- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അറ്റ് ലാന്റ 'യുടെ ഓർമകൾക്ക് 60 വയസ്സ്; വിടരും മുമ്പെ കൊഴിഞ്ഞ ഇന്ത്യൻ നിർമ്മിത സ്കൂട്ടർ; വ്യവസായ വിരുദ്ധത ഇല്ലാതാക്കിയത് കേരളത്തിന്റെ തലവര മാറ്റുമായിരുന്ന വൻ പദ്ധതി; സിനിമാക്കഥയെ വെല്ലുന്ന മലയാളികളുടെ സ്വന്തം അറ്റ് ലാന്റ ഓർമകൾ മാത്രമാകുമ്പോൾ
തിരുവനന്തപുരം: ഇരുചക്രവാഹങ്ങൾക്ക് പ്രിയമേറും മുമ്പെ കേരളത്തിന് സ്വന്തമായൊരു സ്കൂട്ടർ ഉണ്ടായിരുന്നു. കേരളത്തിന്റെ മണ്ണിൽ ആദ്യമായി രൂപപ്പെടുത്തിയ ഇന്ത്യൻ നിർമ്മിത സ്കൂട്ടർ. പേര് അറ്റ്ലാന്റ. കേരളത്തിന്റെ വ്യവസായ ചരിത്രത്തിൽ നാഴികക്കല്ലായി മാറേണ്ടിയിരുന്ന അറ്റ്ലാന്റയുടെ തുടക്കവും ഒടുക്കവുമെല്ലാം സിനിമാക്കഥകളെ വെല്ലുന്നതാണ്. വ്യവസായത്തോട് മുഖംതിരിച്ച രാഷ്ട്രീയ കോമരങ്ങളുടെ നാട്ടിൽ പിറന്ന് വളരും മുമ്പെ പൊഴിഞ്ഞുപോയ ചരിത്രം.
ഇറ്റലിയിൽനിന്ന് ഇറക്കുമതി ചെയ്ത പ്ലാന്റിൽ ഉൽപാദിപ്പിക്കുന്ന ലാംബ്രട്ട സ്കൂട്ടർ മാത്രമാണ് അന്ന് ഇന്ത്യൻ നിരത്തിൽ ഉണ്ടായിരുന്നത്. എൻ.എച്ച്. രാജ്കുമാർ ഐഎഎസ് എന്ന വ്യവസായ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ ബുദ്ധിയിൽ വികസിച്ചതായിരുന്നു അറ്റ്ലാന്റ എന്ന സ്വപ്നം. 1958 ൽ, ജപ്പാനിലെ വ്യവസായങ്ങളെക്കുറിച്ചു പഠിക്കാനും ആ മാതൃകകൾ കേരളത്തിൽ പരീക്ഷിക്കുകയെന്ന ദൗത്യവുമായി കേരള സർക്കാർ രാജ്കുമാറിനെ ജപ്പാനിലേക്ക് ഒരു വർഷത്തെ പഠനത്തിനായി അയച്ചു. ജപ്പാൻ സന്ദർശിച്ച വേളയിൽ ശേഖരിച്ച അറിവിന്റെ പിൻബലത്തിലാണ് കേരളത്തിൽ സ്കൂട്ടർ ഫാക്ടറി നിർമ്മിക്കാമെന്ന ആശയം രാജ്കുമാറിന്റെ തലച്ചോറിലുദിച്ചത്. കേരളത്തിലെ തൊഴിൽരഹിതരായ യുവാക്കൾക്ക് ജോലി നൽകുകയായിരുന്നു ഉദ്ദേശ്യം. ജപ്പാനിൽനിന്നു മടങ്ങിയെത്തിയ രാജ്കുമാർ, സ്വന്തമായി സ്കൂട്ടർ നിർമ്മിക്കാമെന്ന ചിന്തയുടെ പണിപ്പുരയിലായിരുന്നു.
