി പ്രസിഡന്റായിരുന്ന ഗോവിന്ദദാസ് കോൻതോജാമും കഴിഞ്ഞ ഓഗസ്റ്റിൽ ബിജെപി പാളയത്തിലെത്തി.എങ്കിലും പരമ്പരാഗത വോട്ട് ബാങ്ക് ഏറ്റവും വലിയ ഒറ്റകക്ഷിയാകാൻ തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്.

മണിപ്പുർ ഫലം 2017
കോൺഗ്രസ്-28
ബിജെപി -21
എൻപിപി -4
എൻപിഎഫ് -4
തൃണമൂൽ -1
എൽജെപി-1
സ്വതന്ത്രൻ -1

2017-ൽ അധികാരം ഉറപ്പിച്ചിട്ടും നഷ്ടപ്പെട്ട ചരിത്രമാണ് മണിപ്പൂരിൽ കോൺഗ്രസിന്റേത്. 60 അംഗ നിയമസഭയിൽ 28 സീറ്റുമായി കോൺഗ്രസ് അധികാരം ഏറെക്കുറെ ഉറപ്പിച്ചിരുന്നു. എന്നാൽ 21 സീറ്റുകൾ മാത്രം നേടിയ ബിജെപി അധികാരത്തിലേറുന്ന കാഴ്‌ച്ചയാണ് പിന്നീട് കണ്ടത്. പ്രാദേശിക കക്ഷികളായ നാഗാ പീപ്പിൾസ് ഫ്രന്റിനേയും നാഷണൽ പീപ്പിൾസ് പാർട്ടിയേയും ലോക ജനക്തി പാർട്ടിയേയും കൂട്ടുപിടിച്ച് അധികാരത്തിന് വേണ്ട 31 സീറ്റ് ബിജെപി ഒപ്പിച്ചെടുത്തു. ഇതോടെ കോൺഗ്രസ് പ്രതിപക്ഷത്തായി.

ഇത്തവണ അധികാരം നിലനിർത്താനുള്ള കഠിന ശ്രമത്തിലാണ് ബിജെപി. എൻ ബീരെൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ പ്രകടനത്തിന് അനുസരിച്ചാകും ജനങ്ങൾ ബിജെപിക്ക് വീണ്ടും വോട്ട് നൽകുക. ഇത്തവണ ഇതുവരെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ബിജെപി പ്രഖ്യാപിച്ചിട്ടില്ല. അസം മാതൃകയിൽ തിരഞ്ഞെടുപ്പ് പ്രചാരണം നടത്താനാണ് പാർട്ടിയുടെ നീക്കം. 2016-ൽ അസമിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ബിജെപിയുടെ മുഖമായിരുന്നു സർബാനന്ദ സോനോവാൾ. എന്നാൽ 2021-ലെ തിരഞ്ഞെടുപ്പിൽ ബിജെപി തന്ത്രം മാറ്റി. ഹിമന്ത ബിശ്വ ശർമയ്ക്ക് ബാറ്റൺ കൈമാറി. അതേ രീതിയാകും മണിപ്പൂരിലും പിന്തുടരുക.

നിലവിലെ പഞ്ചായത്ത്-ഗ്രാമവികസന മന്ത്രി തോങ്കാം ബിശ്വജത്തിനെ മുന്നിൽ നിർത്തി പ്രചാരണം നടത്താനാണ് ബിജെപിയുടെ പദ്ധതി. ആർഎസ്എസിന്റെ ഗുഡ്ബുക്കിൽ ഇടം പിടിച്ചുള്ള ബിശ്വജിത് 2017-ൽ മുഖ്യമന്ത്രിയാകാനുള്ള താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ അന്ന് കോൺഗ്രസിൽ നിന്നും ബിജെപിയിലെത്തിയ ബീരെൻ സിങ്ങിനെ മുഖ്യമന്ത്രിയാക്കാൻ ദേശീയ നേതൃത്വം തിരുമാനിക്കുകയായിരുന്നു. ബീരെൻ സിങ്ങിനെ ബിജെപിയിലെത്തിക്കാൻ നിർണായക പങ്കുവഹിച്ച നേതാവ് കൂടിയായ ബിശ്വജിത്ത് അന്ന് പാർട്ടിയുടെ ആവശ്യം അംഗീകരിക്കുകയായിരുന്നു.

