- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന ആരോപണം; പരസ്യ വിചാരണ നടത്തിയ പിങ്ക് പൊലീസ് ഉദ്യോഗസ്ഥക്കെതിരെ ഇരയായ പെൺകുട്ടി ഹൈക്കോടതിയിൽ; പൊലീസും സർക്കാരും കുറ്റക്കാരിയെ സംരക്ഷിക്കുന്നു; കർശന നടപടിക്ക് നിർദ്ദേശം നൽകണം; 50 ലക്ഷം രൂപ നഷ്ടപരിഹാരം ഉന്നയിച്ച് ഹർജി
കൊച്ചി: ആറ്റിങ്ങലിൽ മൊബൈൽ ഫോൺ മോഷ്ടിച്ചെന്നാരോപിച്ച് പിതാവിനെയും മകളെയും പരസ്യ വിചാരണ നടത്തിയ പിങ്ക് പൊലീസ് ഉദ്യോഗസ്ഥക്കെതിരെ ഇരയായ പെൺകുട്ടി ഹൈക്കോടതിയിൽ ഹർജി നൽകി. പിങ്ക് പൊലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ കർശന നടപടിക്ക് നിർദ്ദേശം നൽകണമെന്നാണ് ഹർജിയിലെ ആവശ്യം.
ചെയ്യാത്ത തെറ്റിന്റെ പേരിൽ 'കള്ളി' എന്ന് പരസ്യമായി വിളിച്ച് അപമാനിച്ചെന്നും പിതാവിനെ വസ്ത്രം അഴിച്ച് പരിശോധന നടത്തിയെന്നും പരാതിയിൽ പറയുന്നുണ്ട്. ഇത് തങ്ങൾക്ക് കടുത്ത മാനസിക പ്രയാസമുണ്ടാക്കി.
മുതിർന്ന ഉദ്യോഗസ്ഥർക്കുൾപ്പെടെ പരാതി നൽകിയെങ്കിലും പൊലീസും സർക്കാരും കുറ്റക്കാരിയെ സംരക്ഷിക്കുകയാണെന്നും 50 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നും ഹർജിയിൽ പറയുന്നുണ്ട്.
ആറ്റിങ്ങലിൽ വച്ചാണ് തോന്നയ്ക്കൽ സ്വദേശിയേയും എട്ടുവയസുകാരിയായ മകളെയും സിവിൽ പൊലീസ് ഉദ്യോഗസ്ഥ സി.പി.രജിത പരസ്യമായി വിചാരണ ചെയ്തത്. ഒടുവിൽ രജിതയുടെ തന്നെ ബാഗിൽ നിന്നും ഫോൺ കണ്ടെത്തുകയായിരുന്നു.
മോഷണം പോയ മൊബൈൽ കണ്ടെടുത്തിട്ടും പൊലീസ് ഉദ്യോഗസ്ഥ മാപ്പു പറഞ്ഞില്ലെന്ന് നേരത്തേ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തുടർന്ന് രജിതയെ കൊല്ലത്തേക്ക് സ്ഥലം മാറ്റുകയും 15 ദിവസത്തെ പെരുമാറ്റ പരിശീലനത്തിന് നിർദ്ദേശിക്കുകയും ചെയ്തിരുന്നു.
ഗുരുതര ആരോപണം ഉയർന്നിട്ടും സംഭവത്തെ പൊലീസ് നിസ്സാരവൽക്കരിക്കാൻ ശ്രമിക്കുകയാണെന്നു സമൂഹമാധ്യമങ്ങളിൽ ആരോപണം ഉയർന്നു. ഡിജിപി അനിൽകാന്ത് ഇടപെട്ടതോടെയാണ് ആറ്റിങ്ങൽ സ്വദേശി രജിതയെ നല്ലനടപ്പ് പരിശീലനത്തിന് അയയ്ക്കാനെങ്കിലും തീരുമാനിച്ചത്. കുറ്റം ആരോപിക്കപ്പെട്ട വ്യക്തി, തെറ്റു ചെയ്തില്ലെന്നു വ്യക്തമായ സാഹചര്യത്തിൽ, പൊലീസ് ഉദ്യോഗസ്ഥ അദ്ദേഹത്തോടു മാപ്പു ചോദിക്കണമായിരുന്നുവെന്നും അതുണ്ടായില്ലെന്നും ഡിഐജി വ്യക്തമാക്കിയിരുന്നു.