കൊല്ലം ചാത്തന്നൂർ സ്വദേശിയായ യുവ എൻജിനീയർ പി.എസ്. തങ്കപ്പൻ എന്ന പ്രതിഭയെ രാജ്കുമാർ കണ്ടെത്തിയതോടെ ആ സ്വപ്നം യാഥാർത്ഥ്യമായി. തങ്കപ്പന് ടെക്നിക്കൽ ട്രെയിനിങ് സ്കൂളിൽ വിദഗ്ധ പരിശീലനം നൽകാൻ മുൻകൈയെടുത്തതോടെ സ്കൂട്ടർ പദ്ധതി രൂപപ്പെട്ടു. ഇന്ത്യയിൽ ആദ്യമായി തദ്ദേശീയമായി വാഹനം രൂപകൽപന ചെയ്തു നിർമ്മിച്ച കേരളത്തിന്റെ ശിൽപിയായി എൻ.എച്ച്. രാജ്കുമാർ മാറി. ഏറെ സമയമെടുത്ത് തയാറാക്കിയ സ്കൂട്ടറിന്റെ ഡിസൈൻ, രാജ്കുമാർ, തന്റെ വിശ്വസ്തനായ എൻജിനീയർ പി.എസ്. തങ്കപ്പനു കൈമാറി. ഗിയർ ഇല്ലാത്ത സ്കൂട്ടർ നിർമ്മിക്കുകയായിരുന്നു രാജ്കുമാറിന്റെ ഉദ്ദേശ്യം. ശ്രമകരമായ ആ ദൗത്യത്തിൽ രാജ്കുമാറും തങ്കപ്പനും വിജയിച്ചു. രാജ്യത്ത് ആദ്യത്തെ പരീക്ഷണം കൂടിയിരുന്നു ഗിയർലെസ് സ്കൂട്ടർ.
1960 ൽ തിരുവനന്തപുരം നഗരത്തിനു സമീപം കൈമനത്ത് ഒരു കൊച്ച് ഷെഡ് നിർമ്മിച്ചാണ് സ്കൂട്ടർ നിർമ്മാണ പദ്ധതിക്ക് ഇരുവരും തുടക്കമിട്ടത്. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ഇരുമ്പു മുതലുള്ള വസ്തുക്കൾ ഇറക്കുമതി ചെയ്യാൻ കടുത്ത നിയന്ത്രണങ്ങളുള്ള കാലം. സ്കൂട്ടർ പദ്ധതിക്കായി വ്യവസായ വകുപ്പിനു കീഴിൽ ഒരു ട്രേഡ് സ്കൂളും തങ്കപ്പൻ തുടങ്ങിയതോടെ പദ്ധതി മുന്നോട്ട്. കൊല്ലത്തുനിന്നും തിരുവനന്തപുരത്തുനിന്നും തിരഞ്ഞെടുത്ത 28 പരമ്പരാഗത ഇരുമ്പു പണിക്കാർക്ക്, യന്ത്രഭാഗങ്ങളുടെ ഉപയോഗം ഉൾപ്പെടെ സാങ്കേതിക പരിശീലനം നൽകിയാണ് വിദഗ്ധ തൊഴിലാളികളുടെ ക്ഷാമത്തെ രാജ്കുമാറും തങ്കപ്പനും നേരിട്ടത്. ഇരുമ്പു പണിക്കാരുടെ കഠിന പ്രയത്നത്തോടെ, ആദ്യ സ്കൂട്ടറിന്റെ മാതൃക 1960 ൽ നിർമ്മിച്ചു. പൂർണമായും കേരളത്തിൽത്തന്നെ നിർമ്മിച്ച സ്കൂട്ടറിന് കാർബുറേറ്റർ മാത്രം ജപ്പാനിൽനിന്ന് ഇറക്കുമതി ചെയ്തു.