മറുവശത്ത് കോൺഗ്രസിന് കാര്യങ്ങൾ അത്ര പന്തിയല്ല. മുതിർന്ന കോൺഗ്രസ് നേതാവ് ഡി കൊറുങ്താങ് ജനുവരിയിൽ നാഗാ പീപ്പിൾസ് ഫ്രണ്ടിലേക്ക് കൂടുമാറി. ഇതിന് പിന്നാലെ നവംബറിൽ കോൺഗ്രസ് എംഎൽഎമാരായ ഇമോ സിങ്ങും യാംതോങ് ഹോകിപ്പും മുൻ സംസ്ഥാന പ്രസിഡന്റ് ആയ ഗോവിൻദാസ് കൊന്തൗജാമും ബിജെപിയിൽ ചേർന്നു. ഈ കൂടുമാറ്റങ്ങൾ കോൺഗ്രസിന് വലിയ ക്ഷീണമാണുണ്ടാക്കിയത്.

അതേസമയം ഇത്തവണ തനിച്ച് മത്സരിക്കുമെന്ന് നാഷണൽ പീപ്പിൾസ് പാർട്ടി പ്രഖ്യാപിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ കുറഞ്ഞത് 20 സീറ്റെങ്കിലും നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാനാണ് എൻപിപി ലക്ഷ്യമിടുന്നതെന്ന് ഉപമുഖ്യമന്ത്രിയായ വൈ ജോയ്കുമാർ നേരത്തേ വ്യക്തമാക്കിയിരുന്നു. അത്തരത്തിൽ കൂടുതൽ സീറ്റുകൾ നേടിയാൽ വില പേശൽ ശക്തി കൂടുമെന്നും അന്ന് വേണമെങ്കിൽ കോൺഗ്രസുമായോ ബിജെപിയുമായോ ചേർന്ന് സഖ്യത്തിലെത്തി അധികാരം പങ്കിടാനാകുമെന്ന പ്രതീക്ഷയും ജോയ്കുമാർ പങ്കുവെച്ചിരുന്നു.

നാല് എംഎൽഎമാരുള്ള എൻപിപി ബിജെപിയുമായി നല്ല ബന്ധത്തിലല്ല. നാല് എൻപിപി മന്ത്രിമാരിൽ രണ്ടുപേരെ നേരത്തേ ക്യാബിനറ്റിൽ നിന്നും ബിജെപി പുറത്താക്കിയിരുന്നു. ഇത് സഖ്യത്തിനുള്ളിൽ വലിയ അതൃപ്തിക്ക് കാരണമായി. 2020ലെ അധികാരത്തർക്കത്തിനിടെ എൻപിപി, ബിജെപിക്കുള്ള പിന്തുണ പിൻവലിച്ചെങ്കിലും ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഇടപെടലിനെ തുടർന്ന് പിന്നീട് സഖ്യത്തിൽ തിരിച്ചെത്തിയിരുന്നു.

മണിപ്പൂരിൽ ബിജെപിക്ക് 40 ശതമാനത്തോളം വോട്ടുകൾ ലഭിച്ചേക്കാമെന്നാണ് സർവേ ഫലം പറയുന്നത് കോൺഗ്രസിന് 35 ശതമാനം വോട്ടും എൻപിഎഫിന് 6 ശതമാനവും 17 ശതമാനം വോട്ടും മറ്റ് കക്ഷികൾക്ക്/സ്വതന്ത്രർക്ക് ലഭിച്ചേക്കാം. മണിപ്പൂരിലെ ആകെയുള്ള 60 സീറ്റുകളിൽ ബിജെപിക്ക് 32-36 സീറ്റുകളും കോൺഗ്രസ് 18-26, എൻപിഎഫ് 26 ഉം മറ്റുള്ളവ 0-4 ഉം സീറ്റുകൾ ലഭിച്ചേക്കാം. സർവേ ഫലം യാഥാർത്ഥ്യമായാൽ മണിപ്പൂരിൽ ബിജെപി അധികാരം നിലനിർത്തുമെന്നാണ് സൂചന.