ആറ്റിങ്ങൽ ഊരൂപൊയ്ക സായിഗ്രാമത്തിന് സമീപം കോട്ടറ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കട്ടിയാട് മലമുകൾ, കല്ലുവെട്ടാൻകുഴി വീട്ടിൽ ജയചന്ദ്രനും (38), എട്ടു വയസ്സുള്ള മകൾക്കുമാണ് അധിക്ഷേപം ഏൽക്കേണ്ടി വന്നത്. മൂന്നുമുക്ക് ജംക്ഷനിലായിരുന്നു സംഭവം. ഐഎസ്ആർഒയിലേക്കുള്ള കൂറ്റൻ ഉപകരണങ്ങൾ കൊണ്ടു പോകുന്നത് കാണാനാണ് മകൾക്കൊപ്പം സ്ഥലത്തെത്തിയതായിരുന്നു.
പൊലീസ് വാഹനത്തിന് അൽപം അകലെ നിൽക്കുകയായിരുന്ന ജയചന്ദ്രനെ, രജിത അടുത്തേക്ക് വിളിച്ച് വാഹനത്തിൽ നിന്നു ഫോൺ മോഷ്ടിച്ചതായി ആരോപിച്ച് അധിക്ഷേപിച്ചെന്നാണു പരാതി. നിരപരാധിത്വം തെളിയിക്കുന്നതിനായി ജയചന്ദ്രൻ തന്റെ ഉടുപ്പ് ഉയർത്തി കാണിച്ചു. തുടർന്ന് കാറിൽ നിന്നെടുത്ത് ഏൽപിച്ച ഫോൺ മടക്കി കൊടുക്കണമെന്ന് ആവശ്യപ്പെട്ട് മകൾക്ക് നേരെ തിരിയുകയായിരുന്നെന്നും ജയചന്ദ്രൻ പറഞ്ഞു.
പൊലീസുകാരിയുടെ ആക്രോശവും, സ്റ്റേഷനിലേക്ക് കൊണ്ടു പോകുമെന്ന ഭീഷണിയും കേട്ട് ഭയന്ന കുട്ടി ഉറക്കെ കരഞ്ഞതോടെ നാട്ടുകാരും തടിച്ചുകൂടി. പിങ്ക് പൊലീസിലെ മറ്റംഗങ്ങൾ ബഹളം കേട്ട് മടങ്ങിയെത്തി. ഒപ്പമുണ്ടായിരുന്ന പൊലീസുകാരി ഫോണിലേക്ക് വിളിച്ചപ്പോൾ വാഹനത്തിനുള്ളിൽ നിന്നു ഫോൺ ശബ്ദിച്ചു . പരിശോധനയിൽ കാറിനുള്ളിൽ നിന്നു ഫോൺ കണ്ടെത്തിയതോടെ തടിച്ച് കൂടിയ നാട്ടുകാർ പൊലീസ് നടപടി ചോദ്യം ചെയ്യുകയായിരുന്നു.
നടുറോഡിൽ പൊലീസുകാരിയുടെ അധിക്ഷേപത്തിനു ഇരയായ ബാലികയുടെ വാക്കുകൾ വൈറലായി. '' ഫോൺ ഇങ്ങെടുക്കെടി എന്ന് പറഞ്ഞ് പൊലീസ് ആന്റി വിരട്ടി'' ....... എന്ന് കുട്ടി പറയുന്നതാണ് ഏറെ പ്രചരിക്കപ്പെട്ടത്. സംഭവദിവസം രാത്രി ഭയം കാരണം കുട്ടി ഉറങ്ങിയിട്ടില്ലെന്ന് ബാലാവകാശ കമ്മിഷൻ ചെയർമാൻ കെ. വി. മനോജ് കുമാറിനോട് പിതാവ് ജയചന്ദ്രൻ പറഞ്ഞു . കുട്ടിക്ക് അടിയന്തര കൗൺസിലിങ് നൽകണമെന്ന് കമ്മിഷൻ ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസറോട് നിർദ്ദേശിക്കുകയും ചെയ്തിരുന്നു.
