അടൂർ: ഹൈസ്‌കൂൾ ജങ്ഷന് സമീപമുള്ള ഫെഡറൽ ബാങ്ക് എ ടി എം കുത്തിത്തുറന്ന് പണം അപഹരിക്കാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ. ഒഡിഷയിലെ ബാലേഷർ ജില്ലയിൽ ഗജിപൂർ ചന്ദനേശ്വർ സ്വദേശി ഗൗര ഹരി മാണാ (36) ആണ് പിടിയിലായത്.

19 ന് രാത്രിയാണ് മോഷണശ്രമം നടന്നത്. എടിഎമ്മിന്റെ മുൻവശത്തെ സിസി ടിവി ക്യാമറകളും അലാറവും വിഛേദിച്ച ശേഷം ഉള്ളിൽ കടന്ന ഇയാൾ മെഷീന്റെ മുൻവശം തകർത്ത് പണം മോഷ്ടിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് ഇയാൾ അവിടം വിട്ടുപോകുകയായിരുന്നു.

പിന്നീട് എടിഎമ്മിലെത്തിയ ആളുകൾ വാതിൽ പൊളിഞ്ഞു കിടക്കുന്നത് കണ്ട് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് ബാങ്ക് അധികൃതരെ ഉടനെ തന്നെ ബന്ധപ്പെട്ട് നടപടി സ്വീകരിച്ചു. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശത്തെ തുടർന്ന് ഡിവൈഎസ്‌പിയുടെ മേൽനോട്ടത്തിൽ അന്വേഷണം ഊർജിതമാക്കി. ഇന്ന് ഉച്ചയ്ക്ക് അടൂരിൽ നിന്നുമാണ് പ്രതിയെ പിടികൂടിയത്.

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് മോഷ്ടാവ് ഇതരസംസ്ഥാനത്തു നിന്നുള്ളയാളാണെന്ന് മനസ്സിലാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇതരസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളിലും മറ്റും രാത്രി തന്നെ തെരച്ചിൽ ആരംഭിച്ചു. വ്യാപകമായ പരിശോധനയെ തുടർന്ന് പ്രതിയെ കുടുക്കുകയായിരുന്നു.

ഇയാൾ വേറെ കേസുകളിൽ പ്രതിയാണോ കൂട്ടാളികൾ ഉണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങളിൽ വിശദമായ അന്വേഷണം തുടരുകയാണ്. അടൂരുള്ള ഒരു ഹോട്ടലിലെ ജീവനക്കാരനാണ്. ഇയാൾ രണ്ട് ദിവസമായി ജോലിക്ക് പോകാതിരിക്കുകയായിരുന്നു. ഡിവൈഎസ്‌പി ആർ. ബിനുവിന്റെ മേൽനോട്ടത്തിലുള്ള അന്വേഷണസംഘത്തിൽ പൊലീസ് ഇൻസ്പെക്ടർ ടി ഡി പ്രജീഷ്, എസ് ഐ മാരായ വിമൽ രഘുനാധ്, അനിൽകുമാർ,, എ എസ് ഐ സുരേഷ് കുമാർ,എസ് സി പി ഒ വിനോദ്, സി പി ഒ സൂരജ്, ഹോം ഗാർഡ് ഉദയകുമാർ എന്നിവരാണ് ഉണ്ടായിരുന്നത്.