കൊച്ചി: വാടകയ്ക്ക് താമസിക്കുന്ന വീട്ടമ്മയ്ക്കുനേരേ അജ്ഞാതന്റെ ആക്രമണം. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. വീട്ടിലെത്തിയ മധ്യവയസ്‌കൻ ഉച്ചത്തിൽ വീട്ടുകാരെ വിളിച്ചശേഷം കോളിങ്‌ബെല്ലടിച്ചു. ഒറ്റയ്ക്കായിരുന്ന വീട്ടമ്മ ശബ്ദംകേട്ട് വാതിൽ തുറന്നതും വീടിനുമുന്നിൽ നിന്നിരുന്ന അജ്ഞാതൻ മരവടി കൊണ്ട് വീട്ടമ്മയെ അടിക്കുകയായിരുന്നു. . ഒഴിഞ്ഞുമാറി വീടിനകത്ത് കയറിയ വീട്ടമ്മ വീടിന്റെ വാതിലുകൾ അടച്ചു. അയൽവാസിയായ വീട്ടമ്മയെ ഫോണിൽ വിളിച്ച് വിവരംപറഞ്ഞു.

ശേഷം ഇവർ മരട് സ്റ്റേഷനിലും കൗൺസിലർ ഡി.ടി. സുരേഷിനേയും വിളിച്ച് വിവരം പറഞ്ഞു. കൗൺസിലർ എത്തിയപ്പോഴേക്കും അജ്ഞാതൻ സ്ഥലംവിട്ടിരുന്നു. അരമണിക്കൂർ കഴിഞ്ഞിട്ടും പൊലീസെത്തിയില്ല. തുടർന്ന്, കൗൺസിലർ സ്റ്റേഷനിലെത്തി. പ്രസിഡന്റിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് പൊലീസുകാരെല്ലൊം പരിശീലനത്തിനായി ജില്ലാ ആസ്ഥാനത്തായിരുന്നു. പാറാവുൾപ്പെടെ മൂന്നുപേർ മാത്രമാണ് സ്റ്റേഷനിലുണ്ടായിരുന്നതെന്നും, വാഹനമില്ലാത്തതിനാലാണ് എത്താതിരുന്നതെന്നും പൊലീസ് വശദീകരണം നൽകി. അന്വേഷണത്തിൽ ഇയാൾ മാനസീക വെല്ലുവിളി നേരിടുന്നയാളാണെന്ന് മനസ്സിലാവുകയും ഇയാളുടെ മൊബൈൽഫോൺ വീട്ടിൽനിന്ന് ലഭിക്കുകയും ചെയ്തു. ഇതു കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരുന്നതായും മരട് പൊലീസ് പറഞ്ഞു.