സ്കൂട്ടറിന്റെ ആദ്യ പ്രോട്ടോ ടൈപ് പാപ്പനംകോട് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ കമ്യൂണിറ്റി എൻജിനീയറിങ് വർക്സ് എന്ന ഫാക്ടറിയിൽനിന്ന് 1961 ൽ പുറത്തിറങ്ങി. 2 കിർലോസ്കർ ഡെഡ് സെന്റർ ലെയ്ത്ത് മെഷീൻ, ഒരു ഫ്രിറ്റ്സ് വെർണർ മില്ലിങ് മെഷീൻ, ഒരു ഷെയ്പിങ് മെഷീൻ, ഒരു രാജ്കോട്ട് പവർ പ്രസ് എന്നിവയാണ് പ്രോട്ടോ ടൈപ് നിർമ്മിക്കാൻ ഉപയോഗിച്ച പ്രധാന യന്ത്രഭാഗങ്ങൾ. ഇവ കൂടാതെ സ്വന്തമായി സർഫസ് ഗ്രൈൻഡിങ് മെഷീനും പവർ ഹാമർ മെഷീനും നിർമ്മിച്ചു. പിസ്റ്റൺ എക്സൻട്രിക് ഗ്രൈൻഡിങ് ഉൾപ്പെടെ പ്രധാന ജോലികൾ കൈകൾ കൊണ്ടാണു ചെയ്തത്. മണിക്കൂറിൽ 60 കിലോമീറ്റർ സ്പീഡിൽ കുതിക്കുന്ന അറ്റ്ലാന്റയ്ക്ക് 40 കിലോമീറ്റർ മൈലേജ് ലഭിച്ചിരുന്നു. 'പായുന്ന സുന്ദരി' എന്ന് അർഥം വരുന്ന അറ്റ്ലാന്റ എന്ന പേരും രാജ്കുമാർ നൽകി.
വ്യവസായികാടിസ്ഥാനത്തിൽ സ്കൂട്ടറുകൾ നിർമ്മിക്കാനുള്ള ലൈസൻസ് സ്വന്തമാക്കുകയായിരുന്നു രാജ്കുമാറിന്റെ ഉദ്ദേശ്യം. ഇതിനുള്ള ആദ്യ പടിയായി തന്റെ മാതൃകാ സ്കൂട്ടർ, ട്രെയിനിൽ കയറ്റി തങ്കപ്പൻ വശം ഡൽഹിയിലെത്തിച്ചു. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിൽ അറ്റ്ലാന്റയെ പരിചയപ്പെടുത്തി. സാങ്കേതികവിദ്യ വിലയിരുത്താനുമായി 28 പേരടങ്ങുന്ന കാബിനറ്റ് കമ്മിറ്റി ഫോർ ടെക്നിക്കൽ അഫയേഴ്സിനും ഇന്ദിരാഗാന്ധി രൂപം നൽകി. വിദഗ്ധ സമിതി അംഗങ്ങൾ തങ്കപ്പനുമായി പല ദിവസങ്ങളിലായി ചർച്ചകൾ നടത്തി. വിശദമായ റോഡ് ടെസ്റ്റും നടത്തി. തടിയനായ ഒരു സർദാർജിയെ സ്കൂട്ടറിനു പിന്നിലിരുത്തി ഒരു യാത്രയായിരുന്നു അവസാന കടമ്പ.
1967 ൽ ഇന്ദിരാഗാന്ധി സർക്കാർ, സ്കൂട്ടറിന്റെ ഡിസൈൻ അംഗീകരിക്കുകയും, പ്രതിവർഷം 25,000 സ്കൂട്ടറുകൾ നിർമ്മിക്കാനുള്ള അനുമതിയും നൽകി. അറ്റ്ലാന്റയെ ഇന്ത്യൻ നിരത്തുകളിൽ ഇറക്കാനുള്ള അംഗീകാരവും ഇതോടൊപ്പം നൽകി. സ്പീഡോ മീറ്റർ ഘടിപ്പിച്ചെങ്കിൽ മാത്രമേ ലൈസൻസ് ലഭിക്കൂ എന്ന നിർദ്ദേശത്തെ തുടർന്ന് സ്പീഡോ മീറ്ററും കൈമനത്തെ ഫാക്ടറിയിൽത്തന്നെ നിർമ്മിച്ചു. പ്രോട്ടോ ടൈപ് മോഡലിൽ ഫ്രണ്ട് ബ്രേക്ക് ഉണ്ടായിരുന്നില്ല. വിദഗ്ധ സമിതിയുടെ നിർദ്ദേശത്തെ തുടർന്ന് ഫ്രണ്ട് ബ്രേക്കും ഘടിപ്പിച്ചു. 'രഞ്ജൻ മോട്ടർ കമ്പനി' എന്ന പേരിൽ രാജ്കുമാർ സ്വന്തമായി കമ്പനി രജിസ്റ്റർ ചെയ്തു. മക്കളായ അനിൽ രഞ്ജന്റെയും, വിനയൻ രഞ്ജന്റെയും പേരുകൾ ചേർത്തായിരുന്നു കമ്പനിക്കു പേരിട്ടത്.