'' പൊലീസ് ആന്റി അച്ഛനെ അടുത്ത് വിളിച്ചിട്ടു പറഞ്ഞു ഫോൺ ഇങ്ങെടുക്കാൻ ...... അപ്പോ അച്ഛൻ പറഞ്ഞു, ഞങ്ങൾ ഫോൺ എടുത്തില്ലെന്ന് ......ഞാൻ കണ്ടല്ലോ നീ എടുത്ത് ഇവളുടെ കയ്യിൽ കൊടുക്കന്നത് എന്ന് പൊലീസ് ആന്റി പറഞ്ഞു..ഫോൺ ഇങ്ങെടുക്കെടി, ഫോൺ ഇങ്ങെടുക്കെടി എന്നു പറഞ്ഞ് പൊലീസ് ആന്റി വിരട്ടി.... ''കുട്ടിയുടെ ഈ വാക്കുകളുടെ വിഡിയോ ദൃശ്യം ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്. എന്നാൽ മറ്റൊരു പൊലീസുകാരി സമാധാനിപ്പിച്ചു എന്നും ബാലികയും വീട്ടുകാരും പറയുന്നു.
വനിതാ പൊലീസുദ്യോഗസ്ഥ രജിതയുടെ അമിതാവേശവും ജാഗ്രതക്കുറവും പ്രശ്നങ്ങൾ സങ്കീർണമാക്കിയെന്നും, ഇവരുടെ പെരുമാറ്റം പൊലീസ് സേനയ്ക്ക് അപമാനമുണ്ടാക്കിയെന്നുമായിരുന്നു റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ട്. ഫോൺ നഷ്ടമായപ്പോൾ പൊലീസ് വാഹനത്തിലോ , ബാഗിലോ ആയിരുന്നു ആദ്യം തിരയേണ്ടിയിരുന്നത്. ഇതിനു പകരം സമീപത്തു നിന്ന കുട്ടിയെയും അച്ഛനെയും സംശയിക്കുകയായിരുന്നു.
പിന്നാലെ ചോദ്യം ചെയ്യൽ, ദേഹ പരിശോധന തുടങ്ങിയവ ആവശ്യപ്പെട്ടത് പൊലീസ് ഉദ്യോഗസ്ഥയ്ക്കു ചേർന്ന പ്രവൃത്തിയായിരുന്നില്ല. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പ്രചരിക്കുകയും, വിവാദമാവുകയും ചെയ്തതോടെ കഴിഞ്ഞ ദിവസം ആറ്റിങ്ങൽ ഡിവൈഎസ്പി ഡി.എസ്.സുനീഷ് ബാബുവിനോട് റൂറൽ ജില്ല പൊലീസ് മേധാവി റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ഡിവൈഎസ്പിയും സ്പെഷൽ ബ്രാഞ്ചും നൽകിയ റിപ്പോർട്ടുകളെ തുടർന്നാണു രജിതയെ ആദ്യം ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിലേക്ക് മാറ്റിയത്.
സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്തിന് പരാതി നൽകിയതോടെ അന്ന് കൂടുതൽ അന്വേഷണത്തിന് ദക്ഷിണമേഖല ഐ.ജി. ഹർഷിത അട്ടല്ലൂരിയെ ചുമതലപ്പെടുത്തിയിരുന്നു. സംഭവത്തിൽ പട്ടികജാതി- പട്ടികവർഗ കമ്മീഷനും ബാലാവകാശ കമ്മീഷനും ഇടപെട്ടതോടെ രജിതയെ യൂണിഫോമിലുള്ള ജോലിയിൽനിന്ന് ഒഴിവാക്കാനും ഉത്തരവിട്ടു. കുറ്റക്കാരിയാണെന്ന് തെളിഞ്ഞതോടെ രജിതയെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു. മാതൃകാപരമായ നടപടി ഉണ്ടാകാതിരുന്നതോടെയാണ് കോടതിയെ സമീപിക്കാൻ കുടുംബം തീരുമാനിച്ചത്.
സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമം തിരക്കാനും ഗാർഹിക, സ്ത്രീധന പീഡനങ്ങൾ മുൻകൂട്ടിക്കണ്ട് തടയുന്നതിനുമടക്കം രൂപീകൃതമായ പിങ്ക് ജനമൈത്രി എന്ന പൊലീസ് സംഘം മൂന്നാംക്ലാസുകാരിയായ പെൺകുട്ടിയേയും പിതാവിനെയും നടുറോഡിൽ ജനക്കൂട്ടം നോക്കിനിൽക്കേ പരസ്യവിചാരണ നടത്തിയത് കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
കോടിക്കണക്കിന് രൂപ ചെലവഴിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനുമായി നിയോഗിച്ചസംഘമാണ് പിങ്ക് പൊലീസ്. ശീതീകരിച്ച കാറിൽ നഗരങ്ങൾ ചുറ്റുന്നതും ഇടയ്ക്കിടെ സദാചാര പൊലീസ് കളിക്കുന്നതുമല്ലാതെ പിങ്ക് പൊലീസിനെക്കൊണ്ട് സ്ത്രീകൾക്കും കുട്ടികൾക്കും കാര്യമായ ഗുണമില്ലെന്ന ആക്ഷേപമാണ് ഉയർന്നത്.
കുഞ്ഞുങ്ങളുടെ മൊഴിയെടുക്കാൻ പൊലീസ് യൂണിഫോമിൽ പോലും എത്തരുതെന്നും അവരെ സ്റ്റേഷനിലേക്ക് വിളിപ്പിക്കരുതെന്നും ചട്ടമുള്ള നാട്ടിലാണ്, ആ കുഞ്ഞിനെ ഒരു പൊലീസുദ്യോഗസ്ഥ നടുറോഡിൽ വിചാരണ ചെയ്ത് കള്ളിയാക്കാൻ ശ്രമിച്ചത്. കണ്ടുനിന്നവരിലൊരാൾ ഈ വിചാരണ ഫോണിൽ ചിത്രീകരിച്ചിരുന്നില്ലെങ്കിൽ ആ കുഞ്ഞിന്റെ പിതാവ് അന്നുതന്നെ ജയിലിലായേനെ.
മോഷണത്തിനു പുറമെ പൊലീസിന്റെ കർത്തവ്യനിർവഹണം തടഞ്ഞെന്ന കുറ്റം കൂടി ചാർത്തിക്കൊടുത്തേനെ. ഇതാദ്യമല്ല പിങ്ക് പൊലീസിന്റെ തനിനിറം വെളിച്ചത്താവുന്നത്. നാലുവർഷം മുൻപ് തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരവളപ്പിലായിരുന്നു പിങ്ക് പൊലീസിന്റെ സദാചാര പൊലീസിങ്. പിങ്ക് പൊലീസിന്റെ സദാചാര പൊലീസിങ് നേരിട്ട യുവാവും യുവതിയും പിങ്ക് പൊലീസിന്റെ നടപടികൾ ഫേസ്ബുക്കിൽ ലൈവിട്ടതോടെയാണ് കള്ളക്കളി വെളിച്ചത്തായത്.
ശ്രീകാര്യം സ്വദേശികളായ വിഷ്ണുവിനും ആതിരയ്ക്കുമാണ് പിങ്ക് പൊലീസിന്റെ സദാചാരവേട്ട നേരിടേണ്ടിവന്നത്. വിവാഹം നിശ്ചയിച്ചുറപ്പിച്ച ഇവർ ഇവിടെ ഒന്നിച്ചിരുന്നതിനെ പൊലീസ് ചോദ്യം ചെയ്തു മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചതാണു വിവാദമായത്. മ്യൂസിയം സ്റ്റേഷനിലെ രണ്ട് പിങ്ക് പൊലീസുകാരെത്തി അവിടെ ഇരിക്കാൻ പാടില്ലെന്നു പറഞ്ഞശേഷം സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.
എന്താണ് തങ്ങൾ ചെയ്ത കുറ്റമെന്ന് എല്ലാവരുമറിയട്ടെ എന്നു പറഞ്ഞ് യുവാവ് സംഭവം ഫേസ്ബുക്ക് ലൈവായി പുറത്തുവിട്ടു. ആഴ്ചകൾക്കു ശേഷം വിഷ്ണുവും ആതിരയും ഒരുമിച്ചുള്ള പുതുജീവിതത്തിനു തുടക്കമിട്ടു. ലളിതമായ ചടങ്ങുകൾക്കു ശേഷം കൂട്ടുകാർക്കൊപ്പം കനകക്കുന്നിലെത്തി കേക്ക് മുറിച്ചാണ് പിങ്ക് പൊലീസിന്റെ സദാചാര വേട്ടയ്ക്കെതിരെ ഇവർ പ്രതികരിച്ചത്.
