മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ വനിത സിംഗിൾസ് കിരീടം ജപ്പാനീസ് താരം നവോമി ഒസാക്കയ്ക്ക്. അമേരിക്കയുടെ ജെന്നിഫിർ ബ്രാഡിയെ നേരിടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് ഒസാക കിരീടം നേടിയത്. നവോമിയുടെ കരുത്തിനു മുന്നിൽ തന്റെ ആദ്യ ഗ്രാൻഡ് സ്ലാം ഫൈനലിനിറങ്ങിയ ജെന്നിഫറിന് അടിതെറ്റി. സ്‌കോർ 4-6, 2-6.

ഒരു മണിക്കൂറും 17 മിനിറ്റും മാത്രം നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലാണ് നവോമി വിജയം കൈപ്പിടിയിലാക്കിയത്. ഗ്രാൻഡ് സ്ലാം ഫൈനലുകളിൽ 100 ശതമാനം വിജയമെന്ന നേട്ടം നവോമി നിലനിർത്തി. ഇതിനു മുമ്പ് കളിച്ച 2018, 2020 വർഷങ്ങളിലെ യു.എസ് ഓപ്പണിലും 2019-ലെ ഓസ്ട്രേലിയൻ ഓപ്പണിലും നവോമിക്കായിരുന്നു കിരീടം.

മോണിക്ക സെലസിന് ശേഷം കരിയറിലെ ആദ്യ നാല് മേജർ ഫൈനലുകളും വിജയിക്കുന്ന ആദ്യ വനിതാ താരമെന്ന നേട്ടവും ഇതോടെ നവോമിയുടെ പേരിലായി.



കഴിഞ്ഞ യുഎസ് ഓപ്പൺ സെമി ഫൈനലിന്റെ ആവർത്തനമായിരുന്നു ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിലും. എന്നാൽ പകരം ചോദിക്കാൻ ബ്രാഡിക്കായില്ല. അന്ന് 7-6, 6-3, 6-3 എന്ന സ്‌കോറിനായിരുന്നു ഒസാകയുടെ ജയം. ഇത്തവണ ആധികാരിക ജയമാണ് ഒസാക സ്വന്തമാക്കിയത്. ടൂർണമെന്റിലെ രണ്ടാം സീഡായ ഒസാകയ്ക്ക് മുന്നിൽ തീർത്തും നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു ബ്രാഡിയുടേത്.

നാല് ബ്രേക്ക് പോയിന്റ് കിട്ടിയിട്ടും ബ്രാഡിക്ക് മുതലാക്കാനായില്ല. നാല് ഇരട്ട പിഴവുകളും ബ്രോഡി വരുത്തി. രണ്ട് എയ്സുകൾ മാത്രമായിരുന്നു റാക്കറ്റിൽ നിന്ന് പിറന്നത്. അതേസമയം ഒസാക ആറ് എയ്സുകൾ പായിച്ചു. രണ്ട് ഇരട്ട പിഴവുകൾ വരുത്തിയെങ്കിലും അത് ഫലത്തെ ബാധിച്ചില്ല.

ഞായറാഴ്ച നടക്കുന്ന പുരുഷ ഫൈനലിൽ നിലവിലെ ചാംപ്യൻ നോവാക് ജോക്കോവിച്ച് റഷ്യയുടെ ഡാനിൽ മെദ്വദേവിനെ നേരിടും. ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്സിപാസിനെ നേരിട്ടുള്ള സെറ്റുകകൾക്ക് തോൽപ്പിച്ചാണ് നാലാം സീഡായ മെദ്വദേവ് ഫൈനലിൽ കടന്നത്. റഷ്യയുടെ അസ്ലൻ കരറ്റ്സേവിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ച് ജോക്കോവിച്ചും ഫൈനലിലെത്തി.