തിരുവനന്തപുരം: രാജ്‌മോഹൻ ഉണ്ണിത്താന് എതിരെ മദ്യപിച്ചെത്തി അസഭ്യവർഷം ചൊരിഞ്ഞ രണ്ട് കോൺഗ്രസ് നേതാക്കളെ പുറത്താക്കി. ആറുമാസത്തേക്കാണ് പുറത്താക്കിയത്. ഇന്നലെ വൈകുന്നേരം പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാൻ മാവേലി എക്സ്‌പ്രസിൽ കോഴിക്കോട് എയർപോർട്ടിലേക്ക് യാത്ര ചെയ്യുകയായിരുന്ന രാജ്‌മോഹൻ ഉണ്ണിത്താൻ എം പി യെ മദ്യപിച്ചെത്തി കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും, അസഭ്യവർഷം നടത്തുകയും ചെയ്ത പ്രവാസി കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് പത്മരാജൻ ഐങ്ങോത്ത് നെയും, കൂട്ടാളി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി അനിൽ വാഴുന്നോറടിയെയും ആണ് പുറത്താക്കിയത്. അന്വേഷണവിധേയമായി ആറുമാസത്തേക്ക് പാർട്ടിയിൽനിന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പുറത്താക്കിയതായി സർക്കുലർ ഇറക്കി.

മാവേലി എക്സ്‌പ്രസിൽ വച്ച് കാസർകോട് എംപി ശ്രീ രാജ്‌മോഹൻ ഉണ്ണിത്താനോട് അപമര്യാദയായി പെരുമാറിയത് ഗൗരവതരവും, കോൺഗ്രസ് പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുന്നതും ആണെന്നും, പാർട്ടി വിരുദ്ധവും, അച്ചടക്ക ലംഘനവും ആണെന്ന് കത്തിൽ സൂചിപ്പിക്കുന്നുണ്ട്.

ഈ കാര്യത്തിൽ പത്മരാജൻ ഐങ്ങോത്ത്, അനിൽ വാഴുന്നോറടി എന്നിവർക്ക് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കാതിരിക്കാൻ എന്തെങ്കിലും കാരണം ബോധിപ്പിക്കാൻ ഉണ്ടെങ്കിൽ പ്രസ്തുത കത്ത് കിട്ടി ഒരാഴ്ചയ്ക്കുള്ളിൽ രേഖാമൂലം സമർപ്പിക്കേണ്ടതാണ്. നിശ്ചിതസമയത്തിനുള്ളിൽ ഇതുസംബന്ധിച്ച് രേഖാമൂലം വിശദീകരണം ലഭിക്കുന്നില്ലെങ്കിൽ, ഈ കാര്യത്തിൽ യാതൊരു വിശദീകരണവും നൽകാനില്ല എന്ന നിഗമനത്തിൽ തുടർനടപടികൾ സ്വീകരിക്കുന്നതായിരിക്കും എന്ന് കെപിസിസി പ്രസിഡണ്ട് ശ്രീ കെ സുധാകരൻ എംപി കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.

ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഹക്കീം കുന്നിലിന്റെ വിശ്വസ്തനാണ് പത്മരാജൻ. നിയമസഭ തെരഞ്ഞെടുപ്പ്, സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് എംപിയുടെ ഓഫീസിനു മുൻപിൽ കരിങ്കൊടി കെട്ടിയതും പത്മരാജന്റെ നേതൃത്വത്തിലായിരുന്നു.
മാവേലി എക്സ്‌പ്രസ് ട്രയിനിലെ സെക്കന്റ് എ.സി കംപാർട്ട്മെന്റിൽ വച്ചാണ് സംഭവം. എംപിക്കൊപ്പം എംഎൽഎ മാരായ എൻ.എ നെല്ലിക്കുന്ന്, എ.കെ.എം അഷ്റഫ്, ഇ ചന്ദ്രശേഖരൻ എന്നിവരും ഉണ്ടായിരുന്നു. തന്നെ ആക്രമിക്കണമെന്ന പ്രത്യേക ഉദ്ദേശത്തോടെ ട്രെയിനിൽ കയറിയവരാണ് മദ്യപിച്ച രണ്ടുപേരെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു. കണ്ണൂർ ആർ.പി.എഫ് എംപിയുടെ പരാതിയെ തുടർന്ന് കേസെടുത്തു.