- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോഷകാഹാരക്കുറവും ഗർഭകാലത്തെ പോഷക കുറവും അട്ടപ്പാടിയിലെ ശിശുമരണങ്ങളുടെ മൂലകാരണം; ജനനി ജന്മരക്ഷ കൂടുതൽ ഫലപ്രദമായും കാര്യക്ഷമമായും നടപ്പാക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യത; നാല് ദിവസത്തിനിടെ നാലു കുട്ടികളുടെ മരണം; അട്ടപ്പാടി ദുരന്തം ആരോഗ്യത്തിലെ കേരളാ മോഡലിന് നാണക്കേട്
അഗളി: കേരളത്തിന്റെ ആരോഗ്യ മോഡലിൽ ചോദ്യ ചിഹ്നമായി അട്ടപ്പാടിയിൽ വീണ്ടും ശിശു മരണങ്ങൾ. ഇന്നലെ മാത്രം മൂന്ന് കുട്ടികൾക്ക് ജീവൻ പോയി. കുരുന്നുകളെ സംരക്ഷിക്കാൻ അട്ടപ്പാടിയിൽ സർക്കാർ പ്രഖ്യാപിച്ച പദ്ധതികളൊന്നും ഫലം കാണുന്നില്ലെന്നതാണ് വസ്തുത. ഇതാണ് ഈ ദുരന്തത്തിനും കണ്ണീരിനും കാരണം. പത്ത് മാസം പ്രായമായ ആദിവാസിക്കുട്ടിയും ഇന്നലെ മരിച്ചു. അഗളി കതിരംപതി ഊരിൽ അയ്യപ്പന്റെയും രമ്യയുടെയും മകൾ അസന്യയാണ് മരിച്ചത്. ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. വൈകിട്ട് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് കുഞ്ഞ് മരിച്ചത്.
കടുകുമണ്ണ ഊരിൽ ആറുവയസ്സുകാരി മരിച്ചു. ചെല്ലന്റെയും ജക്കിയുടെയും മകൾ ശിവരഞ്ജിനിയാണ് മരിച്ചത്. സെറിബ്രൽ പാൾസി രോഗത്തിന് ചികിത്സയിലിരിക്കെയാണ് പെൺകുട്ടി കോട്ടത്തറ സർക്കാർ ആശുപത്രിയിൽ മരിച്ചത്. രാവിലെ, വീട്ടിയൂർ ഊരിലെ ഗീതു -സുനീഷ് ദമ്പതികളുടെ മൂന്ന് ദിവസം പ്രായമായ കുഞ്ഞ് മരിച്ചിരുന്നു. നാല് ദിവസത്തിനിടെ വ്യത്യസ്ത പ്രായക്കാരായ നാല് കുട്ടികളാണ് അട്ടപ്പാടിയിൽ മരിച്ചത്. അട്ടപ്പാടിയിൽ വെള്ളിയാഴ്ച മരിച്ച കുട്ടികളുടെ എണ്ണം മൂന്നായി.
അട്ടപ്പാടി ഊരുകളിൽ ശിശുമരണം ഒരു തുടർക്കഥയാവുമ്പോഴും സംസ്ഥാന- കേന്ദ്ര സർക്കാരുകൾ നോക്കുത്തിയായിരിക്കുകയാണെന്ന ആരോപണം ശക്തമാണ്. അട്ടപ്പാടിയിലെ കുഞ്ഞുങ്ങളുടെ തുടർച്ചയായുള്ള മരണത്തിൽ സർക്കാരുകൾ നിഷ്ക്രിയ നിലപാടുകൾ തുടരുകയാണെന്നാണഅ ആക്ഷേപം. ഈ വർഷം ഇതുവരെ 10 കുട്ടികൾ മരിച്ചുവെന്നാണ് കണക്ക്. ആദിവാസി മേഖലകളിലേക്ക് സംസ്ഥാന സർക്കാർ ഫണ്ട് മാറ്റിവയ്ക്കാത്തത് കാരണം നിലച്ചുപോയത് നിരവധി പദ്ധതികളാണ്.
ആദിവാസികളായ ഗർഭിണികൾക്ക് നൽകിവരുന്ന ജനനി ജന്മരക്ഷാ പദ്ധതിയും പ്രതിസന്ധിയിലാണ്. ജനനി ജന്മരക്ഷാ പദ്ധതി പ്രകാരം ഗർഭിണിയായി മൂന്നാം മാസം മുതൽ കുട്ടി പ്രസവിച്ച് ഒരു വയസാകുന്നതുവരെ 18 മാസത്തേക്കാണ് മാസം 2000 രൂപ അനുവദിക്കുന്നത്. പോഷകാഹാരക്കുറവ് മൂലം ആദിവാസി മേഖലകളിൽ ശിശു മരണവും മാതൃ മരണവും തുടർക്കഥയായതിനെ തുടർന്നാണ് 2011 ൽ പദ്ധതി പ്രഖ്യാപിച്ചത്. പക്ഷേ ഇതൊന്നും വേണ്ട രീതിയിൽ നടപ്പാക്കിയില്ല.
