- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫേസ്‌ബുക്കിലൂടെ പരിചയിച്ച് പ്രണയമായപ്പോൾ പെൺകുട്ടിയുടെ വീട്ടിൽ പതിവ് സന്ദർശകൻ; ഫോണിൽ വിളിച്ച് ശല്യപ്പെടുത്തൽ അടക്കം പ്രണയം പീഡനമായപ്പോൾ എംബിഎ വിദ്യാർത്ഥിനി അകന്നു; ഫോൺ എടുക്കാതെ വന്നതോടെ മതിൽ ചാടി വീട്ടുമുറ്റത്തെത്തി പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമം; കോന്നിയിൽ ഡിവൈഎഫ്ഐ നേതാവ് പിടിയിലായത് വിവാഹമോചനത്തിന് കേസ് നിലനിൽക്കെ
കോന്നി: ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട് പ്രണയിച്ച പെൺകുട്ടിയെ പെടോൾ ഒഴിച്ചു കത്തിക്കാൻ ശ്രമിച്ച ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ. പത്തനംതിട്ട നന്നുവക്കാട് വൈക്കത്ത് പുത്തൻ വീട്ടിൽ രാജേഷ് ജയൻ(28)ആണ് പൊലീസിന്റെ പിടിയിലായത്. വ്യാഴാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. പ്രമാടം സ്വദേശിനിയായ എംബിഎ വിദ്യാർത്ഥിനിയുടെ വീടിന്റെ ഗേറ്റിന് മുന്നിൽ എത്തിയ രാജേഷ് തട്ടി വിളിച്ചെങ്കിലും ആരും തുറന്നില്ല. തുടർന്ന് ഇയാൾ മതിൽ ചാടി വീട്ടുമുറ്റത്തെത്തി.
കൈയിൽ കരുതിയിരുന്ന കുപ്പിയിലെ പെട്രോൾ പെൺകുട്ടിയുടെയും തന്റെയും ദേഹത്ത് ഒഴിച്ചു. തടയാൻ ശ്രമിച്ച പെൺകുട്ടിയുടെ മാതാപിതാക്കളുടെ ശരീരത്തും പെട്രോൾ വീണു. തുടർന്ന് കൈയിലിരുന്ന ലൈറ്റർ കത്തിക്കാൻ ശ്രമിച്ചു. പെൺകുട്ടിയുടെ പിതാവ് ലൈറ്റർ തട്ടിക്കളഞ്ഞതിനാൽ വൻ ദുരന്തം ഒഴിവായി. തുടർന്ന് കോന്നി പൊലീസിനെ വിളിച്ച് ഇയാളെ കൈമാറുകയായിരുന്നു. ഡിവൈഎഫ്ഐയുടെയും എസ്എഫ്ഐയുടെയും സജീവ പ്രവർത്തകൻ ആയിരുന്നു രാജേഷ്.
ജില്ലാ ഭാരവാഹിത്വം ഉണ്ടായിരുന്നുവെന്നും പറയുന്നു. ഇതു കാരണം പൊലീസ് വിവരം മാധ്യമങ്ങൾക്ക് കൈമാറാൻ തയാറായിരുന്നില്ല. സംഭവം ലഘൂകരിക്കാനാണ് ലോക്കൽ പൊലീസ് ശ്രമിച്ചത്. ബജാജ് അലയൻസ് കമ്പനിയിൽ ജീവനക്കാരനായ രാജേഷ് മുൻപ് വിവാഹിതാണ്. വിവാഹ മോചനക്കേസ് കോടതിയിൽ നടക്കുന്നു. അതിനിടെ ഫേസ് ബുക്കിലുടെ പരിചയപ്പെട്ടതാണ് പ്രമാടം സ്വദേശിനിയെ. അടുപ്പം പ്രണയമായി. ഇയാൾ പെൺകുട്ടിയുടെ വീട്ടിൽ പതിവ് സന്ദർശകനായിരുന്നുവെന്നും പറയുന്നു.
ഫോണിലൂടെ എപ്പോഴും വിളിച്ച് ശല്യപ്പെടുത്തുന്നത് കാരണം പെൺകുട്ടി ഇയാളിൽ നിന്ന് അകന്നു. വിടാൻ ഭാവമില്ലാതെ പിന്നാലെ കൂടിയെങ്കിലും പെൺകുട്ടി ഒഴിവാക്കി വിടുകയായിരുന്നു. ഫോൺ വിളിച്ചിട്ട് എടുക്കാതെ വന്നപ്പോഴാണ് പെൺകുട്ടിയെയും കൊലപ്പെടുത്തി ജീവനൊടുക്കാൻ ഇയാൾ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായിട്ടാണ് പെട്രോളുമായി എത്തിയത്. രാജേഷിനെ സംഘടനാ വിരുദ്ധ പ്രവർത്തനത്തിന് പുറത്താക്കിയെന്ന നിലപാടാണ് എസ്എഫ്ഐ-ഡിവൈഎഫ്ഐ ജില്ലാ നേതൃത്വം സ്വീകരിച്ചിരിക്കുന്നത്. എന്നാൽ ഇയാൾ ഇപ്പോഴും പാർട്ടിയിൽ സജീവമാണെന്നാണ് ഇയാളുടെ ഫേസ് ബുക്ക് പ്രൊഫൈലിൽ നിന്ന് ലഭിക്കുന്ന സൂചന. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്