ഗോവ നിലനിർത്താൻ ബിജെപി, കരുത്ത് അറിയിക്കാൻ മമതയും
മണിപ്പുർ പോലെ കോൺഗ്രസ് അംഗങ്ങളുടെ കൂറുമാറ്റം കൊണ്ട് ശ്രദ്ധേയമാണ് ഗോവ. അഞ്ചു വർഷത്തിനിടെ കൂറുമാറിയത് 15 എംഎൽഎമാർ. സംഘടന പ്രശ്‌നങ്ങൾ കോൺഗ്രസ് നേരിടുമ്പോൾ ബിജെപിയിലും ആഭ്യന്തര കലഹമുണ്ട്. ദേശീയ തലത്തിലേക്ക് നോട്ടമിടുന്ന മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിന്റെ കടന്നുവരവും ഗോവ തിരഞ്ഞെടുപ്പിനെ ശ്രദ്ദേയമാക്കുന്നു .ഗോവയിൽ 40 നിയമസഭാ സീറ്റുകളുണ്ട്.

ഗോവ ഫലം 2017
ആകെ 40 സീറ്റുകൾ
കോൺഗ്രസ്-17
ബിജെപി-13
എം എ ജി -3
ജിഎഫ് പി-3
എൻസിപി -1
സ്വതന്ത്രർ -3

ഗോവയിൽ കോൺഗ്രസിന്റെ ഭാവി തീരുമാനിക്കുന്ന തിരഞ്ഞെടുപ്പാണ് ഇത്തവണ നടക്കുന്നത്. ഒരിക്കലും പ്രതീക്ഷിക്കാത്ത പതനമാണ് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കോൺഗ്രസിന് സംസ്ഥാനത്തുണ്ടായത്. 2017 നിയമസഭാ തിരഞ്ഞെടുപ്പിൽ ആകെയുള്ള 40 സീറ്റിൽ 17 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്ന കോൺഗ്രസ് നിരയിൽ ഇന്നുള്ളത് വെറും രണ്ട് എംഎൽഎമാർ മാത്രം. ബാക്കിയുള്ള 15 എംഎൽഎമാരും കോൺഗ്രസിനെ കൈവിട്ടു.

ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്ന കോൺഗ്രസിനെ വെറും കാഴ്ചക്കാരാക്കിയാണ് 13 സീറ്റ് മാത്രമുള്ള ബിജെപി കഴിഞ്ഞ തവണ കേവല ഭൂരിപക്ഷം തികച്ച് (21 സീറ്റ്) സംസ്ഥാന ഭരണംപിടിച്ചത്. വലിയ ഒറ്റകക്ഷി അല്ലാതിരുന്നിട്ടുകൂടി ഭരണം പിടിച്ചെടുക്കാൻ സാധിച്ചുവെന്ന ആത്മവിശ്വാസം തന്നെയാണ് ഇത്തവണയും ബിജെപിയുടെ കരുത്ത്. കോൺഗ്രസ് ക്യാമ്പിലെ ആഭ്യന്തര പ്രശ്നങ്ങളും പ്രവർത്തകരുടെ കൊഴിഞ്ഞുപോക്കും ഇത്തവണ കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കുമെന്നാണ് ബിജെപി നേതൃത്വത്തിന്റെ പ്രതീക്ഷ.

നിലനിൽപ്പിനായുള്ള അഭിമാന പോരാട്ടമായതിനാൽ എന്തുവിലകൊടുത്തും അധികാരം പിടിക്കാനുറച്ചാണ് കോൺഗ്രസ് നേതാക്കൾ കരുക്കൾ നീക്കുന്നത്. ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് പ്രചാരണത്തിന് എതിരാളികളെക്കാൾ ഒരുപടിമുമ്പേ കോൺഗ്രസ് തുടക്കമിട്ടു. എന്നാൽ അവിടെയും പാർട്ടി തിരിച്ചടിയുണ്ടായി. ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയിലുള്ള നിലവിലെ എംഎൽഎ കൂടിയായ അലക്സോ റെജിനോൾഡോയും അവസാനനിമിഷം തൃണമൂലിലേക്ക് ചേക്കേറി. ഈ തിരിച്ചടിയൊന്നും തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രതിഫലിക്കാതിരിക്കാൻ പ്രവർത്തകർക്ക് പരമാവധി ആത്മവിശ്വാസവും പ്രചോദനവും നൽകി മുന്നോട്ടുകൊണ്ടുപോകാനുള്ള തീവ്രശ്രമത്തിലാണ് കോൺഗ്രസ് ദേശീയ നേതൃത്വം.

