- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓട്ടോറിക്ഷ വിളിച്ചത് ആശുപത്രിയിലേക്ക് പോകാനെന്ന് പറഞ്ഞ്; പാതിവഴിയിൽ റൂട്ട് മാറ്റാൻ പറഞ്ഞത് ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് വധശ്രമം; ഡ്രൈവർ രക്ഷപ്പെട്ടതോടെ ഓട്ടൊ അഗ്നിക്കിരയാക്കി; കോട്ടയത്ത് ഓട്ടോഡ്രൈവറുടെ പരാതിയിൽ യുവാവ് കസ്റ്റഡിയിൽ
കോട്ടയം: ഓട്ടോ ഡ്രൈവറെ ഓട്ടം വിളിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി. ഡ്രൈവറുടെ പരാതിയിൽ ഒരാളെ പൊലീസ് കസറ്റഡിയിലെടുത്തു.ഇന്നലെ രാത്രി 9.30ന് മെഡിക്കൽ കോളജിനു സമീപം മുടിയൂർക്കര മെൻസ് ഹോസ്റ്റലിനടുത്താണ് സംഭവം. പൈക സ്വദേശി വി.ആർ.അഖിലിനെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്.വധശ്രമത്തിനിടെ അഖിൽ രക്ഷപ്പെട്ടതോടെ ഓട്ടൊ അഗ്നിക്കിരയാക്കുകയും ചെയ്തു.കാഞ്ഞിരപ്പള്ളി സ്വദേശിയുമായി ഡ്രൈവർക്കുള്ള ഇടപാടുമായി ബന്ധപ്പെട്ട് ക്വട്ടേഷൻ കൊടുത്തതാണെന്നു സംശയിക്കുന്നതായി ഡിവൈഎസ്പി ജെ.സന്തോഷ് കുമാർ പറഞ്ഞു.
കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവാണ് പൊലീസിന്റെ പിടിയിലായത്. പൈകയിൽ നിന്ന് അഖിലിനെ യുവാവ് ഓട്ടം വിളിക്കുകയായിരുന്നു. മെഡിക്കൽകോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള ഭാര്യയെ കാണുന്നതിനു പോവുകയാണെന്നു തെറ്റിദ്ധരിപ്പിച്ചാണ് വിളിച്ചത്. ആശുപത്രിക്കു സമീപത്തെ മുടിയൂർക്കര ജംക്ഷനിലെത്തിയപ്പോൾ മെൻസ് ഹോസ്റ്റലിനു സമീപത്തെ എ ടൈപ്പ് ക്വാർട്ടേഴ്സ് റോഡിലേക്കു പോകാൻ നിർദേശിക്കുകയായിരുന്നു.
ആളൊഴിഞ്ഞ ഭാഗത്ത് ഓട്ടോറിക്ഷ എത്തിയപ്പോൾ കഴുത്തിൽപിടിച്ച് യുവാവ് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നുവെന്നു ഡ്രൈവർ പൊലീസിന് മൊഴിനൽകി. ഓട്ടോറിക്ഷ നിർത്തി പുറത്തേക്ക് ഓടി സമീപത്തെ കടയിലെത്തി ഡ്രൈവർ വിവരം പറഞ്ഞു. തുടർന്ന് പൊലീസ് സ്റ്റേഷനിലും വിവരമറിയിച്ചു. ഇതിനിടെ യുവാവ് ഓട്ടോറിക്ഷ കത്തിച്ചു.
പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവിന് പൊള്ളലേറ്റതായി കണ്ടതിനാൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊള്ളൽ ഗുരുതരമല്ല. അഗ്നിരക്ഷാസേന എത്തിയാണ് തീ കെടുത്തിയത്. ഓട്ടോ പൂർണമായും നശിച്ചു.
മറുനാടന് മലയാളി ബ്യൂറോ