കോഴഞ്ചേരി: മദ്യലഹരിയിൽ വീട് ആക്രമിക്കുകയും സ്ത്രീകളെ അപമാനിക്കുകയും ചെയ്തുവെന്ന പരാതിയിൽ ബിജെപി, ഡിവൈഎഫ്ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിന്റെ വകുപ്പ് ലഘൂകരിക്കാനും പ്രതികളെ വിട്ടയക്കുന്നതിന് വേണ്ടിയും സിപിഎം നേതാവ് കോയിപ്രം പൊലീസ് സ്റ്റേഷനിൽ തമ്പടിച്ചെങ്കിലും ഒന്നും നടന്നില്ല. പട്ടികജാതി പീഡന നിരോധന വകുപ്പു കൂടി ചുമത്തി കേസെടുത്തതിനാൽ പ്രതികളെ റിമാൻഡ് ചെയ്യും.

കോയിപ്രം പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ പുല്ലാടിന് സമീപം ഞായറാഴ്ച രാത്രിയാണ് സംഭവം. അക്രമി സംഘത്തിലെ അനിൽകുമാർ (സോബിൻ), അനിൽ വിജയൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ശേഷിക്കുന്ന പ്രതികൾക്കായി തെരച്ചിൽ നടക്കുന്നു. സോബിൻ ഡിവൈഎഫ്ഐ പ്രവർത്തകനും അനിൽ ബിജെപി പ്രവർത്തകനുമാണെന്ന് പൊലീസ് പറയുന്നു.

പുല്ലാട് കാലായിൽ കുഴിയിൽ വീട്ടിൽ താരാനാഥ്, ഭാര്യയും ആരോഗ്യ പ്രവർത്തകയുമായ ജ്യോതി, താരാനാഥിന്റെ സഹോദരൻ ശ്രീനാഥ് എന്നിവർക്കാണ് മർദനമേറ്റത്. പുല്ലാട് ജങ്ഷനിൽ വാടകയ്ക്ക് താമസിക്കുന്ന താരാനാഥ് ടാക്സി സർവീസ് നടത്തുന്നുണ്ട്. ടെമ്പോ ട്രാവലർ, സുമോ എന്നിവ ഉൾപ്പെടെ മന്നു വാഹനങ്ങൾ ഡ്രൈവർ കൂടിയായ താരാനാഥിനുണ്ട്. ഞായറാഴ്ച രാവിലെ ആലപ്പുഴയിൽ ഹൗസ്ബോട്ട് സവാരിക്ക് പോകുന്നതിനാണ് സോബിനും അനിലും ഉൾപ്പെട്ട സംഘം താരാനാഥിന്റെ ടെമ്പോ ട്രാവലർ വാടകയ്ക്ക് വിളിച്ചത്. മദ്യപിച്ച് മദോന്മത്തരായി മടങ്ങി വന്ന സംഘം താരനാഥുമായി വണ്ടിക്കൂലി സംബന്ധിച്ച് തർക്കമുണ്ടായി.

വാഹനം ഓടിയതിന്റെ പണം പിന്നീട് നൽകാമെന്നായി മദ്യപസംഘം. അതു പറ്റില്ലെന്ന് താരാനാഥ് പറഞ്ഞതാണ് അക്രമത്തിലേക്ക് വഴി വച്ചത്. തർക്കം രൂക്ഷമായതോടെ താരാനാഥിന്റെ വീട്ടുമുറ്റത്ത് പ്രതികൾ കൊണ്ടു വച്ചിരുന്ന ബൈക്ക് എടുക്കാൻ സമ്മതിച്ചില്ല. വണ്ടിക്കൂലി കൊണ്ടു വന്നിട്ട് ബൈക്ക് എടുത്താൽ മതിയെന്ന് അദ്ദേഹം പറഞ്ഞു. ഇതോടെ വാക്കേറ്റം രൂക്ഷമായി. തങ്ങളുടെ വീട്ടുമുറ്റത്ത് നിന്നും പുറത്തുപോകുവാൻ താരാനാഥിന്റെ ഭാര്യ പ്രതികളോട് ആവശ്യപ്പെട്ടു.

ഇതോടെ പ്രതികൾ വീട്ടമ്മയ്ക്ക് നേരെ തിരിഞ്ഞു. സ്ത്രീയാണെന്ന് പോലും കണക്കാക്കാതെ ആമ്രകിച്ചു. വസ്ത്രം വലിച്ചു കീറി. തടയാൻ ചെന്ന താരാനാഥിനെയും സഹോദരൻ ശ്രീനാഥിനെയും മർദ്ദിച്ചു. മുറ്റത്ത് കിടന്നിരുന്ന ടാറ്റാ സുമോയുടെ ഗ്ലാസ് അടിച്ചു തകർത്തു. ഒന്നര മണിക്കൂറോളം അക്രമി സംഘം താണ്ഡവം തുടർന്നു. ഭയന്നു പോയ വീട്ടുകാർ കോയിപ്രം പൊലീസിൽ വിവരം അറിയിച്ചെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ല.

പൊലീസിന്റെ ഏകീകൃത കൺട്രോൾ റൂം നമ്പരിൽ വിളിച്ച് വിവരം പറഞ്ഞു. ഇതോടെ രണ്ടു പൊലീസുകാർ സ്ഥലത്ത് വന്നു. അപ്പോഴേക്കും അക്രമം നടന്നിട്ട് രണ്ടു മണിക്കൂർ ആയിരുന്നു. വൈകി വന്ന പൊലീസുകാർ നിഷ്‌ക്രിയരായി നിൽക്കുകയായിരുന്നു. അക്രമത്തിൽ പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാനോ പ്രതികളെ പിടികൂടുവാനോ ഇവർ തയാറായില്ലെന്ന് ഇരയായ കുടുംബം പറയുന്നു. ജ്യോതി പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘടന ഇടപെട്ട് ഉന്നത ഉേദ്യാഗസ്ഥരെ വിവരം അറിയിച്ചു. പുലർച്ചെ മൂന്നോടെ എസ്ഐയും സംഘവും സ്ഥലത്ത് വന്നു. തൊട്ടു പിന്നാലെ അനിലിനെയും സോബിനെയും അറസ്റ്റ് ചെയ്തു. ഈ കേസിൽ പത്തോളം പേർ പിടിയിലാകാനുണ്ട്.