- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അക്ഷയ കേന്ദ്രത്തിലെ പരിചയം മുതലെടുക്കാൻ യുവാവിന്റെ ശ്രമം; സാമൂഹിക മാധ്യമത്തിലൂടെ അപമാനിച്ചത് സൗഹൃദത്തെ തകർത്തു; തന്ത്രത്തിൽ വിളിച്ചു വരുത്തി ഭർത്താവുമൊത്ത് കാത്തിരുന്ന് കുത്തി വീഴ്ത്തൽ? ആറ്റിങ്ങലിൽ പട്ടപ്പാകൽ നടന്നത് 27കാരിയുടെ പ്രതികാരത്തിലെ ഗൂഢാലോചന; രശ്മിയെ പിടികൂടിയത് നാട്ടുകാർ; ഭർത്താവ് ഇപ്പോഴും ഒളിവിൽ
തിരുവനന്തപുരം: വർഷങ്ങൾക്ക് മുമ്പ് നടുറോഡിലിട്ട് യുവതിയെ കൊന്നതിന്റെ നടുക്കം ഇനിയും ആറ്റിങ്ങലിനെ ഭീതിയിലാക്കുന്ന ഓർമ്മകളിൽ ഒന്നാണ്. ഇന്നലെ അത് വീണ്ടും മറ്റൊരു തരത്തിൽ ആവർത്തിച്ചിരിക്കുന്നു. ആറ്റിങ്ങലിൽ പട്ടാപ്പകൽ ദേശീയപാതയോരത്ത് യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമം. യുവാവിന് കുത്തേറ്റ സ്ഥലത്തുനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച യുവതിയെ നാട്ടുകാർ തടഞ്ഞ് പൊലീസിൽ ഏല്പിച്ചു.
മംഗലപുരം ഇടവിളാകം നിജേഷ്ഭവനിൽ നിതീഷി (30)നാണ് കുത്തേറ്റത്. നിതീഷിന്റെ സുഹൃത്ത് വെഞ്ഞാറമൂട് സ്വദേശിനി രശ്മി (27) ആണ് കസ്റ്റഡിയിലായത്. സംഭവസ്ഥലത്തു നിന്ന് രണ്ടരവയസ്സുള്ള കുഞ്ഞിനെയും കൊണ്ട് രക്ഷപ്പെട്ട രശ്മിയുടെ ഭർത്താവിനെ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി. ഇയാളാണ് നിതീഷിനെ കൊല്ലാൻ ശ്രമിച്ചതെന്നാണ് പ്രാഥമിക നിഗമനം. നിതീഷിന്റെ പിൻകഴുത്തിലും കഴുത്തിന്റെ വശങ്ങളിലും ശരീരത്തിന്റെ ഇരുപുറത്തും കൈയിലും കുത്തേറ്റിട്ടുണ്ട്. അപകടനില നിതീഷ് തരണം ചെയ്തിട്ടുണ്ടെന്നാമ് സൂചന.
ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടോടെ കോരാണി ജങ്ഷനുസമീപമാണ് സംഭവം. നിലവിളികേട്ട് ആളുകൾ ഓടിയെത്തുമ്പോൾ നിതീഷ് മുറിവേറ്റ് റോഡിലൂടെ ഓടുകയായിരുന്നു. ഇനാട്ടുകാർ ഉടൻതന്നെ വലിയകുന്ന് താലൂക്കാശുപത്രിയിലും തുടർന്ന് തിരുവനന്തപുരത്തെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവസ്ഥലത്തു നിന്ന് ഓടിപ്പോകാൻ ശ്രമിച്ച രശ്മിയെ അല്പമകലെ നാട്ടുകാർ തടഞ്ഞുവയക്കുകയായിരുന്നു.
സാമൂഹികമാധ്യമങ്ങളിലൂടെ അപമാനിച്ച നിതീഷിനെ താൻ വിളിച്ചുവരുത്തി കുത്തിപ്പരിക്കേല്പിച്ചുവെന്നാണ് രശ്മി പൊലീസിനോട് പറഞ്ഞിട്ടുള്ളത്. വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ് രശ്മി. അക്ഷയകേന്ദ്രത്തിലെ ജീവനക്കാരനാണ് നിതീഷ്. ആധാർകാർഡുമായി ബന്ധപ്പെട്ട ആവശ്യത്തിന് മൂന്നുമാസം മുമ്പ് അക്ഷയകേന്ദ്രത്തിലെത്തിയ രശ്മിയും നിതീഷും തമ്മിൽ സൗഹൃദത്തിലായി. ഈ സൗഹൃദം മുതലെടുക്കാൻ ശ്രമിച്ച നിതീഷ് തന്നെ സാമൂഹികമാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്നാണ് രശ്മിയുടെ മൊഴി.
