- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇരുപത്തിനാലാം ഗ്രാൻസ്ലാം കിരീടത്തിനായി സെറീന വില്യംസ് ഇനിയും കാത്തിരിക്കണം; നവോമി ഒസാക്കയോട് സെമിയിൽ തോറ്റത് നേരിട്ടുള്ള സെറ്റുകൾക്ക്; ഓസ്ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസ് കലാശപ്പോരിൽ ജെന്നിഫർ ബ്രാഡി ഒസാക്കയുടെ എതിരാളി
മെൽബൺ: ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസ് വനിതാ സിംഗിൾസിൽ നവോമി ഒസാക്കയോട് പരാജയപ്പെട്ട് സെറീന വില്യംസ് ഫൈനൽ കാണാതെ പുറത്ത്. സെമിയിൽ നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു നവോമിയുടെ ജയം. സ്‌കോർ: 6-3, 6-4
മെൽബണിലെ അഞ്ച് ദിവസത്തെ ലോക്ഡൗൺ പിൻവലിച്ചതിനുശേഷം ഗാലറിയിൽ എത്തിയ ആയിരക്കണക്കിന് ആരാധകരെ സാക്ഷിനിർത്തിയാണ് സെറീനയെ ഒസാക്ക കീഴടക്കിയത്. 2018 യു. എസ്. ഓപ്പൺ ഫൈനലിന്റെ തനിയാവർത്തനം പോലെയായി മാറി മത്സരം.
ഒരൊറ്റ കിരീടജയം കൂടി ഉണ്ടായിരുന്നെങ്കിൽ ഇരുപത്തിനാല് ഗ്രാൻസ്ലാം കിരീടങ്ങൾ എന്ന മാർഗരറ്റ് കോർട്ടിന്റെ റെക്കോഡിനൊപ്പമെത്തുമായിരുന്നു സെറീന വില്യംസ്. അതിനായി രണ്ടേ രണ്ട് ജയങ്ങൾ കൂടിയേ സെറീനയ്ക്ക് വേണ്ടിയിരുന്നുള്ളൂ. എന്നാൽ, റോഡ് ലെവർ അരീനയിലെ സെമിയിൽ നവോമി ഒസാക്ക ആ സ്വപ്നം നേരിട്ടുള്ള സെറ്റുകൾക്ക് ഛിന്നഭിന്നമാക്കി.
മുപ്പത്തിയൊൻപതുകാരിയായ സെറീനയ്ക്ക് സഹിക്കാവുന്നതിലപ്പുറമായിരുന്നു ഈ തോൽവി. സങ്കടം അടക്കാനായതുമില്ല. കണ്ണീരടക്കാൻ പാടുപെട്ടാണ് സെറീന കോർട്ട് വിട്ടത്. തൊണ്ടയിടറിയപ്പോൾ മത്സരശേഷമുള്ള വാർത്താസമ്മേളം പാതിവഴിയിലുപേക്ഷിച്ച് മടങ്ങുകയും ചെയ്തു. കോർട്ടിൽ നിന്ന് നെഞ്ചിൽ കൈവച്ചുകൊണ്ടുള്ള സെറീനയുടെ മടക്കത്തെ വിരമിക്കലിന്റെ സൂചനയായും വ്യാഖ്യാനിച്ചവരുണ്ട്.
'ഞങ്ങൾ തമ്മിൽ ഇന്നുണ്ടായിരുന്ന വ്യത്യാസം പിഴവുകളുടേതായിരുന്നു. ഞാനിന്ന് ഒരുപാട് പിഴവുകൾ വരുത്തി. എനിക്ക് ജയിക്കാവുന്ന ഒരുപാട് സാഹചര്യങ്ങൾ ഉണ്ടായിരുന്നു. എന്നാൽ, ഇന്നെനിക്ക് പിഴവുകളുടെ ദിനമായിരുന്നു. എന്തുകൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്ന് എനിക്കറിയില്ല-വാർത്താസമ്മേളനം അവസാനിപ്പിച്ച് മടങ്ങുമ്പോൾ സെറീന പറഞ്ഞു. ഓസ്ട്രേലിയൻ ഓപ്പണോടെ വിരമിക്കുമെന്ന അഭ്യൂഹങ്ങൾക്ക് സെറീന തള്ളിക്കളഞ്ഞു. ഞാൻ എന്നെങ്കിലും വിടപറയുമെന്ന് തോന്നുന്നില്ല. ഉണ്ടെങ്കിൽ തന്നെ അക്കാര്യം ആരോടും പറയില്ല-സെറീന പറഞ്ഞു.
ഇരുപതിമൂന്ന് ഗ്രാൻസ്ലാം കിരീടങ്ങളാണ് സെറീന ഇതുവരെ സ്വന്തമാക്കിയിട്ടുള്ളത്. നാലു വർഷം മുൻപ് ഗർഭിണിയായിരിക്കെയാണ് മെൽബണിൽ വച്ച് അവസാന കിരീടം നേടിയത്. 2018 ലും 2019 ലും വിംബിൾഡണിലും യു. എസ്. ഓപ്പണിലും ഫൈനലിൽ പ്രവേശിച്ചെങ്കിലും കിരീടം നേടാൻ സെറീനയ്ക്ക് സാധിച്ചില്ല.
ഓസ്‌ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസ് ഫൈനലിൽ നവോമി ഓസാക്ക അമേരിക്കയുടെ ജെന്നിഫർ ബ്രാഡിയുമായി ഏറ്റുമുട്ടും. ചെക്ക് റിപ്പബ്ലിക്കിന്റെ കരോലിന മുചോവയെ ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക് കീഴടക്കിയാണ് ബ്രാഡി ഫൈനൽ ബർത്ത് ഉറപ്പിച്ചത്. സ്‌കോർ 6 - 4, 3 - 6, 6 - 4.
സ്പോർട്സ് ഡെസ്ക്