തിരക്കുള്ള സ്ഥലങ്ങളിൽ സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണം ഉറപ്പാക്കാൻ തുടർച്ചയായ പട്രോളിങ് നടത്തേണ്ടതാണെങ്കിലും അവിടെയെങ്ങും പിങ്ക് പൊലീസിന്റെ പൊടിപോലുമുണ്ടാവില്ല. സന്ധ്യാസമയത്ത് പി.എസ്.സി ആസ്ഥാനത്തിനു മുന്നിലെ ഇരുളിൽ നിരവധി സ്ത്രീകൾ ബസ് കാത്തുനിൽക്കുമ്പോൾ മീറ്ററുകൾക്ക് അപ്പുറം എൽ.ഐ.സിക്കു മുന്നിൽ കാർ നിറുത്തിയിട്ട് അതിനുള്ളിലിരുന്ന് ഫോണിൽ സിനിമ കാണുകയാവും പിങ്ക് പൊലീസ്.
നൂറുകണക്കിന് യുവതികൾ രാത്രിജോലി കഴിഞ്ഞിറങ്ങുന്ന ടെക്നോപാർക്കിന്റെ പരിസരത്തെങ്ങും പിങ്ക് പൊലീസിനെ കാണാനുണ്ടാവില്ല. എസ്കോർട്ടും ഗൺമാനുമില്ലാതെ തിരുവനന്തപുരം നഗരത്തിൽ പ്രഭാത സവാരിക്കിറങ്ങിയ ഐ.പി.എസുകാരി ആക്രമിക്കപ്പെട്ടിരുന്നു.
കൊച്ചിയിലെ തിരക്കേറിയ ഹൈപ്പർമാർക്കറ്റിൽ പോലും പെൺകുട്ടികൾ സുരക്ഷിതരല്ലാതാവുന്നു. സംസ്ഥാനത്തെ സ്ത്രീസുരക്ഷാ പദ്ധതികളുടെ ഏകോപനചുമതലയുള്ള ഐ.പി.എസ് ഉദ്യോഗസ്ഥയ്ക്കുപോലും ധൈര്യമായി തനിച്ചു പുറത്തിറങ്ങാനാവാത്ത സ്ഥിതിയിലാണ് ഇവിടുത്തെ സ്ത്രീസുരക്ഷയെന്ന് നമ്മൾ മറക്കരുത്.
സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുന്ന 'പിങ്ക് പൊലീസ് പട്രോൾ' എല്ലാ നഗരങ്ങളിലുമുണ്ട്. ഒരു വനിതാ പൊലീസ് ഓഫീസർ ഉൾപ്പെടെ നാല് വനിതാ പൊലീസുദ്യോഗസ്ഥരാണ് ഒരു പിങ്ക് പട്രോൾ വാഹനത്തിൽ ഉള്ളത്. ജി.പി.എസ്, കാമറ സംവിധാനം അടക്കം അത്യാധുനിക സംവിധാനങ്ങളുമുണ്ട്. സ്ത്രീകൾക്കും കുട്ടികൾക്കും അത്യാവശ്യ സന്ദർഭങ്ങളിലും, അടിയന്തര ഘട്ടത്തിലും ബന്ധപ്പെടുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം നിലവിലുണ്ട്.
2016 ആഗസ്റ്റിലാണ് പിങ്ക് പൊലീസ് ആരംഭിച്ചത്. പോക്സോ ഉൾപ്പെടെയുള്ള 200 ഓളം കേസുകൾ പിങ്ക് പൊലീസിന്റെ സമയോചിത ഇടപെടൽ മൂലം കണ്ടെത്തിയിട്ടുണ്ടെന്നതും നല്ലകാര്യം. ഈ മികവുകളെല്ലാം ഇല്ലാതാക്കുന്നതാണ് പിങ്ക് പൊലീസിലെ ഏതാനും പേരുടെ സദാചാര വേട്ടയും പരസ്യവിചാരണയും.പിങ്ക് പൊലീസിൽ പദ്ധതി പ്രളയം സ്ത്രീസുരക്ഷ ഉറപ്പാക്കാനും ഗാർഹിക, സ്ത്രീധന പീഡനങ്ങളടക്കം തടയാനും നിരവധി പിങ്ക് പ്രൊട്ടക്ഷൻ പ്രോജക്ടുകളാണ് പൊലീസിനുള്ളത്.