തിരുവിതാംകൂർ രാജകുടുംബം 2 ലക്ഷം രൂപയുടെ ആദ്യ ഷെയർ വാങ്ങി. മൊത്തം 5 ലക്ഷം രൂപ ആയിരുന്നു മൂലധനം. ഫൈബർ നിർമ്മിതമായിരുന്നു സ്കൂട്ടറിന്റെ ബോഡി. വർഷം 22,500 സ്കൂട്ടറുകൾ പുറത്തിറക്കുവാനുള്ള ലക്ഷ്യത്തോടെ പ്രവർത്തനമാരംഭിച്ച കമ്പനിക്ക് മദ്രാസിലും ഹൈദരാബാദിലും കൊൽക്കത്തയിലും വിൽപനകേന്ദ്രങ്ങൾ ഉണ്ടായിരുന്നു. 1,500 രൂപയായിരുന്നു സ്കൂട്ടറിന്റെ വില. ലീറ്ററിന് 40 കിലോമീറ്ററായിരുന്നു സ്കൂട്ടറിന്റെ മൈലേജ്. കൈമനത്ത് ചെറിയ ഫാക്ടറിയും പ്രവർത്തനം ആരംഭിച്ചു. തദ്ദേശീയരായ സമർഥരായ തൊഴിലാളികൾക്ക് ജോലി നൽകുകയായിരുന്നു രാജ്കുമാറിന്റെ ലക്ഷ്യം. ഗിയർ ഇല്ലാത്ത ഓട്ടമാറ്റിക് ട്രാൻസ്മിഷൻ ആയിരുന്നു സ്കൂട്ടറിൽ ഉപയോഗിച്ചിരുന്നത്.
ചെന്നൈയിലും, കൊൽക്കത്തയിലും ബെംഗളൂരുവിലും കമ്പനി ഡീലർഷിപ് ഷോറൂമുകൾ തുടങ്ങി. സ്കൂട്ടറുകൾ വൻതോതിൽ നിർമ്മിച്ച് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും ഹൈദരാബാദ്, ഗുണ്ടൂർ, കർണാടക എന്നിവിടങ്ങളിലേക്കും അയച്ചെങ്കിലും, വിൽപന പ്രതീക്ഷിച്ചപോലെ വിജയകരമായില്ല. 8000 സ്കൂട്ടറുകളാണ് നിർമ്മിച്ചത്. തൊഴിൽരഹിതരായ എൻജിനീയർമാർക്കും, ഐടിഐ കോഴ്സ് പാസായവർക്കും രാജ്കുമാർ ജോലി നൽകി. രാഷ്ട്രീയത്തിന്റെ വിത്തുകൾ രഞ്ജൻ മോട്ടർ കമ്പനിയിൽ ഇതിനിടെ മുളപൊട്ടിയിരുന്നു. തൊഴിലാളി തർക്കങ്ങൾ തുടർക്കഥയായതോടെ, രഞ്ജൻ മോട്ടർ കമ്പനിയെ ഏറ്റെടുക്കാനും അണിയറ നീക്കം തുടങ്ങി. സഹകരണ മേഖലയിലൊരു സ്കൂട്ടർ ഫാക്ടറി എന്ന ഉദ്ദേശ്യത്തോടെ കേരള സ്റ്റേറ്റ് എൻജിനീയറിങ് ടെക്നീഷ്യൻസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി അഥവാ എൻകോസ് ആണ് രഞ്ജൻ മോട്ടർ കമ്പനിയെ ഏറ്റെടുക്കാൻ മുന്നോട്ടു വന്നത്. പ്രതിവർഷം 1000 സ്കൂട്ടറുകൾ ഈ ഫാക്ടറിയിൽനിന്നു പുറത്തിറക്കാനായിരുന്നു ലക്ഷ്യം. സർക്കാർ ധനസഹായം, ഷെയറുകൾ, ദേശസാൽകൃത ബാങ്കുകളിൽനിന്നുള്ള വായ്പ എന്നിവയിലൂടെയാണ് മൂലധനം സ്വരൂപിക്കാൻ സൊസൈറ്റി ഉദ്ദേശിച്ചിരുന്നത്.