ബിജെപിയെ പിന്തുണച്ചിരുന്ന ഗോവ ഫോർവേഡ് പാർട്ടിയുമായി കോൺഗ്രസ് സഖ്യമുണ്ടാക്കാൻ തീരുമാനിച്ചിട്ടുണ്ട്. മന്ത്രിസഭാ വികസനത്തിലെ തർക്കങ്ങളെ തുടർന്നാണ് ഗോവ ഫോർവേഡ് പാർട്ടി ബിജെപിയുമായി അകന്നിരുന്നത്. കഴിഞ്ഞ തവണ കിട്ടിയ 13 സീറ്റുകൾ ഇത്തവണ 21 സീറ്റുകൾക്ക് മുകളിലേക്കെത്തിക്കാനാണ് ബിജെപി നേതൃത്വം ലക്ഷ്യമിടുന്നത്.

കോൺഗ്രസ്-ബിജെപി ശക്തികൾക്ക് പുറമേ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസും കെജ്രിവാളിന്റെ ആം ആദ്മി പാർട്ടിയും ഇത്തവണ ഗോവയിലെ ശ്രദ്ധാകേന്ദ്രമാണ്. ബംഗാളിന് പുറത്ത് മമതയുടെ ആദ്യത്തെ ബലപരീക്ഷണമാണ് ഗോവയിലേത്. ഒരുവേരും പറയാനില്ലാത്ത ഗോവയിൽ ഒന്നിൽനിന്ന് തുടങ്ങുന്ന തൃണമൂൽ എതിരാളികൾക്ക് മുന്നറിയിപ്പ് നൽകികഴിഞ്ഞു. കോൺഗ്രസിന്റെ തകർച്ചയിൽ പ്രതീക്ഷയർപ്പിച്ച് 25 ശതമാനത്തിലേറെ വരുന്ന സംസ്ഥാനത്തെ ക്രൈസ്തവ വോട്ടുകളിലാണ് മമത ലക്ഷ്യമിടുന്നത്.

എംജിപി എന്ന പ്രാദേശിക പാർട്ടിക്കൊപ്പം ചേർന്നാണ് ഗോവയിലെ തൃണമൂലിന്റെ കന്നി അങ്കം. കോൺഗ്രസ് മുന്മുഖ്യമന്ത്രി ലൂസീഞ്ഞോ ഫെലേറോ, ടെന്നീസ് താരം ലിയാഡർ പേസ് തുടങ്ങിയ മുഖങ്ങളെ മുൻനിർത്തി വോട്ടുപിടിക്കുകയാണ് മമതയുടെ തന്ത്രം. ചുരുങ്ങിയ കാലയളവിൽ ഡൽഹിയിലും പഞ്ചാബിലും ഉണ്ടാക്കിയെടുത്തതിന് സമാനമായ അടിത്തറ ഗോവയിലും സൃഷ്ടിക്കാമെന്ന പ്രതീക്ഷയിലാണ് എഎപി. തൃണമൂലും എഎപിയും പിടിച്ചെടുക്കുന്ന വോട്ടുകളും ഭരണംപിടിക്കാനുറച്ച് കളത്തിലിറങ്ങുന്ന ബിജെപിക്കും കോൺഗ്രസിനും വെല്ലുവിളിയാണ്. അധികാരം ആർക്കെന്ന കാര്യത്തിൽ പ്രാദേശിക പാർട്ടികളുടെ പങ്കും നിർണായമാകും.

പ്രീ പോൾ സർവേയിൽ ബിജെപിക്ക് 39 ശതമാനം വോട്ടും കോൺഗ്രസിന് 15 ശതമാനവും എഎപിക്ക് 22 ശതമാനവും മറ്റുള്ളവർക്ക് 24 ശതമാനവും. ബിജെപിക്ക് 22 മുതൽ 26 വരെ സീറ്റുകൾ നേടി ഗോവയിൽ അധികാരം നിലനിർത്താം, കോൺഗ്രസിന് 3-7 സീറ്റുകൾ ലഭിച്ചേക്കാം, ആം ആദ്മി പാർട്ടി 48 സീറ്റുകൾ, മറ്റുള്ളവർ 3-7 സീറ്റുകൾ നേടിയേക്കാം.