- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കശ്മീരിലെ കഥകൾ ഏറെ കേട്ടിട്ടുണ്ടെങ്കിലും നേരിട്ടറിഞ്ഞപ്പോൾ ഞെട്ടി പോയി; തീവ്രവാദികൾ എങ്ങനെ ഒക്കെയാണ് ഒരുജനതയെ അടിച്ചമർത്തി അടിമകളാക്കി വച്ചിരിക്കുന്നത് എന്നത് പറഞ്ഞറിയിക്കാൻ പ്രയാസം; അച്ഛനെ റോൾ മോഡലാക്കിയ കായംകുളത്തുകാരിക്ക് സൈന്യം കുഞ്ഞുന്നാളിലെ ഹരം; കശ്മീരിൽ അസം റൈഫിൾസിലെ ഏക മലയാളി സൈനിക ആതിര കെ പിള്ള മറുനാടനോട് അനുഭവങ്ങൾ പങ്കിടുന്നു
ആലപ്പുഴ: ഇരുപത്തി അഞ്ച് കിലോയോളം ഭാരം വരുന്ന തോക്കും മറ്റ് ആയുധങ്ങളുമായി കാശ്മീർ താഴ് വരയിൽ റോന്തു ചുറ്റുമ്പോൾ ആലപ്പുഴക്കാരി ആതിരാ കെ പിള്ള ഒരിക്കലും അറിഞ്ഞില്ല ഇന്ത്യയുടെ കാവൽക്കാരിയായി മാറുമെന്ന്. സൈനികനായിരുന്ന പിതാവ് കേശവ പിള്ളയെ റോൾ മോഡലാക്കി പട്ടാളത്തിൽ ചേരണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും അത് സാധ്യമാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ബി.കോം കഴിഞ്ഞ് സർക്കാർ ജോലി നേടുക എന്നതായിരുന്നു ആഗ്രഹം. അതിനിടെ പിതാവ് 2008 ൽ മരണപ്പെടുകയും ആശ്രിത നിയമനം വഴി ജോലി ലഭിക്കുകയുമായിരുന്നു.
കേരളത്തിൽ നിന്നും വനിതാ സൈനികർ ഒരുപാടുണ്ടെങ്കിലും അതിർത്തി കാക്കാൻ ഒരു മലയാളി പെൺകുട്ടി എന്നത് കേരളത്തിന്റെ അഹങ്കാരം തന്നെയാണ്. കശ്മീർ അതിർത്തി കാക്കുന്ന അസം റൈഫിൾസ് വനിതാ സൈനികരിലെ ഏക മലയാളിയാണ് കായംകുളം പുള്ളിക്കണക്ക് തെക്കേ മങ്കുഴി ഐക്കര കിഴക്കേതിൽ ആതിര കെ പിള്ള എന്ന ഇരുപത്തിയഞ്ചുകാരി. നാലു വർഷം മുൻപാണ് ആതിര സൈന്യത്തിൽ ചേർന്നത്. കശ്മീരിലെ അതിർത്തി ജില്ലയായ ഗന്ധർബാലിൽ നാലുമാസം മുൻപാണ് ജോലിക്കു നിയോഗിക്കപ്പെട്ടത്. നാട്ടുകാരുമായുള്ള ബന്ധം മെച്ചപ്പെടുത്തുകയാണ് പ്രധാന ചുമതല. തന്ത്രപ്രധാന കേന്ദ്രമായ കാശ്മീരിലെ കഥകൾ കേട്ടിട്ടുണ്ടെങ്കിലും നേരിട്ടറിഞ്ഞപ്പോൾ ഞെട്ടിക്കുന്നതായിരുന്നു. തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്നവർ ഒരു ജനതയെ എങ്ങനെയൊക്കെയാണോ അടിച്ചമർത്തി അടിമകളാക്കിയിരിക്കുന്നത് എന്ന് നേരിട്ടറിഞ്ഞപ്പോൾ ഞെട്ടിക്കുന്നതാണെന്നാണ് ആതിര മറുനാടനോട് പറഞ്ഞത്.സൈന്യത്തിലെ തന്റെ അനുഭവങ്ങളും മറ്റ് വിശേഷങ്ങളും ആതിര മറുനാടനോട് പങ്കു വയ്ക്കുകയാണ്.