രശ്മി ഭർത്താവും കുഞ്ഞുമൊത്താണ് ഞായറാഴ്ച ഉച്ചയ്ക്ക് കോരാണിയിലെത്തിയത്. രശ്മി ഒറ്റയ്ക്കാണ് നിതീഷിനെ ആക്രമിച്ചതെന്ന മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. ഭർത്താവിനും കൃത്യത്തിൽ പങ്കുണ്ടെന്നാണ് വിലയിരുത്തൽ. അതുകൊണ്ടാണ് ഭർത്താവിനെ കണ്ടെത്താനുള്ള ശ്രമം പൊലീസ് തുടരുന്നത്. സംഭവസ്ഥലത്ത് പിടിവലി നടന്നതിന്റെ ലക്ഷണങ്ങളുണ്ട്.
കോരാണിയിലേക്ക് നിതീഷിനെ വിളിച്ച് വരുത്തി രശ്മിയും ഭർത്താവും ചേർന്ന് ആക്രമിച്ചതാണെന്നാണ് വിലയിരുത്തൽ. അതുകൊണ്ടു തന്നെ ഭർത്താവിന്റെ മൊഴി അനിവാര്യതയാണ്. കുത്താനുപയോഗിച്ച കത്തി പൊലീസ് കണ്ടെടുത്തു. സംഭവസ്ഥലത്തുനിന്ന് ശാസ്ത്രീയതെളിവുകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. വെഞ്ഞാറമ്മൂട് സ്വദേശിനിയാണ് രശ്മി. കൂടെയുണ്ടായിരുന്ന ഭർത്താവ് അജീഷ് ഒളിവിലാണ്.
ജംഗ്ഷനിലെത്തിയ നിതീഷിനെ അജീഷ് മർദ്ദിക്കുകയും കുത്തിപ്പരിക്ക് ഏൽപ്പിക്കുകയുമായിരുന്നു എന്നാണ് സൂചന. നിതീഷിന്റെ കഴുത്തിൽ ആഴത്തിൽ കുത്തേറ്റിട്ടുണ്ട്. കൈകൾക്കും പരിക്കുണ്ട്. നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. നാട്ടുകാർ കൂടിയതോടെ കുഞ്ഞുമായി ഭർത്താവ് ബൈക്കിൽ കടന്നു കളഞ്ഞു. രശ്മിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. രശ്മിയും നിതീഷും നേരത്തേ സുഹൃത്തുക്കളാണ്. ഈ സൗഹൃദത്തിന്റെ പേരിൽ രശ്മിക്കും ഭർത്താവിനുമിടയിൽ നിരന്തരം തർക്കമുണ്ടായിരുന്നതായും ആറ്റിങ്ങൽ പൊലീസ് അറിയിച്ചു. രശ്മിയെ നിർബന്ധിച്ച് ഭർത്താവാണ് നിതീഷിനെ വിളിച്ചുവരുത്തിയതെന്നാണ് പൊലീസിന്റെ നിഗമനം.
പിരപ്പൻകോട് സ്വകാര്യ ആശുപത്രിയിലെ നഴ്സായിരുന്ന വെഞ്ഞാറമൂട് പാലാം കോണം സൂര്യ ഭവനിൽ ശശിധരന്റെ മകൾ സൂര്യ (26) യുടെ കൊലപാതകവും വർഷങ്ങൾക്ക് മുമ്പ് ആറ്റിങ്ങലിനെ നടുക്കിയിരുന്നു. 2016 ജനുവരി 27 രാവിലെ 10 മണിയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ആറ്റിങ്ങൽ കെഎസ്ആർടിസി ബസ് സ്റ്റാന്റിന് സമീപം ഓട്ടോസ്റ്റാന്റ് സ്ഥിതി ചെയ്യുന്ന ഇടവഴിയിലാണ് കത്തി കൊണ്ട് യുവതിയെ കുത്തി കൊലപ്പെടുത്തിയത്.
നിലവിളി കേട്ട് സ്ഥല വാസിയായ വീട്ടമ്മ വന്നു നോക്കുമ്പോഴാണ് യുവതി രക്തത്തിൽ കുളിച്ച് കിടക്കുന്നതും പ്രതി നടന്നു പോകുന്നതും കണ്ടത്. ഇവർ അറിയിച്ച പ്രകാരം പൊലീസ് സംഭവസ്ഥലത്തെത്തുകയായിരുന്നു. പ്രതി കൃത്യത്തിനുപയോഗിച്ച കത്തി സമീപത്തെ പുരയിടത്തിൽ നിന്ന് പൊലീസ് കണ്ടെടുത്തു. ഇതിന് സമാനമാണ് ഇപ്പോൾ യുവാവിന് നേരെ നടന്ന യുവതിയുടെ ആക്രമണവും.