കണ്ണൂർ: ഓട്ടിസം ബാധിച്ച പെൺകുട്ടിയുടെ ചെവി മുറിഞ്ഞ സംഭവത്തിൽ ദുരൂഹത വിട്ടൊഴിയുന്നില്ല. ഉമ്മയും ബാപ്പയുമില്ലാത്ത മൊഹ്സീനയെന്ന പെൺകുട്ടിക്കാണ് വലത് ചെവിയുടെ താഴെ ഭാഗം നഷ്ടപ്പെട്ട നിലയിൽ കാണപ്പെട്ടത്. മാടായി ബഡ്സ് സ്‌ക്കൂളിൽ നിന്നും വൈകീട്ട് വീട്ടിലെത്തുമ്പോഴാണ് രക്തം ഒലിച്ച നിലയിൽ കരഞ്ഞ് പെൺകുട്ടി വീട്ടിലെത്തിയത്. ചെവിയുടെ അടിഭാഗം മുറിഞ്ഞ് നഷ്ടപ്പെട്ട നിലയിലാണ് കാണപ്പെട്ടത്. മാടായി പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ളതാണ് ഈ സ്‌ക്കൂൾ. സംഭവത്തെ തുടർന്ന് പെൺകുട്ടിയുടെ സഹോദരൻ സ്‌ക്കൂൾ പ്രിൻസിപ്പാളെ നേരിൽ കണ്ട് കാര്യങ്ങൾ അന്വേഷിച്ചെങ്കിലും വ്യക്തമായ മറുപടിയുണ്ടായില്ല.

സ്‌ക്കൂളിൽ നിന്ന് തിരിച്ച് പോകുന്ന ബസ്സിൽ വെച്ച് മറ്റൊരു കുട്ടിയുമായി പിടിവലിയുണ്ടായെന്നും അപ്പോൾ ചെവിമുറിഞ്ഞ് പോയതായിരിക്കാമെന്നും നിസ്സാരമട്ടിലാണ് അവരുടെ മറുപടി. കുട്ടിയെ എന്തുകൊണ്ട് ആശുപത്രിയിൽ കൊണ്ടു പോയില്ല എന്ന് ചോദിച്ചപ്പോഴും അവർക്ക് വ്യക്തമായ മറുപടിയുണ്ടായില്ല. 50 ശതമാനം ഓട്ടിസം ബാധിച്ച കുട്ടിയാണ് മൊഹ്സീന. സംഭവത്തെ തുടർന്ന് മനുഷ്യാവകാശ കമ്മീഷൻ, വനിതാ ഹെൽപ്പ് ലൈൻ, കണ്ണൂർ കലക്ടർ, പൊലീസ് ചീഫ്, പഴയങ്ങാടി പൊലീസ് എന്നിവർക്കെല്ലാം സഹോദരൻ മൂസാൻ പരാതി നൽകിയിട്ടുണ്ട്. എന്നിട്ടും സംഭവത്തെക്കുറിച്ച് കാര്യമായ ഇടപെടൽ അധികൃതരുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ലെന്ന് മൂസാൻ മറുനാടൻ മലയാളിയോട് പറഞ്ഞു.

സ്‌ക്കൂൾ അധികൃതരുടെ അനാസ്ഥയിൽ പ്രതിഷേധിച്ച് നാട്ടുകാർ പ്രക്ഷോഭ സമരങ്ങൾക്ക് ഒരുങ്ങാനുള്ള തയ്യാറെടുപ്പിലാണ്. സ്‌ക്കൂളിന്റെ പ്രവർത്തന സമയത്ത് പോലും വാതിലുകൾ പൂർണ്ണമായും അടഞ്ഞിരിക്കും. കടുത്ത പീഡന മുറകളാണ് ഇവിടെ നടക്കുന്നതെന്നും നാട്ടുകാർക്ക് പരാതിയുണ്ട്. ചട്ടുകം കൊണ്ട് ശരീരം പൊള്ളിച്ച് വെക്കലും കസേരയിൽ കെട്ടിയിടലുമൊക്കെ ഈ സ്‌ക്കൂളിൽ നടക്കാറുണ്ടെന്നുള്ള പരാതികളും പുറത്ത് വരുന്നുണ്ട്. പൊലീസിൽ നൽകിയ പരാതികൾക്ക് നിസ്സാര വകുപ്പുകൾ ചേർത്ത് കേസെടുക്കുന്നതിനാൽ പ്രിൻസിപ്പൽ ഉൾപ്പെടെയുള്ളവർക്കെതിരെ നടപടിയൊന്നുമുണ്ടാവുന്നില്ല.

ആരാണ് കുട്ടിയെ ഇത്തരമൊരു അവസ്ഥയിലെത്തിച്ചതെന്ന് പെൺകുട്ടിക്ക് പറയാനാവുന്നില്ല. 11 മാസം മുമ്പ് ഉമ്മ മരിച്ചതോടെ കാര്യങ്ങൾ പരിതാപകരമാണ്. വർഷങ്ങൾക്ക് മുമ്പ് ഉപ്പയും അവൾക്ക് നഷ്ടപ്പെട്ടു. സഹോദരൻ മൂസാൻ മാത്രമാണ് ഏക ആശ്രയം. കുട്ടിയെ ഇത്തരത്തിലാക്കിയവർക്കെതിരെ ഏതറ്റം വരെ പോകാനും മൂസാനോടൊപ്പം നാട്ടുകാരുമുണ്ട്. പ്രതികരണ വേദിയുടെ പേരിൽ വരും ദിവസങ്ങളിൽ പ്രക്ഷോഭ പരിപാടികൾക്ക് തുടക്കമിടും. ഓട്ടോറിക്ഷ തൊഴിലാളിയായ മൂസാൻ സഹോദരിക്ക് നേരെയുള്ള അക്രമത്തിൽ അതീവ ദുഃഖിതനാണ്.