സൈന്യം ഒരുവികാരം
'അച്ഛൻ പട്ടാളക്കാരനായതിനാൽ സൈന്യത്തോട് വല്ലാത്ത ഒരു വികാരമായിരുന്നു. കൊഹിമയിലായിരുന്നു ആദ്യം ഞങ്ങൾ താമസിച്ചിരുന്നത്. ഒന്നാം ക്ലാസ് മുതലുള്ള പഠനം അവിടെയായിരുന്നു. അച്ഛന്റെ യൂണിഫോം ധരിച്ച് കണ്ണാടിയുടെ മുന്നിൽ പോയി നിൽക്കുമായിരുന്നു. ഒരു സൈനികയാവണമെന്ന് വലിയ ആഗ്രഹമായിരുന്നു. പക്ഷേ അതിന് ഒത്ത ശാരീരിക ക്ഷമത എനിക്കില്ലായിരുന്നു. എങ്കിലും എങ്ങനെയെങ്കിലും സൈന്യത്തിൽ ചേരണമെന്നുള്ള അതിയായ ആഗ്രഹം മനസ്സിൽ കിടപ്പുണ്ടായിരുന്നു. എന്നെ ഒരു ആൺകുട്ടിയായിട്ടാണ് അച്ഛനും അമ്മയും വളർത്തിയത്. അതിന്റെ ഒരു തന്റേടമൊക്കെ ഉണ്ടായിരുന്നു. ഇതിനിടയിലാണ് 2008 ൽ അച്ഛൻ മരിക്കുന്നത്.
അച്ഛൻ മരിച്ചപ്പോൾ ആകെ തളർന്നു പോയി. എന്റെ ഏറ്റവും നല്ല സുഹൃത്തും വഴികാട്ടിയുമായിരുന്നു അച്ഛൻ. പക്ഷേ തളർന്നു പോയാൽ പിന്നെ എഴുന്നേൽക്കാനാവില്ലെന്ന് മനസ്സിലായതോടെ അമ്മയ്ക്കും സഹോദരനും കരുത്ത് നൽകി നിവർന്നു നിന്നു. ഈ സമയത്താണ് ആശ്രിത നിയമനത്തിന് അപേക്ഷ നൽകിയത്. റിക്രൂട്ട്മെന്റിന് പങ്കെടുക്കുകയും സെലക്ഷൻ ലഭിക്കുകയുമായിരുന്നു.'-ആതിര പറഞ്ഞു.
അമ്മയുടെ എതിർപ്പ് മറികടന്ന് യാത്ര
ആദ്യം അമ്മയ്ക്ക് വലിയ എതിർപ്പായിരുന്നു. കാരണം അച്ഛൻ അനുഭവിക്കുന്ന കഷ്ടപ്പാടുകളും മറ്റും അമ്മയ്ക്കറിയാമായിരുന്നു. ഒരു പെൺകുട്ടിയായ എനിക്ക് അതൊക്കെ താങ്ങാൻ കഴിയില്ലാ എന്നായിരുന്നു അമ്മ പറഞ്ഞത്. അതിനാൽ നാട്ടിലെവിടെയെങ്കിലും ജോലി നോക്കിയാൽ മതി എന്നായിരുന്നു അമ്മയുടെ ഉപദേശം. പക്ഷേ ഞാൻ ഒറ്റ വാശിയിൽ തന്നെനിന്നു. ഈ ജോലി തന്നെ മതി. ഇതോടെയാണ് അമ്മ സമ്മതം മൂളിയത്. നിന്റെ ആഗ്രഹം ഇതാണെങ്കിൽ അങ്ങനെ തന്നെ നടക്കട്ടെ.
