- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബംഗ്ലാദേശിനെ എറിഞ്ഞിട്ട് സാംപ; അടിച്ചെടുത്ത് ആരോൺ ഫിഞ്ച്; ബംഗ്ലാദേശിനെതിരെ എട്ടു വിക്കറ്റ് ജയവുമായി ഓസ്ട്രേലിയ; 74 റൺസ് വിജയലക്ഷ്യം മറികടന്നത് 6.2 ഓവറിൽ; സെമി പ്രതീക്ഷ നിലനിർത്തി
ദുബായ്: ട്വന്റി-20 ലോകകപ്പിൽ മൂന്നാം ജയത്തോടെ സെമി ഫൈനൽ പ്രതീക്ഷ സജീവമാക്കി ഓസ്ട്രേലിയ. സൂപ്പർ 12 മത്സരത്തിൽ ബംഗ്ലാദേശിനെ എട്ടു വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്. ബംഗ്ലാദേശ് ഉയർത്തിയ 74 റൺസ് വിജയലക്ഷ്യം ഓസ്ട്രേലിയ 6.2 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. 82 പന്ത് ശേഷിക്കെയാണ് ഓസീസിന്റെ വിജയം.
നെറ്റ് റൺറേറ്റ് മെച്ചപ്പെടുത്തി ഗ്രൂപ്പിൽ ദക്ഷിണാഫ്രിക്കയെ പിന്തള്ളി രണ്ടാം സ്ഥാനത്തേക്ക് ഉയർന്നതിനൊപ്പം സെമി സാധ്യതകളും സജീവമാക്കി. സ്കോർ ബംഗ്ലാദേശ് 15 ഓവറിൽ 73 ന് ഓൾ ഔട്ട്, ഓസ്ട്രേലിയ 6.2 ഓവറിൽ 78-2.
18 റൺസെടുത്ത ഡേവിഡ് വാർണറുടേയും 40 റൺസെടുത്ത ആരോൺ ഫിഞ്ചിന്റേയും വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. മിച്ചൽ മാർഷും (16) ഗ്ലെൻ മാക്സ്വെല്ലും പുറത്താകാതെ നിന്നു. 14 പന്തിൽ മൂന്നു ഫോറിന്റെ അകമ്പടിയോടെയാണ് വാർണറുടെ 18 റൺസ്. 20 പന്തിൽ രണ്ട് ഫോറും നാല് സിക്സും സഹിതമാണ് ഫിഞ്ച് 40 റൺസ് അടിച്ചെടുത്തത്.
ടസ്കിൻ അഹമ്മദിന്റെ ആദ്യ ഓവറിൽ നാലു റൺസ് മാത്രമെടുത്ത ഓസീസ് മുസ്തഫിസുർ റഹ്മാൻ എറിഞ്ഞ രണ്ടാം ഓവർ മുതൽ ടോപ് ഗിയറിലായി. 12 റൺസാണ് രണ്ടാം ഓവറിൽ നേടിയത്. മൂന്നാം ഓവറിൽ ടസ്കിനെതിരെ ഏഴ് റൺസ് മാത്രം നേടാനെ കഴിഞ്ഞുള്ളുവെങ്കിലും നാലാം ഓവറിൽ മുസ്തഫിസുറിനെതിരെ 21 റൺസടിച്ച് ആ കടം വീട്ടി.
ടസ്കിന്റെ അഞ്ചാം ഓവറിൽ ക്യാപ്റ്റൻ ആരോൺ ഫിഞ്ചിനെ(20 പന്തിൽ 40) നഷ്ടമായെങ്കിലും 14 റൺസ് ഓസീസ് അടിച്ചെടുത്തു. പവർപ്ലേയിലെ അവസാന പന്തിൽ ഡേവിഡ് വാർണറെ(14 പന്തിൽ 18) ഷൊറീഫുൾ ഇസ്ലാം മടക്കിയെങ്കിലും ടസ്കിൻ അഹമ്മദിന്റെ അടുത്ത ഓവറിൽ സിക്സും ഫോറും പറത്തി മിച്ചൽ മാർഷ് ഓസീസിനെ വിജയവര കടത്തി.
