- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'വഴിയിൽ കണ്ട കുട്ടിയോട് എന്തിനാണ് പൊലീസ് മൊബൈൽ ഫോണിനെ കുറിച്ച് ചോദിച്ചത്; ഈ പൊലീസ് ഉദ്യോഗസ്ഥ ഇപ്പോഴും പിങ്ക് പൊലീസിൽ തുടരുന്നുണ്ടോ?'; ലളിതമായി കണ്ടൊഴിവാക്കാൻ കഴിയുന്ന കുറ്റമല്ലെന്ന് ഹൈക്കോടതി; പരസ്യ വിചാരണയിൽ റിപ്പോർട്ട് തേടി
കൊച്ചി: ആറ്റിങ്ങലിൽ മൊബൈൽ ഫോൺ മോഷ്ടാക്കളെന്ന് ആരോപിച്ച് അച്ഛനെയും മകളെയും പരസ്യ വിചാരണ നടത്തിയ സംഭവത്തിൽ പിങ്ക് പൊലീസിനെതിരേ ഹൈക്കോടതിയുടെ രൂക്ഷവിമർശനം. സംഭവത്തിൽ പിങ്ക് പൊലീസ് ഉദ്യോഗസ്ഥക്കെതിരേ എന്ത് നടപടി സ്വീകരിച്ചെന്ന് ഹൈക്കോടതി പൊലീസിനോട് ചോദിച്ചു. ഇത് ലളിതമായി കണ്ടൊഴിവാക്കാൻ കഴിയുന്ന കുറ്റമല്ലെന്നും ഉദ്യോഗസ്ഥക്കെതിരേ സ്വീകരിച്ച നടപടികൾ വിശദീകരിച്ച് റിപ്പോർട്ട് നൽകാനും ഹൈക്കോടതി ഉത്തരവിട്ടു.
പിങ്ക് പൊലീസ് ഉദ്യോഗസ്ഥയുടെ പരസ്യ വിചാരണയ്ക്കിരെ എട്ടുവയസ്സുകാരി നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. വഴിയിൽ കണ്ട കുട്ടിയോട് എന്തിനാണ് പൊലീസ് മൊബൈൽ ഫോണിനെ കുറിച്ച് ചോദിച്ചതെന്നു കോടതി ആരാഞ്ഞു. ഈ പൊലീസ് ഉദ്യോഗസ്ഥ ഇപ്പോഴും പിങ്ക് പൊലീസിൽ തുടരുന്നുണ്ടോ എന്നും കോടതി ചോദിച്ചു.
ആറ്റിങ്ങൽ തോന്നയ്ക്കൽ സ്വദേശി ജയചന്ദ്രന്റെ മകൾ നൽകിയ ഹർജി അതീവഗൗരവത്തോടെയാണ് കോടതി പരിഗണിച്ചത്. ചെറിയ കുട്ടിയെ കള്ളിയെന്ന് വിളിച്ച് പരസ്യമായി അപമാനിച്ചത് കുട്ടിയുടെ മാനസിക നിലയെതന്നെ ബാധിക്കുന്ന കാര്യമാണെന്ന് കോടതി വിലയിരുത്തി. കുട്ടിക്ക് കൗൺസിലിങ് ഉൾപ്പെടെയുള്ള മറ്റെന്തെങ്കിലും സഹായം ആവശ്യമുണ്ടോ എന്നും കോടതി ആരാഞ്ഞു. എന്നാൽ കൗൺസിലിങ് നൽകിയിട്ടുണ്ടെന്നും തത്കാലം മറ്റ് സഹായങ്ങൾ വേണ്ടെന്നും പെൺകുട്ടിയുടെ അഭിഭാഷക കോടതിയെ അറിയിച്ചു. തുടർന്നാണ് പിങ്ക് പൊലീസ് ഉദ്യോഗസ്ഥക്കെതിരേ സ്വീകരിച്ച നടപടികൾ വിശദീകരിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ഉത്തരവിട്ടത്. കേസ് ഇനി നവബംർ 22-ന് വീണ്ടും പരിഗണിക്കും.