ട്രെയിനിങ് എന്തൊരു കഠിനം
ട്രെയിനിങ് സമയത്ത് വലിയ ബുദ്ധിമുട്ടുകളായിരുന്നു. എന്റെ ബാച്ചിൽ മലയാളികൾ ആരും തന്നെയില്ലായിരുന്നു. ഹിന്ദി വശമില്ലാത്തതിനാൽ പലപ്പോഴും ആശയവിനിമയത്തിന് ഏറെ ബുദ്ധിമുട്ടുകളുണ്ടാക്കി. പക്ഷേ ഒപ്പമുണ്ടായിരുന്നവർ നന്നായി സഹായിച്ചു. അവർ തന്നെ എന്നെ ഹിന്ദി പഠിപ്പിച്ചു. പലപ്പോഴും പണിഷ്മെന്റുകൾ കിട്ടാൻ തുടങ്ങിയപ്പോൾ തിരിച്ചു പോന്നാലോ എന്നു വരെ ആലോചിച്ചിരുന്നു. അമ്മയോട് ഫോണിൽ സംസാരിക്കുമ്പോൾ ട്രെയിനിങ്ങിന്റെ കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും പറയുമ്പോൾ തിരിച്ചു വരാൻ നിർദ്ദേശിച്ചു.
പക്ഷേ സൈന്യത്തോടുള്ള അടങ്ങാത്ത ആവേശവും അച്ഛന്റെ ജോലി തുടരണം എന്നുള്ള അത്മവിശ്വാസവും അവിടെതന്നെ പിടിച്ചു നിർത്തുകയായിരുന്നു. ബി.പി.ടി( ബാറ്റിൽ പ്രൊഫിഷൻസി ടെസ്റ്റ്) യായിരുന്നു അതി കഠിനം. ആയുധങ്ങളും എല്ലാം കൂടി 25 കിലോയോളം ഭാരം വരുന്ന സാധനങ്ങൾ ചുമന്നു കൊണ്ട് 5 കിലോമീറ്റർ ഓടണം. നിരന്തരമായ പരിശീലനം കൊണ്ട് അത് സ്വായത്തമാക്കി. പലപ്പോഴും ട്രെയിനിങ്ങിൽ നിന്നും പിന്മാറിയാലോ എന്ന് തോന്നുമ്പോഴൊക്കെ അച്ഛന്റെ മുഖം തെളിഞ്ഞു വരും. അപ്പോൾ വാശി കേറും. അങ്ങനെയാണ് കഠിനമായ ട്രെയിനിങ്ങുകളൊക്കെ പൂർത്തിയാക്കിയത്.
കശ്മീരിലെ അനുഭവം
ട്രെയിനിങ് പൂർത്തിയാക്കിയ ശേഷം നാഗാലാന്റ്, മണിപ്പൂർ തുടങ്ങിയ സ്ഥലങ്ങളിൽ ജോലി ചെയ്തു. പിന്നീടാണ് കാശ്മീരിലേക്ക് എത്തിയത്. നാട്ടുകാരുമായുള്ള ബന്ധം മെച്ചപ്പെടുത്തുകയാണു പ്രധാന ചുമതല. ഞങ്ങളെ കാണുമ്പോൾ അതിർത്തിയിലെ പെൺകുട്ടികൾക്ക് അഭിമാനമാണ്. അവർക്കും വളരുമ്പോൾ ഞങ്ങളെപ്പോലെയാകണമെന്ന ആഗ്രഹമുണ്ടാകുന്നുണ്ട്. ചുരുക്കം ചിലർക്ക് അടുക്കാൻ ഭയമുണ്ടെങ്കിലും പ്രദേശവാസികളായ സ്ത്രീകളിലും കുട്ടികളിലും ഭൂരിപക്ഷവും സ്‌നേഹത്തോടെയും ബഹുമാനത്തോടെയുമാണ് തങ്ങളെ കാണുന്നത്. കുടുംബത്തിലെ അംഗങ്ങളെ പോലെ തന്നെ കാണുന്നവരുമുണ്ട്. പഠനത്തിനു പ്രശ്‌നങ്ങളുള്ള കുട്ടികളെ സഹായിക്കുവാൻ സന്നദ്ധരാണെന്ന് അവരെ അറിയിച്ചപ്പോഴും നല്ല സഹകരണമാണ് ലഭിച്ചതെന്നും ആതിര പറഞ്ഞു.