1971ൽ രഞ്ജൻ മോട്ടർ കമ്പനി, എൻകോസ് ഏറ്റെടുത്തു. ഇതോടെ രാജ്കുമാർ കമ്പനി വിട്ടു. ഇതിനിടെ ഈ സംരംഭം ഏറ്റെടുക്കാൻ വ്യവസായ പ്രമുഖൻ ബിർള താൽപര്യം കാട്ടിയെങ്കിലും, അന്നു കേരളത്തിലെ വ്യവസായ മന്ത്രി ഇത് ശക്തമായി എതിർത്തതോടെ അതും ഫലം കണ്ടില്ല. ഇതിനിടെ 500 സ്കൂട്ടർ നിർമ്മിച്ചു. പ്രതിവർഷം 25,000 സ്കൂട്ടർ എന്നതാണു സംഘത്തിന്റെ നിർമ്മാണലക്ഷ്യം. സംഘത്തിൽ 75 എൻജിനീയർമാരുമുണ്ടായിരുന്നു. ഇന്ത്യൻ യന്ത്രസാമഗ്രികൾ ഉപയോഗിച്ചു നിർമ്മിച്ച 'അറ്റ്ലാന്റ' എന്ന സ്കൂട്ടർ 1976 ൽ ഡൽഹിയിൽ മാധ്യമപ്രവർത്തകരുടെ മുൻപാകെ പ്രദർശിപ്പിച്ചു.
അറ്റ്ലാന്റ എന്ന പേര് മാറ്റാനും കേരളീയ നാമം നൽകാനും എൻകോസ് തീരുമാനിച്ചു. നികുതിക്കു പുറമേ 2,300 രൂപ വില വരുന്ന സ്കൂട്ടറിന് മണിക്കൂറിൽ 70 കിലോമീറ്റർ സ്പീഡ് കിട്ടുമെന്നും ഒരു ലീറ്റർ പെട്രോൾ ഉപയോഗിച്ച് 40 കിലോമീറ്റർ ഓടുമെന്നുമായിരുന്നു എൻജിനീയർമാരുടെ സഹകരണ സംഘത്തിന്റെ അവകാശവാദം. സ്കൂട്ടറിന്റെ 75 ശതമാനവും തികച്ചും ഇന്ത്യൻ സാധന സാമഗ്രികളായിരുന്നു. കാർബുറേറ്റർ തുടങ്ങി ഇന്ത്യയിലല്ലാത്തവ മാത്രമാണ് ഇറക്കുമതി ചെയ്തത്. 100 ശതമാനം ഇന്ത്യൻ യന്ത്രസാമഗ്രികൾ കൊണ്ട് സ്കൂട്ടർ നിർമ്മിക്കാൻ കഴിയുമെങ്കിൽ കേരളത്തിൽ ഒരു സ്കൂട്ടർ നിർമ്മാണശാല സ്ഥാപിക്കുമെന്ന് അന്നത്തെ കേന്ദ്ര വ്യവസായ വികസന മന്ത്രി ഫക്രുദീൻ അലി അഹമ്മദ് ലോക്സഭയിൽ ഉറപ്പു നൽകി.
പാപ്പനംകോട്ടെ സ്കൂട്ടർ യൂണിറ്റിൽനിന്നു 2-3 വർഷത്തിനുള്ളിൽ പ്രതിവർഷം 3,000 സ്കൂട്ടറുകൾ പുറത്തിറക്കാനായിരുന്നു പരിപാടി. ഇതിനിടെ സർക്കാർ ഇടപെട്ട് സംരംഭം ഏറ്റെടുത്തു. കേരള ഓട്ടമൊബീൽസ് ലിമിറ്റഡ് (കെഎഎൽ) എന്ന് പുനർനാമകരണം ചെയ്യുകയും, ആറാലുംമൂട്ടിലേക്ക് മാറ്റുകയും ചെയ്തു. കെടുകാര്യസ്ഥതയും, രാഷ്ട്രീയ ഇടപെടലുകളും തൊഴിൽതർക്കവും തുടർക്കഥയായതോടെ 'അറ്റ്ലാന്റയെ' കേരളത്തിന്റെ വ്യവസായ ചരിത്രത്തിന്റെ മണ്ണിൽ കുഴി വെട്ടി മൂടി.
മറുനാടന് മലയാളി ബ്യൂറോ