ട്വന്റി 20 ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ (ബാക്കിയുള്ള പന്തുകളുടെ അടിസ്ഥാനത്തിൽ) ജയമാണിത്. 2014ൽ 90 പന്തുകൾ ബാക്കി നിർത്തി നെതർലൻഡ്സിനെതിരെ ശ്രീലങ്ക ജയിച്ചതാണ് ബാക്കിയുള്ള പന്തുകളുടെ അടിസ്ഥാനത്തിലെ വമ്പൻ ജയം. നേരത്തെ 19 റൺസിന് അഞ്ചു വിക്കറ്റ് വീഴ്ത്തിയ ലെഗ് സ്പിന്നർ ആദം സാംപയുടെ സ്പിൻ മികവിന് മുന്നിലാണ് ബംഗ്ലാദേശ് തകർന്നടിഞ്ഞത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് ഓസീസ് ബൗളർമാർക്ക് മുന്നിൽ തകർന്നടിയുകയായിരുന്നു. 15 ഓവറിൽ 73 റൺസിന് എല്ലാവരും പുറത്തായി.19 റൺസെടുത്ത ഷമീം ഹുസൈനാണ് ടോപ്പ് സ്കോറർ. ഓസീസിനായി ആദം സാംപ അഞ്ചു വിക്കറ്റ് വീഴ്ത്തി.
സ്കോർ ബോർഡിൽ ഒരു റൺ എത്തിയപ്പോഴേക്കും ഓപ്പണർ ലിറ്റൺ ദാസിനെ നഷ്ടപ്പെട്ട ബംഗ്ലാദേശ് പിന്നീട് കൂട്ടത്തകർച്ച നേരിടുകയായിരുന്നു. സൗമ്യ സർക്കാർ അഞ്ചു റൺസിന് പുറത്തായപ്പോൾ ഒരു റണ്ണായിരുന്നു മുഷ്ഫിഖുർ റഹീമിന്റെ സമ്പാദ്യം. മഹ്മൂദുള്ള 16 റൺസിനും മുഹമ്മദ് നയീം 17 റൺസിനും ക്രീസ് വിട്ടു. ആഫിഫ് ഹുസൈനും ഷരീഫുൽ ഇസ്ലാമും മെഹ്ദി ഹസ്സനും പൂജ്യത്തിന് പുറത്തായി. തസ്കിൻ അഹമ്മദ് ആറു റൺസും മുസ്തഫിസുർ റഹ്മാൻ നാല് റൺസും നേടി.
നാല് ഓവറിൽ 19 റൺസ് മാത്രം വഴങ്ങിയാണ് സാംപ അഞ്ചു വിക്കറ്റെടുത്തത്. ജോഷ് ഹെയ്സൽവുഡും മിച്ചൽ സ്റ്റാർക്കും രണ്ടു വിക്കറ്റ് വീതം നേടി. ഗ്ലെൻ മാക്സ്വെൽ ഒരു വിക്കറ്റെടുത്തു.
ഗ്രൂപ്പ് ഒന്നിൽ കളിച്ച അഞ്ച് മത്സരങ്ങളും തോറ്റ ബംഗ്ലാദേശ് സെമി ഫൈനൽ കാണാതെ പുറത്തായി. നാല് മത്സരങ്ങളിൽ മൂന്നു വിജയവും ഒരു തോൽവിയുമായി ഓസ്ട്രേലിയ രണ്ടാം സ്ഥാനത്തേക്കുയർന്നു. ഈ ഗ്രൂപ്പിൽ നിന്ന് ഇംഗ്ലണ്ട് നേരത്തെ സെമിയിലെത്തിയിരുന്നു.
സ്പോർട്സ് ഡെസ്ക്