- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗുണ്ടാത്തലവൻ ആറ്റിങ്ങൽ ബിജുവിനെ കോടതിയിൽ ഹാജരാക്കാൻ ഉത്തരവ്; കൊലപാതകവും കവർച്ചയും അടക്കം നിരവധി കേസുകളിൽ പ്രതിയായ ബിജുവിനെ് അറസ്റ്റ് ചെയ്തത് 20 വർഷമായി ഒളിവിൽ കഴിയവേ
തിരുവനന്തപുരം: കൊലപാതകമടക്കം സംസ്ഥാനത്തൊട്ടാകെ വധശ്രമം, മോഷണം , കവർച്ച , ആളപഹരണക്കേസുകളിൽ പ്രതിയായ കുപ്രസിദ്ധ ഗുണ്ടാത്തലവൻ ആറ്റിങ്ങൽ അയ്യപ്പൻ എന്ന ആറ്റിങ്ങൽ ബിജുവിനെ ആറ്റിങ്ങൽ കൂട്ടായ്മ കവർച്ച കേസിൽ ഹാജരാക്കാൻ തിരുവനന്തപുരം അഞ്ചാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ഉത്തരവിട്ടു. 2001 ൽ ബിജുവിന്റെ നേതൃത്വത്തിൽ ആറ്റിങ്ങലിൽ നടത്തിയ കൂട്ടായ്മ കവർച്ചക്കേസിലാണ് കോടതി ഉത്തരവ്.
തമിഴ്നാട് തക്കല തൃക്കോൽവട്ടം പുഷ്പഗിരി വീട്ടിൽ നിന്നും ആറ്റിങ്ങൽ ബി. റ്റി. എസ്. റോഡ് സുബ്രഹ്മണ്യ വിലാസത്തിൽ (പാലസ് റോഡ് ശബരി വീട് ) ബിജു (56) വിനെയാണ് ഹാജരാക്കേണ്ടത്. ഇയാൾ കടക്കാവൂർ മണിക്കുട്ടൻ കൊല കേസിലും അമ്പലത്തറ അബ്ദുൾ ജബ്ബാർ കൊലക്കേസിലും മുഖ്യ പ്രതിയാണ്. 20 വർഷത്തിലധികമായി കോടതിയിൽ ഹാജരാകാതെയും പൊലീസിനെ വെട്ടിച്ചും ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. അറസ്റ്റ് വാറണ്ട് ഉത്തരവ് പ്രകാരം 2021 ഫെബ്രുവരി 28 ന് കോട്ടയം പൊൻകുന്നത്തെ ഒളിസങ്കേതത്തിൽ നിന്ന് പിടികൂടുകയായിരുന്നു.
തമിഴ്നാട്ടിലെ മേൽവിലാസത്തിൽ കരസ്ഥമാക്കിയ പാസ്പോർട്ട് ഉപയോഗിച്ച് ഇയാൾ ഇടക്ക് വിദേശത്തേക്ക് കടന്നിരുന്നു. നേപ്പാൾ , മുംബൈ , ഡൽഹി വിമാനത്താവളങ്ങൾ വഴി രഹസ്യമായി ഇയാൾ നാട്ടിൽ വന്നു പോയിരുന്നെങ്കിലും പിടികൂടാൻ കഴിഞ്ഞിരുന്നില്ല. ബംഗ്ളുരുവിലും തമിഴ്നാട്ടിലും രഹസ്യമായി വസ്തുവും വിടും വാങ്ങി മാറി മാറി ഒളിവിൽ താമസിക്കുകയായിരുന്നു. വിദേശത്തായിരുന്നപ്പോഴും നാട്ടിലുള്ള സംഘത്തെയുപയോഗിച്ച് ഇയാൾ ആക്രമണങ്ങൾ നടത്തിയിരുന്നു.
കടക്കാവൂർ കൊല്ലമ്പുഴയിൽ മണിക്കുട്ടനെ സംഘം ചേർന്ന് വെട്ടിക്കൊലപ്പെടുത്തിയ കേസിലും തിരുവല്ലം അമ്പലത്തറ കല്ലുംമൂട്ടിൽ അബ്ദുൾ ജബ്ബാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലും 2000 ൽ നടന്ന നേമം കൊലക്കേസിലും 1994 ൽ നടന്ന വലിയതുറ കൂട്ടായ്മ കവർച്ചക്കേസിലും പ്രധാന പ്രതിയാണ്.
തിരുവനന്തപുരം റൂറൽ ആറ്റിങ്ങൽ , കടക്കാവൂർ , ചിറയിൻകീഴ് , വർക്കല , തിരുവല്ലം , തിരുവനന്തപുരം സിറ്റി മെഡിക്കൽ കോളേജ് , മ്യൂസിയം , വലിയതുറ , പൂജപ്പുര എന്നീ പൊലീസ് സ്റ്റേഷനുകളിൽ വധശ്രമം , അന്യായ തടങ്കലിൽ വക്കുന്നതിനായുള്ള ആൾ മോഷണം , കഠിന ദേഹോപദ്രവം ഏൽപ്പിക്കുന്നതിനായുള്ള ആൾ മോഷണം എന്നീ കേസുകളിലും മുഖ്യ പ്രതിയാണ്.