പോഷകാഹാരക്കുറവും ഗർഭകാലത്തെ പോഷക കുറവും മൂലമാണ് അട്ടപ്പാടിയിലെ പല ശിശുമരണങ്ങളും. നേരത്തെ മരിച്ച യുവതിക്ക് ലഭിക്കേണ്ടിയിരുന്ന പോഷകാഹാരക്കുറവിനുള്ള ധനസഹായം ജൂൺ മാസം മുതൽ ലഭിച്ചില്ലെന്ന് ഐടിഡിപി അഗളി പ്രൊജക്ട് ഓഫിസർ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. ആദിവാസി വിഭാഗത്തിലെ ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കുള്ള പദ്ധതിയാണ് ജനനി ജന്മരക്ഷാ പദ്ധതി. സർക്കാർ ഗർഭിണികളുടെയും അമ്മമാരുടെയും ആരോഗ്യ പരിരക്ഷ ലക്ഷ്യമിട്ട് അവർക്ക് സ്വന്തമായി പോഷകാഹാരം വാങ്ങിക്കഴിക്കാൻ പ്രതിമാസം സാമ്പത്തിക സഹായം നൽകുന്നതാണ് ജനനി ജന്മരക്ഷ.
നിലവിൽ വയനാട്, പാലക്കാട് ജില്ലകളിൽ ചിലയിടങ്ങളിൽ മാത്രമാണ് മൂന്നോ നാലോ മാസം കൂടുമ്പോൾ പണം കിട്ടുന്നത്. സംസ്ഥാനത്തെ പലയിടങ്ങളിലും ഒന്നര വർഷത്തിലേറയായി ഗുണഭോക്താക്കൾക്ക് പണം ലഭിച്ചിട്ടില്ലെന്ന പരാതിയും നേരത്തെ ഉയർന്നിട്ടുണ്ട്. ഇപ്പോൾ ഗർഭിണികളാകുന്നവരെ പദ്ധതിയിൽ ഉൾപെടുത്താനുള്ള രജിസ്ട്രേഷൻ നടക്കുന്നില്ല. പദ്ധതിയുടെ പ്രാരംഭഘട്ടത്തിൽ പ്രതിമാസ ധനസഹായം1,000 രൂപയാണ് നിശ്ചയിച്ചത്. അഞ്ചു വർഷത്തിന് ശേഷമാണ് തുക 2,000 രൂപയായി വർധിപ്പിച്ച് പട്ടികവർഗ വികസനവകുപ്പ് 2018 ജൂലൈ 23ന് ഉത്തരവിറക്കി.
ജനനി ജന്മരക്ഷ കൂടുതൽ ഫലപ്രദമായും കാര്യക്ഷമമായും നടപ്പാക്കാനുള്ള വ്യവസ്ഥകളും ഇടത് സർക്കാർ പുതുതായി ആവിഷ്കരിച്ചുവെന്നാണ് അന്നത്തെ വകുപ്പ് മന്ത്രിയായിരുന്ന എ കെ ബാലൻ അവകാശപ്പെട്ടത്. അട്ടപ്പാടിയിൽ മാത്രം ഓരോ വർഷവും കുറഞ്ഞത് 50 ലക്ഷത്തോളം രൂപ ഈ പദ്ധതിയിനത്തിൽ ചെലവഴിക്കേണ്ടി വരുന്നുണ്ട്. 2019-20 ൽ ഇത് മുപ്പത് ലക്ഷമായിരുന്നു. എന്നാൽ 2021 ജൂൺ മാസത്തോടെ ധനസഹായം നിർത്തലാക്കി. വിളർച്ചയും വളർച്ച ക്കുറവും മൂലം ആദിവാസികുട്ടികൾ മരിക്കുന്ന സംഭവം നിരവധിയാണ്. പലതും റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്നതുകൊണ്ട് കൃത്യമായ കണക്കുകൾ പുറത്ത് വരുന്നില്ലെന്നു മാത്രം.
അതിനിടെ അട്ടപ്പാടിയിലുണ്ടായ ശിശുമരണങ്ങൾ സംബന്ധിച്ച് അന്വേഷണം നടത്താൻ ആരോഗ്യമന്ത്രി വീണാ ജോർജും പട്ടികവിഭാഗ ക്ഷേമ മന്ത്രി കെ.രാധാകൃഷ്ണനും ഉത്തരവിട്ടിട്ടുണ്ട്, പട്ടികവർഗ ഡയറക്ടർ ടി.വി.അനുപമയ്ക്ക് ഇതിനുള്ള നിർദ്ദേശം നൽകിയിട്ടുണ്ട്. കാര്യങ്ങൾ നേരിട്ടറിയുന്നതിനായി മന്ത്രി രാധാകൃഷ്ണൻ അട്ടപ്പാടിയിലെത്തും.
മറുനാടന് മലയാളി ബ്യൂറോ