പിങ്ക് പൊലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ കർശന നടപടിക്ക് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ടാണ് പെൺകുട്ടി ഹൈക്കോടതിയിൽ ഹർജി നൽകിയത്. മൊബൈൽ ഫോൺ മോഷ്ടിച്ചുവെന്ന ചെയ്യാത്ത തെറ്റിന്റെ പേരിൽ പൊലീസ് ഉദ്യോഗസ്ഥ തന്നെ കള്ളി എന്ന് വിളിച്ച് അപമാനിച്ചുവെന്നും അച്ഛന്റെ വസ്ത്രം അഴിച്ച് പരിശോധന നടത്തിയെന്നും ഹർജിയിൽ കുറ്റപ്പെടുത്തുന്നു.
മൊബൈൽ ഫോൺ ഉദ്യോഗസ്ഥയുടെ ഹാന്റ്ബാഗിൽ തന്നെ ഉണ്ടെന്ന് പിന്നീട് കണ്ടെത്തി. എന്നാൽ പൊലീസിന്റെ പീഡനം കാരണം ഞങ്ങൾക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടായി. കുറ്റക്കാരിയായ ഉദ്യോഗസ്ഥയെ എന്നിട്ടും പൊലീസും സർക്കാരും സംരക്ഷിക്കുകയാണ്. ആറ്റിങ്ങൽ ഡിവൈഎസ്പിക്ക് അടക്കം പരാതി നൽകിയിട്ടും നടപടിയും ഉണ്ടായില്ലെന്നും ആരോപണവിധേയ ആയ രജിതയുടെ താൽപ്പര്യം പ്രകാരം സ്ഥലം മാറ്റം നൽകുകയാണ് ചെയ്തതെന്നും ഹർജിയിൽ പറയുന്നു. ചെയ്യാത്ത തെറ്റിന്റെ പേരിൽ പീഡിപ്പിക്കപ്പെട്ട തങ്ങൾക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നും പെൺകുട്ടി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെട്ടു.
ഓഗസ്റ്റ് 27-നാണ് പിങ്ക് പൊലീസ് ഉദ്യോഗസ്ഥയായ സി.പി. രജിത ജയചന്ദ്രനെയും മകളെയും മൊബൈൽ മോഷ്ടാക്കളെന്ന് ആരോപിച്ച് പരസ്യമായി വിചാരണചെയ്തത്.
തന്റെ മൊബൈൽ മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് അച്ഛനെയും മകളെയും പൊലീസ് ഉദ്യോഗസ്ഥയായ രജിത നടുറോഡിൽ വെച്ച് ആളുകൾ നോക്കിനിൽക്കെ ചോദ്യം ചെയ്തത്. പൊലീസ് വാഹനത്തിലെ ബാഗിൽ നിന്നും മൊബൈൽ കിട്ടിയിട്ടും നാട്ടുകാരുടെ മുന്നിൽ രജിത സ്വന്തം നിലപാട് ന്യായീകരിക്കുകയാണ് ചെയ്തത്. അന്വേഷണം നടത്തിയ ആറ്റിങ്ങൽ ഡിവൈഎസ്പി, രജിത അപമര്യാദയായി പെരുമാറിയിട്ടില്ലെന്ന റിപ്പോർട്ടാണ് നൽകിയത്. പിന്നാലെ രജിതയുടെ നടപടി നല്ലനടപ്പ് പരിശീലനത്തിൽ ഒതുക്കി.
സംഭവം ഏറെ വിവാദമായതോടെ രജിതയെ കൊല്ലത്തേക്ക് സ്ഥലംമാറ്റിയിരുന്നു. എന്നാൽ ഈ നടപടിയിൽ സംതൃപ്തരല്ലെന്നും രജിതക്കെതിരേ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് പരസ്യ വിചാരണയ്ക്ക് ഇരയായ പെൺകുട്ടിയും കുടുംബവും ഹൈക്കോടതിയെ സമീപിച്ചത്.
മറുനാടന് മലയാളി ബ്യൂറോ