കൊല്ലം: കോട്ടയത്ത് രാമപുരത്ത് മദ്യപിച്ച് എത്തിയത് ചോദ്യം ചെയ്ത വനിതാ എസ്‌ഐയെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച കേസിൽ അഭിഭാഷകനെ അറസ്റ്റ് ചെയ്തത് മൂന്നുംമാസം മുമ്പാണ്. സമാനമായ സംഭവം ഇന്നലെ കൊല്ലം ജില്ലയിലുണ്ടായി. പുതുവത്സര ആഘോഷത്തിനിടെ പട്രോളിങ് ഡ്യൂട്ടിക്കെത്തിയ വനിതാ എസ്‌ഐക്ക് നേരേയായിരുന്നു കൈയേറ്റം. മദ്യലഹരിയിലായിരുന്ന യുവാവിനെ മോചിപ്പിക്കാൻ സിപിഎം പ്രവർത്തകർ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചതും വിവാദമായി.

യുവാവ് വനിതാ എസ്‌ഐയെ ആക്രമിച്ച ശേഷം കടന്നുപിടിച്ചുവെന്നണ് കേസ്. സംഭവവുമായി ബന്ധപ്പെട്ട് കൊട്ടാരക്കര പള്ളിക്കൽ പ്ലാമൂട് സ്വദേശി ലുക്മാൻ ഹക്കീമിനെ (22) കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ പ്രകോപിതരായ അക്രമികൾ പൊലീസ് ജീപ്പ് തടയുകയും വാഹനങ്ങൾ അടിച്ചുതകർക്കുകയും ചെയ്തു. തുടർന്ന് പൊലീസ് സ്റ്റേഷനിലേക്ക് സംഘമായെത്തിയ അക്രമികൾ ഭീകരാന്തരീക്ഷവും സൃഷ്ടിച്ചു.

ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു സംഭവം. മൈലം വെള്ളാരംകുന്നിൽ ബിജെപി നേതാവായിരുന്ന മഠത്തിൽ ശശിയുടെ മരണവുമായി ബന്ധപ്പെട്ട് പ്രദേശത്ത് സംഘർഷം ഉണ്ടായിരുന്നു. ആക്രമണത്തിൽ നാലു പേർക്ക് വെട്ടേറ്റിരുന്നു. തുടർന്ന് പ്രദേശത്ത് പൊലീസ് പട്രോളിങ് ശക്തമാക്കുകയും ചെയ്തു. രാത്രിയോടെ പട്രോളിംഗിനായി കൊട്ടാരക്കര സ്റ്റേഷനിലെ വനിതാ എസ്‌ഐയും സംഘവും എത്തി.

ജീപ്പിൽ പള്ളിക്കലെത്തിയപ്പോൾ ബൈക്കുമായി ഒരു സംഘം ചെറുപ്പക്കാർ റോഡരികിലെ കടയ്ക്ക് സമീപത്ത് നിൽക്കുന്നത് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. ഇവരോട് പിരിഞ്ഞുപോകാൻ എസ്‌ഐ ആവശ്യപ്പെട്ടു.തുടർന്ന് സംഘത്തിലുണ്ടായിരുന്ന മൂന്നുപേർ മടങ്ങി. എന്നാൽ ലുക്മാൻ ഹക്കീം എസ്‌ഐയോട് അപമര്യാദയായി പെരുമാറി. ഇതോടെ പൊലീസുകാർ ലുക്മാനെ കസ്റ്റഡിയിലെടുക്കാൻ പൊലീസുകാർ ശ്രമിച്ചതോടെ സംഘർഷാവസ്ഥയായി.

ബഹളത്തിനിടെ ലുക്മാൻ എസ്‌ഐയുടെ കൈയിൽ കയറിപ്പിടിക്കുകയും ആക്രമിക്കാനും ശ്രമിച്ചു. എസ്. ഐ കുതറിമാറി. തുടർന്ന് പൊലീസുകാരും അക്രമികളും തമ്മിൽ ഉന്തും തള്ളുമുണ്ടായി. അൽപനേരത്തിന് ശേഷം ലുക്മാനെ പൊലീസ് കീഴ്പ്പെടുത്തി ജീപ്പിൽ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോയി.യാത്രയ്ക്കിടെ വഴിയിൽ പലയിടത്തും സിപിഎം പ്രവർത്തകർ പൊലീസ് വാഹനം തടഞ്ഞ് ലുക്മാനെ മോചിപ്പിക്കാൻ ശ്രമിച്ചെങ്കിലും പൊലീസുകാർ പണിപ്പെട്ടാണ് പ്രതിരോധിച്ചത്. റോഡിൽ ബൈക്കുകൾ നിരത്തിവച്ച് ജീപ്പ് തടയാനും ശ്രമമുണ്ടായി. തുടർന്ന് ഡോർ അടിച്ചുതകർത്ത് ലുക്മാനെ പുറത്തിറക്കാൻ ശ്രമിച്ചെങ്കിലും കൂടുതൽ പൊലീസെത്തിയതോടെ അക്രമികൾ പിൻവാങ്ങി. ലുക്മാനെ സ്റ്റേഷനിലെത്തിച്ചപ്പോൾ സുഹൃത്തുക്കളും സിപിഎം പ്രവർത്തകരും ചേർന്ന് സ്റ്റേഷൻ വളഞ്ഞു. തുടർന്ന് പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. കൂടുതൽ പൊലീസെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്.

പരിക്കേറ്റ വനിതാ എസ്‌ഐ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. വനിതാ എസ്‌ഐയോട് അപമര്യാദയായി പെരുമാറിയതിനും സർക്കാർ ഉദ്യോഗസ്ഥയുടെ ജോലി തടസപ്പെടുത്തിയതിനും പൊലീസ് കേസെടുത്തു. ജീപ്പ് തകർത്തതിനും പൊലീസ് സ്റ്റേഷനിൽ സംഘർഷമുണ്ടാക്കിയതിനുമടക്കം പൊതുമുതൽ നശിപ്പിക്കൽ നിയമപ്രകാരം കേസെടുത്തതായും പൊലീസ് പറഞ്ഞു