പ്രത്യേക സാഹചര്യങ്ങളിൽ വീടുകളിൽ പരിശോധന നടത്തേണ്ടി വരുമ്പോൾ ജനങ്ങളുടെ സഹകരണം ഉറപ്പാക്കുകയും സ്ത്രീകളെയും കുട്ടികളെയും പരിശോധിക്കുകയും ചെയ്യേണ്ടതും വനിതാ സൈനികരുടെ ഉത്തരവാദിത്തമാണ്. പുരുഷ സൈനികർക്ക് സമമായി തന്നെ രാത്രി ഡ്യൂട്ടിയുൾപ്പടെ വനിതാ സൈനികർക്ക് ചെയ്യണം. യുദ്ധമുഖത്തുൾപ്പെടെ വേണ്ട സൈനിക സേവനം സ്ത്രീകൾക്ക് ചേർന്നതല്ല എന്ന ധാരണ ശരിയല്ല. സ്ത്രീകളുടെ കഴിവും പ്രാപ്തിയും പൗരബോധവും ധൈര്യവുമൊക്കെ പ്രകടമാക്കേണ്ടുന്ന ഈ മേഖലയിലേക്ക് കൂടുതൽ പെൺകുട്ടികൾ കടന്നുവരണം എന്നും ആതിര പറഞ്ഞു.
പുറംലോകം അറിഞ്ഞു തുടങ്ങുന്നത്
മണിപ്പൂരിൽ വെച്ച് മികച്ച സേവനത്തിനുള്ള അംഗീകാരം ലഭിച്ച ആതിര 2019 ലെ റിപ്പബ്ലിക്ക് ദിന പരേഡിൽ പങ്കെടുത്തും മികവ് തെളിയിച്ചിട്ടുണ്ട്. ഇതിനിടയിലാണ് നാലുമാസം മുൻപ് കാശ്മീരിലേക്ക് നിയമനം ലഭിച്ചത്. 9 വനിതകൾ അടങ്ങുന്ന ടീമായിരുന്നു. കാശ്മീരിലുള്ള ഒരു മീഡിയ ഇവർ വീടുകളിൽ റെയ്ഡിന് പോകുന്ന വാർത്ത റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് ആതിരയെ പുറം ലോകം അറിയുന്നത്. അസം റൈഫിൾസിലെ റൈഫിൾ മൂവ്മെന്റ് ജനറൽ ഡ്യൂട്ടി തസ്തികയിലാണ് ആതിര ജോലി ചെയ്യുന്നത്. ജയലക്ഷ്മിയാണ് അമ്മ. സ്മിതീഷ് പരമേശ്വർ ആണ് ആതിരയുടെ ഭർത്താവ്.
ആതിര കഥ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വലിയ അഭിനന്ദന പ്രവാഹമാണ്. കഴിഞ്ഞ രണ്ടിന് നാട്ടിലെത്തിയ ആതിരയ്ക്ക് വിവിധ സ്ഥലങ്ങളിൽ അനുമോദന ചടങ്ങ് നടത്തി ആദരവ് അർപ്പിക്കുകയാണ് നാട്ടുകാർ. മുൻ മിസോറാം ഗവർണ്ണർ കുമ്മനം രാജശേഖരൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തുടങ്ങീ പ്രമുഖരും ആതിരയെ സന്ദർശിച്ച് ആദരവ് നൽകി.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.